UPDATES

പത്തേമാരി; അതിജീവനത്തിന്റെ അത്തര്‍ഗന്ധം

Avatar

ജെ. ബിന്ദുരാജ്

ഗള്‍ഫില്‍ നിന്നുമെത്തുന്ന പള്ളിക്കല്‍ നാരായണന്റെ പെട്ടിയില്‍ അത്തറും പുതുവസ്ത്രങ്ങളുമൊക്കെയുണ്ടായിരുന്ന കാലത്ത് അയാള്‍ക്ക് സ്വീകരണമൊരുക്കാന്‍ നാട്ടുകാരും വീട്ടുകാരും മത്സരിച്ചിരുന്നു. കഥാന്ത്യത്തില്‍ ഗള്‍ഫില്‍ നിന്നും നാരായണന്റെ ശവശരീരം ഒരു വലിയ പെട്ടിയിലെത്തുമ്പോള്‍ സ്വന്തം മകന്‍ പോലും ആ ശരീരം ഒരു വേളയെങ്കിലും അയാളുടെ അധ്വാനം കൊണ്ട് പണിതീര്‍ത്ത ആ വീട്ടില്‍ അല്‍പനേരം കിടത്തുന്നതിനു പോലും വിസമ്മതിക്കുന്നു. അടുത്തയാഴ്ച ആ വീട്ടില്‍ തങ്ങള്‍ താമസമാക്കുമെന്നതിനാല്‍ ആ ജഡം അവിടെ വയ്ക്കുന്നത് നന്നല്ലെന്നാണ് മകന്റെ പക്ഷം. പോരാത്തതിന് ഇനിയെങ്ങാന്‍ നാളെ ആ വീട് വില്‍ക്കേണ്ടി വന്നാല്‍ അക്കാരണം മൂലം അത് നടക്കാതെ പോകുമെന്ന ആശങ്ക വേറെയും. സലിം അഹമ്മദിന്റെ പത്തേമാരിയിലെ ഗള്‍ഫുകാരന്റെ പെട്ടികള്‍ ഒരര്‍ത്ഥത്തില്‍ ഒരു പ്രതീകമാണ് ജീവിതദുരിതത്തിന്റെ ഭാണ്ഡമാണ് അവിടെ ആ പെട്ടി. മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകൊടുക്കാന്‍ മണലാരണ്യത്തില്‍ അയാള്‍ അധ്വാനിച്ചു നേടുന്നവയാണ് ആ പെട്ടിയിലൂടെ നാട്ടിലെത്തുന്നത്. എന്തിന് മറ്റുള്ളവര്‍ക്കായി സ്വയം കത്തിയമരുന്ന ആ സൂര്യന്റെ ജഡമാണ് ഒടുവിലെ രംഗങ്ങളില്‍ പോലും ഒരു വലിയ പെട്ടിയില്‍ ആ നാട്ടിലേക്ക് എത്തപ്പെടുന്നത്. 

പത്തേമാരി ഗള്‍ഫുകാരന്റെ പ്രവാസിജീവിതത്തിലെ നേര്‍ക്കാഴ്ചകളെയാണ് അക്കമിട്ട് നിരത്തുന്നത്. കഴിഞ്ഞ 50 വര്‍ഷക്കാലത്തെ പ്രവാസജീവിതത്തില്‍ എങ്ങുമെത്താതെ പോയ നിരവധി മലയാളികളുടെ പ്രതിനിധിയാണ് പള്ളിക്കല്‍ നാരായണന്‍.  എഴുപതുകളില്‍ ഗള്‍ഫിലേക്കുള്ള പത്തേമാരിയിലുള്ള അനധികൃത കുടിയേറ്റം തൊട്ട് രണ്ടായിരത്തില്‍ അയാളുടെ മരണം വരെ നീളുന്ന ജീവിതത്തിന്റെ കഥ. നാട്ടിലേക്ക് മടങ്ങിയെത്തി അവിടെ ചെലവഴിക്കണമെന്ന അയാളുടെ മോഹം പോലും എങ്ങനെയാണ് കുടുംബത്തിന്റെ ആഗ്രഹസാക്ഷാല്‍ക്കാരത്തിനായി ത്യജിക്കപ്പെടുന്നതെന്ന് പത്തേമാരി കാട്ടിത്തരുന്നു. കാലവര്‍ഷത്തില്‍ ആടിയുലയുന്ന ഒരു പത്തേമാരി പോലെ തന്നെയാണ് എപ്പോഴും അയാളുടെ ജീവിതം. സ്വന്തം വീട്ടില്‍ വാടകക്കാരനായി ജീവിക്കാന്‍ അയാള്‍ വിധിക്കപ്പെടുന്നു, സ്വന്തം കുടുംബാംഗങ്ങളുടെ വിവാഹചടങ്ങില്‍ പോലും അയാള്‍ കേവലം പണം കായ്ക്കുന്ന ഒരു മരം മാത്രമായി മാറുന്നു, സ്വന്തം മക്കള്‍ ഭക്ഷണം കഴിച്ചാണോ കിടന്നത് എന്ന ആശങ്കയോടെ അയാള്‍ ഭാര്യയോട് തിരക്കുമ്പോള്‍ അച്ഛനോട് സംസാരിക്കാന്‍ താല്‍പര്യപ്പെടാതെ മൊബൈല്‍ ഫോണില്‍ കണ്ണുകള്‍ ഊന്നിക്കിടക്കുന്ന മക്കള്‍ ആ പശ്ചാത്തലത്തിലുണ്ട്. 

പത്തേമാരിയില്‍ ഗള്‍ഫുകാരന്‍ സമൂഹത്തിന്റെ ക്രൂരതയുടെ ഒരു ഇരയാണ്. അയാള്‍ തന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന പാരസൈറ്റുകള്‍ക്കായി ജീവിതം ഹോമിക്കേണ്ടി വരുന്ന, കേവലതയുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കാന്‍ വിധിക്കപ്പെടുന്ന ഒരാളാണ്. പത്തേമാരിയിലെ ഉള്ളുചുടുന്ന ഈ യാഥാര്‍ത്ഥ്യങ്ങളെ പക്ഷേ സലിം അഹമ്മദ് എന്ന കൃതഹസ്തനായ സംവിധായകന്‍ ഒരു മെലോഡ്രാമയായി ഇകഴ്ത്തുന്നില്ല. പുഞ്ചിരി കൈവിടാതെ സദാ സമയവും മറ്റുള്ളവര്‍ക്കായി കത്തിയെരിയുന്ന പള്ളിക്കല്‍ നാരായണനെ മമ്മൂട്ടിയുടെ അസാമാന്യ കൈയടക്കത്തില്‍ അദ്ദേഹം കൊരുത്തുവച്ചിരിക്കുന്നു. കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ നരയ്ക്കുന്ന ഫ്രെയിമുകള്‍ മധു അമ്പാട്ടിന്റെ ക്യാമറയുടെ കരുത്ത് നമ്മെ കാട്ടിത്തരുന്നു. 

സ്വപ്‌നങ്ങള്‍ക്ക് അന്നും ഇന്നും നിറം നല്‍കുന്നത് സമ്പത്താണല്ലോ. എഴുപതുകളില്‍ കേരളത്തിലെ തൊഴില്‍ രാഹിത്യത്തില്‍ നിന്നും മരുഭൂമിയുടെ സമ്പന്നതയുടെ പ്രലോഭനങ്ങല്‍ലേക്ക് സ്വന്തം ജീവന്‍ പണയപ്പെടുത്തി ഉരുക്കളില്‍ അനധികൃത കുടിയേറ്റം നടത്തിയ പഴയ തലമുറയില്‍പ്പെട്ട ഒരാളാണ് പള്ളിക്കല്‍ നാരായണന്‍. മണലാരണ്യത്തിലെ എണ്ണ ഖനനത്തില്‍ നിന്നും ഉയിരെടുത്ത പണം അവിടെ സമ്പന്നതയുടെ ഒരു ലോകം കെട്ടിപ്പടുക്കാന്‍ തുടങ്ങിയ കാലത്ത് ആ സ്വപ്‌നങ്ങളില്‍ തങ്ങളുടെ ജീവിതവും പുഷ്പിക്കുമെന്നു കരുതി കപ്പല്‍ കയറിയവരാണവര്‍. ദയനീയമായ തൊഴില്‍ സാഹചര്യങ്ങളില്‍ കഴിയുമ്പോഴും ഒരു നല്ല നാളെ തങ്ങള്‍ക്കായി എവിടെയോ ഉണ്ടെന്ന പ്രതീക്ഷയിലാണവര്‍ കഴിഞ്ഞിരുന്നത്. പക്ഷേ തങ്ങളുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ജീവിതം സുന്ദരമാക്കാന്‍ സ്വന്തം ജീവിതം പണയപ്പെടുത്തേണ്ടി വന്നു അവരില്‍ പലര്‍ക്കും. ഗള്‍ഫുകാരന്‍ ഒരു കറവപ്പശു മാത്രമായി. വല്ലപ്പോഴും കിട്ടുന്ന അവധിക്ക് നാട്ടിലെത്തി ഇല്ലാത്ത പത്രാസ് കാട്ടി, വെറും കൈയോടെ കൂടുതല്‍ ബാധ്യതകളും ചുമലിലേറ്റി വീണ്ടും മണലാരണ്യത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ട കേരളത്തിലെ പുതിയൊരു തരം സ്പീഷ്യസ് ആയി മാറി അവര്‍. നാട്ടില്‍ നിന്നും പറിച്ചെറിയപ്പെട്ടതിന്റെ വേദന മറക്കാനും നാട്ടുകാരില്‍ അസൂയ ജനിപ്പിച്ച് പ്രവാസ വ്യഥ മറക്കാനും വേണ്ടി മാത്രമുള്ളതായിരുന്നു അവരുടെ അത്തര്‍ ഗന്ധം. ദാമ്പത്യദുരന്തത്തെ മറയ്ക്കാന്‍ ഭാര്യമാര്‍ക്കുള്ള ആഭരണമാകട്ടെ ഗള്‍ഫുകാരന്റെ ഭാര്യ എന്ന വിശേഷണവും.

സലിം അഹമ്മദിന്റെ പത്തേമാരി ആ ദുരന്തത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെന്ന് പറയാതെ വയ്യ. വലിച്ചുനീട്ടലുകളില്ലാതെ പച്ചയായ ജീവിതത്തിന്റെ പറിച്ചുനടലായി മാറുന്നു ഇവിടെ പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ ജീവിതം. ശ്രീനിവാസന്റെ മൊയ്തീന്‍ എന്ന നാരായണന്റെ കൂട്ടുകാരനിലും മെലോഡ്രാമയുടെ കയറ്റിറക്കങ്ങളില്ല. മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കൂട്ടുകാരന്‍ സ്വപ്‌നലോകത്തു നിന്നും മടങ്ങിയത് അയാള്‍ ഉള്‍ക്കൊള്ളുന്നത് പലരുടേയും നിസ്സംഗമായ പ്രതികരണങ്ങളിലൂടെയാണ്. സമ്പന്നതയുടെ നിറമുള്ള ഗള്‍ഫിന്റെ ഫ്രെയിമുകളില്‍ നിന്നും നരച്ച ഫ്രെയിമുകളിലേക്കുള്ള മധു അമ്പാട്ടിന്റെ ക്യാമറയുടെ ചലനം ജീവിതത്തിന്റെ നിറപ്പകിട്ടുകളുടെ വ്യര്‍ത്ഥത വിളിച്ചോതുന്നു. 

ഓരോ കഥാപാത്രത്തിനും സ്വന്തമായി അസ്തിത്വമുള്ള ചലച്ചിത്രമാണ് പത്തേമാരി. സിദ്ധിക്കിന്റെ ലോഞ്ച് വേലായുധന്റെ ജീവിതം സ്വപ്‌നഭൂമിയിലേക്കുള്ള ആയിരക്കണക്കിനു പേരുടെ കടത്തായിരുന്നുവെങ്കിലും വിധി ഒടുവില്‍ അയാളേയും ഭ്രാന്തിലേക്ക് കുരുക്കിയിടുന്നു. തന്റെ ഉരു നഷ്‌പ്പെട്ട നിമിഷം അയാള്‍ അയാളല്ലാതായി മാറുന്നു. ജീവിതത്തിന്റേയും ക്രൂരമായ വിധിയുടേയും നേര്‍ക്ക് കാറിത്തുപ്പിക്കൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു അയാള്‍. പത്തേമാരിയുടെ സബ്‌ടൈറ്റിലില്‍ അവയെല്ലാം വ്യക്തമാണ്. അതിജീവനത്തിന്റെ പോരാട്ടകഥയാണത്. സലിം ആ പോരാട്ടത്തെയാണ് ആവിഷ്‌കരിക്കുന്നത്. പക്ഷേ സിനിമയ്ക്ക് പോരായ്മകള്‍ ഇല്ലെന്നില്ല. പള്ളിക്കല്‍ നാരായണന്റെ തൊഴില്‍ ജീവിതത്തിലെ കഠിനതകള്‍ പ്രേക്ഷകരിലേക്ക് ആഴത്തിലെത്തിക്കാന്‍ അതിന്റെ കൂടുതല്‍ ശക്തമായ ദൃശ്യങ്ങള്‍ ആവശ്യമായിരുന്നുവെന്നു ഈ ലേഖകന്‍ കരുതുന്നു. ഗള്‍ഫുജീവിതത്തിന്റെ വ്യഥകള്‍ ഏതാനും ചില രംഗങ്ങളില്‍ ഒതുങ്ങിപ്പോകേണ്ടതായിരുന്നില്ല. നാരായണന്റെ വേര്‍പാടിന്റെ വേദന കൂടുതലായി പ്രേക്ഷകരുടെ ഉള്ളുലയ്ക്കാന്‍ ഒരു പക്ഷേ ആ ദൃശ്യങ്ങള്‍ക്കാകുമായിരുന്നു. 

റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാനവും ബിജിബാലിന്റെ സംഗീതവും ചിത്രത്തിന്റെ ആത്മാവിനെ അറിഞ്ഞു തന്നെയാണ് മുന്നേറുന്നത്. രണ്ടു മണിക്കൂറില്‍ താഴെയുള്ള ഒരു സമയം കൊണ്ട് 50 വര്‍ഷക്കാലത്തെ പ്രവാസി ജീവിതത്തിന്റെ കഥ പറയുക അത്ര എളുപ്പമുള്ള കാര്യമല്ല. സലിം അഹമ്മദ് ആ ശ്രമത്തില്‍ വിജയിച്ചിരിക്കുന്നുവെന്ന് നിസംശ്ശയം പറയാം.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ജെ ബിന്ദുരാജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍