UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന ആകുലതയ്‌ക്കൊന്നും ഇനി സ്ഥാനമില്ല

Avatar

തോമസ് ഐസക് എംഎല്‍എ

ജെഎന്‍യുവില്‍ കുട്ടികളുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പട്യാല കോടതിയില്‍ കന്നയ്യ കുമാറിനെ മര്‍ദ്ദിച്ച വാര്‍ത്ത കേട്ടത്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. പൊലീസ് നോക്കി നില്‍ക്കെ ഒരു സംഘം അഭിഭാഷകര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ആളെ കോടതിയില്‍ വളഞ്ഞിട്ട് ഭീകരമായി മര്‍ദ്ദിക്കുന്നു; മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും തകര്‍ക്കുന്നു.

ദേശീയപതാക കൈയിലേന്തി വന്ദേമാതരം ജയ് ഭാരത് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ അഭിഭാഷകവേഷം ധരിച്ച ആര്‍എസ്എസ് ക്രിമിനലുകളാണ് ഈ അക്രമമത്രയും നടത്തിയത്. ഒരു അഭിഭാഷകരെയും കോടതിക്കുള്ളില്‍ കയറാന്‍ ഇവര്‍ അനുവദിച്ചില്ല. കന്നയ്യ കുമാറിന്റെ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്ന സുപ്രിംകോടതി നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് പോലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തി ഈ കൂളിസംഘം തേര്‍വാഴ്ച നടത്തിയത്. രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന ആകുലതയ്‌ക്കൊന്നും ഇനി സ്ഥാനമില്ല.

എത്രമാത്രം ഗുരുതരമാണ് കാര്യങ്ങളെന്ന് സുപ്രിം കോടതിയ്ക്കു പോലും ബോധ്യമായിരിക്കുന്നു. അതുകൊണ്ടാണ് ഈ കേസുമായി ബന്ധപ്പെട്ട് പാട്യാല കോടതിയിലെ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാനും സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അഭിഭാഷകസംഘത്തെ നിയോഗിക്കാനും പരമോന്നത കോടതി തയ്യാറായത്. ഈ സംഘത്തെപ്പോലും മര്‍ദ്ദിക്കാന്‍ ആര്‍എസ്എസ് സംഘം മുതിര്‍ന്നുവെന്നു കേള്‍ക്കുമ്പോള്‍ രാജ്യതലസ്ഥാനത്തെ സ്ഥിതി എത്ര ഭയാനകമാണെന്ന് നമുക്കു ബോധ്യമാകും.

കൈയൂക്കു കൊണ്ട് ഇന്ത്യയെ അടക്കി ഭരിക്കാമെന്നു കരുതുന്ന ആര്‍എസ്എസ് ഹുങ്കിനെ കപടമാന്യതകൊണ്ടു മൂടിവെയ്ക്കുന്നവരാണ് കേരളത്തിലെ ബിജെപിക്കാര്‍. അവരുടെയും തനിനിറം ഇതു തന്നെയാണ്. ജനാധിപത്യാവകാശങ്ങളോടെ സാധാരണജീവിതം കാംക്ഷിക്കുന്ന ഏതൊരു ജനതയുടെയും പേടിസ്വപ്നമാണ് ഈ സാമൂഹ്യവിരുദ്ധ സംഘം.

ന്യൂഡല്‍ഹിയിലെ സിപിഎം ഓഫീസിന്റെ ബോര്‍ഡില്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന പാര്‍ട്ടിയെന്ന് ബിജെപി ഗുണ്ടകള്‍ എഴുതിവെച്ചതിനെ ജനങ്ങളുടെ പ്രതിഷേധത്തിന് തെളിവായി വ്യാഖ്യാനിച്ച് ബിജെപിയുടെ കേരളത്തിലെ മുഖപത്രം രംഗത്തു വന്നിട്ടുണ്ട്. ‘സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാനും ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുക്കാനും ശ്രമിച്ച പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയില്‍നിന്ന് മറിച്ച് പ്രതീക്ഷിക്കാനാവില്ലല്ലോ’ എന്നാണ് മുഖപ്രസംഗകാരന്റെ കുത്തുവാക്ക്.

ക്വിറ്റ് ഇന്ത്യാ സമരത്തോട് എന്തായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും നിലപാട്? ഒരുകാരണവശാലും ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കരുതെന്നും മുനിസിപ്പാലിറ്റികളിലും തദ്ദേശസ്ഥാപനങ്ങളിലും നിയമസഭയിലും സൈന്യത്തിലുമുളള ഹിന്ദു സഭാ അംഗങ്ങള്‍ അവരവരുടെ സ്ഥാനങ്ങള്‍ രാജിവെയ്ക്കാതെ ഉറച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ട് Stick to your Posts എന്ന തലക്കെട്ടില്‍ ഒരു തുറന്ന കത്തു തന്നെ എഴുതിയിട്ടുണ്ട് വി ഡി സവര്‍ക്കര്‍. ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിനെ ബംഗാള്‍ പ്രവിശ്യയില്‍ ഏതുവിധേനെയും എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് ഉറപ്പുകൊടുക്കുക മാത്രമല്ല, അതിനുളള തന്ത്രങ്ങളും വിശദമാക്കിക്കൊണ്ട് കത്തെഴുതിയിട്ടുണ്ട്, ശ്യാമപ്രസാദ് മുഖര്‍ജി (1942 ജൂലൈ 26).

1913 നവംബര്‍ 14ന്, വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെഴുതിയ മാപ്പപേക്ഷയിലെ അവസാന വാചകങ്ങളും ജന്മഭൂമി മുഖപ്രസംഗകാരനെ ഓര്‍മ്മിപ്പിക്കാം.

‘ഗവണ്‍മെന്റ് അതിന്റെ നാനാവിധമായ ഔദാര്യത്താലും കൃപയാലും എന്നെ മോചിപ്പിച്ചാല്‍ ഞാന്‍ എന്നും ഇംഗ്ലീഷ് ഭരണത്തോട് കൂറുള്ളവനും ഭരണഘടനാ പുരോഗതിയുടെ ഉറച്ച വക്താവും ആയിരിക്കും. അത് ഈ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ജയിലില്‍ കിടക്കുന്നിടത്തോളം കാലം, തിരുമനസ്സിനോട് കൂറുള്ള നൂറുകണക്കിന് ആയിരക്കണക്കിന് പ്രജകളുടെ ഭവനങ്ങളില്‍ സന്തോഷം ഉണ്ടാവുകയില്ല. രക്തത്തിന് വെള്ളത്തേക്കാള്‍ കട്ടിയുണ്ടെന്നാണല്ലോ. ഞങ്ങളെ മോചിപ്പികുകയാണെങ്കില്‍ ജനങ്ങള്‍ ആനന്ദചിത്തരാവുകയും ഗവണ്മെന്റിനോട് മതിപ്പ് രേഖപ്പെടുത്തുകയും ചെയ്യും. കാരണം ഈ ഭരണകൂടം ശ്രമിക്കുന്നത് തെറ്റുതിരുത്താനും, ക്ഷമിക്കാനുമാണെന്നും അല്ലാതെ ശിക്ഷിക്കാനും, പകപോക്കാനുമല്ലെന്ന് അവര്‍ക്കറിയാം. അതിലുപരിയായി ഭരണഘടനയ്ക്ക് വിധേയനായിക്കൊണ്ടുള്ള എന്റെ നടപടികള്‍ക്ക് വഴിതെറ്റിപ്പോയ ഇന്ത്യയിലും വിദേശത്തുമുള്ള യുവത്വത്തെ തിരിച്ചുകൊണ്ടു വരാന്‍ കഴിയും, കാരണം ഒരുകാലത്ത് എന്നെയാണവര്‍ വഴികാട്ടിയായ് കണ്ടിരുന്നത്’.

വി ഡി സവര്‍ക്കറുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും അനുയായികളുടെ സര്‍ട്ടിഫിക്കറ്റൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആവശ്യമില്ല എന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍