UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്താവളം മുതല്‍ കുടിവെള്ളം വരെ ചര്‍ച്ചയാവും പത്തനംതിട്ടയില്‍

Avatar

എം.കെ. രാമദാസ്

വലത്തോട്ടേക്കാണ് പത്തനംതിട്ടയ്ക്ക് ചായ്‌വെന്നാണ് പുറം കേള്‍വി. വാസ്തവമതല്ലെന്ന് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തം. അഞ്ചു മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. സി.പി.ഐ എമ്മിലെ രാജു എബ്രഹാം രണ്ട് തവണ പ്രതിനിധാനം ചെയ്ത റാന്നിയാണൊന്ന്. ശബരിമല ഉള്‍പ്പെടുന്ന വിശാല വനപ്രദേശം. ആദിവാസികള്‍ക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. രണ്ട് തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനം അതേപടി അനുസരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് പകരക്കാരനെ കണ്ടത്തേണ്ടതുള്ളൂ. ഏതാണ്ടൊരെതിരാളി ഇല്ലാത്ത മേധാവിത്തം രാജുവിനിവിടെയുണ്ട്. 

മന്ത്രി സാന്നിധ്യം അനുഗ്രഹമാക്കിയ മണ്ഡലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നി. അടൂര്‍പ്രകാശിന്റെ സ്പര്‍ശം കോന്നിയുടെ ആശ്വാസമായി മാറുകയായിരുന്നു. ഐ.എച്ച്.ആര്‍ഡിയുടെ കോളേജും ജില്ലക്കനുവദിച്ച മേഡിക്കല്‍ കോളേജും മണ്ഡലത്തില്‍ സ്ഥാപിച്ചാണ് അടൂര്‍ പ്രകാശ് കോന്നിയൊടുള്ള പ്രേമം പ്രകടിപ്പിച്ചത്. ഏറ്റവുമൊടുവില്‍ റവന്യൂവകുപ്പ് സംഘടിപ്പിച്ച പട്ടയമേളയില്‍ കോന്നിക്കാരായ ആയിരം പേര്‍ക്കാണ് ഭൂമിയുടെ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സി.പി.ഐഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കോന്നി കോണ്‍ഗ്രസ് അനുകൂലമാക്കിമാറ്റിയത് അടൂര്‍ പ്രകാശാണ്. അതുകൊണ്ട് തന്നെ അടൂര്‍ പ്രകാശ് ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമെന്ന് ഏതാണ്ടുറപ്പാണ്. അഴിമതി ആരോപണവും വിജിലന്‍സ് കേസ്സും അടൂരിനെ പ്രതികൂലമായി ബാധിച്ചില്ലെങ്കില്‍ ഒരിക്കല്‍ കൂടി അടൂര്‍ പ്രകാശിന്റെ സേവനം കോന്നിക്ക് ഉറപ്പ്.

ജില്ല ആസ്ഥാനമായ പത്തനംതിട്ടയില്‍ ശിവദാസന്‍ നായര്‍ തന്നെയാണ് താരം. ആറന്മുള ഉള്‍പ്പെടുന്ന മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് വിമാനത്താവളം തന്നെ. വരില്ല എന്നു നിരവധി തവണ ആവര്‍ത്തിച്ചിട്ടും ഭൂരിഭാഗം പത്തനംതിട്ടക്കാര്‍ക്കും വശ്വാസമായിട്ടില്ല. ബിജെ.പിക്ക് പ്രതിക്ഷയേകുന്ന ഒരിടം കൂടിയാണ് പത്തനംതിട്ട. എം ടി രമേശിന്റെ പേരിവിടെ പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നായര്‍ വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്. അങ്ങിനെ വരുമ്പോള്‍ മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാവും. ഇത് പെട്ടിയിലാക്കിയാല്‍ ശിവദാസന്‍ നായര്‍ക്ക് വീണ്ടും എംഎല്‍എയാവാമെന്നാണ് ഒരു പക്ഷം.

സിപിഐയുടെ ചിറ്റയം ഗോപകുമാറാണ് അടൂരിന്റെ ഇപ്പോഴത്തെ എംഎല്‍എ. രണ്ടാം തവണയും ജയിച്ചു വന്ന ചിറ്റയത്തെ മാറ്റി പരീക്ഷിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കെ.കെ. ഷാജുവിനെയോ, പി.എസ് സുപാലിനെയോ രംഗത്തിറക്കാമെന്ന ചിന്ത പാര്‍ട്ടിക്കുണ്ട്. മാത്യു.ടി.തോമസിന്റെ തിരുവല്ലയാണ് മറ്റൊരു മണ്ഡലം. പാര്‍ട്ടി ഇടതുമുന്നണിയിലുണ്ടെങ്കില്‍ മാത്യു ടി തോമസ് തിരുവല്ലയില്‍ ഉണ്ടാവുമെന്നുറപ്പ്.

മത്സരത്തിനിറങ്ങുന്ന സിറ്റിംങ്ങ് എംഎല്‍മാര്‍ക്കെതിരെ പോരാടാനാളെ കണ്ടെത്തുന്നതില്‍ മുന്നണികള്‍ അതീവ ശുഷ്‌കാന്തി കാണിക്കും. വിജയം തന്നെയാണ് മുഖ്യമെന്നുള്ളതു കൊണ്ട് പരിഗണകള്‍ മാറി മറിയും അവസാന നിമിഷം വരെ ഈ അനിശ്ചിതത്വം തുടരുമെന്നുറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍