ഇതുള്‍പ്പെടെ വെറും ആറ് ഫോട്ടോഗ്രാഫുകള്‍ മാത്രമാണ് കവിയുടേതായി ബാക്കിയുള്ളത്
പ്രമുഖ തമിഴ് കവിയും ദേശാഭിമാനിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ തലയില്‍ കെട്ടും കൂര്‍ത്ത നോട്ടവും വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു. ഭാരതിയുടെ അപൂര്‍വ ചിത്രങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും കണ്ടെടുക്കപ്പെട്ടത്. ഇതുള്‍പ്പെടെ വെറും ആറ് ഫോട്ടോഗ്രാഫുകള്‍ മാത്രമാണ് കവിയുടേതായി ബാക്കിയുള്ളത്. മദ്രാസ് സര്‍വകലാശാലയിലെ തമിഴ് വിഭാഗം പ്രൊഫസറായ വൈ മണികണ്ഠനാണ് അപൂര്‍വ ചിത്രം ന്യൂഡല്‍ഹിയില്‍ നിന്നും കണ്ടെടുത്തത്. ചിത്രം ഹിന്ദു ലിറ്റ് ഫോര്‍ ലൈഫ് ഫെസ്റ്റില്‍ വച്ച് പുറത്തിറക്കി.
1919 മാര്‍ച്ച് രണ്ടിന് വിക്ടോറിയ പബ്ലിക് ഹോളില്‍ നടന്ന ഒരു സാഹിത്യ പ്രഭാഷണത്തിനിടയില്‍ രത്‌ന കമ്പനി എന്ന സ്റ്റുഡിയോക്കാരാണ് ചരിത്രപ്രധാന്യമുള്ള ചിത്രം പകര്‍ത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രഭാഷണത്തിന്റെ വാര്‍ത്ത മാര്‍ച്ച് ആദ്യവാരത്തില്‍ ആനി ബസന്റിന്റെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജസ്റ്റിസ് എസ് സുബ്രഹ്മണ്യ അയ്യരായിരുന്നു അദ്ധ്യക്ഷന്‍.
1919 മാര്‍ച്ചില്‍ ഹിന്ദു എഡിറ്റര്‍ കസ്തൂരിരംഗ അയ്യരുടെ വീട്ടില്‍ വച്ച് ഭാരതി ഗാന്ധിജിയെ കണ്ടിരുന്നതായി ഫോട്ടോ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിച്ച പ്രൊഫസര്‍ മണികണ്ഠന്‍ പറഞ്ഞു. കസ്തൂരിരംഗ അയ്യരുടെ ക്ഷണപ്രകാരം രാജാജിയും സേലത്തുനിന്നും ചെന്നൈയില്‍ എത്തിയിരുന്നു. മാര്‍ച്ച് 19 മുതല്‍ 22 വരെയാണ് ഗാന്ധിജി നഗരത്തില്‍ ഉണ്ടായിരുന്നത്. തന്റെ ചിത്രം ഭാരതിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. ഭാരതിയുടെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ന്യൂ ഇന്ത്യ, ദ ഹിന്ദു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Read More: https://goo.gl/Ulw7M1