UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറ്റൂര്‍ കോളേജിലെ കൂലിത്തല്ലുകാരും വളരുന്ന ഫാസിസവും: ഒരു വിദ്യാര്‍ഥിയുടെ കുറിപ്പ്

Avatar

സുധീഷ്

തങ്ങള്‍ക്കിഷ്ടമില്ലാത്തതും ഇഷ്ടമില്ലാത്തവരെയും ആക്രമിച്ചു തകര്‍ക്കുക എന്ന ഫാസിസ്റ്റ് പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ആലപ്പുഴ പാറ്റൂരില്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത്. നാലു വിദ്യാര്‍ത്ഥികള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഷ്ട്രീയമായും മതപരമായും കൊണ്ടുനടക്കുന്ന അസഹിഷ്ണുതയുടെ ഇരകളായിരുന്നു ഇവര്‍. ആഘോഷങ്ങള്‍ക്കുപോലും നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്ന തരത്തിലേക്ക് മതമൗലികവാദികളുടെ കൈയൂക്ക് മാറുമ്പോള്‍, ഇവിടെ കൊള്ളുന്ന ഓരോ അടിയും ഒരു വ്യക്തിയുടെ മേലല്ല, ജനാധിപത്യ സംവിധാനത്തിനുമേലാണ് പതിക്കുന്നത്. പ്രതിരോധമോ പ്രത്യാക്രമണോ നടക്കില്ലെന്ന് ഉറപ്പുണ്ടാകുന്നതോടെയാണ് ഈ വര്‍ഗീയഭ്രാന്തന്മാര്‍ കൂടുതല്‍ അഹങ്കാരം കാണിക്കുന്നത്.

ഇന്ന് ഇന്ത്യയിലാകമാനം ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടക്കുകയാണ്, അതിന് ഓരോ സ്വഭാവം ആണെന്നുമാത്രം. എങ്കിലും വേട്ടക്കാര്‍ക്ക് എവിടെയും ഒരേമുഖമാണ്. അവര്‍ ചിലയിടത്ത് മതത്തിന്റെ സംരക്ഷകരാകുന്നു, ചിലയിടത്ത് സംസ്‌കാരത്തിന്റെ കാവല്‍ക്കാരും, മറ്റു ചിലയിടത്ത് അധികാരികളുടെ ഗുണ്ടകളായും വേട്ടയ്ക്കിറങ്ങുന്നു. തങ്ങള്‍ക്കു മുന്നില്‍ കിട്ടുന്നവര്‍ സ്ത്രീകളാണോ കുട്ടികളാണോ വിദ്യാര്‍ത്ഥികളാണോ കാലാകാരന്മാരാണോ എന്നൊന്നും പ്രശ്നമല്ല. അവര്‍ക്ക് മതാന്ധതയാണ്. അന്ധകാരത്തിന്റെ അടിമകള്‍ക്ക് വെളിച്ചത്തോട് അറപ്പായിരിക്കും.

ഹോളിയാഘോഷിക്കുന്നതില്‍ നിന്നുണ്ടായ എതിര്‍പ്പു മാത്രമല്ല ഞങ്ങളെ ആക്രമിക്കാന്‍ കാരണമായത്. അവര്‍ ഇന്നലെ കൂലിത്തല്ലുകാരുടെ വേഷം കൂടിയണിഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ക്ക് അച്ചാരം കൊടുത്തത് വേറാരുമല്ല ഞങ്ങള്‍ പഠിക്കുന്ന കോളേജിന്റെ മാനേജ്‌മെന്റ് തന്നെ. ഇത്തരമൊരു വര്‍ഗീയസംഘടനയുടെ സഹായം തേടണമെങ്കില്‍ മാനേജ്‌മെന്റിന്റെ മനസും കാവിപുതച്ചതാണെന്ന് മനസ്സിലാക്കാമല്ലോ. വിദ്യാര്‍ത്ഥികളോട് പക സൂക്ഷിക്കുന്ന ഒരു മാനേജ്മെന്ഠാണ് ഇതെന്ന് പറയേണ്ടിവരുന്നതിലും ലജ്ജയുണ്ട്. കാരണം ഞങ്ങളുടെ രാഷ്ട്രീയമാണ് അവര്‍ക്ക് ദഹിക്കാത്തത്. അവര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തല്ലിയോടിക്കാന്‍ തന്നെ തീരുമാനിച്ചു.

കോളേജില്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് കരുതിയാണ് ഞങ്ങള്‍ ഹോളി കാമ്പസിന് പുറത്ത് ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഹോളി നിറങ്ങളുടെ ആഘോഷമാണെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്. അതിന് മതപരമോ ദേശപരമോ ആയ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നില്ല. ഹോളിയില്‍ എല്ലാ നിറങ്ങളുമുണ്ട്. അത് ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ജൈനന്റെയും പാഴ്‌സിയുടെയുമെല്ലാം നിറങ്ങളെ ഉള്‍ക്കൊള്ളുന്നു. പക്ഷെ കണ്ണില്‍ കറുപ്പ് മാത്രം നിറഞ്ഞവര്‍ക്ക് ഞങ്ങള്‍ ചെയ്തത് എന്തോ വലിയ അപരാധമായിരുന്നു.

കോളേജിലെ ട്രഷറര്‍ തമ്പിയുടെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘവും കോളേജ് പ്യൂണ്‍ രാഹുലടക്കം ചില നോണ്‍-സ്റ്റാഫുകളും ചേര്‍ന്നായിരുന്നു യാതൊരു പ്രകോപനവും കൂടാതെ മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ഇത് വെറും ആരോപണമല്ല, വ്യക്തമായ തെളിവുകളോടെയാണ് ഞങ്ങളിതു പറയുന്നത്. ഇതോടൊപ്പമുള്ള വീഡിയോയില്‍ ഈ പറഞ്ഞവരുടെ സാന്നിധ്യം വ്യക്തമാണ്. കോളേജ് ബസ്സുകള്‍ എല്ലാം പോയ ശേഷം ട്രഷറര്‍ തമ്പി വിദ്യാര്‍ത്ഥികളെ അടിക്കാന്‍ നിര്‍ദേശം നല്‍കിയത് കണ്ട വിദ്യാര്‍ഥികളുണ്ട്, ട്രഷററുടെ മുഖം വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കോളേജിനു ദൂരെയുള്ള പ്രദേശത്തു നിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇവരാണ് അക്രമം അഴിച്ചു വിട്ടതെന്നുമാണ് ഞങ്ങളുടെ വിശ്വാസം. യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. പക്ഷെ, അവരത് ചെയ്യുമോ എന്നതാണ് സംശയം. സാധാരണ മാനേജ്‌മെന്റ് വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തുന്ന പോലീസുകാര്‍, വിദ്യാര്‍ത്ഥികളെ ഇത്ര ക്രൂരമായി മര്‍ദ്ധിച്ചിട്ടും മണിക്കൂറുകള്‍ വൈകിയാണ് എത്തിയതെന്ന് പറയുമ്പോള്‍ തന്നെ അവര്‍ എത്രമാത്രം ശുഷ്‌കാന്തി ഈ സംഭവത്തില്‍ കാണിക്കുമെന്ന് അറിയാമല്ലോ! മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാതെ ട്രഷറര്‍ തമ്പിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്.

തങ്ങളുടെ സഹപാഠികളെ തല്ലിച്ചതച്ചതില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ കോളേജിന്റെ ഏതാനും ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനെ തങ്ങള്‍ക്കുനേരെയുള്ള വധശ്രമമാക്കിയാണ് മാനേജ്‌മെന്റ് ചിത്രീകരിച്ചത്. അവര്‍ക്ക് പകയുള്ള വിദ്യാര്‍ത്ഥികളെ കേസില്‍ കുടുക്കി അവരുടെ ഭാവി തുലച്ചുകൊണ്ട് തമ്പിയേയും രാഹുലിനെയും പോലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നത്.

ഇതിനു മുന്‍പും ഇത്തരം സംഭവ വികാസങ്ങള്‍ ഈ കോളേജില്‍ അരങ്ങേറിയിട്ടുണ്ട്. പലതും പുറത്തുവരുന്നില്ലെന്നുമാത്രം. ഭയം കൊണ്ടാണ് ആരും ഒന്നും ഇതുവരെ പറയാതിരുന്നത്. ഇരകളെയെല്ലാം കോളേജ് അധികാരികള്‍ ഭീഷണിപ്പെടുത്തി ഊമകളാക്കി. അങ്ങനെ പല സത്യങ്ങളും വെളിയില്‍ വരാതെ കുഴിച്ചുമൂടപ്പെട്ടു. ഇത് കേവലം ഒന്നോ രണ്ടോ എഞ്ചിനീയറിംഗ് കോളേജുകളുടെ മാത്രം പ്രശ്‌നമല്ല, എല്ലാ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിലും മാനേജ്മെന്‍റ് ഇതുപോലെ ഗുണ്ടകളെ ഇറക്കി അക്രമിക്കാറുണ്ട്. പലപ്പോഴും ഇന്റേണല്‍ മാര്‍ക്‌സ് നല്‍കില്ലെന്നും, ലാബില്‍ തോല്‍പ്പിക്കും എന്നും കള്ളക്കേസില്‍ കുടുക്കി ഭാവി തുലയ്ക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥികളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയാണ് പതിവ്.

ഒരു തലമുറയുടെ ഭാവിയ്ക്കും ജീവനും മേല്‍ ഇത്തരം മാനേജ്‌മെന്റുകളും അവരുടെ ഗുണ്ടകളും നടത്തുന്ന ഭീഷണികളും കൊലവിളികളും എത്രഭീകരമാണെന്ന് സമൂഹം ഈ സംഭവത്തിലൂടെയെങ്കിലും മനസ്സിലാക്കണം. കാരണം ഇനിയും ആക്രമിക്കപ്പെടാന്‍ പോകുന്നത് നിങ്ങളുടെ മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെയായിരിക്കും.

(മാനേജ്‌മെന്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ കുറിപ്പെഴുതിയ വിദ്യാര്‍ത്ഥിയുടെ പേര് മാറ്റിയാണ് നല്‍കിയിരിക്കുന്നത്)

 *Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍