UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്യാല കോടതിയില്‍ കണ്ടത് അഭിഭാഷകരുടെ ‘ദുര്‍നടപ്പ്’

Avatar

പട്യാല ഹൌസ് കോടതിയില്‍ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങള്‍ രാജ്യത്താകെയുള്ള നീതിന്യായ സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.  ഇന്നലെ പത്രപ്രവര്‍ത്തകരെയും ജെ എന്‍ യുവിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും കൈയ്യേറ്റം ചെയ്ത പട്യാല കോടതിയിലെ ഒരു സംഘം അഭിഭാഷകര്‍ ഇന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ നിലത്തിട്ടു ചവിട്ടി. നിയമം പാലിക്കേണ്ടവര്‍ തന്നെ അതു കൈയ്യിലെടുക്കുമ്പോള്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ അടിത്തറ തന്നെയാണ് തകരുന്നത്. സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് മാരാര്‍ വിലയിരുത്തുന്നു.

ജുഡീഷ്യറിയുടെ പ്രോസ്സസ്സിനെ വയലേറ്റ് ചെയ്യുന്ന രീതിയിലാണ്‌ ഇപ്പോള്‍ പട്യാല കോടതിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍. രണ്ടുതരത്തില്‍ ഇതിനെ കാണാന്‍ സാധിക്കും. ഒന്ന് കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് എന്നുതന്നെ വിളിക്കാം. ഇനി  അത്തരത്തിലല്ല  വിലയിരുത്തപ്പെടുന്നതെങ്കില്‍ പോലും അവര്‍ ചെയ്ത പ്രവൃത്തി അഡ്വക്കേറ്റ്സ് ആക്റ്റിലെ സെക്ഷന്‍ 35 അനുസരിച്ച് ദുര്‍നടത്തം (misconduct) ആകും.

അഭിഭാഷകവൃത്തിക്ക് അതിന്റേതായ ഒരു മഹത്വമുണ്ട്. ആയതിനാല്‍ തന്നെ പല വിശേഷാധികാരങ്ങളും അനുവദിച്ചു നല്‍കിയിട്ടുമുണ്ട്.എന്നാല്‍ അധികാരം കൈവരുമ്പോള്‍ ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്നു. ഏതെങ്കിലും തരത്തില്‍ ആ ഉത്തരവാദിത്വങ്ങളില്‍ നിന്നും നിങ്ങള്‍ വ്യതിചലിക്കുകയാണെങ്കില്‍ അതിനെ misconduct ആയി കണക്കാക്കപ്പെടാനും അക്കാരണത്താല്‍ അഭിഭാഷകന്റെഎന്‍റോള്‍മെന്റ് റദ്ദാക്കാനും കോടതിക്കു സാധിക്കും. ഇത് സുപ്രീം കോടതി പല അവസരങ്ങളിലും പറഞ്ഞിട്ടുള്ള ഒന്നാണ്.ദുര്‍നടത്തം എന്നത് ഒരു അഭിഭാഷകന്‍ തന്റെ കക്ഷിയോടു കാണിക്കുന്നതു മാത്രമല്ല, അയാള്‍ സമൂഹത്തില്‍  കാണിക്കുന്ന മോശം പെരുമാറ്റരീതികളും ഉള്‍പ്പെടും എന്നും കോടതി പറഞ്ഞിട്ടുണ്ട്. പല കേസുകളിലും ഇതേക്കുറിച്ച് കോടതി പരാമര്‍ശം വന്നിട്ടുണ്ട്. അഭിഭാഷകര്‍ വസ്തുവകകള്‍ വാടകയ്ക്ക് എടുത്തതിനു ശേഷം ഒഴിഞ്ഞു കൊടുക്കാതിരുന്ന കേസുകള്‍ പോലും സുപ്രീം കോടതി ഈ രീതിയില്‍ വിലയിരുത്തിയിട്ടുണ്ട്.  മുന്‍പും അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കുന്ന നടപടികളില്‍ കര്‍ശനമായ നിലപാട് കോടതി സ്വീകരിച്ചിട്ടുണ്ടെന്നതിനാല്‍ ഇക്കാര്യത്തിലും അതുണ്ടാവാനാണ് സാധ്യത.

പിന്നീടുള്ളത് കോടതിയില്‍ നടന്ന സമരങ്ങളാണ്. കോടതി നടപടികളെ ബാധിക്കാത്ത തരത്തിലാവണം അഭിഭാഷകരുടെ പ്രക്ഷോഭങ്ങള്‍ എന്നതിലും വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. എന്നാല്‍ പട്യാല കോടതിയില്‍ നടന്നത് നേര്‍വിപരീതമായ ഒന്നാണ്. കോടതി നടപടികളെ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധമാണ് അഭിഭാഷകര്‍ നടത്തിയത്. ഇതിനെയും മേല്‍പ്പറഞ്ഞ രീതിയില്‍ കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് എന്ന നിലയിലോ മിസ്‌കണ്ടക്റ്റ് എന്ന രീതിയിലോ കാണാന്‍ സാധിക്കും. അഡ്വക്കേറ്റ്സ് ആക്റ്റ്സെക്ഷന്‍ 35 പ്രകാരമുള്ള ശിക്ഷാനടപടികള്‍ കോടതിക്ക് ഇവിടെയും സ്വീകരിക്കാം. Misconduct എന്നതിന്‍റെ വിശദീകരണം ആക്റ്റില്‍ നല്‍കിയിട്ടില്ല എങ്കില്‍ പോലും ഇവിടെ സുപ്രീം കോടതി ഇടപെടാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കോടതിയില്‍ വച്ച് മോശം പ്രവര്‍ത്തനങ്ങള്‍ക്കു മുതിര്‍ന്നവരുടെ എന്‍റോള്‍മെന്റ് റദ്ദാക്കാന്‍ കോടതി നടപടികള്‍ സ്വീകരിക്കും.

ഇതില്‍ നേരിടാന്‍ സാധ്യതയുള്ള ഒരു പ്രശ്നമെന്നത് ബാര്‍ കൌണ്‍സിലിന്റെ ഇടപെടലാണ്. ഓരോ സംസ്ഥാനത്തെയും ബാര്‍ കൌണ്‍സിലിനും അവരുടേതായ രാഷ്ട്രീയമുണ്ടാകും. അക്കാരണത്താല്‍ തന്നെ അഭിഭാഷകരെ മറികടന്നുള്ള തീരുമാനം അവരില്‍ നിന്നുണ്ടാവാന്‍ സാധ്യത കുറവാണ്. തീര്‍ത്തുംരാഷ്ട്രീയപരമായ ഒരു നിലപാടായിരിക്കും അവരില്‍ നിന്നും ഉണ്ടാവാന്‍ സാധ്യത. അഭിഭാഷകരുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ അതു വ്യക്തമാണ്‌. ആ ധൈര്യത്തിലാണ് ഇത്തരത്തില്‍ ഒരു ഹീനമായ നടപടിയിലേക്ക് അവര്‍ എത്തിച്ചേരുന്നത്. 

ഇതൊന്നുമല്ല വരാന്‍ സാധ്യതയുള്ള  ഏറ്റവും വലിയ അപകടം. കനയ്യയുടെ പരാമര്‍ശങ്ങള് അക്രമമഴിച്ചുവിടാന്‍ പര്യാപ്തമാണ് എന്ന രീതിയിലേക്ക്  ഈ സംഭവം വ്യാഖ്യാനിക്കപ്പെടും എന്നുള്ളത്  ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നു. ഇക്കാരണം കാട്ടി പോലീസ് ഒരു നിലപാട് എടുത്താല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവും. കോടതിയില്‍ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ നടപ്പാക്കല്‍ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ തന്നെ അക്രമം അഴിച്ചുവിടുകയും പിന്നില്‍ കനയ്യയുടെ പരാമര്‍ശം ആണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുകയാണെങ്കില്‍  അതെത്തുക കൂടുതല്‍ രൂക്ഷമായ ഒരവസ്ഥയിലെക്കാകും. പോലീസിന്റെ വാദം ശരിവയ്ക്കുന്ന ഒരു നിലപാടിലേക്ക് കോടതിയെയും അതെത്തിച്ചേക്കാം. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദവും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നടന്ന സംഭവത്തെ നിയന്ത്രണവിധേയമാക്കാന്‍ പോലീസ്  ശ്രമിച്ചിട്ടില്ല എന്നുള്ളത് വീഡിയോയില്‍നിന്നു തന്നെ വ്യക്തമാണ്‌. ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ അടക്കം ആക്രമിക്കാനുള്ള തീരുമാനം പെട്ടന്നുണ്ടായ ഒന്നല്ല. അത് ശ്രദ്ധയാകര്‍ഷിക്കാന്‍  വേണ്ടിത്തന്നെയാണ് എന്നുള്ളതിലും സംശയമില്ല. രണ്ടാമത്  ഇന്ന് പ്രസ് കോണ്‍ഫറന്‍സ് നടത്തിയ ബിജെപി വക്താക്കളുടെ ശരീരഭാഷയാണ്. തങ്ങളുടെ തന്ത്രം കുറിക്കുകൊണ്ടു എന്നുള്ള ചാരിതാര്‍ഥ്യമാണ് അവരുടെ മുഖത്തുള്ളത്‌. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍