UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

അധികാരശ്രേണിയിലെ മാനാഭിമാന ഇടങ്ങളും സ്ത്രീ എന്ന ചുരുക്കപ്പെടലും

സ്വത്വരാഷ്ട്രീയത്തിലും അധികാരനിർമ്മിതമായ ശ്രേണികൾ ഉണ്ടാവുകയും അത് തകർക്കാനുള്ള ശ്രമങ്ങൾക്ക് അതാത് സ്വത്വങ്ങളുടെ രാഷ്ട്രീയത്തിൽ നിന്നുപോലും പിന്തുണ ലഭിക്കില്ല എന്ന അവസ്ഥ

[ഈ ലേഖനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: അധികാരത്തിന്റെ മാനവും പെണ്ണിന്റെ മാനക്കേടുകളും]

രണ്ട്

ഉത്തരാധുനിക സൈദ്ധാന്തിക ലോകത്ത് സമുദായം തുടങ്ങി മൾട്ടിറ്റ്യൂട് അഥവ ജനസഞ്ചയം വരെ പല പേരുകളിൽ വീണ്ടെടുക്കപ്പെട്ട് ആദർശവൽക്കരിക്കപ്പെട്ട് പോരുന്ന ഒന്നാണ് യഥാർത്ഥത്തിൽ പൊതുബോധം. സൂക്ഷ്മാഖ്യാനങ്ങൾ എന്നൊക്കെ പറയും. അതിന്റെ പരിധിയിൽ കൊള്ളിച്ച് സമുദായത്തെ മുതൽ വെറും ആൾകൂട്ടത്തെ വരെ ആദർശവൽക്കരണത്തിലേക്ക് കടത്തി കൊടുക്കും. പക്ഷേ ഇവയിലൊക്കെ അചഞ്ചലമായി വിതരണം ചെയ്യപ്പെട്ട് കിടക്കുന്ന, ബ്രാഹ്മണിക് ഹിന്ദുത്വം മുതൽ പേട്രിയാർക്കി വരെയുള്ള ബൃഹദാഖ്യാനങ്ങളെ, പല അടരുകളിലായുള്ള രേഖീയമല്ലാത്ത അതിന്റെ വിതരണ ശൃംഖലയെ കാണുകയേ ഇല്ല.

മെറ്റാമോഡേൺ വൈരുധ്യം
മെറ്റാമോഡേൺ കാലത്തിന്റെ ഒരു പരിമിതി അതിൽ സ്വയമറിയാതെ പൊലിപ്പിക്കപ്പെടുന്ന ദോലനം തന്നെയാണ്. അത് മിത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്ക്, ഭൗതികതയിൽനിന്ന് ആത്മീയതയിലേയ്ക്ക്, ചരിത്രത്തിൽ നിന്ന് കെട്ടുകഥകളിലേയ്ക്ക് നിരന്തരം ദോലനം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല, ഫലത്തിൽ അവയൊക്കെ ഒന്നാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. എല്ലാം ആഖ്യാനങ്ങളാണെന്ന ഉത്തരാധുനിക ദർശനത്തിലാണ് അത് തെല്ലൊന്ന് വിശ്രമിക്കുന്നത്.

ഇവിടെ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ട് പോയ നരാധമന്മാരെ പട്ടിക്ക് ഇട്ടുകൊടുക്കുക, അഥവാ ആൾക്കൂട്ടത്തിനിട്ടുകൊടുക്കുക തുടങ്ങി ഷണ്ഢവത്ക്കരിക്കുക വരെയുള്ള പരിഹാരമാർഗ്ഗങ്ങൾ സിനിമാ വ്യവസായത്തിനുള്ളിൽ നിന്നു തന്നെ ഉയർന്നിരുന്നു. പക്ഷേ അഭിസംബോധന ചെയ്യപ്പെടാത്ത ഒരു ചോദ്യം സിനിമയും അനുബന്ധ വ്യവസായങ്ങളും പ്രത്യക്ഷമോ, പരോക്ഷമോ ആയ സബാൾട്ടേൺ വിരുദ്ധ പ്രമേയങ്ങളെ വിറ്റല്ലാതെ നിലനിന്ന ഒരു കാലം ഈ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ നിന്ന് കണ്ടെടുക്കാനാകുമോ എന്നതാണ്. സത്യം അതായിരിക്കുമ്പോഴും അതിനൊക്കെ പുറത്ത് സാധാരണക്കാരുടെ കല എന്ന നിലയ്ക്ക് സിനിമയും, അവരുടെ സാംസ്കാരിക, സൗന്ദര്യശാസ്ത്രപരമായ ബോധ്യങ്ങൾ എന്ന നിലയ്ക്ക് അതിൽ പ്രതിഫലിക്കുന്ന പൊതുബോധവും ജനപക്ഷത്താണ് എന്ന ഒരു മിത്ത് പണ്ടേ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

വൈരുദ്ധ്യം ഇവിടെയാണ്. ആൺകോയ്മയെ വിറ്റ് ജീവിക്കുന്നവർ തന്നെ അതിന്റെ ഉപോത്പ്പന്നങ്ങളിൽ ചിലത് വില്ലൻ വേഷത്തിൽ അവതരിക്കുമ്പോൾ, അതിലുപരി സാന്ദർഭികമായി അത്തരം ഒരു പരിവേഷം ആർജ്ജിക്കുമ്പോൾ വ്യക്തികളെ ബലിയാടാക്കി വ്യവസായത്തെ സംരക്ഷിച്ചെടുക്കുന്നു. സിനിമാ വ്യവസായം തൊട്ട് അതിനെ ഉപജീവിക്കുന്ന ചാനൽ വ്യവസായം വരെ ചെയ്തു പോരുന്നത് ഇത് തന്നെയാണ്. മേൽ പറഞ്ഞ മിത്തിനും പിന്നെ പറഞ്ഞ യാഥാർത്ഥ്യങ്ങൾക്കും ഇടയിലെ ദോലനങ്ങൾ ഒടുവിൽ  കുറ്റകൃത്യങ്ങളെ വ്യക്തികളിലേയ്ക്ക് ചുരുക്കി അതുവഴി ഇൻഡസ്ട്രിയുടെ അഭിമാനത്തെ, അതുവഴി പുരുഷാധിപത്യ നിർമ്മിതികളായ ഗോത്രീയ, സാമുദായിക, മതപരമായ അധികാരങ്ങളെ മുഴുവൻ ഈ സന്ദിഗ്ധ ഘട്ടത്തിന്റെ ചെക്ക് പോസ്റ്റ് കടത്തി കൊടുക്കുന്നു.

ആരുകടത്തി എന്ന് ചോദിച്ചാൽ ഭരിക്കുന്ന കക്ഷി, പ്രതിപക്ഷം, പൊലീസ്, ബ്യുറോക്രസി തുടങ്ങിയ അധികാര സ്ഥാപനങ്ങൾ മുഴുവൻ വിചാരണ ചെയ്യപ്പെടും. വിശുദ്ധവത്ക്കരിക്കപ്പെട്ട പൊതുബോധമെന്ന മിത്ത് വരില്ല. എന്തുകൊണ്ട്? അതിലേക്ക് കടന്നാൽ കച്ചവടം ഇടിയും. ഇതിനൊക്കെ അതീതർ എന്ന് നാം കരുതുന്ന ആക്ടിവിസ്റ്റ് പടയും ഒന്നിനും അതീതരല്ല എന്നതാണ് ഇതിലൊക്കെ കൗതുകകരം. പീഢനം നടന്നു എന്ന വാർത്ത വന്നാൽ ഉടൻ ഇരയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ രണ്ടാമതൊരു ആലോചനയേ ഇല്ലാത്തവർക്കും സ്വന്തം താല്പര്യങ്ങൾ വരുമ്പോൾ മുൻഗണനാക്രമം തെറ്റുന്നു. എന്നാൽ ഈ നാറിയ ആണധികാരത്തിൽനിന്ന് വീണുകിട്ടുന്ന കക്ഷ്ണങ്ങളെ പങ്കിട്ട് ആനുപാതിക അധികാരം ഉറപ്പിക്കാനുള്ള തത്രപ്പാടിൽ ആർ ആരുടെ താത്പര്യങ്ങളെ വഞ്ചിക്കുന്നു എന്നതൊന്നും അവർക്കും വിഷയമല്ല താനും. എല്ലാം ദോലനമാണ്!

ചലച്ചിത്ര താരങ്ങൾക്ക് ചരിത്രബോധമില്ല?
ചലച്ചിത്ര താരങ്ങൾക്ക് ചരിത്രജ്ഞാനമില്ലെന്ന് വേണമെങ്കിൽ പറയാം. അത് ചരിത്രജ്ഞാനികൾ പ്രബന്ധാവതരണം നടത്തുന്ന വേദിയുമല്ല.  പക്ഷേ അധികാര നിർമ്മിതമായ പൊതുബോധത്തെ പേറുന്നവർക്ക് ബോധമുണ്ടായാലും ഇല്ലെങ്കിലും അത് നിർമ്മിച്ചവർക്ക് അനിവാര്യമെന്നോണം ഉണ്ടാകണം. പക്ഷേ അവർ ചരിത്രത്തെ ഉപയോഗിക്കുന്നത് അതിലെ അധികാരം എന്ന ഘടകത്തെ ശാക്തീകരിക്കാനായിരിക്കും എന്ന് മാത്രം.

‘പ്രമുഖ നടി’യെ തട്ടിക്കൊണ്ടുപോയ സംഭവം ദിവസങ്ങളായി അന്തിചർച്ചകളിൽ പ്രമേയമാണ്. പക്ഷേ അവയൊക്കെയും വ്യക്തിയിലും വ്യക്തിയിൽ ആരോപിക്കപ്പെടുന്ന രാഷ്ട്രീയ ബന്ധങ്ങളിലും അത് കേന്ദ്രമാകുന്ന ആരോപണ പ്രത്യാരോപണങ്ങളിലും കിടന്ന് കറങ്ങുകയാണ്. ഒരു കാര്യവുമില്ലാത്ത, പൊള്ളയായ വെറും വാക്കേറുകളാണെന്നതിനാൽ അതിൽ ആർക്കും പരിക്കേൽക്കാനും പോകുന്നില്ല. എന്നാൽ യുദ്ധം നടന്ന പ്രതീതി ജനിപ്പിക്കപ്പെടുന്നുമുണ്ട്. ഇതിനൊക്കെ അപ്പുറത്തേയ്ക്ക് അബദ്ധത്തിൽ ക്ഷണിക്കപ്പെട്ട ഒരു അതിഥി ചർച്ചയെ കൊണ്ടുപോയാൽ ഉടൻ അവതാരകൻ ഇടപെടും. സൈദ്ധാന്തികമായി പറഞ്ഞിട്ട് കാര്യമില്ല സർ, ചോദിച്ചതിന്റെ ഉത്തരം പറയൂ എന്ന്. അതായത് ചർച്ചകൾ പോലും മുൻ കൂർ നിശ്ചയിച്ച അഞ്ചെട്ട് ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന അജണ്ടയിൽ കറങ്ങുന്നതാണ്. അതിനെ അങ്ങനെ കറക്കുക എന്നതാണ് അവതാരകന്റെ ധർമ്മം. ആ അജണ്ടകൾക്ക് നടപ്പിലാക്കാൻ തൊട്ടറിയാവുന്ന പദ്ധതികളുണ്ട്. ധൈഷണികവും സൈദ്ധാന്തികവുമായ വ്യവഹാരങ്ങൾക്ക് അങ്ങനെ ആരുടെയെങ്കിലും ടാഞ്ജിബിൾ പ്രോജക്ട്സിലേയ്ക്ക് മാത്രമായി സ്വയം ചുരുക്കാനാവില്ല. അപ്പോൾ മാർഗ്ഗം അവയെ സമൂലമായി അവമതിക്കുകയാണെന്ന് വരുന്നു.

പറഞ്ഞുവരുമ്പോൾ പ്രശ്നം ഇവർ നിർമ്മിക്കുകയും ഉപജീവിക്കുകയും ചെയ്യുന്ന മാർക്കറ്റ് സെഗ്മെന്റിലാണ്. അത് ആൺകോയ്മയുടെയാണ്. അതിനെ ഷണ്ഡീകരിക്കണമെന്നോ, അറബ് മാതൃകയിൽ ശിക്ഷിക്കണമെന്നോ ആരും പറയില്ല. ആൾകൂട്ടത്തിനിട്ടുകൊടുക്കണമെന്ന് തീരെ പറയില്ല. കാരണം ഇവിടെ വില്ലനായ ആ പൊതു പ്രമേയം പൊതുബോധമാണ്. അതിനെ ഇട്ടുകൊടുത്താൽ തല്ലികൊല്ലാൻ ആൾകൂട്ടമുണ്ടാവില്ല, തിരിച്ചാവും സംഭവിക്കുക.

അത് ചോദ്യം ചെയ്യപ്പെടുമ്പോൾ നാം നമ്മുടെ സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നത് അനുഭവിക്കുന്നു. എന്നാൽ ഏതാണാ സ്വത്വം?

സ്വത്വത്തിന്റെ പരിമിതി
മനുഷ്യൻ എന്നത് ഒരു ഏകസ്വത്വ നിർമ്മിതിയല്ല എന്നത് ഇന്ന് സ്വത്വവാദികൾ പോലും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. സ്വത്വമല്ല, സ്വത്വങ്ങളാണ്. ഈ സ്വത്വങ്ങളാകട്ടെ പലപ്പോഴും പരസ്പരം സംഘർഷാത്മകമായി നിലനിൽക്കുന്നവയുമാണ്. അപ്പോൾ വ്യക്തി തലത്തിൽ ഒരു മനുഷ്യനിൽ ഈ വിരുദ്ധ സ്വത്വങ്ങൾ എങ്ങനെ നിലനിൽക്കുന്നു? അത് അദൃശ്യവും തൊട്ടറിയാനാവത്തുമായ ഒരു അധികാര ശ്രേണിക്ക് വഴങ്ങികൊടുത്തുകൊണ്ടാണെന്ന് വരുന്നു.

ഇവിടെ ആ ബാലിക കടന്നുപോയ കടുത്ത നീതിനിഷേധത്തെ നിശബ്ദം സഹിക്കാൻ സ്വയം തീരുമാനിക്കുകയും അവളെ നിർബന്ധിതയാക്കുകയും ചെയ്ത മാതാപിതാക്കൾ ഉയർത്തിപ്പിടിച്ചത് സമുദായത്തിന്റെ മാനമാണ്. നടിക്ക്  അനുഭവിക്കേണ്ടിവന്ന അനീതിയ്ക്കെതിരേ അവർ നിയമ നടപടികൾ തേടി മുന്നോട്ട് വന്നു. അത് തന്നെയാണ് അവരെ ഒരു ചലചിത്ര താരം എന്നതിലുപരി ഒരു പോരാളിയാക്കുന്നതും. പക്ഷേ അവരുടെ അനുഭവവുമായി ബന്ധപ്പെട്ട ചർച്ച തന്നെ മുമ്പും പല നടിമാർക്കും സമാനാനുഭവങ്ങൾ ഉണ്ടായതായും എന്നാൽ അവർ അത് ‘പ്രശ്നമാക്കാൻ’ നിന്നില്ല എന്നും വ്യക്തമാക്കുന്നുമുണ്ട്. എന്തുകൊണ്ട്? അപമാനം ഭയന്ന് എന്നതാണ് കാരണം. തെറ്റ് ചെയ്യുന്നതാണ് അപമാനകരം, അതിന്റെ ഇരയായി തീരേണ്ടിവരുന്നതല്ല എന്നത് ഇന്ന് സാംസ്കാരികമായി ഒരു നൂതന ദർശനമൊന്നുമല്ല. എന്നാൽ സൈദ്ധാന്തികമായി പണ്ടേ തകർക്കപ്പെട്ട ആ അബദ്ധ സംസ്കാരം പ്രയോഗതലത്തിൽ ഇന്നും പ്രബലമാണ് താനും. അതായത് ലൈംഗികമായ അധിനിവേശത്തിൽ അപമാനകരമായത് ആ കൃത്യമാണ്, അതിന്റെ ഇര കടന്നുപോയ അനുഭവമല്ല എന്ന പ്രതിദർശനം പണ്ടേ ഉള്ളതാണെങ്കിലും അതിന് സാംസ്കാരിക മേൽക്കോയ്മ നേടാനായില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ വിവിധങ്ങളായ സ്വത്വ അടരുകളിൽ അത് ഇന്നും ഒരു അധീശ പ്രമേയമായി നിലനിൽക്കുന്നു.

നൈസർഗ്ഗികമായ പ്രാകൃത അതിജീവന അനുകൂലകങ്ങളെ മാത്രം ആശ്രയിച്ച് ഉണ്ടാക്കിയ ഒന്നല്ല മനുഷ്യന്റെ പ്രകൃതിയ്ക്ക് മേൽ സാധ്യമായ നിർണ്ണയാവകാശം. അത് ഒരു ധൈഷണിക പ്രക്രിയ കൂടിയാണ്. വികസിതമായ ഒരു മസ്തിഷ്കം എന്ന സാധ്യതയുപയോഗിച്ച് മനുഷ്യൻ പ്രകൃതിയിൽ നടത്തിയ പ്രതിപ്രവർത്തനങ്ങളുടെ ധനാത്മകത്വവും ഋണാത്മകത്വവും ചേരുന്നതാണ് നൈതീക സംവാദങ്ങളുടെതായ മനുഷ്യ ചരിത്രം. അതിൽ ഒരു വശത്ത് പരിണാമമുണ്ടെങ്കിൽ മറുവശത്ത് അധികാരവുമുണ്ട്. മനുഷ്യർ പ്രകൃതിയ്ക്ക് മേൽ അധീശസ്ഥാനം ആർജ്ജിച്ചത് അതിൽ അവർ നടത്തിയ ധൈഷണികമായ നിരീക്ഷണ സഞ്ചാരത്തിന്റെ രേഖീയമല്ലാത്ത യുക്തി പദ്ധതികളിലൂടെയാണ്. അങ്ങനെ അവർ കണ്ടെത്തിയ ഉപകരണങ്ങളിലൂടെയാണ്.

അനുഭവതലത്തിൽ സംസ്കാരം എന്നത് അതിന്റെ സാംസ്കാരിക ഉപകരണങ്ങൾ തന്നെയാണ്. പക്ഷേ തൊട്ടറിയാവുന്ന ഉപകരണങ്ങളിലൂടെ അവർ തേടിയ അധീശത്വ അന്വേഷണം അവർക്ക് മുകളിൽ അവർ അറിയാതെ തന്നെ ഒരു അധികാര സ്രോതസ്സിനെയും ഉല്പാദിപ്പിച്ചു. അതിനെ അവർ പിന്നെ ആരാധിക്കാൻ തുടങ്ങി. അതായത് മനുഷ്യൻ സ്വനിർമ്മിതമായ അധികാരത്തെ ആരാധിക്കാൻ തുടങ്ങി എന്ന്.

ആരാധനയ്ക്ക് ശേഷമുള്ള മനുഷ്യരുടെ സാംസ്കാരിക വ്യവഹാരങ്ങൾ മുഴുവൻ അവർ തന്നെ സൃഷ്ടിച്ച അധികാരമെന്ന അപകടത്തെ എങ്ങനെ ലഘൂകരിക്കാം എന്നതിലേയ്ക്കായി എന്ന് വേണം മനസിലാക്കാൻ. ആ അപകടത്തിന്റെ ബ്രഹത്തായ ആഖ്യാനങ്ങളിൽ ഒന്ന് മാത്രമാണ് ആൺകോയ്മ. അത് സ്വന്തം നിലനിൽപ്പിനായി രൂപകല്പന ചെയ്ത ഒരു ആയുധമാണ് ലിംഗപരമായി ഒടുവിൽ സ്ത്രീയിൽ മാത്രം ചെന്ന് ചേരുന്ന, എന്നാൽ പറഞ്ഞുവരുമ്പോൾ സമുദായത്തിന് മുഴുവൻ ബാധകമായ അഭിമാനവും. സൂക്ഷ്മതലത്തിൽ സ്ത്രീകൾക്ക് മാത്രം സ്വന്തം സ്വത്വബോധം വിലയായി ഒടുക്കേണ്ടിവരുന്ന, എന്നാൽ പ്രത്യക്ഷ വ്യവഹാരങ്ങളിൽ സമുദായത്തിന്റെ മുഴുവനുമായി സാമാന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു മാനാഭിമാന സങ്കല്പം ഏകപക്ഷീയമാകുന്നതിൽ സങ്കടപ്പെടാനില്ല. കാരണം അത് ഒരു അധികാര നിർമ്മിതിയാണ്. അതിന്റെ ലക്ഷ്യം അധീശത്വവും.

സിദ്ധാന്തത്തിൽനിന്ന് പ്രവർത്തിയിലേയ്ക്ക്
മുതിർന്ന നിർമ്മാതാവും ചലചിത്ര പ്രവർത്തകനുമായ സുരേഷ് കുമാറിന്റെ ഭാര്യ, മുതിർന്ന ചലചിത്ര നടിയും താരവുമായ മേനകയ്ക്ക് അഞ്ച് വർഷം മുമ്പേ ഇതുപോലൊരനുഭവം ഉണ്ടായി. ഇപ്പോഴുണ്ടായ ആക്രമണം സംവിധാനം ചെയ്ത അതേ പൾസർ സുനി തന്നെയാണ് അതും തിരക്കഥ എഴുതി സംവിധാനം ചെയ്തതെന്ന് സുരേഷ് തന്നെ പറയുന്നു. എന്നാൽ മുതിർന്ന ചലചിത്ര പ്രവർത്തകനായിട്ടും അദ്ദേഹം പ്രസ്തുത കൃത്യത്തിൽ ഭാര്യയെ കൊണ്ട് മൊഴി കൊടുപ്പിക്കാനും എഫ്ഐആർ ഇട്ട് അന്വേഷണം നടക്കുന്നു എന്ന് ഉറപ്പ് വരുത്താനും മുതിർന്നില്ല. അപ്പോൾ പിന്നെ ഓടുന്ന വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട സിബി മലയിലിന്റെ നായികയുടെ കാര്യം പറയേണ്ടല്ലോ. അന്ന് പുതുമുഖമായിരുന്ന അവർ കേസിനും പുക്കാറിനും ഒന്നും തയ്യാറായിരുന്നില്ല എന്നത് മനസിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.

ഇതിൽനിന്നൊക്കെ മനസിലാക്കേണ്ടതെന്താണ്? സമുദായത്തിന്റെ മാനം മാനം തുടങ്ങി, സ്ഥാപനത്തിന്റെ മാനം, ഇൻഡസ്ട്രിയുടെ മാനം തൊട്ട് കുടുംബത്തിന്റെ മാനം വരെ പലതുണ്ട് പൊതുബോധം അംഗീകരിക്കുന്ന സഞ്ചിത അഭിമാനത്തിന്റെ  മാനകങ്ങളായി. പക്ഷേ ഇതിൽ പാർശ്വവത്കൃതരുടെ സ്വത്വത്തിന്റെയും ഏജൻസിയുടെയും കാര്യം വരുമ്പോൾ  പലപ്പോഴും വ്യക്തിയുടെ ഇരവൽക്കരണം എന്ന നീക്കുപോക്കിൽ അത് അവസാനിക്കുന്നു. മേല്പറഞ്ഞ സംഭവങ്ങളിൽ മേനകയുടെ കാര്യമെടുത്താൽ അവരുടെ ബഹുസ്വത്വങ്ങളിൽ ജാതീയവും, മതപരവും, വർഗ്ഗപരവുമായ പ്രിവിലേജുകൾക്കിടയിൽ പാർശ്വവത്കൃതമായി തുടരുന്നത് സ്ത്രീ എന്ന സ്വത്വം മാത്രമാണ്. നീക്കുപോക്ക്  എന്ന ബാദ്ധ്യത അനിവാര്യമെന്നോണം അതിലേയ്ക്ക് വന്നുചേരുന്നു. വലിയ പ്രശ്നമാക്കേണ്ട എന്ന തീരുമാനത്തിലൂടെ താരത്തിന്റെ കുടുംബപരവും, വ്യാവസായികവും, സാമുദായികവും, ജാതീയവും, മതപരവും ആയ സഞ്ചിതാഭിമാനങ്ങൾക്ക് അവരുടെ സ്ത്രീ സ്വത്വാഭിമാനം വിധേയയായി വഴങ്ങി കൊടുക്കുന്നു.

ആ ഏഴ് വയസ്സുകാരി കുട്ടിയുടെ കാര്യത്തിലും ഇത് തന്നെ നടക്കുന്നു. ബ്രാഹ്മണ സമുദായത്തിൽ പിറന്ന ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം സബാൾട്ടേണിറ്റി പ്രായവും ലിംഗവും വഴി വന്നുചേരുന്നതാണ്. അവളിലെ തന്നെ അധീശ സ്വത്വ അടരുകൾക്ക് പക്ഷേ അവ അനിവാര്യമെന്നോണം വഴങ്ങിക്കൊടുക്കേണ്ടിവരുന്നു.

മതത്തിന്റെയും, സമുദായത്തിന്റെയും തൊട്ട് കുടുംബത്തിന്റെ വരെ അഭിമാനം പേറാൻ നിർബന്ധിതയായ, എന്നാൽ സ്വന്തമായി മാനാഭിമാന, നൈതീക ബോധങ്ങൾ ഉണ്ടാവുക നിഷിദ്ധമായ വിഭാഗങ്ങളെന്ന നിലയിൽ സ്ത്രീയും ദളിതനും മത ലൈംഗിക ന്യൂനപക്ഷങ്ങളും ഒക്കെ അവർ ജീവിതത്തിൽ നേരിടുന്ന പ്രായോഗികവും പ്രത്യക്ഷവുമായ പ്രശ്നങ്ങളുടെ പരിസരത്തുവച്ച് സൈദ്ധാന്തിക സ്വത്വനിർമ്മിതിയുടെ ബഹുവചനങ്ങളും സംഘബോധവും തകർന്ന് വ്യക്തികളായി ചുരുക്കപ്പെടുന്നു. സ്വത്വമല്ല സ്വത്വങ്ങൾ എന്ന് പറയുമ്പോൾ അതിലെ അടരുകൾ തമ്മിലുള്ള സംഘർഷത്തിൽ എപ്പൊഴും നീക്ക്പോക്ക് ചെയ്യേണ്ടിവരുന്നത് ഓരോരോ തനത് വ്യക്തിസ്വത്വങ്ങളിലെ ആനുപാതിക സബാള്‍ട്ടേൺ ഘടകത്തിനായിരിക്കും എന്ന് ചുരുക്കം. രണ്ട് മണിക്കൂർ നീണ്ട പീഢയുടെയും അനിശ്ചിതത്വത്തിന്റെയും മുഹൂർത്തത്തിൽ ആ നടി നിലനിന്നത് സെലിബ്രിറ്റി എന്ന നിലയിലല്ല. സമ്പന്നയായ യുവതി എന്ന നിലയിലോ, സവർണ്ണ ശരീരമെന്ന നിലയിലോ ഉള്ള ഒരു പ്രിവിലേജും അപ്പോൾ അവര്‍ക്ക് കൂട്ടായുണ്ടായിരുന്നില്ല. ആകെയുള്ളത് സ്ത്രീ എന്ന നിലയിൽ വന്നു ചേർന്ന ലിംഗപരമായ സബാൾട്ടേണിറ്റി മാത്രം. ഇത് തന്നെയാണ് ആ ബ്രാഹ്മണ കുട്ടിയുടെയും അവസ്ഥ. ഇതിനർത്ഥം ഇത്തരം പീഢനങ്ങളിൽ അധികാരം പ്രവർത്തിക്കുന്നത് കേവലം വ്യക്തിപരമായ ഇരസ്ഥാനങ്ങളിൽ നിന്ന് മാത്രമാണെന്നുമല്ല. മറിച്ച്, ഇത് തെളിയിക്കുന്നത് സ്വത്വരാഷ്ട്രീയത്തിലും അധികാരനിർമ്മിതമായ ശ്രേണികൾ ഉണ്ടെന്നും അത് തകർക്കാനുള്ള ശ്രമങ്ങൾക്ക് അതാത് സ്വത്വങ്ങളുടെ രാഷ്ട്രീയത്തിൽ നിന്നുപോലും പിന്തുണ ലഭിക്കില്ല എന്നുമാണ്.

പ്രശ്നം നമ്മൾ പ്രതിരോധം എന്ന നിലയ്ക്ക് നിർമ്മിക്കാൻ ശ്രമിക്കുന്ന സബാൾട്ടേൺ സ്വത്വസംഗമത്തിലും അനിവാര്യമെന്നോണം ഒരു അധികാര ശ്രേണി പ്രവർത്തിക്കുന്നുണ്ട് എന്നതാണ്. അതിനെ പ്രതിരോധിക്കാൻ കൂടുതൽ മെച്ചപ്പെട്ട സൈദ്ധാന്തിക പരിച ആവശ്യമാണ്. അത് ധൈഷനികവും സൈദ്ധാന്തികവുമായി മാത്രമെ സാധ്യമാകൂ. എന്നാൽ അത്തരം ശ്രമങ്ങളാണ് സിദ്ധാന്തം പോര, ഞാനും ഞാനുമെന്റ മുതലാളിയും പിന്നെ ഒരു അഞ്ചെട്ട് ചോദ്യങ്ങളും എന്ന നിലയിൽ ഇന്നത്തെ ചാനൽ സാംസ്കാരിക ന്യായാധിപരും പൊതുബോധവും ചേർന്ന് നിയന്ത്രിക്കുന്നത്. തുടങ്ങുന്നെങ്കിൽ പണി അവിടെ തുടങ്ങണം…, ഇല്ലെങ്കിൽ പൾസർ സുനിയെ ക്രൂശിച്ച് തൃപ്തിയടയണം. വ്യക്തിപരമായ തിരക്കുകൾ കൊണ്ട് സുനിയെ ശരിക്കൊന്ന് ക്രൂശിക്കാൻ സമയം കിട്ടിയില്ല എന്നിരിക്കട്ടെ. തെല്ലൊന്ന് കാത്തിരുന്നാൽ മതി. ഇതിലും മുഴുത്ത ഒന്ന് വേറെ കിട്ടും!

ഒരു കാര്യം കൂടി പറയാതെ ഇത് അവസാനിപ്പിക്കാനാവില്ല. സ്ത്രീ പ്രശ്നങ്ങളുയർത്തുന്ന ചർച്ചകളിൽ പോലും അവയെ നിയന്ത്രിച്ചും വഴിതിരിച്ചും പ്രകടമാകുന്ന പുരുഷ മേൽക്കോയ്മയുടെ ഇടപെടലിന്റെ, അത് സാംസ്കാരികമായി നിലനിർത്തിപോരുന്ന ലിംഗപരമായ അദൃശ്യതയുടെ സ്വാഭാവികവത്ക്കരണം ഇതിനോടകം തന്നെ പല സ്ത്രീ ആക്ടിവിസ്റ്റുകളും പങ്കുവച്ച ഒരു നിരീക്ഷണമാണത്. ഈ വിഷയത്തിൽ എന്തെങ്കിലും എഴുതുവാൻ മുതിരുമ്പോൾ ആ ന്യായമായ വിമർശനത്തെ അഭിമുഖീകരിക്കാതെ വയ്യ. കൂടുതൽ നേരറിവുകളും അതുവഴി കൂടുതൽ പരുവപ്പെട്ട ജൈവഭാഷയും ദർശനവും ഉള്ള സ്ത്രീകൾ ധാരാളമുണ്ടെന്ന് അറിയാതെയല്ല ഇത്തരം ഒരു സാഹസത്തിന് മുതിരുന്നത്, മറിച്ച് ബൃഹത്തായ ഒരു ലക്ഷ്യം മുൻനിർത്തിയുള്ള ഒരു സമര ജാഥയിൽ ഒരാൾ കൂടി പിറകേ കൂടിയാൽ അതൊരു ബാധ്യതയാവില്ല എന്ന് മാത്രം കരുതി നിർത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍