UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറ്റൂര്‍ ഭൂമിയിടപാട്; വിജിലന്‍സ് ഒളിച്ചുകളിക്കുന്നത് ആരെ രക്ഷപ്പെടുത്താന്‍?

Avatar

അഴിമുഖം പ്രതിനിധി

പാറ്റൂര്‍ അനധികൃത ഭൂമിയിടപാട് കേസില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നില്‍ ഗൂഢലക്ഷ്യമോ? നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്നിരിക്കെ തൊടുന്യായങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് പിന്‍തിരിയാന്‍ വിജിലന്‍സിനെ പ്രേരിപ്പിക്കുന്നത് വമ്പന്‍മാര്‍ കുടുങ്ങുമെന്ന ആശങ്ക തന്നെ. ലോകായുക്തയുടെ നിര്‍ദേശപ്രകാരം 19-11-2014 ല്‍ എഡിജിപി ജേക്കബ് തോമസ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയ ഒമ്പത് കാര്യങ്ങളില്‍ പ്രധാനമായും പറയുന്നത് കുറ്റകരമായ നീക്കങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം വന്നിട്ടും അതിന് തയ്യാറാകാതെ കള്ളക്കളികള്‍ നടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നിയമതടസ്സങ്ങളാണോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് വിലങ്ങുതടിയാവുന്നത്? അതോ അത്തരമൊരു കുരുക്ക് ഒരുക്കിയാല്‍ പിടയുന്ന ശിരസ്സുകളോടുള്ള വിധേയത്വമോ? അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും എന്താണ് കാരണമെന്ന്. ഉദ്യോഗസ്ഥന്മാര്‍ക്കൊപ്പം സംസ്ഥാനം ഭരിക്കുന്നവര്‍വരെ കുറ്റവാളികളായി നില്‍ക്കേണ്ടി വരും എന്നതു തന്നെ കാരണം.

ജേക്കബ് തോമസ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ പ്രാഥമിക റിപ്പോര്‍ട്ടായി പരിഗണിക്കണമെന്നും ലളിതകുമാരി കേസ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് ലോകായുക്തയുടെ പരിഗണനയില്‍ ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് വിജിലന്‍സ് നിലപാട്. എന്നാല്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചതായി ലോകായുക്ത ഉത്തരവിട്ട സാഹചര്യത്തില്‍ തങ്ങളുടെ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സിന് തടസമെന്താണ്? ഇവിടെയാണ് മേല്‍പ്പറഞ്ഞപോലെ സംശയങ്ങള്‍ ഉയരുന്നതും അതിനു പിന്നിലെ ഗൂഢതാല്‍പര്യങ്ങള്‍ വെളിവാകുന്നതും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം, താല്‍പര്യങ്ങളുടെ വഴിക്കല്ല. അതിനായി വിജിലന്‍സ് ഒന്നുകില്‍ സ്വയം തയ്യാറാവണം, അല്ലെങ്കില്‍ ആരെങ്കിലും അവരെ അതിനു തയ്യാറാക്കണം. നിലവില്‍ കോടതിക്കാണ് ഇവിടെ കാര്യമായ റോള്‍ വഹിക്കാന്‍ കഴിയുക. അത്തരമൊരു വഴി തിരഞ്ഞു തന്നെയാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.

അനധികൃത ഭൂമിയിടപാടില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നവര്‍ 40 പേരാണ്. ഈ പ്രതികള്‍ ഏതെല്ലാം കുറ്റങ്ങളാണ് ചെയ്തിരിക്കുന്നതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് തെളിയിക്കുന്നതിന് ആവശ്യമായ സപ്പോര്‍ട്ടിംഗ് ഫയലുകളും നോട്ട് ഫയലുകളും റിപ്പോര്‍ട്ടിനൊപ്പം എഡിജിപി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കുറ്റം അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ തീര്‍ച്ചയായും കേസ് രജിസ്റ്റര്‍ ചെയ്‌തേ പറ്റൂ എന്ന് ലളിതകുമാരി വേഴ്‌സസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. സുപ്രിം കോടതി ഉത്തരവനുസരിച്ച് അന്വേഷണം നടത്തി നിശ്ചിതദിവസത്തിനുള്ളില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യണമെന്നിരിക്കെ പ്രതിപ്പട്ടിക സഹിതം ലോകായുക്തയുടെ മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു മൂന്നുമാസം കഴിഞ്ഞിട്ടും വിജിലന്‍സ് ഈ കേസില്‍ ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ മാറിനില്‍ക്കുകയാണ്. 

കേസ് രജിസ്റ്റര്‍ ചെയ്താല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രതി ചേര്‍ക്കേണ്ടിവരുമെന്നും ആദ്യഘട്ടത്തില്‍ അല്ലെങ്കില്‍പ്പോലും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടിവരുമെന്നുമുള്ള യാഥാര്‍ത്ഥ്യം തലയ്ക്കുമേലെ തൂങ്ങുന്ന വാളായി വിജിലന്‍സിനെ ഭയപ്പെടുത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥരും ഭരണാധികാരികളും കുടുങ്ങുമെന്നാണ് പറയപ്പെടുന്നത്. റവന്യൂ, ജലസേചനം, സര്‍വേ എന്നീ മൂന്നു വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ജലവിഭവ വകുപ്പില്‍ മന്ത്രിയും സെക്രട്ടറിയും ഒഴിച്ച് എം ഡിയുള്‍പ്പടെയുള്ളവര്‍ കടുങ്ങുമെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ വന്‍തോക്കുകള്‍ക്കെതിരെയാണ് തങ്ങള്‍ നീങ്ങേണ്ടിവരികയെന്ന തിരിച്ചറിവു തന്നെയാണ് വിജിലന്‍സിനെ ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നതെന്നും വ്യക്തം. എന്നാല്‍ ഇവിടെ വിജിലന്‍സ് മുന്നോട്ടുവയ്ക്കുന്ന നിയമതടസ്സം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാണ്. ലോകായുക്തയുടെ മുന്നില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുത്താല്‍ ഈ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നതാണ് വാസ്തവം. വിജിലന്‍സ് ഡയറക്ടറേറ്റ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ള പൊലീസ് സ്റ്റേഷനും വിജിലന്‍സ് ഡയറക്ടര്‍ ഹൗസ് ഓഫിസറുമാണ്. ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്ക് വേറെ തടസങ്ങളൊന്നുമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഇതേ ആവശ്യവുമുന്നയിച്ച് ഹര്‍ജിക്കാരന്‍ 12-1-2014 ല്‍ വിജിലന്‍സിന് അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഈ അപേക്ഷ രജിസ്റ്റര്‍ ചെയ്യാതെ ഡയറക്ടര്‍ പറഞ്ഞ കാര്യം ഇത് ലോകായുക്തയില്‍ നിലനില്‍ക്കുന്ന കേസ് ആണെന്നാണ്. എന്നാല്‍ ലോകായുക്ത ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണനയ്‌ക്കെടുത്ത സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാണ്. ഇനി ലോകായുക്തയുടെ അന്വേഷണത്തിലിരിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണെങ്കില്‍ കൂടി ലോകായുക്ത ആക്ട് 9(7) അനുസരിച്ച് ലോകായുക്തയ്ക്ക് പുറത്തുള്ള ഏത് അന്വേഷണ ഏജന്‍സിക്കും അവരുടെ പരിധിയില്‍ വരുന്ന അന്വേഷണത്തിന് ലോകായുക്ത ആക്ട് തടസം നില്‍ക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ട്, ചുമതലയുണ്ട്. ജേക്കബ് തോമസ് നല്‍കിയ ക്ലാരിഫിക്കേഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ലോകായുക്ത പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തങ്ങളുടെ പ്രോസസിംഗ് പ്രകാരമുള്ള നടപടികള്‍ വേറെയാണെന്നാണ് ലോകായുക്ത വ്യക്തമാക്കുന്നത്. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കണം, അവരെ വിളിച്ചുവരുത്തണം, അവര്‍ക്ക് പറയാനുള്ളതൊക്കെ കേള്‍ക്കണം, ഇതിനെല്ലാം കാലതാമസം എടുക്കുമെന്നും പറയുന്നു. എന്നാല്‍ മറ്റ് ഏജന്‍സികള്‍ക്ക് നടപടികളുമായി മുന്നോട്ടു പോകുന്നതിന് തങ്ങള്‍ തടസ്സമല്ലെന്നും ലോകായുക്ത വ്യക്തമാക്കിയിട്ടും വിജിലന്‍സ് വീണ്ടും ലോകായുക്തയുടെ പേരുപറഞ്ഞ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ കണ്ണുകെട്ടി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ജോയ് കൈതാരം വിജിലന്‍സിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമര്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായത്.

ഹൈക്കോടതി ഇക്കാര്യത്തില്‍ എതിര്‍വിധി പുറപ്പെടുവിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ തന്നെയാണ് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു ജുഡീഷ്യല്‍ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട ഏജന്‍സി അന്വേഷിച്ചു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ് തീരുമാനമെടുക്കേണ്ടതെന്നതും കോടതിയില്‍ അനുകൂല ഘടകങ്ങളാകുമെന്ന് വിശ്വസിക്കാം. ജുഡീഷ്യല്‍ തലത്തിലും എക്‌സിക്യൂട്ടീവ് തലത്തിലും അംഗീകരിക്കപ്പെട്ട ഒരു പ്രയര്‍ തന്നെയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ അഴിമതി ചെയ്തശേഷം നിയമത്തിനു മുന്നില്‍ നിന്ന് ഒളിച്ചുനില്‍ക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്ന വിധി തന്നെ കോടതിയില്‍ നിന്ന് ഉണ്ടാകുമെന്നും ഹര്‍ജിക്കാരനും വിശ്വസിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍