UPDATES

പത്തേമാരി ഒരു നേര്‍ക്കാഴ്ചയാണ്; സലിം അഹമ്മദിന്റെ തിരിച്ചറിവുകളും

അപര്‍ണ്ണ

അപര്‍ണ്ണ

ഓസ്‌കാറിനു പോയ ആദാമിന്റെ മകന്‍ അബുവിനും കുഞ്ഞനന്തന്റെ കടയ്ക്കും ശേഷം ഇറങ്ങിയ സലിം അഹമ്മദ് സിനിമയാണ് പത്തേമാരി. പ്രവാസമാണ് സിനിമയുടെ പ്രമേയം എന്നറിഞ്ഞത് മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം പുറത്തു വന്ന പാട്ടുകളും പരസ്യവും സ്വീകരിക്കപ്പെട്ടിരുന്നു. തന്റെ സ്വപ്നഗേഹം എന്ന കഥ അനുവാദം കൂടാതെ സിനിമയാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മൊയ്തുട്ടി എന്ന പ്രവാസി ഈ സിനിമാക്കെതിരെ കേസ് കൊടുത്തിരുന്നു. ഈ ആരോപണം വസ്തുതാവിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നുമൊക്കെ സലിം അഹമ്മദ് പറഞ്ഞതായും വായിച്ചു. മുന്‍പ് ആദാമിന്റെ മകന്‍ അബുവിന് എതിരെയും ഇത്തരം ആരോപണങ്ങള്‍ വന്നതായി കേട്ടിരുന്നു.

പ്രവാസത്തെ പല രീതികളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് മലയാള സിനിമ. പൊങ്ങച്ചക്കാരനായ ദുബായിക്കാരന്‍, വിഡ്ഢിയായ ദുബായിക്കാരന്‍, കള്ളും പെര്‍ഫ്യുമും തുടങ്ങിയവയുമൊക്കെയായി വരുന്ന നായകന്‍, കൂട്ടുകാരന്‍ ഇങ്ങനെയൊക്കെയാണ് കുറെ മലയാള സിനിമകളില്‍ പ്രവാസികള്‍. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വിസ, വരവേല്‍പ്പ്, ഗര്‍ഷോം, അറബിക്കഥ, ഗദ്ദാമ, ഡയമണ്ട് നെക്ലസ് തുടങ്ങിയ സിനിമകള്‍ പല കാലങ്ങളില്‍ ശ്രദ്ധേയമായ രീതികളില്‍ പ്രവാസത്തെ അവതരിപ്പിച്ച സിനിമകളാണ്. ഈ സിനിമകളിലെ പോലെ ഗള്‍ഫ് നാടുകളിലെ പ്രവാസത്തെ പറ്റിയാണ് മലയാള സിനിമ അധികവും പറഞ്ഞിട്ടുള്ളത്.

പേര് സൂചിപ്പിക്കും പോലെ 70-കളിലും 80-കളിലും ഉരുവില്‍ യാത്ര ചെയ്തു ഗള്‍ഫ് നാടുകളില്‍ തൊഴില്‍ അന്വേഷകരായി എത്തിയവരെ കേന്ദ്രീകരിച്ചാണ് പത്തേമാരി മുന്നോട്ടു നീങ്ങുന്നത്. ചെറുപ്പക്കാരുടെ ദുബായ് മോഹങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന നാടോടിക്കാറ്റ് സീരീസിലെ ഗഫൂര്‍ക്കയാണ് ഇതിന്റെ വിദൂരമായ, വ്യത്യസ്തമായ ഒരു പൂര്‍വമാതൃക. പത്തേമാരിയിലെ സിദ്ദിഖിന്റെ വേലായുധന്‍ പക്ഷെ വേദനിപ്പിക്കുന്ന കാഴ്ചാനുഭാവമാണ്. കൊടിയ ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയ മമ്മൂട്ടിയുടെ നാരായണന്‍ ദുബായിലേക്ക് വേലായുധന്റെ പത്തെമാരിയില്‍ പോകാന്‍ തീരുമാനിക്കുന്നു. ദിവസങ്ങളോളം വിശപ്പും ദാഹവും മറന്ന് ഒന്നായി അടിഞ്ഞു കൂടിക്കിടന്നാണ് നാരായണനും കൂടെ ഉള്ളവരും ഗള്‍ഫ് നാടുകളില്‍ എത്തുന്നത്. കുടുംബത്തിന്റെ കടങ്ങള്‍ വീട്ടി, തലമുറകളുടെ കല്യാണം നടത്തി, സഹോദരങ്ങളുടെ പലവിധ ചൂഷണങ്ങളും സഹിച്ച്, ഭാര്യയോടൊപ്പം ജീവിക്കാന്‍ പറ്റാത്ത, മക്കളുടെ മുന്നില്‍ അതിഥിയായി എത്തുന്ന പള്ളിക്കല്‍ നാരായണന് നമ്മള്‍ നാട്ടിലും വീട്ടിലും കാണുന്ന പ്രവാസികളുടെ ഛായ ഉണ്ട്. ഭാര്യയെക്കാള്‍ കൂടുതല്‍ കാലം അയാളോടൊപ്പം ജീവിച്ച ശ്രീനിവാസന്റെ മൊയ്തീനും നമ്മുടെ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്.

70 കളുടെ നടുവിലാണ് നാരായണന്‍ പ്രവാസിയാവുന്നത്. ‘ക്യാമല്‍ റ്റു കാഡിലാക്ക്’ എന്ന രീതിയിലേക്ക് ഗള്‍ഫ് സമ്പദ് വ്യവസ്ഥ മാറിത്തുടങ്ങിയപ്പോള്‍. ആദ്യ വരവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജയന്റെ കരിമ്പന കാണാന്‍ പോകുന്ന നാരായണന്‍ പെങ്ങളുടെ മകള്‍ക്ക് അനിയത്തിപ്രാവിന്റെ വീഡിയോ കാസറ്റ് കൊണ്ടുവരുമ്പോഴും കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ പോയ ഒരാളാണ്. മണല്‍ക്കാടിനെ മഹാനഗരമാക്കിയ അനേകായിരം തൊഴിലാളികളില്‍ ഒരാള്‍. അയാള്‍ക്ക് ചുറ്റും അതിസമ്പന്നരായവരും പത്തേമാരിയില്‍ വെച്ച് ആഴക്കടലില്‍ നിലയില്ലാതെ മരിച്ചവരും ഉണ്ട്. കെട്ടിടം പണിയാന്‍ വയ്യാതായപ്പോള്‍ ഷോപ്പിംഗ് മാളില്‍ അടിച്ചു തൂപ്പുകാരനായി ജീവിക്കുന്നുണ്ട് നാരായണന്‍. ഇനി തിരിച്ചുപോക്കില്ല എന്നുറപ്പിച്ച ഓരോ വരവും പ്രാരാബ്ധങ്ങളുടെ കൂടുതല്‍ വലിയ കണക്കു പറഞ്ഞു അയാളെ തിരിച്ചയക്കുന്നുണ്ട്. പലപ്പോഴും കഥ വായിക്കും പോലെ ഒഴുകി പോകുന്നുണ്ട് പത്തേമാരി. എല്ലാവരും നന്നായി അഭിനയിച്ച സിനിമയില്‍ മധു അമ്പാട്ടിന്റെ ക്യാമറയും അതിസുന്ദരമായി ചലിക്കുന്നുണ്ട്.

കുടുംബക്കാര്‍ ഒരേ സമയം ചൂഷകരും സംരക്ഷകരും ആകുന്ന കാഴ്ച പത്തേമാരിയില്‍ ഉണ്ട്. സാധാരണ ഗള്‍ഫ് കുടുംബക്കാരെ അവതരിപ്പിക്കുമ്പോള്‍ പുലര്‍ത്തുന്ന ഏകതാനത ഈ സിനിമയില്‍ ഇല്ല. മായിക സുന്ദര ലോകത്ത് ജീവിക്കുന്നവര്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഇത്തരം ചൂഷണങ്ങള്‍ ഉണ്ടാവുന്നത് എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട് പത്തേമാരി. കേരളത്തിലെ സാധാരണ മധ്യവര്‍ഗ കുടുംബജീവിതങ്ങളെ ചിലപ്പോളൊക്കെ ഓര്‍മിപ്പിക്കുന്നുണ്ട് നാരായണന്റെ കുടുംബം. 

ഗള്‍ഫ് നാടുകളിലെ ആദ്യകാല പ്രവാസികള്‍ ദേശീയ സമ്പദ് വ്യവസ്ഥയെയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയെയും ഒരു പോലെ ശക്തിപ്പെടുത്തിയവരാണ്. പക്ഷെ വീട്ടുകാര്‍, കുടുംബം, അലച്ചില്‍ ഇതിനപ്പുറമുള്ള കാന്‍വാസിലേക്ക് പത്തേമാരിയും പോയിട്ടില്ല. ഇപ്പോഴുള്ള താരതമ്യേന ഭേദപെട്ട പ്രവാസ ജീവിതത്തിലേക്ക് വഴി വെട്ടിയവരാണ് നമ്മള്‍ എന്ന നാരായണന്റെ പരാമര്‍ശത്തിലേക്ക് അത് ഒതുങ്ങിപ്പോയി. ചില രംഗങ്ങള്‍ വല്ലാതെ വേദനിപ്പിക്കുമ്പോഴും മറ്റു ചില രംഗങ്ങളില്‍ നാടകീയത അനുഭവപ്പെട്ടു. ടെലിവിഷന്‍ ഇന്റര്‍വ്യൂ രംഗം ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു എന്ന് തോന്നി. അത് വരെ മനോഹരമായി പറഞ്ഞു വന്നതിനെ കൃത്യമായ വാചകങ്ങളിലാക്കി കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. ബ്രാന്‍ഡ് പാര്‍ട്ണര്‍മാരുടെ കടകള്‍ വിശദമായി കാട്ടുക എന്ന ദുരുദ്ദേശം മാറ്റിനിര്‍ത്തിയാല്‍ ടൈറ്റില്‍ സോംഗ് കാണാന്‍ രസമുണ്ട്. ആദാമിന്റെ മകന്‍ അബുവില്‍ കണ്ട അക്ബര്‍ ട്രാവല്‍സ് സുവിശേഷം തുടര്‍ച്ചയായിപ്പോയി. ആ കാഴ്ചകള്‍. പടിയിറങ്ങുന്നു എന്ന പാട്ടില്‍ പുതുമ ഉള്ളതായി തോന്നിയില്ല..

കുഞ്ഞനന്തന്റെ കട പൊളിച്ചു മാറ്റി പണിയുന്ന വമ്പന്‍ പാതകളാണ് വികസനം കൊണ്ട് വരുന്നതെന്ന മൗഢ്യത്തില്‍ നിന്നും ഏതൊക്കെയോ ദരിദ്ര നാരായണന്മാരില്‍ കൂടിയാണൊരു നന്ദിയില്ലാ നഗരം മുളച്ചു പൊന്തുന്നതെന്ന സലിം അഹമ്മദിന്റെ തിരിച്ചറിവിന് കയ്യടി. പിന്നെ നമ്മുടെ വീട്ടിലും അടുത്ത വീട്ടിലും നാട്ടിലും ഒക്കെയുള്ള ഗള്‍ഫുകാരെ ഓര്‍ക്കുമ്പോള്‍ വേദനിപ്പിക്കുന്ന ഒരു രംഗമെങ്കിലും പത്തേമാരിയില്‍ ഉണ്ട്. ഉറപ്പ്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍