UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താന്‍കോട്ട്; വെളിപ്പെടുന്ന വീഴ്ചകള്‍, പൊളിയുന്ന അവകാശ വാദങ്ങള്‍

Avatar

ടീം അഴിമുഖം

പത്താന്‍കോട്ടിലെ ഭീകരാക്രമണത്തെ ആസൂത്രിതമായ പ്രത്യാക്രമണത്തിലൂടെ വിജയകരമായി അവസാനിപ്പിച്ചു എന്നു പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച്ച കാണിച്ച ആവേശം, കൂടുതല്‍ ഭീകരവാദികള്‍ ഒളിയിടങ്ങളില്‍ നിന്നും പുറത്തുവന്നതോടെയും ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനു ജീവന്‍ നഷ്ടപ്പെടുകയും ദൗത്യം ഇപ്പോഴും തുടരുന്നു എന്ന് വ്യക്തമാവുകയും ചെയ്തതോടെ പൊളിഞ്ഞുവീഴുകയാണ്. 

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മറ്റ് പലരും ദൗത്യത്തില്‍ വിജയം അവകാശപ്പെട്ട ശനിയാഴ്ച്ചക്കു പിന്നാലെ ഒട്ടും സുഖകരമല്ലാത്ത അമ്പരപ്പുകളുമായാണ് ഞായറാഴ്ച്ച പ്രഭാതം തുടങ്ങിയത്. സമഗ്രമായ ഒരു ദൗത്യം നടത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയം ഈ സര്‍ക്കാരിന്റെ ഇതേ തരത്തിലുള്ള മുന്‍ നടപടികള്‍ വീക്ഷിച്ചിട്ടുള്ളവരില്‍ വലിയ അത്ഭുതം ഉണ്ടാക്കുന്നില്ല. 

ഈ ദൗത്യം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സൈന്യത്തിലും സുരക്ഷാസംവിധാനത്തിലും അതിനു പുറത്തുമെല്ലാം നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 

അടുത്ത കുറച്ചു മണിക്കൂറുകളില്‍ ഉണ്ടാകാന്‍ പോകുന്ന നാടകീയമായ സംഭവങ്ങളെക്കുറിച്ചുള്ള ഒരു ധാരണയും കരുതലുമില്ലാതെയാണ് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഞായറാഴ്ച്ച പ്രഭാതം ശാന്തമായി പുലര്‍ന്നത്. രാവിലെ 10 മണിയോടെ ഒരു ഗ്രനേഡ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ ദേശീയ സുരക്ഷാ സേനയിലെ (NSG)ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ മരിക്കുകയും അയാളുടെ സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷ സേനകളില്‍പ്പെട്ട 7 പേരാണ് ഇതുവരെയായി കൊല്ലപ്പെട്ടത്. എന്‍എസ്ജിയിലെ അഞ്ചു കമാന്‍ഡോകള്‍ക്ക് പരിക്കേറ്റ ഒരപകടമുണ്ടായി. സംഘത്തിന്റെ തലവന്‍ ലെഫ്.കേണല്‍ നിരഞ്ജന്‍ കുമാര്‍ പരിക്കുകളെ തുടര്‍ന്ന് മരിച്ചു,’ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി പറഞ്ഞു. 

ഞായറാഴ്ച്ച ഉച്ചക്ക് 12:20ഓടെ വിവിധ കോണുകളില്‍നിന്നും വീണ്ടും വെടിവെപ്പ് നടന്നപ്പോളാണ് കൂടുതല്‍ ഭീകരവാദികള്‍ അവിടെ ജീവനോടെയുണ്ടെന്ന് സുരക്ഷാസേന മനസിലാക്കിയത്. വൈകിട്ടോടെ രണ്ടു ഭീകരവാദികളെക്കൂടി കൊലപ്പെടുത്തി. അതോടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ എണ്ണം 6 ആയി. എല്ലാ ഭീകരവാദികളും കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇതുവരെയും ഔദ്യോഗികമായി അന്തിമസ്ഥിരീകരണം ഒന്നും വന്നിട്ടില്ല. തിങ്കളാഴ്ച്ച രാവിലെയും വെടിവെപ്പ് നടക്കുന്നതായാണ് വാര്‍ത്തകള്‍. 

ദൗത്യം വിജയകരമായി അവസാനിപ്പിച്ചു എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ട് 17 മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യോമതാവളത്തില്‍ രണ്ടു ഭീകരന്മാര്‍ കൂടി ഉണ്ടെന്ന് കണ്ടെത്തിയത്. നാലുപേര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് ശനിയാഴ്ച്ച നടത്തിയ അഞ്ചു ഭീകരന്‍മാര്‍ കൊല്ലപ്പെട്ടു എന്ന തന്റെ അവകാശവാദം ആഭ്യന്തരമന്ത്രി പിന്‍വലിച്ചെങ്കിലും ദൗത്യം അവസാനിച്ചു എന്നുള്ള അവകാശവാദം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാസ്തവമായ പ്രഖ്യാപനങ്ങള്‍ വ്യോമതാവള ആക്രമണത്തിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണങ്ങളിലെ ഒറ്റതിരിഞ്ഞ ഉദാഹരണമല്ല. വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നു മണിക്ക് മുന്‍ ഗുര്‍ദാസ്പൂര്‍ പോലീസ് മേധാവി സല്‍വീന്ദര്‍ സിങും അയാളുടെ പാചകക്കാരന്‍ മദന്‍ ഗോപാലും ഭീകരവാദികളില്‍ നിന്നും നേരിട്ട അനുഭവങ്ങളുമായി അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിയതു മുതല്‍ പലതലങ്ങളില്‍ നിന്നുമുള്ള പ്രതികരണങ്ങളില്‍ ഇത്തരത്തിലുള്ള പൊരുത്തക്കേടും ചേര്‍ച്ചയില്ലായ്മയും പ്രകടമായിരുന്നു. 

ഭീകരാക്രമണ മുന്നറിയിപ്പ് കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സുരക്ഷാ സംവിധാനത്തിലെ പല കേന്ദ്രങ്ങളിലും അമര്‍ഷം പുകയുന്നുണ്ട്. ‘പത്താന്‍കോട്ട് വ്യോമതാവളം ഭീകരവാദികള്‍ ആക്രമിക്കണമെന്ന് ആര്‍ക്കോ കടുത്ത ആഗ്രഹം ഉണ്ടായിരുന്നതുപോലെയാണ് തോന്നുന്നത്,’ ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘അല്ലെങ്കില്‍, ഭീകരവാദികള്‍ ഉള്ള സ്ഥലം അറിഞ്ഞിട്ടും, തൊട്ടടുത്ത് ഇത്രയധികം സൈനിക സന്നാഹങ്ങളും സമയവും ഉണ്ടായിട്ടും അവരെ പിടികൂടാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?’

ജനുവരി ഒന്നാം തീയതി ഉച്ചതിരിഞ്ഞപ്പോള്‍ തന്നെ പത്താന്‍കോട്ട് പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടെന്ന് സുരക്ഷാസംവിധാനത്തിന് മനസിലായിരുന്നു. ഈ ഭീഷണിയെ എങ്ങനെ നേരിടണമെന് ആലോചിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷതയില്‍ സൈനിക മേധാവിയടക്കമുള്ളവര്‍ പങ്കെടുത്ത യോഗവും നടന്നു. ഒരു കമാന്‍ഡോ സംഘത്തെ അയക്കാന്‍ എന്‍എസ്ജിയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ സൈനിക സന്നാഹങ്ങള്‍ ജാഗ്രതയിലാക്കി നിര്‍ത്തി. 

ഭീകരവാദി സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞതോടെ പ്രദേശത്തെ എല്ലാ വ്യോമത്താവളങ്ങളും,പ്രത്യേകിച്ച് പത്താന്‍കോട്ട്, ജാഗ്രതയിലായിരുന്നുവെന്ന് എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല പറയുന്നു. 

എങ്കില്‍പ്പോലും, ഭീകരവാദികളുള്ള പ്രദേശത്തെക്കുറിച്ച് ഏതാണ്ട് കൃത്യമായ അറിവുണ്ടായിട്ടും, തുടര്‍ന്നുള്ള നിരവധി മണിക്കൂറുകള്‍ അവരെ പിടികൂടാനുള്ള ഒരു ശ്രമവും നടന്നില്ല എന്നത് സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളിലെ പലരെയും അത്ഭുതപ്പെടുത്തുന്നു. ‘ഒന്നുകില്‍ വിശ്വസനീയവും അവിശ്വസനീയവുമായ രഹസ്യവിവരങ്ങളെ വേര്‍തിരിച്ചറിയാന്‍ നമുക്കിപ്പോഴും ശേഷിയില്ല. അല്ലെങ്കില്‍ ഭീകരവാദികള്‍ വ്യോമതാവളത്തിലെത്തണമെന്ന് ആരുടെയോ ആവശ്യമായിരുന്നു,’ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ദൗത്യം തുടങ്ങിയിയതിന് ശേഷം വ്യോമസേനയും മറ്റ് സുരക്ഷാ ഏജന്‍സികളും തങ്ങളുടെ പക്ഷത്തുണ്ടായ അപകടങ്ങളെ കൈകാര്യം ചെയ്ത രീതിയും പലരെയും അത്ഭുതപ്പെടുത്തി. ശനിയാഴ്ച്ച വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടായ ഏക ഔദ്യോഗിക പ്രസ്താവനയില്‍ ആള്‍നാശത്തെക്കുറിച്ചോ അപകടത്തെക്കുറിച്ചോ പറയുന്നില്ല. പകരം ഇങ്ങനെ അവകാശപ്പെടുന്നു: ‘ എല്ലാ സുരക്ഷാ ഏജന്‍സികളുടെയും ആസൂത്രിതമായ ശ്രമങ്ങളുടെ ഫലമായി വ്യോമനിരീക്ഷണ സംവിധാനങ്ങള്‍ ഒരു കൂട്ടം ഭീകരവാദികളെ അവര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കടന്ന ഉടനെ കണ്ടെത്തി. നുഴഞ്ഞുകയറ്റക്കാരെ ഉടന്‍ തന്നെ നേരിടുകയും ഒരു ചെറിയ പ്രദേശത്തേക്ക് ചുരുക്കി, വലിയ വിലയുള്ള ആസ്തികള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സാങ്കേതിക മേഖലയിലേക്ക് കടക്കുന്നതില്‍ നിന്നും തടയുകയും ചെയ്തു”. എല്ലാ ഏജന്‍സികളുടെയും സമയോചിതവും സത്വരവുമായ നടപടികളെക്കുറിച്ച്’ അത് അവകാശവാദം പുറപ്പെടുവിക്കുന്നു. 

എന്നാല്‍, വെളിച്ചത്തുവന്നത് അവ്യക്തമായ ഒരു മുടന്തന്‍ പ്രതികരണമാണ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ്. ശനിയാഴ്ച്ച വെടിയൊച്ച നിലക്കുകയും ഇരുള്‍ പറക്കുകയും ചെയ്തതോടെ മിക്ക സൈനിക സംഘങ്ങളും പിന്‍വാങ്ങി; ന്യൂ ഡല്‍ഹി വിജയം പ്രഖ്യാപിക്കുകയും ചെയ്തു. രാത്രിയില്‍ ദൗത്യം തുടരാനോ, വനപ്രദേശത്ത് തെരച്ചില്‍ നടത്താനോ ഒരു നടപടിയും ഉണ്ടായില്ല. സുരക്ഷാ സേനയും ഭീകരവാദികളും രാത്രി ഏറ്റുമുട്ടല്‍ നിര്‍ത്തി വിശ്രമിച്ചപോലെയായിരുന്നു. 

ദൗത്യത്തില്‍ സമഗ്രവും ആസൂത്രിതവുമായ നീക്കങ്ങള്‍ ഉണ്ടായില്ലെന്ന് ദൗത്യത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ ഒരാളെങ്കിലും പറഞ്ഞിട്ടുണ്ട്. ‘ഒരു ഭീകരവിരുദ്ധ ദൗത്യം നടത്താനുള്ള ഏറ്റവും മികച്ച രീതിയായിരുന്നില്ല അത്.’

ഇന്ത്യന്‍ സേനയ്ക്ക് നേരിട്ട വലിയ ആള്‍നാശത്തിനെക്കുറിച്ചും നിരവധി സംശയങ്ങള്‍ ഉയരുന്നു. ആറ് പേരോളം വരുന്ന ഭീകരന്മാരെ നേരിടുമ്പോള്‍, മുന്നൊരുക്കത്തിന് വേണ്ടത്ര സമയമുണ്ടായിട്ടും ഇത്രയേറെ ജീവനുകള്‍ നഷ്ടപ്പെടുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് ഒരു മുന്‍ എന്‍എസ്ജി കമാന്‍ഡോ പറഞ്ഞു. ‘സുരക്ഷ ഭീഷണി നിലനിന്നിരുന്നു എങ്കില്‍ എന്തുകൊണ്ടാണവര്‍ പ്രതിരോധ സുരക്ഷാ സേനയെ (DSC)ഭീകരാക്രമണത്തിന് മുന്നിലേക്ക് ഇറക്കിയത്?’ ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ ചോദിക്കുന്നു. അഞ്ച് ഡിഎസ്‌സി സൈനികരെയാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍