UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചലിക്കുന്ന സൂചിക്കുമപ്പുറത്തെ സമയത്തെക്കുറിച്ച് ഒരു ന്യൂറോ സര്‍ജന്‍റെ ചിന്തകള്‍

Avatar

പോള്‍ കലാനിധി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിങ്ങളുടെ ദിനങ്ങള്‍ ദൈര്‍ഘ്യമേറിയതാണ്, വര്‍ഷമോ ഹ്രസ്വവും എന്നൊരു പഴമൊഴിയുണ്ട് നാട്ടില്‍. ന്യൂറോസര്‍ജിക്കല്‍ പരിശീലനത്തിന്റെ കാര്യത്തിലും ഇതുപോലെ തന്നെ ആണ്. ദിനം എന്നത് രാവിലെ 6 മണിക്ക് മുന്നേ തുടങ്ങും. അതവസാനിക്കുന്നതോ ഒടുവിലത്തെ ശസ്ത്രക്രിയക്കു ശേഷം മാത്രം. അതാകട്ടെ നിങ്ങള്‍ ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന്‍റെ വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു ശസ്ത്രക്രിയ പഠിതാവിന്‍റെ നൈപുണ്യം അവരുടെ വേഗതയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അലസനോ മെല്ലെ ചെയ്യുന്നവനോ ആകാന്‍ സാധിക്കില്ല. നിങ്ങളുടെ ആദ്യ തുന്നികെട്ടില്‍ തന്നെ അവരത് വ്യക്തമാക്കും. ഏതെങ്കിലും തുന്നല്‍ നിങ്ങള്‍ അതീവശ്രദ്ധയോടെ സമയമെടുത്തു ചെയ്‌താല്‍, നിങ്ങളുടെ പരിശീലകന്‍ പറയും ” സുഹൃത്തുക്കളെ.. ഇതാ നമുക്ക് ഒരു സൌന്ദര്യ സംരക്ഷക  ശസ്ത്രക്രിയാ വിദഗ്ദ്ധനെ ലഭിച്ചിരിക്കുന്നു.” അല്ലെങ്കില്‍ ” എനിക്ക് നിന്റെ സൂത്രം പിടികിട്ടി. നീ മുകളിലെ തുന്നല്‍ ഇട്ടുകഴിയുമ്പോഴേക്കും താഴെ ഉള്ള മുറിവ് ഉണങ്ങി കാണും അല്ലെ. അപ്പൊ പകുതി പണി മതി; മിടുക്കന്‍” എന്ന് പറയും. ഒരു മുഖ്യ പരിശീലകന്‍ തന്‍റെ കീഴില്‍ പരിശീലനം നേടുന്നവരോട് സാധാരണ ഇങ്ങനെ പറയും ” ഇപ്പോള്‍ വേഗത കൈവരിക്കാന്‍ പഠിക്കൂ; ശരിയായി ചെയ്യാന്‍  പിന്നീടു പഠിക്കാം.”  എല്ലാവരുടെയും കണ്ണുകള്‍ ചുവരിലെ ഘടികാരത്തില്‍ ആയിരിക്കും. രോഗിയുടെ കാര്യം തന്നെ നോക്കൂ; എത്ര സമയം ബോധം കെടുത്താന്‍ സാധിക്കും? സമയം കൂടുതല്‍ എടുത്താല്‍, നാഡികളെ അത് ദോഷകരമായി ബാധിച്ചേക്കാം. പേശികള്‍ ചലിക്കാതെ ആകാം; വൃക്കകള്‍ക്കുവരെ കേടുപാടുകള്‍ സംഭവിക്കാം. മറ്റുള്ളവരുടെ കാര്യമോ: ഇന്ന് രാത്രി ഇനി എപ്പോ ഇവിടെ നിന്ന് പോകാനാണ്?

സമയം ലാഭിക്കാന്‍ രണ്ടു വഴികള്‍ ഉണ്ട്.  മുയലിന്റെയും ആമയുടെയും കഥ അറിയില്ലേ? അതുപോലെ, മുയല്‍ വേഗം കാര്യങ്ങള്‍ ചെയ്യും. ഉപകരണങ്ങള്‍ വലിച്ചു വാരിയിട്ട്, ചിലതൊക്കെ തട്ടി താഴെയിട്ട്, ആദ്യം ഒരു ചെറിയ മുറിവുണ്ടാക്കി, എല്ലിന്റെ ഭാഗങ്ങള്‍ വൃത്തിയാക്കാതെ തലയോട്ടിയുടെ മുകള്‍ ഭാഗം മാറ്റിവച്ചു, കൃത്യമായി മുറിക്കാത്തതിനാല്‍, വീണ്ടും മുറിവുകള്‍ ഉണ്ടാക്കി അങ്ങനെ ആകെ കശപിശ ആക്കാം.

അല്ലെങ്കില്‍ ആമയെപോലെ സാവധാനം, കൃത്യമായി ആസൂത്രണം ചെയ്തു, അളവുകള്‍ എടുത്തു,യാതൊരു ആശയകുഴപ്പവും ഇല്ലാതെ, ഒറ്റ തവണ മുറിവുണ്ടാക്കി, ഒരിക്കല്‍ പോലും പിഴവുകള്‍ വരുത്താതെ പരമ്പരാഗതരീതിയില്‍ ശസ്ത്രക്രിയ ചെയ്യാം. കരുതിയ തെറ്റുകള്‍ തിരുത്താന്‍ മുയല്‍ എടുക്കുന്ന സമയം കൊണ്ട് ആമ വിജയി ആകുന്നു. എന്നാല്‍ ആമ ആസൂത്രണത്തിന് ഏറെ സമയം ചിലവിട്ടാല്‍ മുയല്‍ തന്നെ വിജയിക്കും.

രസകരമായ ഒരു കാര്യം എന്താണെന്നു വച്ചാല്‍; ശസ്ത്രക്രിയയില്‍ നിങ്ങള്‍ ആമയോ മുയലോ ആകട്ടെ; ഇതിനിടയില്‍ സമയം എങ്ങനെ പറന്നു പോകുന്നു എന്നതിനെക്കുറിച്ച് യാതൊരു സൂചനയും നിങ്ങള്‍ക്ക് ലഭിക്കില്ല. മടുപ്പുള്ളപ്പോള്‍ സമയം ഇഴഞ്ഞു നീങ്ങുന്നു എന്ന് സമയവും മടുപ്പും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹൈഡ്ഗര്‍ പറഞ്ഞതിന്റെ നേരെ വിപരീതമാണിവിടെ സംഭവിക്കുന്നത്‌. അതീവശ്രദ്ധയോടെ നാം ശസ്ത്രക്രിയയില്‍ മുഴുകുമ്പോള്‍ രണ്ടു മണിക്കൂര്‍ ഒരു മിനിറ്റു പോലെ ഒക്കെ തോന്നിയേക്കാം. എന്നാല്‍ ആ അന്തിമ തുന്നല്‍ കൂടി കഴിഞ്ഞു മുതുകു നിവര്‍ത്തുമ്പോള്‍ സമയവും സാധാരണനിലയില്‍ എത്തുന്നു. പിന്നെ ഓരോ സെക്കന്‍ഡും നീങ്ങുന്ന ഒച്ചപോലും നിങ്ങള്‍ക്ക് കേള്‍ക്കാം. പിന്നെ രോഗി എഴുന്നേല്‍ക്കാനുള്ള കാത്തിരിപ്പാണ്. ഈ രോഗി എപ്പോഴാണ് കണ്ണുതുറക്കുക? അടുത്ത രോഗി എപ്പോള്‍ വരും? അതിനുമുന്‍പ്‌ എത്ര രോഗികളെ പരിശോധിക്കണം? ഇന്ന് രാത്രി എപ്പോഴാ ഞാന്‍ ഒന്ന് വീട്ടിലെത്തുക? ഈ ചോദ്യങ്ങള്‍ നിങ്ങളുടെ തലക്കുള്ളില്‍ വട്ടം തിരിയാന്‍ തുടങ്ങുന്നു.

അവസാന കേസും കഴിഞ്ഞാലല്ല നിങ്ങള്ക്ക് ആ ദിവസം എത്ര നീണ്ടതായിരുന്നു എന്ന ചിന്തയും മടുപ്പും അനുഭവപ്പെടുക. ഇറങ്ങുന്നതിനു മുന്‍പ് ചെയ്യേണ്ട ചില ലൊട്ട് ലൊടുക്കു എഴുത്ത് കുത്തുകള്‍ ഉണ്ട്. ദിവസത്തിന്റെ ഒടുവില്‍ ചുട്ടുപഴുപ്പിച്ച ലോഹം പോലെ ആണ് നിങ്ങള്‍ നില്‍ക്കുന്നത്. എന്നാല്‍ ഇവയൊക്കെ നാളെ രാവിലെ ചെയ്‌താല്‍ പോരെ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഉത്തരം ഇപ്പോഴും പറ്റില്ല എന്നാകും. പിറ്റേന്നും  ഇത് തന്നെ ആവര്‍ത്തിക്കും.

വര്‍ഷങ്ങള്‍ പറന്നു പോയിക്കൊണ്ടേ ഇരുന്നു. ആറു വര്‍ഷങ്ങള്‍!! ഒരു ഞൊടിയിടയില്‍!! പക്ഷെ മുഖ്യ -ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും, എന്നില്‍ അതിന്റെ ലഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഭാരം ക്രമാതീതമായി കുറഞ്ഞു, രാത്രികളില്‍ വിയര്‍ത്തു കുളിച്ചു, അകാരണമായ നടുവേദന, നിര്‍ത്താതെയുള്ള ചുമ; അതെ അത് തന്നെ; മെറ്റാസ്റാറ്റിക്ക് ശ്വാസകോശാര്‍ബുദം. 

സമയഗതി പിന്നെയും നിശ്ചലമായി. ചികിത്സക്കിടെ അല്പം പുരോഗതി കാണിച്ചെങ്കിലും വീണ്ടും സ്ഥിതി വഷളായിക്കൊണ്ടിരുന്നു. നീണ്ട കാലത്തെ ആശുപത്രിവാസം സമ്മാനിച്ച്‌ ഒടുവില്‍ കീമോതെറാപ്പിയുമെത്തി.

ആശുപത്രി വാസം എന്നെ കൂടുതല്‍ ക്ഷീണിതനാക്കി. എന്‍റെ മുടി മുഴുവന്‍ പോയി. ക്ഷീണം കൊണ്ട് മുടന്തിയാണ്‌ ഞാന്‍  നടന്നിരുന്നത് പോലും. ജോലിചെയ്യാന്‍ സാധിക്കാത്ത ഞാന്‍ വീട്ടില്‍ വിശ്രമം തുടങ്ങി. ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാനോ ഒരു ഗ്ലാസ്‌ വെള്ളം എടുക്കാനോ ഏറെ ശ്രദ്ധയും പരിശ്രമവും വേണ്ടി വന്നു. ഒരാള്‍ തിരക്കിട്ട് ജോലികള്‍ ചെയ്യുമ്പോള്‍ സമയം ഓടിപ്പോകും. ഒരാള്‍ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അത് ഇഴയുകയാണ് ചെയ്യുക. ദിവസം എന്നത് ഒരു മെഡിക്കല്‍ സന്ദര്‍ശനമോ? ഒരു സുഹൃത്തിന്റെ വരവോ ആയി ചുരുങ്ങിപ്പോയിരിക്കുന്നു. അവശേഷിച്ച സമയം മുഴുവന്‍ വിശ്രമം തന്നെ.

ഒരു ദിനവും മറ്റെതുമായി വ്യത്യാസം ഇല്ലാതെ വന്നതോടെ സമയം നിശ്ചലതയിലായി. സമയം എന്നത് ആംഗലേയ ഭാഷയില്‍ പലതരത്തില്‍ ഉപയോഗിച്ച് കാണാം. ഇപ്പോള്‍ സമയം 2.45 ആയി എന്ന് പറയാം  ഓ എന്‍റെ സമയം ശരിയല്ല എന്നും പറയാം. മറ്റ് ഭാഷകളിലും അതങ്ങനെ തന്നെ അല്ലേ? സമയം എന്നത് സൂചികളുടെ ചലനത്തില്‍നിന്നു ഒരു അവസ്ഥ എന്ന നിലയിലേക്ക് പരിണമിച്ചു കഴിഞ്ഞു. ഒരു തരം മടുപ്പ് എന്നെ ബാധിച്ചു കഴിഞ്ഞിരുന്നു. ശസ്ത്രക്രിയക്കിടെ കണ്‍കോണിലൂടെ കാണുന്ന ഘടികാരത്തിലെ സമയം അനിയന്ത്രിതമെന്നു തോന്നിയിരുന്നു പക്ഷെ അര്‍ത്ഥശൂന്യമെന്നു തോന്നിയിരുന്നില്ല. എന്നാല്‍ ഇന്ന് സമയം, ദിവസം, കാലം ഒക്കെ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ മാത്രം. അവ പതിയെ ഭയപ്പെടുത്താനും തുടങ്ങിയിരിക്കുന്നു.

വാക്കുകളുടെ കാലം പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഞാന്‍ ഒരു നാഡീരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ആണ് അല്ലെങ്കില്‍  ഞാന്‍ ഒരു നാഡീരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ആയിരുന്നു അതുമല്ലെങ്കില്‍, ഞാന്‍ ഒരു നാഡീരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ആയിരുന്നു, ഇനി വീണ്ടും അതാകും.  ഏതാണ് ശരി? നാം ജീവിക്കുന്ന ആദ്യ ഇരുപതു വര്‍ഷങ്ങള്‍ ആണ് യഥാര്‍ത്ഥം, പിന്നീടുള്ളത് അതിന്‍റെ പ്രതിഫലനം ആണെന്ന് ഗ്രഹാം ഗ്രീനിന് തോന്നിയിരുന്നത്രേ. ഞാന്‍ ഏതു കാലത്തിലാണ് ജീവിക്കുന്നത്? ഭാവി, ഭൂതം വര്‍ത്തമാനം? ഗ്രീനിന്‍റെ കഥാപാത്രത്തെ പോലെ വര്‍ത്തമാനത്തില്‍ നിന്നും ഞാന്‍ ഭൂതകാലത്തിന്റെ തുടര്‍ച്ചയിലേക്ക് യാത്ര ചെയ്യുക മാത്രമാണോ? ഭാവി എന്നത് ശൂന്യമായി തോന്നുന്നു. മറ്റുള്ളവര്‍ പറയുമ്പോള്‍ അത് കഠോരമായി തോന്നുന്നു. അടുത്തകാലത്ത്‌ ഞാന്‍ കോളേജ് പഠനത്തിന്റെ  15മത്  പുന:സമാഗമത്തില്‍ പങ്കെടുത്തു. പിരിയാന്‍ നേരം ഇനി നമുക്ക് 25 മത് വാര്‍ഷികത്തില്‍ കാണാം, ചിലപ്പോള്‍ അതിനു സാധിക്കുകയില്ല എന്ന്പറയുന്നത് ക്രൂരമായി തോന്നി.

വീട്ടില്‍ കാര്യങ്ങള്‍ ഒരു പുതിയ ഘട്ടത്തില്‍ ആയിരുന്നു. ഞാന്‍ ആശുപത്രിവിട്ട ദിവസമാണ് ഞങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചത്‌. ഓരോ ആഴ്ച കഴിയുംതോറും അവള്‍ വളര്‍ന്നു വന്നു. ആദ്യമായി അവള്‍ കൈ പിടിച്ചത്, ആദ്യത്തെ പുഞ്ചിരി അവളുടെ വളര്‍ച്ച എല്ലാം ഒരു ശിശുരോഗ വിദഗ്ധന്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അവള്‍ക്ക് ചുറ്റും എല്ലാം പ്രകാശം പരത്തി. അവളെ മടിയിലിരുത്തി ഞാന്‍ കര്‍ണ കഠോരമായി പാടുമ്പോള്‍ പോലും ആ മുറിയില്‍ അവളുടെ കുഞ്ഞു ചിരികള്‍ പ്രകാശം നിറച്ചു.

ഇപ്പോള്‍ സമയമെന്നത്  ഒരു ഇരുതലയുള്ള വസ്തുവായി തോന്നുന്നു. ഒരു വശത്ത് അര്‍ബുദം എന്നില്‍ നിന്ന് പതിയെ വിടവാങ്ങുന്നു. മറുവശത്ത് ഇനിയും അതുണ്ടാകാനുള്ള സാധ്യതയിലേക്ക്‌ അഥവാ മരണത്തിലേക്ക്  ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ഞാന്‍ കരുതുന്നതിലും ഏറെ വൈകിയാകാം അത്. പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നതിനും ഏറെ മുന്‍പായിരിക്കും എന്നത് നിശ്ചയം. ഈ തിരിച്ചറിവിന് രണ്ടു തരത്തില്‍ മറുപടി പറയാം. ആദ്യത്തേത് വികാരഭരിതമായി ” ഉള്ള ജീവിതം മുഴുവവനായി ജീവിക്ക്” അതായത്, യാത്ര ചെയ്തു, നല്ല ഭക്ഷണം കഴിച്ചും, ആഗ്രഹമനുസരിച്ച് ജീവിക്ക് എന്ന് പറയാം. അര്‍ബുദം നിങ്ങള്‍ക്ക് ജീവിക്കാനുള്ള സമയം മാത്രം അല്ല നിങ്ങളുടെ ഊര്‍ജത്തെയും അപഹരിക്കുന്നു. ഒരു ദിവസം കഴിച്ചുകൂട്ടാനുള്ള ഊര്‍ജം കഷ്ടി ലഭിച്ചേക്കാം. ക്ഷീണിച്ച മുയലാണ് ഇപ്പൊ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നത്. ഊര്‍ജം ഉണ്ടെകിലും ഞാന്‍ ആമയെപോലെ ആകും പെരുമാറുക. ദീര്‍ഘനേരം വിശ്രമിച്ചു, ആലോചനയില്‍ മുഴുകി, അങ്ങനെ… 

എല്ലാവരും അതിര്‍ത്തിയില്‍ കീഴടങ്ങുക തന്നെ ചെയ്യും. ഈ അവസ്ഥയില്‍ എത്തുന്ന ആദ്യത്തേയോ അവസാനത്തേയോ ആളല്ല ഞാന്‍. ആഗ്രഹിക്കുന്നത് എല്ലാം നേടാന്‍ ആകില്ല. ചിലത് ഉപേക്ഷിക്കപ്പെടേണ്ടത് തന്നെ ആണ്. ഭാവി എന്നത് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കോണിപ്പടി അല്ല, മറിച്ചു അതിനെ നീണ്ടു നില്‍ക്കുന്ന ഒരു സമ്മാനമായി കാണണം. ബൈബിളില്‍ വായനക്കാര്‍ പറയുന്നതുപോലെ പണം പദവി, പൊങ്ങച്ചം എന്നിവയില്‍ താല്പര്യം കാണിക്കാതെ, നീ കാറ്റുപോലെ സ്വതന്ത്രമാവുക.

ഒന്ന് മാത്രം എന്നില്‍ നിന്ന് കവരാന്‍ മരണത്തിനു സാധിക്കില്ല. എന്റെ മകള്‍ കാന്‍ഡിയെ. അവള്‍ എന്നെ ഓര്‍ക്കുന്ന കാലം വരെയെങ്കിലും ജീവിക്കണം എന്ന് എനിക്കുണ്ട്. വാക്കുകള്‍ക്ക് മരണമില്ല; പക്ഷെ എനിക്ക് മുന്നില്‍ മരണം ഉണ്ട്. അവള്‍ക്കു വേണ്ടി കുറച്ചു കത്തുകള്‍ എഴുതി സൂക്ഷിക്കാം എന്ന് ഞാന്‍ കരുതി. പക്ഷെ എനിക്ക് എന്താണ് പറയാന്‍ ഉള്ളത്? അവള്‍ക്ക് 15 വയസ്സാകുമ്പോള്‍ അവള്‍ എങ്ങനെയുള്ള ഒരു പെണ്‍കുട്ടി ആയിരിക്കും എന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ അവള്‍ക്കു നല്‍കിയ വിളിപ്പേര് അവള്‍ ഉപയോഗിക്കുമോ എന്ന്‍ പോലും എനിക്കറിയില്ല. എന്റെ ജീവിതത്തോട് അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു കുഞ്ഞിനോട്; ഭാവി മാത്രം മുന്നില്‍ ഉള്ള ഒരു കുഞ്ഞിനോട്, ഭൂതകാലം മാത്രം പങ്കുവയ്ക്കാനുള്ള ഞാന്‍ എന്താണ് പറയുക?

സന്ദേശം തീര്‍ത്തും ലളിതമാണ്. നമ്മുടെ ജീവിതത്തില്‍  നമ്മെ അടയാളപ്പെടുത്തേണ്ട പല നിമിഷങ്ങളും ഉണ്ടാകും. നമ്മെ, നമ്മുടെ പ്രവര്‍ത്തികളെ ലോകത്തിനായി അടയാളപ്പെടുത്തുക. മരണത്തോട് അടുക്കുന്ന ഒരു ആളുടെ ഒരു നിമിഷത്തെ സന്തോഷമാവുക. ഇത്രയും കാലം എന്താണ് ആ സന്തോഷം എന്ന് എനിക്കറിയില്ലായിരുന്നു. വീണ്ടും വീണ്ടും വേണം എന്നാഗ്രഹിക്കാത്ത ഒരു സന്തോഷം. നമ്മോടൊപ്പം അലിഞ്ഞുചേരുന്ന സന്തോഷം. ഈ നിമിഷത്തില്‍ അത് വിലമതിക്കാന്‍ ആകാത്തതാണ്.

(സ്റ്റാന്‍ഫോര്‍ഡ് യൂണിവേര്‍‌സിറ്റിയില്‍ നാഡീരോഗ ശസ്ത്രക്രിയാ വിദഗ്ധനായിരുന്ന ലേഖകന്‍  പോള്‍ കലനിധി കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തിന്റെ 37-ആം വയസ്സില്‍ മരിച്ചു.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍