UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഷ്ട മനുഷ്യന്‍: പാട്രിക് മോഡിയനോയെ അറിയുമ്പോള്‍

Avatar

വി കെ അജിത്‌ കുമാര്‍

ഇന്നലെ ലോകം തിരഞ്ഞത് പാട്രിക് മോഡിയനോയെ ആയിരുന്നു. സാധാരണ വായനക്കാര്‍ക്ക്‌ പരിചിതമല്ലാത്ത ഈ പേരിനു വേണ്ടി, 2014ലെ സാഹിത്യനോബല്‍ സമ്മാനം പാട്രിക് മോഡിയനോയ്ക്ക് എന്ന വാര്‍ത്ത പരന്നപ്പോള്‍ തലങ്ങും വിലങ്ങും അന്വേഷണമാരംഭിച്ചു. സ്വീഡിഷ് അക്കാദമി “പുതുചെറുകഥയുടെ രാജ്ഞി”യെന്ന സംബോധനയില്‍  കനേഡിയന്‍ സാഹിത്യകാരി ആലിസ് മുണ്‍റോയ്ക്ക് കഴിഞ്ഞ നോബല്‍ സമ്മാനം സമര്‍പ്പിച്ചുവെങ്കില്‍ ഇത്തവണ പാട്രിക് മോഡിയാനോയുടെ കൃതികളെ വിലയിരുത്തിയത് “ആ വിവരണങ്ങള്‍ സ്ഫടികം പോലെ വ്യക്തവും നൂതനവുമാണെ”ന്നായിരുന്നു.  

നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങളായി ഫ്രഞ്ച് സാഹിത്യത്തില്‍ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന മോഡിയനോയുടെ പുസ്തകങ്ങളില്‍ പലതും ഇനിയും ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റപ്പെട്ടിട്ടില്ല എന്നതാണ് മോഡിയനോയെ പരിചിതനല്ലാതാക്കുന്നത്. പിന്നെയും എന്തുകൊണ്ട് മോഡിയനോ എന്ന വ്യക്തിപരമായ ചോദ്യത്തിനുത്തരം തന്നത് ഒരു യു എസ് ട്വിറ്റെര്‍ സുഹൃത്ത്, പിന്നെ അല്പം വിവരണവും ആദ്യകാല നോവലിന്‍റെ ഭാഗങ്ങളും..

പാരിസിന്‍റെ അനുബന്ധ നഗരങ്ങളിലൊന്നില്‍ രണ്ടാം ലോകയുദ്ധാനന്തരകാലത്തുള്ള ബാല്യവും ഇറ്റാലിയന്‍ ജൂത വംശ പിന്തുടര്‍ച്ചയും മോഡിയനോയുടെ ദര്‍ശനത്തെ രൂപപ്പെടുത്തുകയായിരുന്നു.

അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഒരു നോവലിന്‍റെ ഉന്നതവും അത്യന്താപേക്ഷിതവുമായ വിഷയം കാലമാണെന്ന്. ‘ഞാന്‍ ഭൂതകാലത്തില്‍  വല്ലാത്ത ഭ്രമമുള്ളവനാണ്. എന്തോ നഷ്ടമായതിന്റെ മാനസിക വ്യഥ എപ്പോഴുമെന്നോടൊപ്പമുണ്ട്. അതൊരു സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ളതല്ല. എന്നാല്‍ തികച്ചും നഷ്ടമായതുമാണ്’. ഈ കാലഘടനയെപ്പറ്റിയുള്ള ഗൃഹാതുരത്വം മോഡിയനോയുടെ വിവരണങ്ങളില്‍ പലപ്പോഴും അറിയാതെതന്നെ പ്രതിഫലിക്കുന്നതായും കാണുന്നുണ്ട്. “എനിക്കന്ന് പതിനെട്ട് വയസ്”: “എട്ടു വര്‍ഷങ്ങള്‍ക്ക് മുന്പ്”: “ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ ആ വൈകുന്നേരം” എന്നെല്ലാം പലപ്പോഴും ആവര്‍ത്തിക്കുന്നത് ഈ നഷ്ടബോധമാണ്.

‘മിസ്സിംഗ് പേഴ്സണ്‍’ എന്ന ചെറു ആഖ്യായികയിലൂടെ കടന്നുപോകുമ്പോഴും ഇതുതന്നെയാണ് മനസിലേക്ക് വരുന്നത്. യുദ്ധം സൃഷ്ടിക്കുന്ന ഭീകരതയ്ക്കപ്പുറം അത് ജനിപ്പിക്കുന്ന ഭീതിയെന്ന അവസ്ഥ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാതെ പോകാറുണ്ട്. നരഹത്യകളും  വേട്ടയാടലുകളുമെല്ലാം രക്ഷപ്പെട്ടവരില്‍ ജനിപ്പിക്കുന്ന വികാരം ഭയം മാത്രമാണെന്നുള്ള ശക്തമായ രേഖപ്പെടുത്തലാണ്‌ ഈ ചെറു നോവല്‍. പൂര്‍ണ്ണമായും ഭൂതകാലത്തെ മറന്ന മനുഷ്യന്‍. സ്വന്തം പേര്  പോലും മറന്നയാളാണ് ഇതിലെ പ്രധാന കഥാപാത്രം. ഒരു പ്രൈവറ്റ് അന്വേഷണ സംഘത്തിനു വേണ്ടി അയാള്‍ നടത്തുന്ന തിരച്ചിലില്‍ അയാളുടെ പക്കല്‍ ആകെയുള്ളത് ഒരു പഴയ ഫോട്ടോയും വ്യക്തമല്ലാത്ത ചില പേരുകളുമാണ്. പലപ്പോഴും അസ്തിത്വത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങള്‍ ഇവിടെ നല്‍കുന്നുണ്ട്. റഷ്യന്‍ കുടിയേറ്റക്കാരനോ ഹോളിവുഡ് സിനിമയിലെ നായകന്‍റെ സഹായിയോ റോമാക്കാരനോ എന്താണ് താനെന്ന് വ്യാഖ്യാനത്തിനൊടുവില്‍ കണ്ടെത്തലിലേക്ക് നയിക്കുന്ന ഒരന്ത്യം.  റോളണ്ട് എന്ന പേരുള്ള നായകന്‍ ഒടുവില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച വസ്തുക്കളില്‍ നിന്നും താന്‍ എന്നേക്കുമായി മറന്നുപോയ ഒരു രഹസ്യ ഗൂഢാലോചനയുടെ ഭാഗമായ ഇരയാണെന്ന തികച്ചും മിസ്റ്റിക്കായ ഒരു കണ്ടെത്തലില്‍ എത്തപ്പെടുമ്പോള്‍ മനസില്‍ നിറഞ്ഞത് പാട്രിക് മോഡിയാനോയെ ഇതുവരെ വായിക്കാതിരുന്നതിന്റെ കുറ്റബോധമായിരുന്നു.

കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി അമേരിക്കന്‍ സാഹിത്യത്തില്‍ ശക്തമായ സ്വാധീനമറിയിച്ചു കൊണ്ടിരിക്കുന്ന ഫിലിപ്പ് രോത്തിന്‍റെ നോബല്‍ നഷ്ടത്തില്‍ അവര്‍ വ്യസനിക്കുന്നുവെന്നും ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ കൂടിയായ സുഹൃത്ത് പറയുമ്പോഴും മോഡിയാനോ തന്നെയായിരുന്നു എന്‍റെ മനസ്സിലെ ചോദ്യം. 

മോഡിയനോയുടെ തന്നെ മറുപടി സ്വീകരിക്കാം “മുപ്പത് സംവത്സരങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനു ശേഷം ഫ്രാന്‍സും സ്വീഡനും വളരെ അടുത്ത സുഹൃത്തുക്കളാണ്. സാഹിത്യത്തിലും ഇപ്പോള്‍ അങ്ങനെതന്നെ. ഈ ഭൂമിയിലെ എല്ലാ മഹാന്മാരായ എഴുത്തുകാരും ഇതിനര്‍ഹരാണ്‌. ഫ്രാന്‍സിനു കഴിഞ്ഞ 111 നോബല്‍ സമ്മാനങ്ങളില്‍ 15 എണ്ണം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്കും.”

1978 ല്‍ പ്രസിദ്ധീകരിച്ച ‘മിസിംഗ് പേഴ്സണ്‍’, ഗോണ്‍ കോര്‍ട്ട് സമ്മാനം നേടിയിരുന്നു.  മറ്റ് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ ‘ഹണി മൂണ്‍’  കുട്ടികള്‍ക്ക് വേണ്ടിയെഴുതിയ ‘കാതെറിന്‍ സെര്‍ടിറ്റ്യൂഡ്’, ആഖ്യായികയായ ‘ഡോറാ ബര്‍ഡെര്‍’എന്നിവയാണ്.

(ഈ ലേഖനമെഴുതാന്‍ സഹായിച്ച  ട്വിറ്റര്‍ സുഹൃത്തിന് നന്ദി രേഖപ്പെടുത്തുന്നു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍