UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം; പ്രധാനമന്ത്രിയെ പാര്‍ലമെന്ററി സമിതി ചോദ്യം ചെയ്‌തേക്കും

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് സമിതി അധ്യക്ഷന്‍ കെ വി തോമസ്

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വിളിപ്പിച്ചേക്കും. നോട്ട് അസാധുവാക്കലിനെക്കുറിച്ച് പട്ടേലിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് സമിതി അധ്യക്ഷന്‍ കെ വി തോമസ് അറിയിച്ചു. ഈമാസം ഇരുപതിന് ഹാജരാകണമെന്നാണ് ഉര്‍ജ്ജിത് പട്ടേലിനോട് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എങ്ങനെയാണ് എടുത്തതെന്നും അത് സാമ്പത്തിക മേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നുമാണ് പട്ടേല്‍ സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരിക്കേണ്ടത്. ഇതിനായി ഒരു ചോദ്യാവലി സമിതി തയ്യാറാക്കി പട്ടേലിന് അയച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ മൂലം രൂപംകൊണ്ട നോട്ട് ദൗരലഭ്യവും പ്രതിസന്ധിയും ഇപ്പോഴും തുടരുകയാണ്.

ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്ന ആരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ സമിതിക്ക് അധികാരമുണ്ടെന്നാണ് കെ വി തോമസ് പറഞ്ഞത്. നോട്ട് പരിഷ്‌കരണം ഏര്‍പ്പെടുത്തിയതിന് ശേഷം താന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അമ്പത് ദിവസത്തിന് ശേഷം ഡിസംബര്‍ അവസാനത്തോടെ പ്രശ്‌നങ്ങള്‍ പരിഹപരിഹരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് പരിഹരിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ രാജ്യത്തെ നോട്ട് പ്രതിസന്ധി മറികടക്കാന്‍ സാധിക്കാത്തതിലും ജനങ്ങള്‍ക്ക് നോട്ട് പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നതിലും പ്രതിപക്ഷ നേതാക്കള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍