ബിബിന്‍ ബാബു
ഇത് കര്‍ക്കിടക മാസമാണ് . ഇട മുറിയാതെ മഴ പെയ്യുന്ന കള്ള കര്‍ക്കിടകം. സൂര്യനെ കണി കാണാന്‍ കിട്ടുകയില്ല. പഞ്ഞ കര്‍ക്കിടകം. ഇത് പണ്ടത്തെ കഥ. കലാവസ്ഥാ വ്യതിയാനം എല്ലാത്തിനെയും മാറ്റി മറിച്ചു. എങ്കിലും ചില അറിവുകള്‍ മാറാതെ മറയാതെ തലമുറയില്‍ നിന്നു തലമുറയിലേക്ക് പകര്‍ന്നു വരുന്നുണ്ട്. ആ അറിവ് ഇന്നിന് ഒരു തിരിച്ചറിവും കൂടിയാണ്. ആ തിരിച്ചറിവിന്റെ പ്രദര്‍ശനമാണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ നടക്കുന്ന ‘പത്തിലച്ചന്ത’.
എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ പരമ്പരാഗത കര്‍ഷക സംഘടനയായ സീഡ് കെയറാണ് കര്‍ക്കിടകത്തില്‍ ഉറപ്പായും കഴിക്കേണ്ട പത്ത് ഇല വര്‍ഗ്ഗങ്ങളെയും പ്രാദേശീകമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെയും പൊതു സമൂഹത്തിന് പരിചയപ്പെടുത്താനായി പത്തിലച്ചന്ത സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ തനതായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെട്ടിരുന്ന എന്നാല്‍ ഇന്ന് ആരും ഉപയോഗിക്കാത്ത വിവിധ തരം ഇലകള്‍ ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പത്തില പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളടക്കം കേരളത്തിന്റെ ഭക്ഷണത്തിലെ വൈവിദ്ധ്യങ്ങള്‍ തേടി വരുമ്പോള്‍ പാരമ്പര്യത്തെ ഉപേക്ഷിച്ച് പുതിയ സംസ്‌കാരങ്ങള്‍ തേടിപ്പോവുകയാണ് മലയാളികള്‍. അതോടൊപ്പം ആരോഗ്യ സംരക്ഷണത്തെ പാടെ വിസ്മരിക്കുകയാണ് പുതുതലമുറ. അട്ടപ്പാടിയില്‍ മാത്രമല്ല കേരളത്തിലെ കുട്ടികളില്‍ പോഷകാഹാര കുറവു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുകയാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
വയനാട്ടിലെ വിവിധ വിഭാഗങ്ങള്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഭക്ഷണ രീതിയെകുറിച്ചു ഒരു പഠനം സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ചില ആദിവാസി വിഭാഗങ്ങള്‍ പണ്ട് കഴിച്ചിരുന്ന ഭക്ഷണവും ഇപ്പോള്‍ കഴിക്കുന്നതും ഏറെ വിത്യാസം വന്നിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്താനായി. പണ്ട് കഴിച്ചിരുന്ന ഭക്ഷണത്തില്‍ ഉണ്ടായിരുന്ന വൈവിദ്ധ്യങ്ങളും പോഷകഗുണവും അതിശയിപ്പിക്കുന്നതാണ്.
ഇതൊക്കെ അറിയാതെ പോകുന്ന ഇന്നത്തെ തലമുറയുടെ അവസ്ഥക്ക് മാറ്റം എന്ന നിലയിലാണ് പത്തിലച്ചന്ത എന്ന ആശയത്തിനു പ്രാധാന്യം ലഭിക്കുന്നത്. അന്യം നിന്നു പോകുന്ന പ്രകൃതി വിഭവങ്ങളെയും ഔഷധ സ്രോതസ്സുകളെയും അറിയാനും അവരുടെ സംരക്ഷണത്തിലേക്കും പത്തിലച്ചന്ത വെളിച്ചം വീശുന്നു.
“വയനാട്ടിലെ കൃഷിക്കാര്‍ പോലും പാരമ്പര്യ ഭക്ഷണ രീതിയില്‍ നിന്നും പുറകോട്ടു പോവുകയാണ്. ഇന്നും ആ രീതികള്‍ കുറച്ചെങ്കിലും അവശേഷിച്ചിട്ടുള്ള പണിയ ഗോത്രത്തില്‍പ്പെട്ടവരാണ് മേളയിലേക്ക് ആവശ്യമുള്ള ഇലകള്‍ എത്തിക്കുന്നതെന്നുന്നത്” മേളയുടെ സംഘാടകരില്‍ ഒരാളുംഎം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനിലെ സോഷ്യല്‍ സയന്‍റിസ്റ്റുമായ സുമ പറയുന്നു.
കര്‍ക്കിടകത്തില്‍ കഴിക്കുന്ന താള്, വട്ടത്താര, മഞ്ഞനില, കുമ്പളം, പയറില, പൊന്നാങ്കണ്ണി, തഴുതാമ, കടിത്തൂവ, കടുമുടുങ്ങ, ചേന എന്നീ പത്ത് ഇലവര്‍ഗ്ഗങ്ങളാണ് വില്‍പ്പനക്കും പ്രദര്‍ശനത്തിനുമായി മേളയിലുള്ളത്. ദശപുഷ്പങ്ങളെന്നു അറിയപ്പെടുന്ന തുളസി, കയ്യൂന്നി, നിലംമ്പന, മുക്കുറ്റി, ഉഴിഞ്ഞ, കറുക, വിഷ്ണുക്രാന്തി, പൂവ്വാംകുറുന്നില, മുഴല്‍ച്ചെവി എന്നിവയും മേള പരിചയപ്പെടുത്തുന്നു.
ജൂലൈ പതിനെട്ടിന് ആരംഭിച്ച് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മേള കല്‍പ്പറ്റ എംജിറ്റി ഹാളിലാണ് നടക്കുന്നത്.