UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ആദ്യം പാസ്പോര്‍ട്ട്, പിന്നെ വെരിഫിക്കേഷന്‍

അഴിമുഖം പ്രതിനിധി

പാസ്പോര്‍ട്ട്‌ എടുക്കുന്നവര്‍ക്ക് എന്നും ആശങ്കയായിരുന്ന പോലീസ് വെരിഫിക്കേഷന്‍ ഇനി പാസ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രം. നോര്‍മല്‍ വിഭാഗത്തില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക എന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കുന്നു. പാസ്പോര്‍ട്ട്‌ സംവിധാനത്തിലെ ഉദാരവത്ക്കരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. തന്‍റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ല എന്നുള്ള സത്യവാങ്ങ്മൂലവും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ച്‌ അപേക്ഷിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് ലഭ്യമാവുന്നതില്‍ കാലതാമസമുണ്ടാവില്ല എന്ന് മന്ത്രി ട്വീറ്റ് ചെയ്തു. 

പാസ്പോര്‍ട്ട്‌ ആപ്ലിക്കേഷന്‍ ഫോമിന്റെ ഒന്നാം അനുബന്ധത്തിലാണ് ഈ സത്യവാങ്ങ്മൂലം നല്കേണ്ടത്. പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. സമര്‍പ്പിച്ച രേഖകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിക്കപ്പെടുന്നതിലൂടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവും.

വെരിഫിക്കേഷനുവേണ്ടി മൊബൈല്‍ ആപ്പ്ളിക്കേഷനും കൊണ്ടാവും പോലീസ് ഉദ്യോഗസ്ഥന്‍ അപേക്ഷകരുടെ വീടുകളില്‍ എത്തുക. ‘എം പാസ്പോര്‍ട്ട് പോലീസ് ആപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം വഴി വെരിഫിക്കേഷന്റെ ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥന്‍ സ്വീകരിക്കുന്ന നടപടികള്‍ ഡിജിറ്റലൈസ് ചെയ്യപ്പെടും. 21 ദിവസങ്ങളില്‍ ഈ സംവിധാനം പൂര്‍ത്തിയാവുകയും ചെയ്യും. മുന്‍പുള്ളതുപോലെ അപേക്ഷാ ഫോമുകളുടെയും മറ്റു രേഖകളുടെയും പകര്‍പ്പുകള്‍ വീണ്ടും എടുക്കേണ്ടിയും വരില്ല.

അപേക്ഷാ രീതികളില്‍ വന്ന ഈ മാറ്റം കുറച്ചൊന്നുമല്ല അപേക്ഷകരെ സഹായിക്കുക. പാസ്പോര്‍ട്ട്‌ ലഭിക്കുന്നതില്‍ കാലതാമസമുണ്ടാവില്ല എന്നതു കൂടാതെ പ്രധാനമായ മറ്റൊന്ന് സ്ഥാപിത താല്പര്യങ്ങളോട് കൂടി അപേക്ഷകരെ സമീപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി തടസ്സങ്ങള്‍ ഉണ്ടാക്കാനാകില്ല എന്നതാണ്. വ്യക്തി വൈരാഗ്യം പ്രകടിപ്പിക്കുവാനും കൈക്കൂലി വാങ്ങുവാനും ഇതൊരു വലിയ അവസരമായി ചില ഉദ്യോഗസ്ഥര്‍ ഇതിനെ കണ്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിരസിക്കുന്ന അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട്‌ ലഭിക്കാനാകാത്ത തരത്തിലുള്ള തിരിമറികള്‍ നടത്തി ഇവര്‍ പ്രതികാര നടപടികളും നടത്തുക സാധാരണയായിരുന്നു. അടുത്ത കാലത്തായി ചെറിയ തോതിലുള്ള മാറ്റങ്ങള്‍ ഈ സംവിധാനത്തില്‍ വന്നുവെങ്കിലും സര്‍ക്കാര്‍ വരുമാനത്തിനു പുറമെയുള്ള സൈഡ് ബിസിനസായാണ് ചിലര്‍ ഇതിനെ കണ്ടിരുനത്. അപേക്ഷകരെ പരമാവധി ചൂഷണം ചെയ്യുന്ന നിലപാടായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്.

തങ്ങളുടെ ഭാവിയെ ബാധിക്കുന്ന കാര്യമായതിനാല്‍ത്തന്നെ വെരിഫിക്കേഷനായി എത്തുന്ന ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ അപേക്ഷകര്‍ തള്ളിക്കളയാറില്ലായിരുന്നു. അക്കാരണം കൊണ്ടു തന്നെ വെരിഫിക്കേഷനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് രാജകീയമായ വരവേല്‍പ്പാണ് പലപ്പോഴും ലഭിക്കുക. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരത്തോടെ ഈ സമ്പ്രദായത്തിന് അന്ത്യം കൂടിയാണ് സംഭവിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് പാസ്പോര്‍ട്ട്‌ ലഭ്യമാവുന്നതില്‍ ഇനി പോലീസ് ഉദ്യോഗസ്ഥര്‍ വിലങ്ങുതടിയാവില്ല.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍