UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടേല്‍ സംവരണം: ആര്‍ എസ് എസിന്റെ നാലാംഭാവം

Avatar

സുധീഷ് സുധാകരന്‍

‘നമ്മള്‍ പാട്ടിദാര്‍ സമുദായക്കാര്‍ ഗുജറാത്തിലെ വെറും ഒരു കോടി എണ്‍പത് ലക്ഷം പട്ടേല്‍മാരില്‍ ഒതുങ്ങുന്നില്ല. ഇന്ത്യയൊട്ടാകെയുള്ള ഇരുപത്തിയേഴു കോടി ജനങ്ങളുണ്ട് നമ്മുടെ സമുദായത്തില്‍. പാര്‍ലമെന്റില്‍ നമ്മുടേതായിട്ട് നൂറ്റിപ്പതിനേഴു എം പി മാരുണ്ട്. നിതീഷ് നമ്മുടെ സമുദായക്കാരനാണ്. ചന്ദ്രബാബു നായിഡുവും നമ്മുടെ ആളാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ 2017-ല്‍ വീണ്ടും താമര വിരിയും. ഇല്ലെങ്കില്‍ ഒരിക്കലും ഇനി ഗുജറാത്തില്‍ താമര വിരിയുകയില്ല .’

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് കീഴെ നിന്നുകൊണ്ട് നടത്തിയ ഒന്നരമണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തില്‍ ഇരുപത്തിരണ്ടുകാരനായ ഹര്‍ദിക് പട്ടേല്‍ പറഞ്ഞ വാചകങ്ങളില്‍ ചിലതാണ് മുകളില്‍ വായിച്ചത്. പാട്ടിദാര്‍ സമുദായത്തിന് ഒബിസി സംവരണം അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന അഹമ്മദാബാദില്‍ നടന്ന മഹാക്രാന്തി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഹര്‍ദിക് പട്ടേല്‍. പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ഏതാണ്ട് അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ ആളുകള്‍ പങ്കെടുത്തു. പ്രസ്തുത സംഘടനയുടെ നേതാവായ ഹര്‍ദിക് ഒരു ജലഗതാഗത വ്യവസായിയാണ്.

1931-ലെ ജാതി സെന്‍സസ് പ്രകാരം ഗുജറാത്ത് ജനസംഖ്യയുടെ പതിനഞ്ചു ശതമാനം പാട്ടിദാര്‍മാരാണ്. 1981-ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന മാധവ് സിംഗ് സോളാങ്കി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) സംസ്ഥാനത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ബക്ഷി കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. എന്നാല്‍ ഇത് സംസ്ഥാനമൊട്ടാകെ സംവരണ വിരുദ്ധ കാംപയിനും സമരങ്ങളും തുടങ്ങാന്‍ കാരണമായി. പട്ടേല്‍ സമുദായം ഈ സമരങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. സംവരണവിരുദ്ധ കലാപങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചു. 1985-ല്‍ സോളാങ്കി രാജിവെച്ചു. സംവരണ വിരുദ്ധ സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന പട്ടേല്‍ സമുദായത്തിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരു ജാതി സമാവാക്യം രൂപീകരിച്ചു. ക്ഷത്രിയര്‍-ഹരിജന്‍-ആദിവാസി-മുസ്ലിം (KHAM-ഖാം) എന്നറിയപ്പെട്ട ഈ സമവാക്യം 182-ല്‍ 149 സീറ്റുകളും ജയിച്ചു വീണ്ടും അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചു.

പട്ടേല്‍ സമുദായക്കാര്‍ പ്രധാനമായും കൃഷിയും വ്യവസായവും ചെയ്യുന്നവരാണ്. പലവിധ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു ശേഷം 1998-ല്‍ ബിജെപിയുടെ കേശുഭായി പട്ടേല്‍ അധികാരത്തില്‍ വന്ന ശേഷം പട്ടേല്‍ സമുദായക്കാരുടെ സുവര്‍ണ്ണകാലമായിരുന്നു. കേശുഭായി പട്ടേലിന് ശേഷം വന്ന മോദിയുടെ പിന്നീടുള്ള പതിമൂന്നു കൊല്ലക്കാലത്തെ വിശ്വസ്തരായ വോട്ട് ബാങ്കും പാട്ടിദാര്‍ സമുദായക്കാര്‍ ആയിരുന്നു. സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന നിലവാരത്തിലുള്ള, ഭരണരംഗത്ത് ആവശ്യത്തിലധികം പ്രാതിനിധ്യമുള്ള പട്ടേല്‍ സമുദായക്കാര്‍ ഒബിസി സംവരണം ആവശ്യപ്പെടുന്നത് തീര്‍ത്തും വിചിത്രമായ കാര്യമാണ്.

മുപ്പതുകൊല്ലത്തിനു ശേഷം പട്ടേല്‍മാര്‍ വീണ്ടും തെരുവിലിറങ്ങിയത് സംവരണം നേടിയെടുക്കാന്‍ അല്ല എന്നുറപ്പാണ്. കാരണം തങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പെടുത്തണം എന്നാവശ്യപ്പെട്ടു രേഖാമൂലം മെമ്മോറാണ്ടം നല്‍കാന്‍ ഇതുവരെ അവര്‍ തയ്യാറായിട്ടില്ല. തങ്ങള്‍ക്കു സംവരണം തന്നില്ലെങ്കില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളഞ്ഞു സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നതാണ് ഇവരുടെ ആവശ്യം. ഇവരുടെ സമരത്തിനും ആവശ്യത്തിനും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു ബ്രാഹ്മണ സമുദായവും ഠാക്കൂര്‍മാരും ഒക്കെ രംഗത്തുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളയാനുള്ള സംഘപരിവാറിന്റെ സവര്‍ണ്ണ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി നിരത്തിലിറങ്ങിയ കാലാള്‍പ്പടയായി മാത്രമേ മോദിയുടെ വിശ്വസ്തന്മാരായ പട്ടേല്‍ സമുദായക്കാരെ കാണുവാന്‍ കഴിയുകയുള്ളൂ.

ചൊവ്വാഴ്ച അഹമ്മദാബാദില്‍ പ്രകടനം നയിച്ച ഹര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തത് ഗുജറാത്തില്‍ വലിയ അക്രമങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. അഹമ്മദാബാദില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും, ബസുകള്‍ കത്തിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി രജനി പട്ടേലിന്റെ വീടിനു നേരെ കല്ലേറുണ്ടായി.രാജ്‌കോട്ടില്‍ രണ്ടു ബി ആര്‍ ടി ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. ജാം നഗറിലെ പോലീസ് സൂപ്രണ്ട് പ്രദീപ് സെജുലിനു പരിക്കേറ്റു. സൂറത്തിലും മേഹ്‌സാനയിലും സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹി-മുംബൈ അടക്കമുള്ള പ്രധാന ദേശീയപാതകള്‍ ബ്ലോക്ക് ചെയ്ത സമരക്കാര്‍ നിരവധി റെയില്‍പ്പാളങ്ങളും തകര്‍ത്തു.

ഇതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട ഹര്‍ദിക് പട്ടേലിനെ വിട്ടയച്ചെങ്കിലും അക്രമം തുടരുകയാണ്. ബാബറി മസ്ജിദ് കാര്‍ഡ് ഇറക്കി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് തടയിടാന്‍ ശ്രമിച്ച സംഘപരിവാര്‍ സാമുദായിക കലാപങ്ങള്‍ വഴി പ്രതിവിപ്ലവം തീര്‍ത്തു ജാതി സംവരണം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭീതിദമായ കാഴ്ചയാണ് ഗുജറാത്തില്‍ നമുക്ക് കാണുവാന്‍ കഴിയുക. ഗുജറാത്ത്‌ എന്നും സംഘപരിവാറിന്റെ പരീക്ഷണശാലയാണ്. അവിടെ വിജയിക്കുന്ന പരീക്ഷണങ്ങള്‍ അവര്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. ഉള്ളിയുടെ വിലവര്‍ദ്ധനയും, ഓഹരി വിപണിയിലെ തകര്‍ച്ചയും അടക്കം കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രാധാന വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകള്‍ ഗതിമാറ്റി വിടാനും കൂടിയാകണം പുതിയ വിദ്യകള്‍ അവര്‍ പ്രയോഗിക്കുന്നത്. ഫാസിസവും, സവര്‍ണ്ണതയും , സംവരണ വിരുദ്ധതയും എല്ലാം ചേര്‍ന്ന ആള്‍രൂപമായ സംഘപരിവാര്‍ ആണ് നമ്മുടെ രാജ്യം ഭരിക്കുന്നത്. അവരുടെ നാലാം ഭാവത്തെ നമുക്ക് നിസംഗമായി കണ്ടു നില്‍ക്കാം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനും അധ്യാപകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍