UPDATES

എഴുത്തുകാര്‍ മാത്രമല്ല, എല്ലാ ഇന്ത്യാക്കാരും അപകടത്തിലാണ്; വേറിട്ട പ്രതികരണവുമായി സക്കറിയ

Avatar

പോള്‍ സക്കറിയ

(ഭാരതീയര്‍ നേരിടുന്ന ഫാസിസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അക്കാദമികളെയും എഴുത്തുകാരെയും പറ്റി ഒരു കുറിപ്പ് എന്ന ആമുഖത്തോടെ തന്റെ ഫേസ്ബുക്കില്‍ പ്രശസ്ത സാഹിത്യകാരന്‍ പോള്‍ സക്കറിയ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂര്‍ണരൂപം)

നരേന്ദ്ര മോദിയുടെയും സംഘപരിവാരത്തിന്റെയും വര്‍ഗീയ ഫാഷിസത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് പടരുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും പൊതുവായി ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സ്വഭാവം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അതിനെക്കാള്‍ ആയിരമായിരം മടങ്ങ് വിഷം പൂണ്ട ഒരു വര്‍ഗീയ കാളകൂടമാണ് സംഘപരിവാരവും ബിജെപിയും ഇന്ത്യന്‍ ജനതയുടെ തലയ്ക്ക് മീതെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയാണ് സംഘപരിവാരത്തിന്റെ മുഖ്യപ്രതിയോഗി. അതാണ് അതിന്റെ ഹിറ്റ്‌ലര്‍-മുസോളനി സ്വപ്‌നങ്ങളുടെ വഴിമുടക്കി. നരേന്ദ്ര മോദി അലക്കി തേച്ച ഒരു കൈകകൊണ്ട് അംബേദ്ക്കറുടെ സ്മാരകം അനാവരണം ചെയ്യുമ്പോള്‍, മറ്റൊരു കരാളഹസ്തം കൊണ്ട് അംബേദ്ക്കര്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടനയുടെയും, പ്രത്യേകിച്ച് അതില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളുടെയും വേരറുക്കുകയാണ്. ഈയിടെ സംഘപരിവാരത്തിന്റെ ഉന്നതാധ്യക്ഷന്‍ താനറിയാതെ ഹൃദയം തുറന്ന്, അധസ്ഥിതരുടെ സംവരണം അവസാനിപ്പിക്കാന്‍ കാലമായി എന്നു പറഞ്ഞത്, ഭരണഘടനയെപ്പറ്റിയുള്ള ഈ ഫാസിസ്റ്റ് വിമ്മിട്ടത്തിന്റെ മുഖങ്ങളിലൊന്നാണ്. സത്യം പറഞ്ഞതിന് അദ്ദേഹത്തെ നമുക്ക് അനുമോദിക്കാം. 

കുല്‍ബര്‍ഗിയെയും പന്‍സാരയെയും ധബോല്‍ക്കറെയും സംഘപരിവാരത്തിന്റെ ഉപോല്‍പ്പന്ന സംവിധാനങ്ങളുടെ കൊലയാളികള്‍ക്ക് നിര്‍ഭയം വധിച്ചപ്പോളും, പശുമാംസം കഴിച്ചു എന്നാരോപിച്ച് ഒരു ഇന്ത്യന്‍ വായുസേനോദ്യോഗസ്ഥന്റെ പിതാവിനെ സംഘപരിവാരാംഗങ്ങള്‍ അടിച്ചു കൊന്നപ്പോഴും നരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗംഭീരമായ മൗനം ലോകമെങ്ങും മാറ്റൊലികൊള്ളുകയായിരുന്നു. സാരമില്ല, നരേന്ദ്ര മോദിക്ക് മറ്റൊന്നും ചെയ്യാനാവില്ല തന്നെ. അദ്ദേഹം താന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുള്ളതുപോലെ, ആദ്യം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനും രണ്ടാമത് ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്. അതുകൊണ്ട് അദ്ദേഹത്തോട് നമുക്ക് ക്ഷമിക്കാം.

സാഹിത്യ അക്കാദമി ഇന്ത്യയില്‍ എഴുത്തുക്കാര്‍ക്കായി നിലകൊളളുന്ന ഒരേയൊരു സ്വയം ഭരണസ്ഥാപനമാണ്. അതിന്റെ എല്ലാ കുറ്റങ്ങളും കുറവുകളും നന്മകളും മനസ്സിലാക്കുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പറഞ്ഞുകൊള്ളട്ടെ, അക്കാദമിയുടെ നടത്തിപ്പ് ഭരണകൂടങ്ങള്‍(ഖജനാവില്‍ നിന്ന് ജനങ്ങളുടെ പണമെടുത്ത്) നല്‍കുന്ന ധനം കൊണ്ടാണെങ്കിലും, അതിന് ആരംഭത്തിലെ നല്‍കപ്പെട്ടതും ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായതുമായ ഒരു സ്വതന്ത്രാവസ്ഥ നിലനിന്നുപോന്നിട്ടുണ്ട്. അക്കാദമിയുടെ തലപ്പത്തെത്തുന്ന എഴുത്തുകാരും-എഴുത്തുകാര്‍ പൊതുവിലും- ആ സ്വാതന്ത്ര്യത്തെ ഇന്ത്യന്‍ ജനതയ്ക്കും ജനാധിപത്യ-മതേതരത്വ മൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആയുധമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് മറ്റൊരു കാര്യം. ഇന്ത്യന്‍ എഴുത്തുകാര്‍ പൊതുവില്‍ പിന്‍വാങ്ങല്‍ ശീലക്കാരാണ്. എന്തുകൊണ്ടെന്ന് ആര്‍ക്കറിയാം?

എല്ലാ രാഷ്ട്രീയ- സാമൂഹിക പ്രശ്‌നങ്ങളിലും സാഹിത്യ അക്കാദമി ഇടപടേണ്ടതില്ല. അങ്ങനെ വ്യവസ്ഥപ്പെടുത്തിയിട്ടുമില്ല. പക്ഷെ എഴുത്തുകാരും ബുദ്ധിജീവികളും-അതും വയോവൃദ്ധന്മാര്‍-കൊല്ലപ്പെട്ടപ്പോള്‍ അക്കാദമി ദുഖത്തിന്റെയും എതിര്‍പ്പിന്റെയും ശബ്ദം ഉടന്‍ ഉയര്‍ത്തേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന്റെ കുറ്റം അക്കാദമിയുടെതു തന്നെയാണ്. നരേന്ദ്ര മോദിയുടെതു പോലുമല്ല. മിണ്ടിപ്പോകരുത് എന്ന് മോദി ഭരണകൂടം അക്കാദമിയോട് ആവശ്യപ്പെട്ടതായി ഇതുവരെ അറിവില്ല. അതേസമയം എഴുത്തുകാരുടെയിടയിലും വര്‍ഗീയ ഫാസിസത്തിനൊപ്പം നിര്‍ലജ്ജം അണിനിരക്കുന്നവര്‍ എത്രപേര്‍! കേരളത്തില്‍ തന്നെ എത്രയെത്ര പേര്‍!

ഒരെുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ എന്നാലവും വിധം വര്‍ഗീയതയ്ക്കും വിവിധ ഫാസിസങ്ങള്‍ക്കും എതിരെ നിലകൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുത്തുകാര്‍ വര്‍ഗീയ ഫാസിസത്തിന്റെ മേച്ചില്‍ സ്ഥലങ്ങളില്‍ മേയുന്നതിനെ വിമര്‍ശിക്കുകയും അതിന് ധാരാളം ശകാരം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇവയെല്ലാം തുടരും.

പുരസ്‌കാരം തിരിച്ചു നല്‍കുകയും അക്കാദമി സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്ത എഴുത്തുകാരോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ പ്രവൃത്തിയും വാക്കും ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ഫാസിസ്റ്റ് ഭീഷണിയിലേക്ക് ലോകശ്രദ്ധ തിരിക്കാന്‍ സഹായിച്ചു. എനിക്ക് രാജിവയ്ക്കാന്‍ അക്കാദമികളില്‍ പദവിയൊന്നുമില്ല. പുരസ്‌കാരം തിരിച്ചു നല്‍കാനും സന്തോഷമാണ്. പക്ഷെ അതിലൊരു സാമാന്യനീതി പ്രശ്‌നം ഞാന്‍ കാണുന്നു. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍-ആവര്‍ത്തിക്കട്ടെ, അവയുടെ എല്ലാ കുറ്റങ്ങളോടും കുറവകളോടും കൂടി- എഴുത്തുകാര്‍ എഴുത്തുകാര്‍ക്ക് നല്‍കിയവയാണ്. ഭരണകൂടങ്ങളുടെ കൈകടത്തല്‍ അവയില്‍ നാമമാത്രമാണ്. എനിക്ക് കേരള-കേന്ദ്ര അക്കാദമി പുരസ്‌കാരങ്ങള്‍ തന്നത് അതത് സമയത്തുണ്ടായിരുന്ന എഴുത്തുകാരുടെ കമ്മറ്റികളാണ്. ഞാനും അത്തരം കമ്മറ്റിയില്‍ പങ്കെടുത്തിട്ടുണ്ട്. എഴുത്തുകാര്‍ തമ്മിലുള്ള സാധാരണ കുശുകുശുക്കലുകളും മുറുമുറുക്കലുകളുമില്ലാതെ ബാഹ്യമായ ഒരിടപെടലും അവിടെ ഉണ്ടായിട്ടില്ല. പുരസ്‌കാരത്തുക ജനങ്ങളുടെ കീശയില്‍ നിന്ന് സര്‍ക്കാര്‍ എടുത്തതാണ്. അതിനാല്‍ ജനങ്ങള്‍ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അവരുടെ സംഭാവന കൊണ്ടാണ് അക്കാദമികളും പുരസ്‌കാരങ്ങളും നിലനില്‍ക്കുന്നത്. അങ്ങനെ ആലോചിക്കുമ്പോള്‍, എന്നില്‍ വിശ്വാസമര്‍പ്പിച്ച് പുരസ്‌കാരം നല്‍കിയ എഴുത്തുകാരുടെ സമൂഹത്തെയും അതിന് പിന്നിലെ നിശബ്ദ പൗരസമൂഹത്തെയും മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എന്റെ പ്രതിഷേധമറിയിക്കുവാന്‍ മുന്‍നിര്‍ത്തേണ്ടതില്ല എന്നു തോന്നുന്നു. മാത്രമല്ല, അക്കാദമികള്‍ ഭരണകൂടത്തിന്റെ ഭാഗമാണ് എന്നൊരു തെറ്റിദ്ധാരണയ്ക്കിടം കൊടുക്കാതിരിക്കേണ്ടതുണ്ട്. എന്റെ ഈ വ്യക്തിപരമായ അഭിപ്രായത്തിന്റെ അര്‍ത്ഥം പുരസ്‌കാരം തിരിച്ചു നല്‍കിയ സുഹൃത്തുക്കള്‍ തെറ്റ് ചെയ്തുവെന്നല്ല, മറിച്ച് അവരുടെ പ്രതികരണം മോദിയും സംഘ പരിവാറും ചേര്‍ന്ന് ഇന്ത്യക്ക് നേരെ ഓങ്ങുന്ന വര്‍ഗീയ ഫാസിസ്റ്റ് ഖഡ്ഗത്തെ ജനങ്ങള്‍ക്ക് കുറെക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ സഹായിച്ചു എന്നു തന്നെയാണ്.

പുരസ്‌കാരം തിരിച്ചു നല്‍കുന്നതിലേറെ, വര്‍ഗ്ഗീയതകള്‍ക്കും ഫാസിസങ്ങള്‍ക്കുമെതിരെ നിലനിര്‍ത്തിപോന്നിട്ടുള്ള നിലപാടുകള്‍ എഴുത്തിലൂടെയും വാക്കിലൂടെയും തുടര്‍ന്നു പോരാടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എഴുത്തുകാര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും അപകടത്തിലാണ് എന്നതാണ് വാസ്തവം. ആ ഓര്‍മ്മയോടെ നമുക്ക് ഈ ഭീകരാവസ്ഥയെ നേരിടാം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍