UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ ഡി ടി വി വിലക്ക്; പ്രതിഷേധം ശക്തമാകുന്നു; സര്‍ക്കാരിന്റെ നടപടി ഇരട്ടത്താപ്പ്

Avatar

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെ കേന്ദ്ര നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരും നേതാക്കളും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന ദിവസം ചാനല്‍ ചര്‍ച്ചകളില്‍ തീവ്രവാദികളെ സഹായിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടു എന്നതാണ് ചാനലിന് നേരെയുള്ള ആരോപണം. കേബിള്‍ടി വി നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് പ്രകാരം നവംബര്‍ ഒന്‍പതിന് 1 മണി മുതല്‍ 10ാംതീയതി 1 മണി വരെ ഇന്ത്യയിലെങ്ങും എന്‍ഡിടിവിയുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള ഉത്തരവാണ് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

പ്രധാന പ്രതികരണങ്ങള്‍ ചുവടെ കൊടുക്കുന്നു;

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ
കേന്ദ്രത്തിന്റെ നടപടി മാധ്യമസ്വാതന്ത്യത്തിന് നേരയുള്ള പ്രകടമായ കടന്ന് കയറ്റമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു. ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി
മോദിയുടെ ഭരണത്തിന് കീഴില്‍ ഒരേ ദിവസം തന്നെ പ്രതിപക്ഷ നേതാക്കളെ തടഞ്ഞുവെക്കുകയും, ടിവിചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ത്തും അപ്രതീക്ഷിതവും ഞെട്ടിക്കുകയും ചെയ്യുന്നതാണ് ഈ നടപടികളെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മമത ബാനര്‍ജി
രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വകാര്യ ഹിന്ദി ചാനല്‍ ചര്‍ച്ചിക്കിടെ രൂക്ഷ പ്രതികരണങ്ങളുമായി മമതാ രംഗത്തെത്തി.

ഒമര്‍ അബ്ദുള്ള
മരണപ്പെട്ട സൈനികന്റെ കുടുംബത്തിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തടഞ്ഞുവെക്കുകയും എന്‍ ഡി ടി വി ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെക്കുകയും ചെയ്യുന്നത് അച്ഛേ ദിന്‍ ആണെന്ന് അഭിപ്രായപ്പെടുന്ന ആരെങ്കിലുമുണ്ടോ എന്ന് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ ചോദിച്ചു.

തഥാഗതാ സത്പതി
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം ജനാധിപത്യത്തിന്റെ മരണമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിടിവിക്ക് ഏര്‍പ്പെടുത്തിയ ഒരുദിവസത്തെ നിരോധനം ബിജെപി നേതാവ് തഥാഗതാ സത്പതി തളളിപ്പറഞ്ഞു. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് ചിത്തഭ്രമം ബാധിച്ചുവെന്നാണ് താന്‍ കരുതുന്നത്. വിഭ്രാന്തി ബാധിച്ച സാഹചര്യത്തില്‍ ഭരണകാര്യങ്ങള്‍ ശാന്തമായിരിക്കില്ല. നവംബര്‍ 9 ജനാധിപത്യത്തിലെ കറുത്ത ദിനമായിരിക്കും എന്നും ഒഡിഷയിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ പത്രാധിപര്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി

ഗവണ്‍മെന്‍റ് നിലപാടിലെ ഇരട്ടത്താപ്പ്
പത്താന്‍കോട്ട് ആക്രമണ ദിവസം എയര്‍ബേസില്‍ മിഗ് വിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹേലികോപ്ടറുകള്‍, എണ്ണ ടാങ്കുകള്‍, മോര്‍ട്ടാറുകള്‍ എന്നിവയുള്‍പ്പടെയുള്ള യുദ്ധോപകരണങ്ങളുടെ ശേഖരം സംബന്ധിച്ച് ചാനല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ തീവ്രവാദികള്‍ക്ക് ഗുണകരമായേനേ എന്നും ഇത് വലിയ നാശനഷ്ടങ്ങല്‍ക്ക് കാരണമായേനേ എന്നുമാണ് അധികൃതരുടെ വാദം.

തീര്‍ത്തും ഭാവനാത്മകമായ ആരോപണമാണിതെന്നും അച്ചടി, ഇലക്ട്രോണിക്  മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ലഭ്യമായ വിവരങ്ങള്‍ മാത്രമാണ് ചാനല്‍ പുറത്ത് വിട്ടതെന്നും മാനേജ്‌മെന്റ് മറുപടി നല്കി. 

രണ്ട് തിവ്രവാദികള്‍ ജിവനോടെ ഉണ്ടെന്നും അവരുടെ തൊട്ടടുത്ത് ആയുധശേഖരം ഉണ്ടെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു. ആയുധശേഖരം വരെ തീവ്രവാദികള്‍ക്ക് എത്താനായാല്‍ അവരെ കീഴ്പ്പെടുത്തുന്നത് ആസാധ്യമാകുമെന്ന ഭയത്തിലാണ് സൈന്യമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തീവ്രവാദികളുടെ ശരീരം അവര്‍ ഒളിച്ചിരുന്നു എന്ന് കരുതിയിടത്ത് നിന്നല്ല ലഭിച്ചത്.ആ കെട്ടിടത്തില്‍ ആയുധങ്ങളും ഉണ്ടായിയിരുന്നില്ല. ആക്രമണത്തെ തുടര്‍ന്ന് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

2016 മാര്‍ച്ച് 16ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് കെട്ടിടത്തില്‍ നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ രണ്ട് തിവ്രവാദികള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്.

എന്നാല്‍ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും നടത്തിയ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചപ്പെടുത്താനാവാത്തും കലര്‍പ്പുണ്ട് എന്ന് സംശയിക്കത്തത്തതുമായ അവശിഷ്ടങ്ങളാണ് ലഭിച്ചത് എന്ന് സ്ഥിരികരിക്കുന്നതായി മെയ് 21ന് ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സ്‌ക്ലൂസിവ് റിപ്പോര്‍ട്ട് പുറത്തവിട്ടു.

പത്താന്‍കോട്ട് സൈനികത്താവളത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ തിരിച്ചറിയാനാകാത്ത രണ്ട് തിവ്രവാദികളുടേതാണ് എന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ റിപ്പോര്‍ട്ട് ബലപ്പടെുത്തിയില്ല. പുരുഷ ഡിഎന്‍എ അവശിഷ്ടങ്ങലാണെന്ന് പരിശോധനഫലങ്ങള്‍ പറയുമ്പോള്‍ അത് എത്ര പേരുടേതാണ് സ്ഥിരീകരിച്ചിട്ടില്ല. വ്യത്യസ്ത പുരുഷ ഡിഎന്‍എ എന്നല്ലാതെ രണ്ട് പേരുടേത് എന്ന് പോലും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല.

ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പുറത്ത് വന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 21ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നതായി സംശയിക്കുന്ന തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ ഇതില്‍ നാല് പേരുടെ ചിത്രങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്‍ഐഎ നല്കിയതും ജനുവരി നാലിന് മുമ്പ് കൊല്ലപ്പെട്ട ഈ നാല് പേരുടെ ചിത്രങ്ങളാണ്.

കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്ട് പ്രകാരം ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് തീവ്രവാദ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ സൈനിക വക്താവ് നല്കുന്ന വിവരങ്ങള്‍ മാത്രമാണ് പുറത്ത് വിടാന്‍ അനുവാദമുള്ളത്.

എന്നാല്‍ ഔദ്യോഗിക വക്താവ് നല്‍കാത്ത വിവരങ്ങള്‍ നിരവധി ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. ആജ്തക്ക് ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം തീവ്രവാദികള്‍ എയര്‍ബേസില്‍ 100 മീറ്ററിനുള്ളില്‍ ഒളിച്ചിരിക്കുന്നു എന്നാണ്. തൊട്ടടുത്ത് കോമ്പാറ്റ് ജെറ്റുകളുടെ സാന്നിദ്ധ്യവും ചാനല്‍ റിപ്പോര്‍ട്ട്‌ചെയ്തു.

എബിപി ന്യുസ് ചാനലില്‍ ജനുവരി 2ന് ഒരു റിപ്പോര്‍ട്ടര്‍ എയര്‍ഫോഴ്‌സിന്റെ സാങ്കേതിക മേഖലക്ക് തൊട്ടടുത്ത് ആള്‍ താമസമുള്ള കെട്ടിടത്തിലേക്ക് രണ്ട് തിവ്രവാദികളെയും സൈന്യം രക്ഷപ്പെടാനാവാത്ത വിധം എത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ വിമാനങ്ങള്‍ നിര്‍ത്തിയിരുന്ന കൃത്യസ്ഥലം ഗുഗിള്‍ മാപ്പില്‍ ആക്രമണത്തിന് തൊട്ട് മുന്‍പ് വരെ ലഭ്യമായിരുന്നു.അവിടെ നിന്ന് പറന്നിരുന്ന വിവിധതരം വിമാനങ്ങളെ കുറിച്ചുള്ള ഒന്നിലധികം ലേഖനങ്ങളും ഇന്റര്‍നെറ്റിലും ലഭ്യമായിരുന്നു. ചാനലുകള്‍ നല്കുന്ന വിവരങ്ങളെ ആശ്രയിച്ച് ആക്രമണം നടത്താനുള്ള സാദ്ധ്യത തീരെയില്ല എന്ന് തന്നെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍