UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

അധികാരത്തിന്റെ മാനവും പെണ്ണിന്റെ മാനക്കേടുകളും

എന്ത് വിലകൊടുത്തും വ്യവസായത്തിന്റെ അഭിമാനം കാക്കണം. അതുകൊണ്ട് സുനി, സുനി മാത്രമായിരിക്കും ഈ കഥയിലെ വില്ലൻ.

ഒന്ന് 

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി കടന്നുപോയ അനുഭവവും അതുണ്ടാക്കിയ ചർച്ചകളും വർത്തമാനത്തിലും ഭൂതകാലത്തുമായി നടക്കുകയും പൊതുസമൂഹവും ചിലപ്പോൾ നീതിന്യായ സംവിധാനങ്ങൾ തന്നെയും അറിയാതെ ഒതുക്കി തീർക്കപ്പെടുകയും ചെയ്ത പല സമാന സംഭവങ്ങളെയും വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി. അവയിൽ ഒന്ന് മൂന്നുമാസങ്ങൾക്ക് മുമ്പ് നമ്മുടെ തലസ്ഥാനത്ത് കേവലം ഏഴ് വയസ്സ് മാത്രമുള്ള ഒരു ബാലിക അയൽക്കാരനും പൂജാരിയുമായ ഒരു മുപ്പതുകാരനാൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ട വാർത്തയായിരുന്നു. മറ്റൊന്ന്, അഞ്ച് വർഷം മുമ്പ് മുതിർന്ന നടിയായ മേനകയ്ക്കു നേർക്കുണ്ടായ തട്ടിക്കൊണ്ട് പോകൽ ശ്രമം; ഏതോ യുവനടിയെ ലക്ഷ്യം വച്ച പദ്ധതിയിൽ ആളുമാറി അവർ ചെന്ന് പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. മൂന്നാമതൊന്ന് സിബി മലയിൽ ചർച്ചയിൽ വെളിപ്പെടുത്തിയ, കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടേണ്ടിവന്ന തന്റെ ഒരു ഒരു മുൻ ചലചിത്ര നായികയുടെ അനുഭവം. അതിന്റെ കാലം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴുണ്ടായ സംഭവത്തിൽ നടി പരാതിയുമായി മുന്നോട്ട് വരാൻ തീരുമാനിച്ചുവെങ്കിൽ മേനകയുടെ ഭർത്താവ് ഒരു പരാതി കൊടുത്തു എന്നതല്ലാതെ അതിൽ എഫ്ഐആർ എടുപ്പിക്കാനും ഭാര്യയായ മേനകയുടെ മൊഴി രേഖപ്പെടുത്താനുമൊന്നും മെനക്കെട്ടില്ല; അവർ അതിൽ ഒരു മുൻകൈ എടുക്കാൻ സന്നദ്ധയായിരുന്നുവോ എന്ന് അറിവുമില്ല. സിബി മലയിലിന്റെ നായികയാവട്ടെ പരാതിയേ കൊടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. തലസ്ഥാനനഗരിയിൽ നടന്ന സംഭവത്തിൽ ഇരയായത് ഏഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലിക ആയിരുന്നിട്ട് പോലും നടന്ന് മൂന്നുമാസത്തോളം കഴിഞ്ഞാണ് രക്ഷകർത്താക്കൾ പരാതിപ്പെടാൻ തയ്യാറായത്. അതും അശ്വതി ജ്വാലയെന്ന ഒരു ആക്ടിവിസ്റ്റിന്റെ ഇടപെടലിനെ തുടർന്ന്.

ചലച്ചിത്ര വ്യവസായത്തിന്റെ പരിസരത്തിനുള്ളിൽ നടന്ന മേല്പറഞ്ഞ മൂന്നുസംഭവങ്ങളുമായി തിരുവനന്തപുരം സംഭവം എങ്ങനെ ബന്ധപ്പെടുന്നു എന്ന സംശയം സ്വാഭാവികമായും ഉയരാം. അതിനുത്തരം വിശദാംശങ്ങളിൽ ആദ്യ മൂന്നുസംഭവങ്ങളുമായി പ്രകടമായും വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും നാലാമത്തെ സംഭവത്തെ അവയുമായി ബന്ധിപ്പിക്കുന്ന ഒരു പൊതു പ്രമേയമുണ്ട് എന്നതാണ്. ആ പ്രമേയത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് സംഭവത്തെ സമീപിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

അപമാനമെന്ന പൊതുപ്രമേയം

ഭൗതികമായ വിശദാംശങ്ങളിൽ വലിയ തോതിൽ വേറിട്ട് നിൽക്കുന്ന നാലാമത്തെ സംഭവവുമായി ആദ്യ മൂന്നിനെ ഘടിപ്പിക്കുന്നത് ഇവയിൽ പൊതുവായി വരുന്ന അപമാനഭയം എന്ന പൊതുപ്രമേയമാണ്. ഇപ്പോൾ ആക്രമിക്കപ്പെട്ട നടി അതിനെ ഭയക്കുന്നില്ല. എന്നാൽ ബാക്കി മൂന്ന് സംഭവങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിച്ച ഈ പൊതു പ്രമേയം അനീതിയെ സ്ഥാപനവൽക്കരിച്ചുകൊണ്ട് നിയമ നടപടികളെ മരവിപ്പിക്കുകയായിരുന്നു. എന്താണിതിന് കാരണം? പ്രത്യക്ഷത്തിൽ നിയമങ്ങളുടെയും, നിർവഹണരീതിയുടെയും ആണ്മാത്ര പരിഗണനകളാണ് മുഖ്യ കാരണം എന്ന് പറയാം. എന്നാൽ എന്തുകൊണ്ട് അവ സ്ത്രീയെ, അവൾക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളെ അവളുടെ സവിശേഷ സ്വത്വാഭിമാന പരിസരത്തിന് പുറത്തുനിന്നുകൊണ്ട് അലസമായി സമീപിക്കുന്നു? അതിനുത്തരം ആണധികാരത്താൽ നിർമ്മിതമായ പൊതുബോധത്തിന് അങ്ങനെയേ പ്രവർത്തിക്കാനാവൂ എന്നതാണ്.

മേല്പറഞ്ഞ പൊതുബോധത്തെ നിലനിർത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയവും, സാമൂഹ്യവും, സദാചാരപരവും ഒക്കെയായ ഒരു വിശാല സാംസ്കാരിക മേൽകോയ്മ അഥവാ ഹെഗമണിയാണ്. അത് പ്രവർത്തിക്കുന്നത് ചിന്തയുടെ മുതൽ വികാരങ്ങളുടെ വരെ ഘടനയെ, പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ വ്യവഹാരമായാണ്. ആൺകോയ്മ എന്ന വ്യവസ്ഥ അതിന്റെ ഗോത്രീയവും, സാമുദായികവും, ദേശീയവും ഒക്കെയായ അതിർത്തികള്‍ക്കുള്ളിൽ സ്ത്രീയെ നിർവചിക്കുന്നത് ഒരു വ്യക്തി എന്നതിലുപരി പുരുഷന്റെ ഒരു അനുബന്ധമെന്ന നിലയിലാണ്. ആ നിലയ്ക്ക് അത് പുരുഷാധികാരത്തിന്റെ, അതിന്റെ അഭിമാന ബോധത്തിന്റെ ഒരു അനുബന്ധവും ആയിത്തീരുന്നു. അങ്ങനെയാവുമ്പോൾ സംഭവിക്കുന്നത് സ്ത്രീയുടെ സ്വത്വം എന്നത് ഒന്നുകിൽ പുരുഷാധികാരത്തിന്റെ തണലിൽ, അല്ലെങ്കിൽ അതിന്റെ തനത് പോരാട്ടവീര്യം അഴിച്ചിട്ട അനിശ്ചിത്വത്തിലേക്ക് ചുരുക്കപ്പെടുന്നു.

രക്ഷകൻ അല്ലെങ്കിൽ ശിക്ഷകൻ

പാട്രിയാർക്കിക് വ്യവസ്ഥയിൽ പുരുഷൻ സ്ത്രീയ്ക്ക് മേൽ കൈവരിക്കുന്ന രക്ഷാകർതൃ അധികാരം സ്ത്രീ സമുദായത്തിന്റെ പൊതുവായ ആസ്തികളിൽ ഒന്ന് എന്ന പഴയ ഗോത്ര ദർശനത്തിൽ നിന്ന് ആർജ്ജിക്കുന്നതാണ്. അണുകുടുംബ വ്യവസ്ഥയിൽ ഒരു പെണ്ണിന് ഒരു പുരുഷൻ എന്ന സദാചാര നിഷ്ഠ നിലനിൽക്കുമ്പോഴും പെണ്ണ് കുടുബത്തിന്റെയൊപ്പം സമുദായത്തിന്റെയും അഭിമാനം കാക്കാൻ ബാധ്യസ്ഥയാണ്. അത് ഉറപ്പുവരുത്തുക അവളുടെ ഭർത്താവിന്റെ മാത്രമല്ല, പുരുഷ വർഗ്ഗത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും. മണ്ണിനും പെണ്ണിനും രക്ഷകനായ വീരൻ എന്ന ആദർശപുരുഷ സങ്കല്പം അതിന് അടിവരയിടുന്നു.

വീട്ടിലും, ഗോത്രത്തിലും, സമുദായത്തിലും പെണ്ണിനെ അമ്മയും പെങ്ങളും ഭാര്യയും മകളുമൊക്കെയായി കാത്ത് സംരക്ഷിക്കുന്ന പുരുഷൻ തന്നെ അന്യഗോത്ര, സമുദായങ്ങളിൽ അവളുടെ ശരീരത്തെ ലൈംഗീകമായി ആക്രമിക്കുന്നത് ലിംഗഭേദമെന്യേ വീരസ്യമായി സ്ഥാപനവൽക്കരിക്കപ്പെടുന്നു. ബാല്യത്തിൽ അച്ഛനാലും യൗവ്വനത്തിൽ ഭർത്താവാലും വാർദ്ധക്യത്തിൽ മകനാലും സംരക്ഷിക്കപ്പെടേണ്ട സ്ത്രീ ഏജൻസി അർഹിക്കുന്നില്ല എന്ന പുരാതന സാംസ്കാരിക ദർശനം സിദ്ധാന്തവൽക്കരിക്കുന്നത് ഇത് തന്നെയാണ്. എല്ലാ അധികാര സ്വരൂപങ്ങൾക്കും അതിന്റേതായ അഭിമാന സ്തംഭങ്ങൾ ഉണ്ടാകും. അപ്പോൾ അവയെ തകർക്കുക എന്നത് ആ അധികാരത്തെ തകർക്കുന്നതിന്റെ ഭാഗമാകുന്നു. പുരുഷാധികാരത്തിന്റെ മാനാഭിമാന ബോധങ്ങൾ സംഭരിക്കപ്പെട്ടിരിക്കുന്ന പല സ്ഥാവര ജംഗമങ്ങളിൽ ഒന്നാണ് സ്ത്രീയും.  അപ്പോൾ ആ അധികാരത്തെ മുറിവേൽപ്പിക്കാൻ, കീഴടക്കാൻ ഒരു അനുഷ്ഠാനം എന്നപോലെ ആക്രമിക്കുകയും തകർത്തെറിയുകയും ചെയ്യേണ്ടതാണ് അവളുടെ ഉടലും സ്വത്വവും. അവിടെ പെണ്ണുടലിന് ഏജൻസി പോയിട്ട് അസ്തിത്വം തന്നെയില്ല. മാനവും അപമാനവും നിർണ്ണയിക്കുന്നത് ആണധികാരമാണ്, അത് മാത്രമാണ്. അവിടെ ഒരിടത്തും സ്ത്രീയില്ല.

ബലാത്സംഗവും ലൈംഗികതയും

ഈ അർത്ഥത്തിലാണ് ബലാൽസംഗമുൾപ്പെടെയുള്ള സ്ത്രീവിരുദ്ധ ആണധിനിവേശങ്ങളിൽ ഒരിടത്തും ലൈംഗികതയില്ല, അധികാരത്തിനായുള്ള അവന്റെ നാറിയ കിടമൽസരങ്ങൾ മാത്രമേയുള്ളൂ എന്ന് പറയുന്നത്. ലൈംഗിക ഉത്തേജനമാണ് ബലാൽസംഗങ്ങൾക്ക് കാരണം എന്ന വ്യാജസിദ്ധാന്തം മുൻ നിർത്തി ഇരയിൽ തന്നെ ഇരയാക്കപ്പെട്ടതിന്റെ കാരണവും ചുമത്തുന്ന ആൺകോയ്മയുടെ വിചിത്ര വാദം എത്രത്തോളം പൊള്ളയാണെന്ന് മനസിലാക്കാൻ തിരുവനന്തപുരത്തെ ആ ഏഴുവയസുകാരി മുതൽ നിരവധി പേരുടെ നീറുന്ന ജീവിതങ്ങളുണ്ട്.

ഇവിടെ സ്ത്രീയുടെ മാനം എന്ന് പാട്രിയാർക്കി നിർവചിക്കുന്നത് അതിന്റെ അധികാരബന്ധിയായ സ്വന്തം അഭിമാന നിർമ്മിതികളെ തന്നെയാണ്. അതിൽ സ്ത്രീയോ അവളുടെ ഏജൻസിയോ ഇല്ല. അത് തന്നെയാണ് പൊതുബോധത്തിന്റെ അഭിമാനസങ്കൽപ്പത്തിന്റെയും കാതൽ. ഏഴുവയസ്സുള്ള ഒരു പെൺകുട്ടി കടന്നുപോയ ക്രൂരമായ ചൂഷണത്തെ സമുദായത്തിന് ഉണ്ടാകാൻ സാദ്ധ്യതയുള്ള അപമാനത്തെയും ദുഷ്പേരിനെയും പ്രാഥമിക പരിഗണനയായെടുത്ത് മൂന്നുമാസം നിശബ്ദമായിരുന്ന മാതാപിതാക്കൾ മതപരമായോ, ജാതീയമായോ ഒരു പാർശ്വവൽകൃത സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരല്ല. അവരുടെ നിശബ്ദതയും അത്തരം ഒരു സബാൾട്ടേണിറ്റിയിൽ നിന്ന് ഉണ്ടായതല്ല. വ്യക്തിക്ക് അനുഭവിക്കേണ്ടിവന്ന അനീതി, അത് എത്ര ക്രൂരമായാലും അവരെ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ പൊതു അഭിമാനത്തെ കരുതി സഹിക്കണം എന്നതാണ് ഇവിടെ പ്രവർത്തിക്കുന്ന നീതിബോധത്തിന്റെ യുക്തി.

എന്നാൽ അതിന്റെ ഭാരം ചുമക്കേണ്ടിവരുന്നതാവട്ടെ സ്ത്രീ മാത്രവും. പീഢാനുഭവം മാത്രം അവൾക്ക്. അതിന്റെ തുടർ നടപടികളിൽ വീണ്ടും ഗോത്രീയവും സാമുദായികവും മതപരവും ദേശീയവുമായ ആൺകോയ്മാ അധികാര നിർമ്മിതമായ പൊതുബോധത്തിന്റെ വിവിധ രൂപങ്ങൾ നിർണ്ണയാവകാശം സ്വയം കയ്യാളി നിലവിൽ വരുന്നു. ബൃഹദാഖ്യാനങ്ങളുടെ ഭാരത്തിൽ അരഞ്ഞുപോകുന്ന സൂക്ഷ്മാഖ്യാനങ്ങളുടെ സൈദ്ധാന്തിക വീണ്ടെടുപ്പിന്റെ സ്വത്വ കാലത്തിലാണ് നീതി വ്യക്തിയുടെ ബാധ്യതയായി വീണ്ടും സൂക്ഷ്മമാക്കപ്പെടുന്നത്. ആ ഏഴുവയസുകാരി ജന്മം കൊണ്ട് ബ്രാഹ്മണ കുലത്തിൽ പിറന്നവളാണ്. അതുകൊണ്ട് ഒരു ബാലിക എന്ന നിലയിലും പെൺകുട്ടി എന്ന നിലയിലും അവൾ അനുഭവിച്ച പീഢയ്ക്ക് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ ചരിത്രം പരിഹാരമാകുമോ? എണ്ണം കൊണ്ട് ദളിത്, ആദിവാസി സമൂഹത്തിൽ പിറന്ന കുട്ടികൾ അനുഭവിച്ച പീഢകളെ തട്ടിച്ച് നോക്കുമ്പോൾ ഇത് തുച്ഛമാകാം. അതുകൊണ്ട് അത് ന്യായമാകുമോ? ആകുമെങ്കിൽ അത് ഒരുതരം പ്രതി സ്ഥിതിവിവര കണക്കെടുപ്പാകും. കുറ്റകൃത്യം അതുപോലെ നിലനിൽക്കും. ഇരകളും. പക്ഷേ ആരാണിര എന്നതനുസരിച്ച് നൈതികത മാറിക്കൊണ്ടിരിക്കും. ഇതിൽ അങ്ങനെയും ഒരു സാധ്യതയില്ല. കുറ്റകൃത്യം ചെയ്തതും അതിന് ഇരയായതും ഒരേ സമുദായത്തിൽ പെട്ടവരാണ്. അവിടെ സമുദായം വ്യക്തിഗത നൈതികതയ്ക്ക്, അഭിമാനബോധത്തിന് മുകളിൽ പറക്കുന്ന പരുന്തായി മാറുന്നു.

സിദ്ധാന്തമെന്ന അപകടം

പക്ഷേ ഇങ്ങനെയൊക്കെ പറഞ്ഞുവരുമ്പോൾ ഉള്ള ഒരപകടം ഇവിടെ കുറ്റവാളി കൂടുതൽ കൂടുതൽ അമൂർത്തമാകുന്നു എന്നതാണ്. അമൂർത്ത പ്രതിഭാസങ്ങളെ പിടികൂടാനോ ശിക്ഷിക്കുവാനോ ആകില്ല. എന്നാൽ നമുക്ക് ഒരു സത്വര നടപടി എന്ന നിലയിൽ പിടികൂടലും ശിക്ഷിക്കലും അനിവാര്യമാണ് താനും. ഇത് പ്രായോഗികമായ ഒരു സന്ദിഗ്ധ ഘട്ടമാണ്. ഇവിടെവച്ചാണ് നെഗോസിയേഷൻ അഥവ നീക്ക്പോക്കുകൾ നടക്കുന്നത്.

ഇവിടെയാണ് ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നതിന്റെ കാരണം ശിക്ഷാ നടപടികളിലെ ക്രമബന്ധിയായ മയപ്പെടുത്തലുകളാണെന്നും അത് ഏത്രത്തോളം മൃഗീയമാക്കുന്നോ അത്രത്തോളം സമൂഹത്തിൽ നീതി വിളയാടും എന്നുമൊക്കെയുള്ള താര സുഭാഷിതങ്ങൾ വരുന്നത്. അനങ്ങാൻ തക്ക വ്യാസമില്ലാത്ത കൂട്ടിൽ അടച്ച് മരത്തിൽ തൂക്കിയിട്ട് പട്ടിണിക്കിട്ട് കൊല്ലുന്നതുപോലെ പോലെയുള്ള അതിഭീകര ശിക്ഷാവിധികൾ നിലനിന്നിരുന്ന ഒരു സമൂഹത്തിന്റെ ചരിത്രപരമായ വർത്തമാനത്തിൽ തന്നെയാണ് ഇത്തരം കൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന് ഓർക്കണം.

ശിക്ഷാവിധിയിലെ മൃഗീയത ഉല്പാദിപ്പിക്കുന്ന ഭയം കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ ഇല്ലാതാവില്ല. കാരണം ശിക്ഷ വിധിക്കുന്ന അധികാര സ്ഥാപനങ്ങളുടെ നൈതീക യുക്തികൾ ചോദ്യം ചെയ്യപ്പെടാവുന്നവയാണെന്നത് തന്നെ. അങ്ങനെ വരുമ്പോൾ ശിക്ഷ എത്രത്തോളം മൃഗീയമാകുന്നുവോ അത്രത്തോളം അത് അനുഭവിച്ച പുരുഷൻ നായകസ്ഥാനീയനാകുന്നു എന്ന ഒരു സാധ്യതയും സമാന്തരമായി ഉരുത്തിരിയുന്നു. അങ്ങനെ മൃഗീയമായി അധികാരത്താൽ ഇല്ലാതാക്കപ്പെട്ടിട്ടും പുരാവൃത്തങ്ങളിലും മിത്തുകളിലുമായി വൻ നായക പരിവേഷം ആർജ്ജിച്ച് നിൽക്കുന്ന നായകരെ ഏത് സംസ്കാരത്തിന്റെ നീക്കിയിരുപ്പുകളിൽ നിന്നും കണ്ടെത്താനാവും എന്ന് ഓർക്കുക. പ്രശ്നം ശിക്ഷയല്ല, നൈതികതയാണ്.

വ്യക്തിയും വ്യവസ്ഥയും 

ഒരുവശത്ത് ആധുനിക നൈതികതാ സങ്കല്പങ്ങളെ പ്രത്യക്ഷമായി ഏറ്റെടുക്കുകയും മറുവശത്ത് പരോക്ഷമായി, പൊതിഞ്ഞാണെങ്കിലും ആധുനിക പൂർവ്വ ഗോത്ര സാംസ്കാരികതയെ ഇപ്പോഴും ഉപേക്ഷിക്കാതെ കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇന്ത്യൻ മുതലാളിത്തമാകട്ടെ ഇതിന് രണ്ടിനും ഇടയിൽ തനതായ ഒരു കച്ചവട മാർഗ്ഗം തുറന്ന് നിലനിൽക്കുന്നു. ആ വഴിയിലാണ് കൂട്ടത്തിലൊരുവൾ നേരിട്ട പീഡനത്തിൽ അവൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ നിൽക്കാൻ മാനാഞ്ചിറയിൽ കൂടുന്ന താരങ്ങൾ. അവർ കുറ്റകൃത്യത്തെ അപലപിക്കുകയും, കുറ്റവാളിക്ക് നൽകാവുന്ന ശിക്ഷയിലെ ക്രൂരതയുടെ അളവ് കൂട്ടാൻ പരസ്പരം മൽസരിക്കുകയും ചെയ്യുന്നു. എന്നാൽ തങ്ങൾ നിലനിൽക്കുന്ന വ്യവസായം അതിന്റെ ഉല്പന്നങ്ങളിലൂടെ പ്രചരിപ്പിക്കുന്ന നൈതികതയുമായി ഇതിനുള്ള പരോക്ഷ ബന്ധത്തെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നു.

പ്രമേയത്തിൽ തുടങ്ങി സംഭാഷണത്തിലും ട്രീറ്റ്മെന്റിലും അടിമുടി സ്ത്രീ വിരുദ്ധമായ സിനിമകൾ പടച്ചുവിട്ട് പൊതുബോധത്തെ തൃപതിപ്പെടുത്താൻ പാട് പെടുന്ന, ആന്തരിക ഘടനയിൽ തന്നെ അത് അങ്ങോളമിങ്ങോളം വച്ചുപുലർത്തുന്ന ഒരു വ്യവസായത്തിന്റെ വക്താക്കൾ അപൂർവ്വമായി ചെന്ന് വീഴുന്ന ഒരു താൻ കുഴിച്ച കുഴിയായിരുന്നു നടിക്കായി ഒരുക്കിയ ഐക്യദാർഢ്യ സംഗമ വേദി.

സൈദ്ധാന്തികമായി കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമ്പൊഴും ഇരയ്ക്ക് അടിയന്തിര നീതി ഉറപ്പുവരുത്താനും സമൂഹത്തിൽ ഒരു താക്കീതായി വർത്തിക്കാനും കുറ്റവാളി ശിക്ഷപ്പെടണം. അതിന് കുറ്റകൃത്യത്തിന് പിന്നിലെ സാമൂഹ്യ, സാംസ്കാരിക പിന്തുടർച്ചകൾ തേടിയുള്ള അന്വേഷണങ്ങൾ മാത്രം പോരതാനും. ഇതൊരു സന്നിഗ്ദ്ധ ഘട്ടമാണ്. അതുല്പാദിപ്പിക്കുന്ന നെഗോസിയേഷൻ സാദ്ധ്യതകളാണ് താര രാജാക്കന്മാർക്കും വ്യവസായത്തിനും തങ്ങൾ കുഴിച്ച കുഴിയിൽ നിന്ന് കരകയറാനുള്ള ഒരേ ഒരു കച്ചിത്തുരുമ്പും.

അപ്രഖ്യാപിത വിലക്കുകളും, തൊലച്ചുകളയൽ പദ്ധതികളും സംഘടനാ മീറ്റിങ്ങിലെ മിനിറ്റ്സിൽ പോലും ഇല്ലാതെ തന്നെ പത്ര പരസ്യമോ, പൊതുസമ്മേളനത്തിലേ ആഹ്വാനമോ കൂടാതെ നടപ്പിലാക്കാൻ പറ്റും വിധം അടഞ്ഞ ഘടനയുള്ള ഒരു വ്യവസായത്തിലാണ് പതിനാലോളം കേസുകളിൽ പ്രതിയായ ഒരു പൾസർ സുനി വർഷങ്ങളായി നിലനിന്നുപോരുന്നത്. ഒരു നടന്റെ ഡ്രൈവറായി, കുഴപ്പക്കാരനാണെന്ന് കണ്ടു പിരിച്ചുവിടപ്പെട്ടു. നേരേ മറ്റൊരു നടന്റെ ഡ്രൈവർ. പിന്നെയും നടൻ. പിന്നെ നിർമ്മാതാവ്, ഒടുക്കം ഈ നടി. ഇതിനിടയിലാണ് അഞ്ച് വർഷം മുമ്പ് മുതിർന്ന നടി മേനകയെ തട്ടിക്കൊണ്ട് പോയ സംഭവം.

എന്നിട്ടും ഇൻഡസ്ട്രിയിൽ ആരും ഒന്നും അറിഞ്ഞില്ല, ആരും ഒന്നും പറഞ്ഞില്ല…! അറിയില്ല, അറിഞ്ഞാലും പറയില്ല. അതാണതിന്റെ ഉള്ളിലെ അധോലോക കളികൾ. പക്ഷേ വ്യവസായത്തിന്റെ അഭിമാനം കാക്കണം. എന്ത് വിലകൊടുത്തും. അത് ഒരു അനിഷേധ്യ നിയമമാണ്. അവിടെ വ്യക്തികളല്ല, വ്യവസ്ഥയാണ് പ്രധാനം. അതുകൊണ്ട് സുനി, സുനി മാത്രമായിരിക്കും ഈ കഥയിലെ വില്ലൻ.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍