UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടേല്‍ പ്രതിമ, മെയ്ഡ് ഇന്‍ ചൈന

Avatar

ടീം അഴിമുഖം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടുകളിലെ വിരോധാഭാസത്തിന് ഏറ്റവും മികച്ച ഒരു ഉദാഹരണം കൂടി ഇതാ വെളിച്ചത്ത് വരുന്നു. പ്രധാനമന്ത്രി ഏറെ പ്രതീക്ഷയോടെ മുന്നോട്ട് കൊണ്ടുപോകുന്ന പദ്ധതികളൊന്നായ ഗുജറാത്തില്‍ സ്ഥാപിക്കുന്ന സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ലോഹപ്രതിമ നിര്‍മ്മിക്കുന്നത് ചൈനയില്‍! ഇന്ത്യയെ ഒരു ഉല്‍പ്പാദന/ നിര്‍മ്മാണ കേന്ദ്രമായി ഉപയോഗപ്പെടുത്താന്‍ മോദി ലോകമൊട്ടാകെ ചുറ്റി സഞ്ചരിച്ച് വ്യവസായികളെ ഇങ്ങോട്ടു ക്ഷണിക്കുമ്പോഴാണ് 182 മീറ്റര്‍ ഉയരത്തിലുള്ള ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ വല്ലഭായ് പട്ടേലിന്റെ പ്രതിമ ചൈനയില്‍ നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ ലഭ്യമായ വിവരമനുസരിച്ച് ഗുജറാത്തില്‍ നിന്നും 6000 കിലോമീറ്റര്‍ അകലെ ചൈനയിലുള്ള ഒരു ഉരുക്കുവാര്‍പ്പു ശാലയെയാണ് ലോകത്തെ ഏറ്റവും വലിയ ഉരുക്കു പ്രതിമ നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ നാന്‍ചംഗിലെ ജിയാംഗ്ഷി ടോംഗ്കിംഗ് മെറ്റല്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് കമ്പനിയുടെ 51,000 ചതുരശ്ര മീറ്റര്‍ വിശാലമായ നിര്‍മ്മാണശാലയിലാണ് ഈ പ്രതിമയുടെ നിര്‍മ്മാണം. ലോകത്തെ ഏറ്റവും വലിയ ഉരുക്കുവാര്‍പ്പു ശാല എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. സര്‍ദാര്‍ സരോവര്‍ ഡാമിനടുത്ത് ഈ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാനും രൂപകല്‍പ്പന ചെയ്യാനും  പരിപാലിക്കാനുമുള്ള 2,989 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയ ലാര്‍സണ്‍ ആന്റ് ടൂബ്‌റോ (എല്‍ ആന്റ് ടി) കമ്പനിയാണ് പ്രതിമാ നിര്‍മ്മാണം ചൈനീസ് കമ്പനിയെ ഏല്‍പ്പിച്ചതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരം. 

ചൈനീസ് കമ്പനിയെ കണ്ടെത്തുന്നതിനു മുമ്പ് നേരത്തെ വലിയ ഉരുക്കു പ്രതിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ലോകത്തൊട്ടാകെയുള്ള പല ഉരുക്കുവാര്‍പ്പു ശാലകളെയും എല്‍ ആന്റ് ടി പ്രൊജക്ട് ടീം വിലയിരുത്തിയിട്ടുണ്ട്. ചംഗ്ഷൂവിലെ ടിയാനിംഗ് ക്ഷേത്രത്തിലെ 153 മീറ്റര്‍ ഉയരമുളള ലോഹ പ്രതിമ നിര്‍മ്മിച്ചതും തങ്ങളാണെന്ന് ഈ ചൈനീസ് കമ്പനി പറയുന്നു.

182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ ന്യൂയോര്‍ക്ക് സിറ്റിയിലെ 93 മീറ്റര്‍ ഉയരമുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയോളം ഉയരമുണ്ടാകും. ദല്‍ഹിയിലെ പ്രശസ്ത ശില്‍പ്പി 90-കാരന്‍ റാം വി സുതര്‍ ആണ് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ഊര്‍ദ്ധ്വകായ പ്രതിമ നിര്‍മ്മാണത്തില്‍ ഏറെ പേരെടുത്തയാളാണ് സുതര്‍. ഇതിന്റെ പകര്‍പ്പുകള്‍ ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന, ബാര്‍ബഡോസ്, റഷ്യ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ പകര്‍പ്പ് ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനില്‍ കാണാം. ഗാന്ധിനഗറിലും ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലും ഉള്ള 17 അടി ഉയരമുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മഹാത്മാ ഗാന്ധി പ്രതികളും  അദ്ദേഹത്തിന്റേതാണ്. സര്‍ദാര്‍ സരോവര്‍ ഡാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സാധു ബെട് എന്ന കൊച്ചു ദ്വീപില്‍ 2018 ഏപ്രിലോടെ ഈ സര്‍ദാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്.

നിര്‍മ്മാണത്തിനാവശ്യമായ ലോഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുമെന്ന മോദിയുടെ വാദവും നിര്‍മ്മാണം ചൈനീസ് കമ്പനിയെ ഏല്‍പ്പിച്ചതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. കര്‍ഷകരുടെ ഉന്നമനത്തിനായി പൊരുതിയ പട്ടേലിനോടുള്ള ആദര സൂചകമായി ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷകര്‍ ശേഖരിക്കുന്ന ഉരുക്ക് കൊണ്ട് ഈ പ്രതിമ നിര്‍മ്മിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഇതിന്റെ മൂന്നിലൊന്ന് ഗ്രാമങ്ങളില്‍ (1.67 ലക്ഷം) നിന്നു മാത്രമെ ഉരുക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ഇങ്ങനെ ശേഖരിച്ച് ഉരുക്കിന് പ്രതിമാ നിര്‍മ്മാണത്തിന് അനുയോജ്യമായ ഗുണനിലവാരമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എങ്കിലും ശേഖരിക്കപ്പെട്ട ഉരുക്ക് എല്‍ ആന്റ് ടിക്ക് കൈമാറിയിട്ടുണ്ട്.

മോദിയുടെ സംഘം ഇന്ത്യയിലെ കര്‍ഷകരോട് പറയാത്ത ഒരു ചെറിയ കാര്യം കൂടിയുണ്ട്: വാസ്തവത്തില്‍ ഈ പ്രതിമ നിര്‍മ്മിക്കുന്നത് ഉരുക്ക് കൊണ്ടല്ല, കാരിരുമ്പും വെങ്കലവും ഉപയോഗിച്ചാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍