UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

ന്യൂസ് അപ്ഡേറ്റ്സ്

പെങ്കോന്തന്‍മാരായ തന്തമാര്‍ക്കു വേണ്ടി

പൂമുഖത്ത് ചാരുകസേരയിലിരിക്കും

രാവിലത്തെ ചായ
പത്രം കഴിഞ്ഞ്
മുറ്റമടി, അടുക്കളയൊച്ചകള്‍
…………
കണ്ടു കണ്ട് അങ്ങിരിക്കും
……….
അത്താഴം കഴിഞ്ഞ്
വരാന്‍ താമസിക്കും തോറും
വീട്ടുകാരിയോടുള്ള അക്ഷമ
കിടക്കയില്‍ കാണിക്കും
പിള്ളാരെയും വഴക്കു പറയും
നന്നായിട്ടുറങ്ങും
എന്നിട്ടും കുട്ടികളെക്കൊണ്ട്
അച്ഛനെന്നുതന്നെ
വിളിപ്പിക്കുമായിരുന്നവള്‍ (വീട്ടച്ഛന്‍, പി.കെ ശ്രീകുമാര്‍)

 

തന്ത/അച്ഛന്‍ -നമ്മുടെ സാമൂഹികജീവിതത്തിലെ സങ്കീര്‍ണമായ പ്രശ്നമാണെന്നു ആര്‍ക്കും തോന്നുന്നില്ല. അടുത്തകാലത്തായി കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന പല അച്ഛന്മാരുടെ വാര്‍ത്തകള്‍ വന്നിട്ടും അതൊക്കെ ചില അപവാദങ്ങളായോ കുട്ടികളോടുള്ള പീഡനമായോ ഒതുക്കിയാണ് നമ്മള്‍ സംസാരിക്കുന്നത്. അല്ലെങ്കില്‍ ഇവനൊക്കെ തന്തയാണോ എന്ന രോഷംനിറഞ്ഞ ചോദ്യത്തില്‍ അതൊക്കെ ചിലരുടെ മാത്രം ക്രൂരതയാക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അച്ഛന്‍ എന്ന സ്ഥാപനത്തിന്റെ അധികാര രാഷ്ട്രീയത്തിന്റെ പ്രശ്നമാണിതെന്ന കാര്യം ഉന്നയിക്കപ്പെടുന്നില്ല. സ്ത്രീയില്‍നിന്ന് വിഭിന്നനെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ആണിന്റെ വളര്‍ച്ചചെന്ന രൂപമായ അച്ഛത്വം അമ്മയെ അപരമാക്കി, ഓരത്തേക്കു തള്ളിമാറ്റി വല്ലാത്തൊരു അധികാരരൂപമായി വളരുന്നതിന്റെ പ്രശ്നങ്ങളിലാണ് ഈ ക്രൂരത സൃഷ്ടിക്കപ്പെടുന്നത്. പെണ്ണിനെതിരായി അവളെ കീഴടക്കാനായി വളരുന്ന ആണത്തത്തിന്റെ സാമുഹ്യപാഠങ്ങളില്‍ അടിസ്ഥാനപരമായി ഈ ക്രൂരത അന്തര്‍ലീനമാണ്. ഈ ആണത്തത്തിന്റെ പദവിമാറ്റമാണ് പിതൃത്വത്തില്‍ സംഭവിക്കുന്നത്. വീടെന്ന സ്ഥാപനത്തിനകത്ത് അതിന്റെ സാമ്പത്തികവും സാമുഹ്യപദവികളും അധികാരവും അനുഭവിക്കുന്ന രാജാവു തന്നെയാണ് പിതാവ്. ഈ രാജാവിനു കീഴിലെ ശബ്ദമില്ലാത്ത പ്രജകള്‍ മാത്രമാണ് അമ്മയും മക്കളും. ഈ സ്ഥാനവും അധികാരവും അതിന്റെ വ്യവഹാരങ്ങളും പുനഃപരിശോധിക്കുകയെന്നത് ഇന്ന് അനിവാര്യമാകുന്നു. അച്ഛനെ സാമൂഹ്യമായി തിരുത്തുന്ന, ഉടച്ചുവാര്‍ക്കുന്ന പ്രക്രിയയിലേ നമ്മുടെ സാമുഹ്യഘടനയിലെ സമാധാനം അര്‍ഥവത്താകൂ.

 

1
അച്ഛന്‍/തന്ത എന്നത് സങ്കീര്‍ണമായ സാംസ്കാരിക പ്രശ്നമാണെന്നും കേരളത്തിലെ തന്തമാരുടെ ചരിത്രവും വര്‍ത്തമാനവും ആഴമുള്ള വായന ആവശ്യപ്പെടുന്നുണ്ടെന്നും എഴുതുമ്പോള്‍ മൂഖം ചുളിക്കുന്നവരുണ്ടാകും. അച്ഛനെന്ന സ്ഥാപനം കേരളത്തിന്റെ സാമുഹ്യ പരിസരത്തില്‍ ഉയര്‍ന്നുവരുന്നത് ഫ്യൂഡലിസത്തെ റദ്ദാക്കിയ ആധുനികതയിലാണ് എന്നൊറ്റയടിക്കു പറയാം. ഫ്യൂഡലിസത്തിന്റെ മരുമക്കത്തായ തറവാട് സംബന്ധ വ്യവസ്ഥയില്‍ അച്ഛനില്ല. മറിച്ച് സംബന്ധക്കാരന്‍ മാത്രമേയുള്ളൂ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ സംബന്ധക്കാരിക്ക് എണ്ണയും തുണിയും കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട, മക്കളെ ലാളിക്കുവാനോ വാത്സല്യം നല്‍കുവാനോ അനുവാദമില്ലാത്ത സവിശേഷമായൊരു ജന്മമായിരുന്നു കേരളത്തിലെ അക്കാലത്തെ അച്ഛന്മാര്‍. മരുമക്കത്തായത്തിലെ അച്ഛന്റെ പ്രശ്നം അയാള്‍ അരക്ഷിതനാണെന്നുള്ളതാണ്. അധികാരമില്ലാത്തവനാണ്. ഭാര്യയ്ക്ക് ഇഷ്ടമില്ലാതാകുന്നതോടെ അയാള്‍ പുറത്താക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കിടയിലും മക്കത്തായത്തിലെ അച്ഛന്മാരുണ്ടായിരുന്നുവെങ്കിലും ഹിന്ദുക്കളുടെ മരുമക്കത്തായത്തിന്റെ നിഴലിലായിരുന്നു അവരും. ക്രിസ്ത്യാനികളില മരുമക്കത്തായ പ്രവണത ഉദയംപേരൂര്‍ സുനഹദോസ് നിരോധിക്കുന്നതു കാണാം. അതായത് മരുമക്കത്തായത്തിന്റെ ഒരു പൊതുപാരമ്പര്യം നമ്മുടെ അച്ഛന്മാരുടെ ചരിത്രം പങ്കിടുന്നുവെന്നാണ്.

 

1896 ലെ രവിവര്‍മയുടെ ദാ അച്ഛന്‍ വരുന്നു എന്ന ചിത്രം, അച്ഛന്മാരുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു രേഖയാണ്. ആ ചിത്രത്തില്‍ കടന്നുവരുന്ന അച്ഛനെ കാണിച്ചിട്ടില്ല. പകരം അമ്മയും മകനും അവരുടെ പട്ടിയുമേ ഉള്ളൂ. ഈ ചിത്രത്തിന്റെ വിശകലനം സൂചിപ്പിക്കുന്നത് അച്ഛന്മാര്‍ അന്ന് വീടുകളിലേക്കു വന്നു തുടങ്ങിയിട്ടില്ലെന്നതാണ്. അതായത് മരുമക്കത്തായം മക്കത്തായത്തിന് വഴിമാറിക്കൊടുത്തിട്ടില്ലെന്നര്‍ഥം. അതിനും വര്‍ഷങ്ങള്‍ക്കുശേഷമാണ് -1925 കാലത്തോടെയാണ് മക്കത്തായം നിയമപരമായി വ്യവസ്ഥാപിതമാകുന്നത്- അച്ഛന്മാരും അമ്മമാരുമടങ്ങുന്ന കുടംബത്തിന്റെ വികാരം കേരളത്തിന്റെ പൊതുഭാവനയായി മാറുന്നത്. കൂട്ടുകുടുംബം തകര്‍ക്കപ്പെടുന്നതും അണുകുടുംബം രൂപപ്പെടുന്നതും കാരണവര്‍ക്കു പകരം പിതാവ് കുടുംബനാഥനായി രംഗത്തുവരുന്നതും ഇവിടെയാണ്. ആധുനികതയുടെ സംസ്കാരിക ഭൂമികയിലാണ് ഇത് നടന്നത്. ഫ്യൂഡലിസത്തിന്റെ ജാതിസ്ഥലത്തെ ചോദ്യം ചെയ്തുകൊണ്ട് ജാത്യേതരമായ പൊതുസ്ഥലങ്ങള്‍ രൂപപ്പെടുന്ന ഘട്ടത്തില്‍ അതിനു വിരുദ്ധമായി സ്വകാര്യസ്ഥലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത കാലമാണിത്. ഇതില്‍ പൊതുസ്ഥലം പുരുഷനും ദുര്‍ബലയെന്നു പറഞ്ഞ് സ്ത്രീക്ക് സ്വകാര്യസ്ഥലമായ വീടും നല്‍കപ്പെടുന്നു. പൊതുസ്ഥലത്ത് തന്റെ അധികാരം സ്ഥാപിച്ചെടുത്ത പുരുഷന്‍ വീടുനോക്കുന്ന ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് വീടിന്റെയും പൂര്‍ണ അധികാരിയായി മാറി. അതോടെ മരുമക്കത്തായത്തിന്റെ ‘അരക്ഷിതനായ’ അച്ഛന്മാര്‍ ഇല്ലാതാക്കപ്പെടുകയും സ്ത്രീ ഇവിടെ അരക്ഷിതയായി മാറ്റപ്പെടുകയും ചെയ്തു. ഭര്‍ത്താവിനെ ഏതുവിധേനയും വീട്ടില്‍ ‘പിടിച്ചുനിര്‍ത്താനുള്ള’ ഉത്തരവാദിത്തം അവള്‍ക്കാകുന്നു. അല്ലെങ്കില്‍ അയാള്‍ മറ്റ് സ്ത്രീകളെ ‘തേടിപ്പോകു’മെന്ന ഭീതി നിര്‍മിക്കപ്പെട്ടു. ഇതില്‍ പ്രധാനം ലൈംഗികതയും ശുശ്രൂഷകളുമാണ്. അങ്ങനെ അച്ഛനെ വീട്ടില്‍ പിടിച്ചുനിര്‍ത്താനുള്ള ‘വിട്ടുവീഴ്ച’കളുടെ പരമ്പരയാകുന്നു അമ്മജീവിതം.

 

 

അച്ഛന്‍സ്ഥാനം ഇത്തരത്തില്‍ പലവിധ അധികാരങ്ങളുടെ കൂടിക്കലര്‍ന്ന സവിശേഷമായൊരു പദവിയാണ്. വീടിന്റെ സാമ്പത്തികാധികാരം, വംശാവലി, ഭാര്യയുടെ മേലുള്ള ലൈംഗികാധികാരം, കുട്ടികളുടെ മേലുള്ള അധികാരം ഇതിനെയെല്ലാം താങ്ങിനിര്‍ത്തുന്ന പുറത്തുള്ള പുരുഷനെന്ന അധികാരം. ഭാര്യയ്ക്കും മക്കള്‍ക്കും ചാര്‍ത്തപ്പെടുന്ന പേരുകള്‍ തന്നെ അച്ഛന്റെ പേരാകുന്നു. പേരെന്ന സാംസ്കാരിക മുദ്രയിലൂടെ അടിച്ചമര്‍ത്തല്‍ സൂക്ഷ്മമാകുന്നു. ഇങ്ങനെയുള്ള ഈ അധികാരങ്ങളിലൂടെ അധീശപരമായ ആണത്തം പ്രദര്‍ശിപ്പിക്കുന്ന, ലൈംഗികവും കായികവുമായ കരുത്തും മറ്റും പ്രകടിപ്പിക്കുന്ന, ഒരു മൂളല്‍കൊണ്ടുപോലും വീട്ടിലുള്ളവരെ ഇരുത്തുന്ന വ്യക്തിത്വമായാണ് പിതാവിനെ നിര്‍മിച്ചത്. അല്ലെങ്കില്‍ ഇങ്ങനെ അല്ലാത്തവര്‍ പിതാവാകുന്നില്ലെന്നു പഠിപ്പിക്കപ്പെട്ടു (അടൂരിന്റെ കൊടിയേറ്റത്തില്‍ കുടുംബം നോക്കാത്ത നായകനോട് ‘നീയൊരാണാണോടാ’ എന്നു നായികയുടെ അമ്മ ചോദിക്കുന്നതോര്‍ക്കുക).
വീടിന്റെ അധികാരം കൈയാളുമ്പോള്‍ തന്നെ അതിലെ പാചകം, കുട്ടികളുടെ പരിപാലനം, ശുചീകരണം അടക്കുമുള്ള ശുശ്രൂഷാപരവും കൂലികിട്ടാത്തതുമായ പണികളില്‍ നിന്നെല്ലാം മാറിനില്‍ക്കുകയാണ് അച്ഛന്റെ സ്വത്വം. അമ്മയുടെയും മക്കളുടെയും പരിചരണത്തില്‍നിന്ന് സുഖം കണ്ടെത്തുന്ന ആള്‍രൂപമാണ് ഈ പുരുഷന്‍. അതായത് അച്ഛന്‍/ അമ്മമാരുടെ ജോലിവിഭജനവും പ്രതിനിധാനവും തീര്‍ത്തും വിഭിന്നമായിരുന്നുവെന്നു സാരം. അച്ഛന്‍ കുടുംബത്തിന്റെ തലയും നേതാവും ബുദ്ധിയും സംരക്ഷകനുമായിരിക്കുന്നു. സാമ്പത്തിക, അധികാരകാര്യങ്ങളുടെ അവസാന തീര്‍പ്പ് തന്തയിലാണ്. ‘ഇവിടെ ഇതൊന്നും ഇഷ്ടമല്ലെ’ന്ന് ഒരു വീട്ടമ്മ പറയുമ്പോള്‍ അതിനര്‍ഥം തനിക്കത് ഇഷ്ടമല്ലെന്നല്ല മറിച്ച് ഇവിടുത്തെ അധികാര കേന്ദ്രമായ വീടിനെ അടയാളപ്പെടുത്തുന്ന അച്ഛന് അതൊന്നും ഇഷ്ടമല്ലെന്നാണ്. ഇത്തരത്തില്‍ എല്ലാം തീരുമാനിക്കുന്ന, മര്‍ക്കടമുഷ്ടിക്കാരനായ, പരുക്കനായി ഇടപെടുന്ന കര്‍ക്കശക്കാരനായ അച്ഛന്മാരുടെ മാതൃകകളനുസരിച്ച് പുരുഷന്മാരെല്ലാം അച്ഛന്മാരായ ചരിത്രമാണ് കുടുംബ ചരിത്രത്തിന്റെ ഒരു ഭാഗം.

2
ആരാണ് പിതാവ്? എല്ലാ പുരുഷന്മാര്‍ക്കും അച്ഛന്‍/പിതാവാകാന്‍ പറ്റുമോ? കടുംബവും പിതൃത്വവും തമ്മിലുള്ള ബന്ധമെന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന റോസി തോമസിന്റ ഉറങ്ങുന്ന സിംഹം, ഇവനെന്റെ പ്രിയ സിജെ എന്നീ ആത്മകഥാപരമായ കുറിപ്പുകള്‍ കേരളത്തിലെ പിതൃത്വ/ആണത്ത സങ്കല്പങ്ങളെ അഴിച്ചുപരിശോധിക്കാനുള്ള മാധ്യമമാകുന്നുണ്ട്. കുടംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പലതിനെയും അധികാരത്തോടെ തൃപ്തിപ്പെടുത്തുകയും അമ്മയും മക്കളും അതിനുകീഴില്‍ സംതൃപ്തിയടയുകയും ചെയ്യുകയായിരുന്നുവെന്ന് കേരളത്തിലെ ആധുനികതാ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നു. അച്ഛന്‍ കുടംബത്തിനുവേണ്ടി ജോലിചെയ്ത് വരുമാനം കണ്ടെത്തി വീട്ടിലെത്തിക്കുമ്പോള്‍ അമ്മ അത് പാചകംചെയ്ത് കുടുംബം നിലനിര്‍ത്തുന്നു. ഇങ്ങനെ ദ്വന്ദത്തിലൂടെ വിഭജിക്കപ്പെട്ട പാതയിലൂടെ കുടംബസങ്കല്പങ്ങളും ആധുനിക പിതൃത്വ/പുരുഷസങ്കല്പങ്ങളും വ്യവഹാരങ്ങളും പരസ്പര പൂരകമായി വളര്‍ന്നു. ഈ പുരുഷ പ്രശ്നമാണ് റോസിതോമസിന്റെ തന്റെ പിതാവിനെയും ഭര്‍ത്താവിനെയും കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളില്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഭര്‍ത്താവിനെയും അപ്പനെയും കുറിച്ച് സ്ത്രീ എഴുതിയിട്ടുള്ളത് അപൂര്‍വമാണ്.

കേരളീയ നവോത്ഥാനത്തിന്റെ നിര്‍ണായക സന്ധിയില്‍ സാമുഹികവും സാംസ്കാരികവുമായ എല്ലാത്തിലും ഇടപെട്ടവരാണ് (1930-60) റോസിയുടെ പിതാവായ എം.പി. പോളും ഭര്‍ത്താവായ സി.ജെ തോമസും. റോസിയുടെ പുരുഷസങ്കല്പത്തിന്റെ പൂര്‍ണത അപ്പനായ പോള്‍ ആണ്. അമ്പതുകളുടെ ആദ്യഘട്ടത്തില്‍ നില്ക്കുന്ന എനിക്ക് ഇന്നും എന്റെ മനസില്‍ നിറഞ്ഞു നില്കുന്ന പുരുഷരൂപം അപ്പന്റേതാണ് എന്നു പറയുന്ന അവര്‍ എന്തുകൊണ്ട് അപ്പന്‍ തന്റെ പുരുഷസങ്കല്പത്തിന്റെ അടിസ്ഥാനമായി എന്നതാണ് അനുഭവങ്ങളിലൂടെ വിവരിക്കുന്നത് (ഇവനെന്റെ പ്രിയ സിജെ, 1996,92). ആ കാരണങ്ങള്‍ വിശകലനംചെയ്യുമ്പോള്‍ കേരളത്തിലെ ആണത്തത്തെ അധീശപരമാക്കിയ എല്ലാ വ്യവഹാരങ്ങളും കൂടിച്ചര്‍ന്നതാണ് അവരുടെ അപ്പന്‍ സങ്കല്പം എന്നു കാണാവുന്നതാണ്. അധീശ ആണത്തത്തിന്റെ മൂര്‍ത്തരൂപമായിരുന്നു അവരുടെ പോള്‍ സാര്‍. എന്നാല്‍ അപ്പനിലൂടെ രൂപീകൃതമായ പുരുഷസങ്കല്പങ്ങളുടെ പുറത്തായിരുന്നു അവരുടെ ഭര്‍ത്താവായ സി.ജെ തോമസ്. സിജെയുമായുള്ള അവരുടെ ഓര്‍മകള്‍ എല്ലാ അര്‍ഥത്തിലും നിരന്തരം ഭര്‍ത്താവുമായി സംഘര്‍ഷപ്പെടുന്ന ചിത്രമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അപ്പനെക്കുറിച്ചുള്ള ഓര്‍മകളാകട്ടെ അതിനുവിരുദ്ധമായി ഏറ്റവുമധികം സ്നേഹിക്കുന്ന വിധത്തിലും. ഈ സങ്കല്പങ്ങളുടെ പ്രശ്നം സി.ജെ തന്നെ റോസിയോട് പറഞിട്ടുള്ളത് ഓര്‍മകളില്‍ കാണാം. നിങ്ങള്‍ ഏഴു പെണ്‍മക്കള്‍ക്കു ജീവിതത്തില്‍ ഒരു ദോഷം ചെയ്യും. വലിയ മനുഷ്യനാണ് എല്ലാ തരത്തിലും അപ്പന്‍. നിങ്ങള്‍ ആ വലിയ ഇമേജ് വച്ചു മറ്റു പുരുഷന്മാരെ അളന്നാല്‍ അവര്‍ക്ക് മാര്‍ക്കു തീരെ കുറഞ്ഞുപോകും (1996,92).

ലിംഗപദവിയെക്കുറിച്ചോ ആണത്തസങ്കല്പങ്ങളിലുള്ള വിയോജിപ്പുകൊണ്ടോ അല്ല സി.ജെ. ഇത് പറഞ്ഞതെന്നു വ്യക്തം. മറിച്ച് തന്നെ റോസി ‘കാണുന്ന’ വിധത്തിലെ പ്രശ്നം ചൂണ്ടിക്കാട്ടുകയായിരുന്നു ഇത്. അധീശപരമായ പുരുഷസങ്കല്പത്തിനു മുന്നില്‍ സ്വത്വം ചോദ്യംചെയ്യപ്പെട്ട കീഴാളപുരുഷന്റെ പ്രതിരോധമാണീ വാദം. കായികമായും മാനസികയും സാമ്പത്തികമായും. എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും യാതൊരു കുഴപ്പവുമില്ലാതെ വീട് നോക്കിനടത്തുന്ന ആളായിരുന്നു പോള്‍. എന്നാല്‍ ധാരാളം പണമുണ്ടായിട്ടും സിജെ തോമസിന് വീടുനോക്കാനോ വേണ്ടത് ചെയ്യാനോ കഴിഞ്ഞില്ലെന്നതാണ് റോസി ഉന്നയിക്കുന്ന പ്രശ്നം. അതിനാല്‍ സി.ജെ ഒരു പിതാവിന്റെ സ്വഭാവമില്ലാത്ത ഒരു കേവലപുരുഷന്‍ മാത്രമാണ്. വീടിനെ എല്ലാ അര്‍ഥത്തിലും ഭരിക്കുന്ന പുരുഷനാണ് ശരിയായ അപ്പനെന്ന റോസിയുടെ നിര്‍വചനമാണ് നമ്മുടെ വീടുകളുടെ അടിസ്ഥാനം. സ്ത്രീകള്‍ ഭരിക്കുന്ന വീട് വീടാകുന്നില്ല എന്നും ഈ വ്യവഹാരം പഠിപ്പിക്കുന്നു. ഇവിടെയാണ് ‘പിതൃശൂന്യത’ വലിയ അപരാധമോ ശൂന്യതയോ ആയി വ്യവഹരിക്കുന്നത്. പിതൃത്വസങ്കല്പത്തില്‍ അധീശപരമായ ആണത്തം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇത് അടിവരയിടുന്നത്.

 

 

3
നമ്മുടെ അച്ഛന്മാരെക്കുറിച്ചുള്ള ഓര്‍മകളിലൂടെ കടന്നുപോയാല്‍ പിതാവിന്റെ രാഷ്ട്രീയം കാണാം… നാടകങ്ങള്‍ കാണാന്‍ അമ്മയ്ക്കു വളരെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിനു അച്ഛന്‍ പണംകൊടുക്കുകയോ പോകാന്‍ അനുവദിക്കുകയോ ചെയ്തില്ല. അദ്ദേഹം കളികളിലൊന്നും താത്പര്യമില്ലാത്ത ഒരു ഗൗരവക്കാരനായിരുന്നു. ഒരു നാടകത്തിനോ കഥകളിക്കോ പാട്ടുകച്ചേരിക്കോ അദ്ദേഹം പോകുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. (എന്റെ ബാല്യസ്മരണകള്‍, സി.അച്യുതമേനോന്‍)

ആ കാലങ്ങളില്‍ പതിവായി അച്ഛന്‍ രാത്രിയിലേ വരാറുണ്ടായിരുന്നുള്ളു.അച്ഛന് മരക്കച്ചവടവും കൃഷിയും ഉണ്ടായിരുന്നു. മിക്കവാറും ഞങ്ങള്‍ ഉറങ്ങിക്കഴിഞ്ഞായിരിക്കും അച്ഛന്റെ വരവ്. ഏതെങ്കിലും ഒരു ദിവസം നേരത്തെ വന്നാല്‍ ആ ദിവസം കുറേക്കാലത്തേക്കു മറക്കാനും കഴിയില്ല. കഞ്ഞിക്കുപ്പില്ല, കറിയ്ക്കു മുഴുപ്പില്ല, ചായയ്ക്കു കടുപ്പമില്ല,കോളാമ്പി കഴുകി വച്ചില്ല എന്നിങ്ങനെ ഏന്തെങ്കിലും കാരണം കണ്ടെത്തി വൃത്തികെട്ട ജന്തു, അശ്രീകരം തുടങ്ങിയ വാക്കുകളുപയോഗിച്ച് ഇടമുറിയാതെ ദേഷ്യം തീരുവോളം അമ്മയെ ശകാരിക്കും. (എന്റെ കഥ, വിനയ)

നമ്മുടെ അച്ഛന്മാരുടെ പൊതു സ്വഭാവം കരുത്തുറ്റ വികാരങ്ങള്‍, ഗര്‍ജിക്കും വിധത്തിലുള്ള സംസാരം, ആജ്ഞാപിക്കല്‍, മര്‍ദനവും അടിച്ചൊതുക്കലും, അധികാരഭാവം, ശുശ്രൂഷയിലൊന്നും ലേശംപോലും താത്പര്യമില്ലാത്ത, എന്നാല്‍ യഥേഷ്ടം ശുശ്രൂഷ ഏറ്റുവാങ്ങുന്ന, തന്റെ സമയത്തും സ്ഥാനത്തും തനിക്കു വേണ്ടതെല്ലാം കാണണമെന്നു വാശിപിടിക്കുന്ന (ഭക്ഷണം, വസ്ത്രം, വെള്ളം, ചെരുപ്പ്…) വല്ലാത്തൊരു ആള്‍രൂപമാണ് അച്ഛന്മാരെല്ലാം. ഈ അച്ഛന്മാര്‍ക്കുവേണ്ടി എല്ലാം ഒരുക്കുവാനായി അടുക്കളയില്‍ അനവരതം പണിയെടുത്തവരാണ് അമ്മമാര്‍. അങ്ങനെ അവരുടെ ജീവിതം തിരക്കില്‍പെട്ട് ഒന്നിനും പറ്റാതായി. അതേ സമയം അച്ഛന്മാരാകട്ടെ യഥേഷ്ടം കലയിലും സൗഹൃദങ്ങളിലും വിരാജിച്ചു. അച്ഛന്റെ അതിഥി സല്‍ക്കാരപ്രിയത കാരണം വല്ലാതെ പെട്ടുപോയ തന്റെ അമ്മയുടെ കഥ അക്കാമ്മ ചെറിയാനെഴുതിയിട്ടുണ്ട്. വീട്ടുഭരണവും ഇളയകുട്ടികളുടെ പരിചരണവും അതിഥിസല്‍ക്കാരവും ഇച്ചായന്റെ ചിട്ടയ്ക്കനുസരിച്ചുള്ള ജീവിതവും മൂലം അമ്മയ്ക്കു മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍ അധികം ശ്രദ്ധിക്കുവാന്‍ സാധിച്ചിരുന്നില്ല….ജോലിത്തിരക്കുമൂലം ഞങ്ങളോടോ മറ്റു സ്ത്രീകളോടോ അമ്മ അധികം സംസാരിച്ചിരുന്നില്ല (ജീവിതം ഒരു സമരം, 2011,27). അടുക്കളയില്‍ കയറാത്ത, അതെന്തെന്നറിയാത്ത അച്ഛന്മാരുടെ ശീലങ്ങളാണ് നമ്മുടെ അമ്മമാരെ കഷ്ടപ്പെടുത്തിയിരുന്നത്. പുരുഷന്മാരെ അച്ഛന്മാരുമാക്കിയത്.

അച്ഛന്മാര്‍ തങ്ങളുടെ അധികാരവും കോയ്മയും പ്രകടിപ്പിക്കുന്നത് അടിച്ചമര്‍ത്തലിലൂടെയാണ്. ഭാര്യയെയും കുട്ടികളെയും ശിക്ഷിക്കാനുള്ള, തല്ലുന്നത് അവകാശം പോലെയാണ് തന്തമാര്‍ ഉപയോഗിക്കുന്നത്. തന്തയുടെ ഈ അധികാരം നല്ലതിനാണെന്നും പൊതുവില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. ഈ ശിക്ഷണാധികാരമാണ് സവിശേഷമായി അച്ഛനെ അധികാരമൂര്‍ത്തിയും ഭയപ്പെടേണ്ട സ്വത്വവുമാക്കി മാറ്റുന്നത്. അമ്മയ്ക്കാകട്ടെ ഈ അധികാരമില്ലതാനും. മക്കളെ ശിക്ഷിക്കണമെങ്കില്‍ അമ്മയ്ക്ക് അച്ഛനോടു ശിപാര്‍ശ നടത്തേണ്ടിവരും. അച്ഛന്റെ ശിക്ഷാധികാരത്തിന്റെ പൊരുള്‍ ഇ.വി കൃഷ്ണപിള്ള കുറിച്ചിട്ടിട്ടുണ്ട്. ശിശുപരിപാലനത്തില്‍ അച്ഛനെവിടെനിന്നോ മനസിലാക്കി വച്ചിരുന്ന ഒരു തത്വമാണ് ഏകദേശം ദിനംപ്രതി കിട്ടിവന്ന അടികള്‍ക്കു കാരണം…..പൂമുഖത്തൂണില്‍ പിടിച്ച് അങ്ങ് കെട്ടുകയാണ്. അടിയും തുടങ്ങുന്നു. കുറ്റങ്ങള്‍ വലുതാണെങ്കില്‍ അച്ഛന്‍ ഒരു കസേര കൊണ്ടുവന്ന് തൂണിനടുത്തിട്ട് പതുക്കെ തുടങ്ങുകയായി (ഇ.വിയുടെ തിരഞ്ഞെടുത്ത കൃതികള്‍). ചുരുക്കത്തില്‍ ആരെയും വകവയ്ക്കാത്ത, മാനിക്കാത്ത താനാണെല്ലാം എന്നു കരുതുന്ന ഒരുതരത്തിലുള്ള ഫാസിസമാണ് നമ്മുടെ പിതൃത്വത്തിന്റെ മൂലധനം. ഇതിന്റെ അടിത്തട്ടില്‍ പുരുഷന്മാരാലും മറ്റുള്ളവരാലും അപഹസിക്കപ്പെട്ട് ഭാര്യമാരെ അനുസരിക്കുന്ന വീട്ടുജോലിയൊക്കെ എടുക്കുന്ന ‘പെങ്കോന്തന്മാ’രുടെ ചിതറിയ ദ്വീപുകള്‍ കിടക്കുന്നുണ്ടായിരുന്നു. കഠിനമായ പരിഹാസത്തിനു വിധേയമായ അവഗണിക്കേണ്ടതായാണ് അതിനെ വായിച്ചിരുന്നത്. പുരുഷനായാല്‍ പെങ്കോന്തനാകരുതെന്നാണ് ഇത് പഠിപ്പിച്ചിരുന്നത്.

4
ഈ അച്ഛന്മാര്‍ പലകാലഘട്ടങ്ങളിലെ പലതരം പരിണാമത്തിനു വിധേയമായിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അച്ഛത്വം മാറിയിട്ടുള്ളതായി കാണുന്നില്ല. എഴുപതുകള്‍ മുതല്‍ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ വന്ന മാറ്റങ്ങളും ഉപഭോഗസമൂഹത്തിലേക്കുള്ള പരിണാമങ്ങളും സ്ത്രീവാദത്തിന്റെ വളര്‍ച്ചയും കുടുംബത്തിനെ ചെറിയതോതില്‍ പ്രശ്നവല്കരിച്ചിട്ടുണ്ട്. പുരുഷന്‍ മാത്രം ജോലിചെയ്ത് വീടുനോക്കുക പ്രയാസമായതിനാല്‍ സ്ത്രീയും ജോലിക്കുപോകണമെന്നും അതിനാല്‍ വീട്ടുജോലി പങ്കിടണമെന്നുമുള്ള ചിന്ത ഉപരിതലത്തില്‍ വന്നിട്ടുണ്ട്. ഇതൊക്കെ അടിത്തട്ടിലേക്കു പോവുകയോ അച്ഛന്മാരെ മാറ്റിത്തീര്‍ക്കുകയോ ചെയ്തിട്ടില്ല. സാമ്പത്തികനില ഉയര്‍ന്നവരിലും താഴ്ന്നവരിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. മക്കളെയും ഭാര്യയും സ്നേഹിക്കുന്ന പുതിയ ‘മുദു’വായ പിതൃത്വം ഇവിടെ ജനിക്കുന്നതു കാണാം. ഇപ്പോള്‍ പിതാവിന്റെ ദിവസം ആഘോഷിക്കുന്നതില്‍ ഉന്നയിക്കപ്പെടുന്ന ആശയം ഇതാണ്.

 

 

ഫാദേഴ്സ് ദിനത്തില്‍ ഒരു പെണ്‍കുട്ടി എഴുതിയത്- ‘അച്ഛന്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ‘ധൈര്യം’ എന്ന വാക്ക് ചേര്‍ത്ത് വെയ്ക്കാന്‍ തോന്നുന്നതെന്തുകൊണ്ടാണ്? പിച്ചവച്ചു നടക്കുന്ന പ്രായത്തില്‍ കാലിടറിവീണപ്പോളെല്ലാം, കണ്ണടച്ച് ഭയപ്പാടോടെ നില്‍ക്കുന്ന അമ്മയെ മാറ്റി നിര്‍ത്തി, ധൈര്യം തന്ന് വീണ്ടും വീണ്ടും നിവര്‍ന്ന് നടക്കുവാന്‍ പഠിപ്പിച്ചതാരാണ്? അമ്മയ്ക്ക് തടുക്കാന്‍ പറ്റാത്ത കുസൃതികള്‍ കാണിച്ചപ്പോഴെല്ലാം നല്ല ചുട്ട അടിതന്ന് നേര്‍ വഴിയ്ക്ക് നയിച്ചതാരാണ്? അച്ഛന്‍ ഒരു ഭയങ്കരനെന്ന് കരുതി അമ്മയുടെ നെഞ്ചോട് ചേര്‍ന്ന് തേങ്ങിക്കരയുമ്പോള്‍ ഉള്ളുരുകിയത് ആരുടെയാണ്?… ഇങ്ങനെ, പുറമേ പരുക്കനും കര്‍ക്കശക്കാരനുമായ ഒരച്ഛന്‍ എനിക്കുമുണ്ടായിരുന്നു. (അച്ഛനെയാണെനിക്കിഷ്ടം, രമ്യ പ്രമോദ്‌ , http://www.malayalimag.com/articles/fathersday/). പുറമേ ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ പഴയ പരുക്കന്മാരായ അച്ഛന്മാരുതന്നെയാണ് ആഗോളീകരണത്തിന്റെ കാലത്തും കേരളീയ പിതൃത്വത്തെ അടയാളപ്പെടുത്തുന്നത്. ഇതിന്റെ പ്രകടമായ കാര്യം അമ്മയില്‍ നിന്നു വ്യതിരിക്തനാണ് അച്ഛനെന്ന കാഴ്ചപ്പാടാണ്. ധൈര്യം തരുന്നത് അച്ഛനാണ്. അമ്മ ധൈര്യമില്ലായ്മയുടെ അടയാളമാണ്. വിഭിന്ന മൂല്യങ്ങളുടെ ഇരിപ്പിടമായി അച്ഛനെയും അമ്മയെയും അടയാളപ്പെടുത്തുന്ന (പുരുഷ) വ്യവഹാരങ്ങളിലൂടെയാണ് പിതൃത്വം അധികാരമായി നിലനില്‍ക്കുന്നത്. അതിനാല്‍ തകര്‍ക്കപ്പെടേണ്ടത് ആ അടിസ്ഥാന മൂശയാണ്. ആണത്തത്തിന്റെ ആധാരമായ ഭിന്നലൈംഗികാതാ വ്യവസ്ഥ ഉടയ്ക്കപ്പെടുമ്പോഴേ അച്ഛത്വത്തെ പ്രശ്നവല്കരിക്കുവാന്‍ കഴിയൂ.

5
അച്ഛന്മാര്‍ അമ്മമാരുടെ സ്ഥാനത്തേക്കു വരുന്ന, അമ്മമാരെപ്പോലെ വീടിന്റെ ഉത്തരവാദിത്തം നോക്കി കഴിയുന്ന അച്ഛന്മാരുടെ വാര്‍ത്തകള്‍ വേറിട്ട കഥകളായി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്മമാരില്ലാത്തതിനാല്‍ അച്ഛന്മാര്‍ അമ്മമാരായി മാറുന്നതാണീ സംഭവങ്ങള്‍. അമ്മമാരുടെ അസാന്നിധ്യത്തിലാണെങ്കിലും പുരുഷന് വീട്ടിലെ പാചകവും ശുചീകരണവും മക്കളുടെ പരിപാലനവും നിര്‍വഹിക്കാം എന്നത് അത്ര നിസാരമല്ല. അതിലുപരി തങ്ങളുടെ അച്ഛത്വത്തിന്റെ അധികാരത്തെ സ്വയം വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന പിതാക്കന്മാര്‍ വലിയൊരു സാധ്യതയാണ് തുറന്നിടുന്നത്. കോളിളക്കമുണ്ടാക്കിയ വര്‍ഗീസ് വധത്തിലെ വെടിവച്ച പോലീസുകാരന്‍ രാമചന്ദ്രന്‍നായരുടെ ആത്മകഥയായ ഞാന്‍ ജീവിച്ചു എന്നതിന് ഒരു തെളിവ് എന്നതില്‍ തന്റെ അച്ഛത്വത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നത് ശ്രദ്ധേയമാകുന്നു… ഒരു നിശ്ചയവുമില്ലാതിരുന്ന എന്റെ ജീവിതത്തില്‍ കടന്നുവന്ന് എന്റെ എല്ലാ തെമ്മാടിത്തരങ്ങളും സഹിച്ച് ചിലപ്പോള്‍ അമ്മയായും മറ്റുചിലപ്പോള്‍ ദാസിയായും എല്ലായേപോഴും നല്ല സുഹൃത്തായും നാല്പത് വാര്‍ഷക്കാലമായി എന്നോടൊപ്പം ജീവിച്ചുകൊണ്ടിരിക്കുന്ന, ഒരിക്കലും എനിക്കു തന്നതൊന്നും എന്നില്‍ നിന്നു തിരിച്ചുകിട്ടാത്ത എങ്കിലും പരിഭവങ്ങളൊന്നുമില്ലാത്ത ജീവിതപങ്കാളിക്ക്- എന്റെ ശാന്തമ്മയ്ക്ക്. ഇതിന്റെ വിശദീകരണം പിന്നീട് നല്‍കുന്നുണ്ട് ഒരു പച്ചമനുഷ്യനായി നിങ്ങളുടെ മുന്നില്‍ എന്ന അധ്യായത്തില്‍. കല്യാണത്തിനു ശേഷം ഭാര്യയുടെ നിര്‍ബന്ധം മൂലമാണ് ഞാന്‍ പോലീസില്‍ ചേര്‍ന്നത്. അതൊരു അബദ്ധമായി എന്ന് ഭാര്യയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ടാകും. ഭര്‍ത്താവ് പോലീസ് ആയതിനുശേഷം സന്തോഷജീവിതം എന്താണെന്ന് അവളറിഞ്ഞിട്ടില്ല….ആ കുരുന്നു മനസില്‍ (മകന്) ഇത്തിരി സ്നേഹം കൊടുക്കാന്‍ എനിക്കായിട്ടില്ല. പകരം ഭീതിയായിരുന്നു ഞാനവന് കൊടുത്തത്. ഞാനറിയാതെ ഒരു ക്രൂരനാവുകയായിരുന്നു (പു.134).

 

പിതൃത്വാവസ്ഥ ഒരു ക്രൂരമായ ഒന്നാണെന്നു തിരിച്ചറിയുന്ന മുഹൂര്‍ത്തമാണ് അതിനെ ഉരിഞ്ഞെറിയേണ്ടതുണ്ടെന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്. അത് പിതാവെന്ന സ്ഥാനത്തിന്റെ ഉടയ്ക്കലിലൂടെ അവസാനിക്കുന്ന പ്രക്രിയയല്ല, മറിച്ച് പ്രകൃതിദത്തമെന്നു പറഞ്ഞ് നമ്മുടെ ആണുങ്ങള്‍ കൊണ്ടുനടക്കുന്ന ആണത്തത്തിന്റെ കൂടി ഉരിഞ്ഞെറിയലിലൂടെ സാധ്യമാകുന്ന ഒന്നാണ്. വെറും ‘പെങ്കോന്തന്മാരായി’ നമ്മുടെ ആണുങ്ങള്‍ മാറേണ്ടതുണ്ടെന്ന സന്ദേശമാണത്. പെണ്ണും ആണും വിപരീത ദ്വന്ദങ്ങളാണെന്ന ഭിന്നലൈംഗികതാ യുക്തിയില്‍ നിന്ന് മാറി സഹവര്‍ത്തിത്വത്തിന്റെയും അലിഞ്ഞുചേരലിന്റെയും പുതിയ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിലൂടയേ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും അര്‍ഥവത്തായ (ലിംഗ) സമാധാനം കൈവരികയുള്ളൂ.

 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍