UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ; രൂക്ഷ പരിഹാസവുമായി സക്കറിയ

ഗാന്ധിജിയെ ബ്രാഹ്മണന്‍ ആയ ഗോഡ്‌സെ വധിച്ചത് പോലെ ബിജെപി നേതാക്കളെ ഹിന്ദുക്കള്‍ തന്നെ വധിച്ചാലും വര്‍ഗീയ കലാപം ഉണ്ടാകുമോ?

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, വി.മുരളധരന്‍ എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് സാഹിത്യകാരന്‍ പോള്‍ സക്കറിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിജെപി നേതാക്കളെ വധിച്ചു കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകരസംഘടനകള്‍ പദ്ധിതി ഇടുന്നതായി വിവരം ഉള്ളതുകൊണ്ടാണ് ബിജെപി നേതാക്കള്‍ക്കു സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. ഇതിനെയാണ് സക്കറിയ വിമര്‍ശനപരമായി പരിഹസിച്ചിരിക്കുന്നത്.

സക്കറിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കേരളത്തിലെ നാല് ബിജെപി നേതാക്കന്മാര്‍ക്ക് വൈ വിഭാഗത്തില്‍ പെട്ട സുരക്ഷ നല്‍കുന്നതിനെപ്പറ്റി മലയാള മനോരമയില്‍ വന്ന റിപ്പോര്‍ട്ടില്‍ ഹൃദയസ്പര്‍ശി ആയ ഒരു വിവരം ഉണ്ട്. അതായത് ‘ബിജെപി നേതാക്കളെ വധിച്ചു കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതി ഇട്ടതിനാല്‍’ ആണ് ഈ നടപടി.

ബിജെപി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകും എന്ന ഈ മുന്‍കൂട്ടി കാഴ്ചക്കും കരുതലിനും മലയാളികള്‍ എങ്ങനെ ആണ് നരേന്ദ്ര മോദിക്കും കേരളത്തിലെ ബിജെപി നേതൃത്വത്തിനും നന്ദി പറയുക?

ഭാഗ്യവശാല്‍ ഈ നാല് നേതാക്കള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വര്‍ഗീയകലാപം ഉണ്ടാക്കുന്ന ഇനം മരണം വരിക്കാനുള്ള യോഗ്യത ഇല്ല എന്ന് കരുതണം. (ഉണ്ടായിരുന്നു എങ്കില്‍ കണ്ണൂരിലും തലശ്ശേരിയിലും ഇതിനകം എത്ര വര്‍ഗീയ കലാപം ഉണ്ടാകേണ്ടിയത് ആയിരുന്നു.) രാജേട്ടന് പോലും ആ യോഗ്യത ഇല്ല.

ഒന്ന് രണ്ടു സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.

ഗാന്ധിജിയെ ബ്രാഹ്മണന്‍ ആയ ഗോഡ്‌സെ വധിച്ചത് പോലെ ബിജെപി നേതാക്കളെ ഹിന്ദുക്കള്‍ തന്നെ വധിച്ചാലും വര്‍ഗീയ കലാപം ഉണ്ടാകുമോ? ഹിന്ദുക്കള്‍ക്കും തെറ്റ് പറ്റാമല്ലോ.

നാല് സിപിഎം നേതാക്കള്‍ വധിക്കപ്പെട്ടാലും വര്‍ഗീയ കലാപം ഉണ്ടാകുമോ ആവോ? അതോ വെറും ഹര്‍ത്താലും കല്ലേറും മാത്രമോ?

നാല് കോണ്‍ഗ്രസ് നേതാക്കള്‍ വധിക്കപ്പെട്ടാലോ? വെറും കണ്ണീരൊലിപ്പിക്കലും അനുശോചനവും മാത്രമേ ഉണ്ടാകുകയുള്ളോ?

മലയാളികളുടെ ഭാഗ്യത്തിന് ബിജെപിക്ക് അവര്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വര്‍ഗീയ കലാപം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു! ഇത്രമാത്രം ശ്രദ്ധയോടെയും ദേശസ്‌നേഹത്തോടെയും മലയാളികളെ ഒരു വര്‍ഗീയ കലാപത്തിന്റെ സാധ്യതയില്‍ നിന്ന് രക്ഷിച്ചതിനു ബിജെപിക്കും നരേന്ദ്ര മോദിക്കും നന്ദി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍