UPDATES

മണിക്കെതിരെ നടപടിക്ക് സെക്രട്ടേറിയറ്റ് ധാരണ; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

പ്രസ്താവനകളില്‍ മണി ജാഗ്രത പുലര്‍ത്തിയില്ലെന്ന് സെക്രട്ടേറിയറ്റ്

വിവാദ പ്രസ്താവനകളിലൂടെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന മന്ത്രി എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. അതേസമയം സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മന്ത്രിയെന്ന നിലയിലും ഉത്തരവാദിത്വപ്പെട്ട നേതാവെന്ന നിലയിലും പ്രസ്താവനകളില്‍ മണി ജാഗ്രത പുലര്‍ത്തിയില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു മണിയുടെ പ്രസ്താവനകള്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരെയുണ്ടായ പരാമര്‍ശം തെറ്റായ നടപടിയായിരുന്നു. മണിയുടെ വാക്കുകള്‍ മന്ത്രിക്ക് ചേര്‍ന്ന നിലയിലായിരുന്നില്ല. ടിപി സെന്‍കുമാര്‍ വിഷയം ഉള്‍പ്പെടെ സര്‍ക്കാരിനെ ബാധിച്ച മറ്റ് വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

തന്നെ സംബന്ധിച്ച വിവാദങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തതായി മണിയും വെളിപ്പെടുത്തി. എന്നാല്‍ തീരുമാനം ഇനിയുമെടുത്തിട്ടില്ല. അതെല്ലാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് മണി പറഞ്ഞത്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നാണ് മണി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ വിശദീകരണം. തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിപിഎം ദേശീയ നേതൃത്വവും മണിയുടെ പ്രസ്താവനകളില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ആദ്യമായല്ല മണി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നതെന്ന് വിലയിരുത്തിയ കേന്ദ്രനേതൃത്വം അദ്ദേഹത്തിനെതിരെ ശിക്ഷ നടപടികള്‍ വേണമെന്ന നിലപാടിലാണ്. അതിനാല്‍ തന്നെ നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗവും മണിക്കെതിരെ നടപടിയെന്ന തീരുമാനവുമായി മുന്നോട്ട് പോകാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍