UPDATES

വഴിമാറിപ്പോയ പത്തേമാരി

Avatar

ഷിജിമോന്‍ കെ വര്‍ഗീസ്

അര നൂറ്റാണ്ടിലേറെ ചരിത്രമുള്ള മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ അധികമാരും പറയാത്ത ഒരു ചരിത്ര സന്ദര്‍ഭം തന്മയത്വത്തോടെ വെള്ളിത്തിരയില്‍ വരച്ചതിലൂടെയാണ് പത്തേമാരി: ജേര്‍ണി ഓഫ് എ മാന്‍ ഫോര്‍ സര്‍വൈവല്‍ എന്ന സിനിമ വ്യത്യസ്തമാകുന്നത്. ഗള്‍ഫ് പ്രവാസി മലയാളിയുടെ ദേശാന്തരവാസത്തിന്റെ തിക്താനുഭവങ്ങള്‍ക്കൊപ്പം വല്ലപ്പോഴും നാട്ടില്‍ തിരികെ എത്തുമ്പോഴുള്ള അവന്റെ കുടുംബ ജീവിത സന്ദര്‍ഭങ്ങള്‍ക്കും കൂടി പ്രാധാന്യം നല്‍കി അവതരിപ്പിച്ചപ്പോള്‍ പത്തേമാരിക്ക് ഒരു കുടുംബ ചിത്രത്തിന്റെ മാനംകൂടി കൈവന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളും, ജീവിത പ്രശ്‌നങ്ങളും പ്രമേയമാക്കി ഇതിനോടകം ശ്രദ്ധേയമായ രണ്ട് സിനിമകള്‍ അവതരിപ്പിച്ച സലിം അഹമ്മദിന്‍റെ ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു മികച്ച സിനിമാ അനുഭവം നല്‍കുമെന്നത് തീര്‍ച്ചയാണ്. മലയാളിയുടെ പ്രവാസത്തെ സംബന്ധിച്ച കഥകള്‍ നേരിട്ടും അല്ലാതെയും ആവിഷ്‌കരിച്ച ഒട്ടനേകം സിനിമകള്‍ മലയാളത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വന്നിട്ടുണ്ടെങ്കിലും വളരെ കൃത്യമായി മലയാളിയുടെ ആദ്യകാല ഗള്‍ഫ് കുടിയേറ്റം എപ്രകാരവും, എത്ര ക്ലേശകരവും ആയിരുന്നുവെന്ന് പ്രേക്ഷകരിലെത്തിച്ച ആദ്യ സിനിമയെന്ന ഖ്യാതി ഇനി പത്തേമാരിക്ക് സ്വന്തം. 

പട്ടിണിയും പരിവട്ടവും മൂലം ജീവിതമാര്‍ഗ്ഗം തേടി അറുപതുകളില്‍ ചേറ്റുവ തീരത്തുനിന്ന് ചെറിയ പത്തേമാരിയിലേറി പേര്‍ഷ്യന്‍ തീരങ്ങളില്‍ എത്തിച്ചേര്‍ന്ന പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ അമ്പതു വര്‍ഷത്തെ പ്രവാസ ജീവിതമാണ് പത്തേമാരിയുടെ പ്രമേയം. ഗള്‍ഫ് എന്ന അത്ഭുത ദേശം കെട്ടിപ്പടുക്കുന്നതിനോപ്പം മലയാളിയുടെ കുടുംബത്തിനും ദേശത്തിനും സാമ്പത്തിക ഭദ്രത കൊണ്ടുവരാന്‍ മണലാരാണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കിയ ആയിരക്കണക്കിനു മലയാളികളിലൊരുവന്റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്. മലയാളിയുടെ ഗള്‍ഫ് ദേശാന്തരവാസം വെറും കുടിയേറ്റമല്ലെന്നും, ഒരു കാലഘട്ടത്തിന്റെ് പരിതസ്ഥിതി നിര്‍മ്മിച്ച നിര്‍ബന്ധിത പ്രവാസമാണെന്നുകൂടി അടിവരയിട്ട് പറയുകയാണ് പത്തേമാരി. ഇന്നത്തെ ദുബായിയുടെ വിസ്മയ ദൃശ്യങ്ങള്‍ വശ്യമായി അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. പിന്നീട് ഫ്ലാഷ് ബാക്കില്‍ സഞ്ചരിച്ചുകൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ചേറ്റുവ കടപ്പുറത്തുനിന്നും നാരായണനും സംഘവും പത്തേമാരിയില്‍ ഗള്‍ഫ് ലക്ഷ്യമാക്കി നീങ്ങുന്നിടത്താണ് സിനിമയുടെ ശ്രദ്ധേയമായ ഭാഗം തുടങ്ങുന്നത്. പിന്നീട് പലതവണ നാട്ടില്‍ വരികയും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തം വീണ്ടും പ്രവാസ ജീവിതം തുടരേണ്ടിവരികയും, നേടിയതൊക്കെ മറ്റുള്ളവര്‍ക്കു വേണ്ടി നല്‍കുകയും, അവസാനം തന്റെ മനസ്സിലുള്ളതൊക്കെ ഒരു ടി വി ചാനലിന് നല്‍കുന്ന അഭിമുഖത്തില്‍ ചുറ്റുമുള്ളവരോടും പ്രേക്ഷകരോടും പങ്കു വയ്ക്കുന്നിടത്താണ് നാരായണന്റെ അതിജീവനത്തിന്റെ യാത്ര അവസാനിക്കുന്നത്. ഒരിക്കലെങ്കിലും പ്രവാസം അനുഭവിച്ചിട്ടുള്ള പ്രേക്ഷകരെ ഈ സിനിമ സ്പര്‍ശിക്കും എന്നതിന് സംശയമില്ല.

പുതിയ അവതരണ രീതികളൊന്നും ഈ സിനിമയില്‍ സംവിധായകന്‍ പരീക്ഷിക്കുന്നില്ല. മലയാള സിനിമയുടെ പരമ്പരാഗത ചട്ടകൂടില്‍ നിന്നുകൊണ്ട് തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. വീട്ടിലെ പരിതസ്ഥിതി കാരണം ഗള്‍ഫില്‍ പോകാന്‍ നിര്‍ബന്ധിതനാകുന്ന യുവാവ്, പെട്ടിയും കെട്ടുമായി അംബാസിഡര്‍ കാറില്‍ വന്നിറങ്ങുകയും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സ്‌പ്രേയും, തുണിയും, സിഗരറ്റും നല്‍കുകയും ചെയ്യുന്ന പ്രവാസി, അവസാനംവരെയും സ്വന്തം കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ പെങ്ങന്മാരേയും അവരുടെ മക്കളെയും സാമ്പത്തികമായി സഹിയിക്കുകയും, കെട്ടിച്ചയക്കുകയും അവസാനം അവരുടെ പഴി കേള്‍ക്കുിന്ന പ്രവാസി, ഗള്‍ഫില്‍ ഒറ്റമുറിയില്‍ പരസ്പര സഹകരണത്തോടും, സ്‌നേഹത്തോടും കഴിയുന്ന പ്രവാസി, വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസി; തുടങ്ങി ഇതിനോടകം പ്രേക്ഷകര്‍ മലയാള സിനിമയില്‍ കണ്ടിട്ടുള്ള ഗള്‍ഫുകാരുടെ ജീവിത സന്ദര്‍ഭങ്ങള്‍ തന്നെയാണ് പത്തേമാരി മുന്നോട്ട് പോകുമ്പോള്‍ പറയുന്നതെങ്കിലും, ശക്തമായ തിരക്കഥയും, റഫീക്ക് അഹമ്മദിന്റെ ഗാനങ്ങളും, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാനവും, മധു അമ്പാട്ടിന്റെ ക്യാമറയും ഒന്നിച്ചു ചേരുമ്പോള്‍ സിനിമ മനോഹരമാകുന്നു എന്നതാണ് വാസ്തവം.

സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ പത്തേമാരിയില്‍ കടല്‍ കടക്കുന്ന രംഗമാണ് ഈ സിനിമയുടെ ഏറ്റവും ശ്രദ്ധേയമാകേണ്ടിയിരുന്ന ഭാഗം. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പത്തേമാരിയിലെ ജീവിതവും, ആദ്യകാല പ്രവാസികളുടെ ഗള്‍ഫിലെ തിക്തവും, വേദനാജനകവുമായ അനുഭവങ്ങളും കാര്യമായി ചിത്രീകരിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ ഒരു പോരായ്മ. അക്കാലത്ത് കടല്‍ കടന്ന് ഗള്‍ഫില്‍ എത്തുന്നതിന്റെ കഷ്ടതകളും, സങ്കീര്‍ണ്ണതകളുമാണ് സംവിധായകന്‍ ഇവിടെ വരച്ചുചേര്‍ക്കാന്‍ ശ്രമിച്ചതെങ്കിലും പത്തേമാരിയിലെ ക്ലേശകരമായ യാത്ര ഒരു പാട്ടിന്റെ പശ്ചാത്തലത്തില്‍ മാത്രമായി ഒതുക്കിയത് ശരിയായില്ല. ലോഞ്ചിന്റെ് പുറത്തുനിന്നുള്ള ദൃശ്യങ്ങളും, കൊടുംകാറ്റില്‍ അകപ്പെടുന്നതും മറ്റും ആവിഷ്‌കരിക്കുന്നതിനാണ് സംവിധായകന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ പ്രവാസി നേരിടുന്ന വെല്ലുവിളികളെ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതുകൊണ്ടാവാം നാരായണനെന്ന ഒരു അവിദഗ്ദ്ധ പ്രവാസി തൊഴിലാളിയുടെ ഗള്‍ഫിലെ ജോലി ഭാരവും, വേദനകളും ശക്തമായി ആവിഷ്‌കരിക്കാന്‍ സിനിമവിട്ടു പോയത്. ഗള്‍ഫ് അനുഭവം അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെയും സിനിമ സംസാരിച്ചത് പ്രവാസികളുടെ ലേബര്‍ ക്യാമ്പിലെ ജീവിതങ്ങളിലൂടെയാണ്. കത്ത് പാട്ട്, ശബ്ദം റെക്കോര്‍ഡ് ചെയ്ത കാസറ്റ്, കത്തുകള്‍, പഴയകാല സിനിമ ഗാനങ്ങളോടുള്ള താത്പര്യം തുടങ്ങി ആദ്യകാല പ്രവാസി മലയാളികളുടെ ഇടയില്‍ മാത്രം പ്രചാരത്തിലിരുന്ന പല സംഗതികളും സിനിമ ആവിഷ്‌കരിക്കുന്നുണ്ട്. മലയാളിയുടെ ഗള്‍ഫ് പ്രവാസ ചരിത്രത്തിലെ പല നിര്‍ണ്ണായക കാലഘട്ടങ്ങളും, അനുഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുവാനാണ് സിനിമ മറ്റൊരു തരത്തില്‍ ശ്രമിക്കുന്നത്. തൃശൂര്‍ ചാവക്കാട് ഭാഗത്തുനിന്നുള്ള ആദ്യകാല ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയായി നാരായണനെ അവതരിപ്പിച്ചതും, പത്തേമാരിയിലുള്ള യാത്രയും, ഗോഫര്‍ക്കാന്‍ കടലിടുക്കില്‍ മുങ്ങിമരിച്ച പ്രവാസികളുടെ സ്മാരകമായി നിലകൊള്ളുന്ന അടയാളക്കല്ലിന്റെ് ആവിഷ്‌കാരവും, 1970-80 കളില്‍ മുംബൈ നഗരം മലയാളികളുടെ ഗള്‍ഫ് കവാടമായതും, അനേകം മലയാളികള്‍ ഈ കാലഘട്ടത്തില്‍ വീസ തട്ടിപ്പിന്റെ ഇരയാകുന്നതും ഉള്‍പ്പെടെ സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. 

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ സന്ദര്‍ഭങ്ങള്‍ പറയുന്ന എണ്‍പതുകളിലെ സിനിമകളില്‍ പലതിന്റെയും പ്രമേയം ഈ സിനിമയില്‍ ചേര്‍ത്ത് വച്ചിട്ടുണ്ട്. നാടോടിക്കാറ്റിലെ വിജയനും, ദാസനും ദുബായ് കടപ്പുറമാണെന്ന് വിചാരിച്ച് കടലില്‍ ചാടുന്ന കഥ സന്ദര്‍ഭത്തിന്റെ യാഥാര്‍ത്ഥ്യമാണ് പത്തേമാരി ആവിഷ്‌കരിക്കുന്നത്. പ്രാരബ്ദങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഉള്ളത് മുഴുവന്‍ വിറ്റുപെറുക്കി ഗള്‍ഫില്‍ പോകാന്‍ മുംബയില്‍ ചെല്ലുകയും വീസ തട്ടിപ്പിന് ഇരയാകുകയും നാട്ടില്‍ തിരിച്ചുപോകാനാവാതെ ബോംബെയില്‍ കരിക്കു വിറ്റ് നടക്കുന്ന രണ്ടു യുവാക്കളുടെ കഥ പറയുന്ന 1983ലെ വിസ എന്ന ബാലു കിരിയത്തിന്റെ സിനിമ ആവിഷ്‌കരിച്ച കഥ സന്ദര്‍ഭം തന്നെയാണ് പത്തേമാരിയിലെ മജീദ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടത്. പള്ളിക്കല്‍ നാരായണന്റെ അനന്തരവളെ പെണ്ണുകാണാന്‍ വരുന്ന സന്ദര്‍ഭത്തില്‍ ബ്രോക്കര്‍ തമാശയായി പറയുന്ന ഒരു കാര്യമുണ്ട്,’ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും അഞ്ചു വര്‍ഷം അവധിയെടുത്ത് ഗള്‍ഫില്‍ പോകുകയാണ്’, 1984ലെ അക്കരെ എന്ന സിനിമയില്‍ ഭരത്‌ഗോപി വേഷമിട്ട ഗോപി എന്ന തഹസില്‍ദാര്‍ സര്‍ക്കാര്‍ ജോലിയുപേക്ഷിച്ച് ഗള്‍ഫില്‍ പോകാന്‍ കാട്ടികൂട്ടുന്ന സംഗതികളുടെ കഥാസന്ദര്‍ഭത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഈ ഒരൊറ്റ ഡയലോഗിലൂടെ സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നത്.

മിതത്വമുള്ള അഭിനയമാണ് മമ്മൂട്ടി പത്തേമാരിയില്‍ കാഴ്ചവയ്ക്കുന്നത്. വളരെ സങ്കടകരമായ അവസ്ഥയിലും ഇടറുകയോ അമിത വികാര പ്രകടനങ്ങളിലേക്ക് വീഴുകയോ ചെയ്യുന്നില്ല. വലിയ ജീവിത ക്ലേശങ്ങളിലൂടെ കടന്നുപോയ വളരെ നിഷ്‌കളങ്കനും, സത്യസന്ധനുമായ ഒരാളുടെ പക്വമായ ഇടപെടലുകളും സംഭാഷണങ്ങളും നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടി വിജയിച്ചു. നാരായണന്റെ ഭാര്യയായ നളിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജ്യുവല്‍ മേരിയുടെ അഭിനയം ശ്രദ്ധേയമാണ്. നാരായണന്‍ എന്ന കഥാപാത്രത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് ഒട്ടും കോട്ടം വരാത്ത വിധത്തിലാണ് നളിനിയുടെ ജീവിതം ജുവല്‍ മേരി അവതരിപ്പിച്ചിരിക്കുന്നത്. ‘നിങ്ങള്‍ ഇട്ട ഒരു ഷര്‍ട്ട് അലക്കാതെ കൊടുത്തുവിടണം’എന്ന നളിനിയുടെ ഡയലോഗ് വിവാഹത്തിന് ശേഷം പ്രവാസ ജീവിതം നയിക്കുന്ന ഒരോ വ്യക്തിയുടെയും ഹൃദയത്തില്‍ തട്ടാതെ പോകില്ല. ശ്രീനിവാസന്‍ കൈകാര്യം ചെയ്ത മൊയ്ദീന്‍ എന്ന സുഹൃത്തിന്റെ വേഷവും, സിദ്ധിക്ക് ചെയ്ത വേലായുധന്‍ എന്ന സ്രാങ്കും ഈ സിനിമയിലെ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. വളരെ ചെറിയ ഒരു റോളാണ് സലിം കുമാറിന് ലഭിച്ചതെങ്കിലും അതിഗംഭീരമായിട്ടാണ് സലിം അത് ചെയ്തിട്ടുള്ളത്.

തീര്‍ച്ചയായും പത്തേമാരി ഒരു നല്ല സിനിമയാണ്, എന്നാല്‍ പത്തേമാരിക്ക് പുതിയതായി പറയാനുണ്ടായിരുന്നത് അതിജീവനത്തിനു വേണ്ടിയുള്ള ആദ്യകാല മലയാളി പ്രവാസികളുടെ പത്തേമാരിയിലേറിയുള്ള യാത്രയും, അവരുടെ മണലാരണ്യത്തിലെ ജീവിതവുമായിരുന്നു. എന്നാല്‍ ആ ലക്ഷ്യത്തിലേയ്ക്കല്ല പത്തേമാരി സഞ്ചരിച്ചത്. പ്രതീക്ഷകളോടെ യാത്ര തുടങ്ങിയെങ്കിലും പതിയെ ഒരു പ്രവാസിയുടെ കുടുംബ പാശ്ചാത്തലത്തിന്റെ കഥയിലേയ്ക്ക് പത്തേമാരി വഴിമാറി.

(കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍