UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോപ്പ്, പേസ്റ്റ് കച്ചവടം; രാംദേവ് ‘മുതലാളി’ക്ക് ലാഭക്കൊയ്ത്ത്

Avatar

അഴിമുഖം പ്രതിനിധി

ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എഫ് എം സി ജി രംഗത്ത് അതിവേഗം വളര്‍ന്നു കൊണ്ട് വിപണിയിലെ വമ്പന്‍മാരെ ഞെട്ടിക്കുന്നു. ഹരിദ്വാറിലെ ഈ കമ്പനി ഇപ്പോഴത്തെ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുകയാണെങ്കില്‍ വളരെ താമസിയാതെ തന്നെ ഡാബര്‍ ഇന്ത്യ, ഇമാമി, മരികോ തുടങ്ങിയ പരമ്പരാഗത വമ്പന്‍മാരെ വില്‍പനയിലും ലാഭത്തിലും മറികടക്കും.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ പതഞ്ജലിയുടെ വിറ്റുവരവ് 3,266.97 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ വിറ്റു വരവിന്റെ ഇരട്ടി വരുമിത്. 1,587 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസത്തെ വിറ്റുവരവ്.

2015, 16 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ ഇതാദ്യമായാണ് കമ്പനി വെളിപ്പെടുത്തുന്നത്. എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു മുന്നില്‍ 2015 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2016 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസത്തെ ഇമാമിയുടെ വിറ്റുവരവ് 1,953 കോടി രൂപയാണ്. 2015 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ മാരിക്കോയുടെ വിറ്റുവരവ് 4,819.61 കോടി രൂപയും. ഗോദറേജിന്റേയും ഡാബറിന്റേയും ആദ്യ ഒമ്പതു മാസത്തെ കണക്കുകള്‍ ആറായിരം കോടി രൂപയുമാണ്.

രാംദേവ് ബ്രാന്‍ഡ് അംബാസിഡറായ പതഞ്ജലിയുടെ ലാഭത്തിലും ഇരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 154.07 കോടി രൂപയില്‍ നിന്നും 308.79 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

എഫ് എം സി ജി വമ്പന്‍മാര്‍ ലാഭത്തില്‍ 10 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തുമ്പോഴാണ് പതഞ്ജലിയുടെ കുതിച്ചു ചാട്ടം. ഡാബറിന്റേത് 16.53 ശതമാനവും ഇമാമിയുടേത് 20.66 ശതമാനവുമാണ് വളര്‍ച്ച. കോള്‍ഗേറ്റ്-പമോലിവ്, ഡാബര്‍, എച്ച് യു എല്‍ എന്നീ കമ്പനികളേയാണ് രാംദേവിന്റെ കമ്പനി ലക്ഷ്യമിടുന്നത്. നെയ്യ്, സുഗന്ധവ്യഞ്ജനങ്ങള്‍, ച്യവനപ്രാശം, ടൂത്ത് പേസ്റ്റ്, ഷാംപൂ, ടൂത്ത് ബ്രഷ്, സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍.

ഭക്ഷ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുക, കരാര്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കു തുടങ്ങിയവയാണ് ഭാവിയില്‍ ലക്ഷ്യമിടുന്നത്. 20 ശതമാനമാണ് ഇപ്പോള്‍ കരാര്‍ നിര്‍മ്മാണം. കമ്പനിയുടെ ഖജനാവില്‍ നിന്നും പണം അധികം ചെലവഴിക്കാതെ കമ്പനിയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍