UPDATES

സിനിമ

പൃഥ്വിരാജ് ചിത്രങ്ങളുടെ വിജയത്തുടര്‍ച്ചയായിരിക്കും പാവാട

Avatar

ഷഫീദ് ഷെറീഫ്/ ജി മാര്‍ത്താണ്ഡന്‍

പാവാട; പേര് കൊണ്ടു തന്നെ പ്രേക്ഷകനില്‍ ആകാംക്ഷയുണര്‍ത്തുന്ന തന്റെ മൂന്നാമത്തെ സിനിമയുമായി പ്രേക്ഷകനു മുന്നില്‍ എത്തുകയാണ് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍. ഇത്തവണ മലയാള സിനിമയിലെ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നായകന്‍ പൃഥ്വിരാജും. മാര്‍ത്താണ്ഡന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി മാറും പാവട എന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷയോടെ ജി മാര്‍ത്തണ്ഡന്‍ സംസാരിക്കുന്നു.

കഥയാണ് പാവാടയെ വ്യത്യസ്തമാക്കുന്നത്
ശക്തമായൊരു കഥ ഈ സിനിമയ്ക്ക് പിന്നിലുണ്ട്. തീര്‍ച്ചയായും ഇത് മുന്‍പ് പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണ്. വ്യത്യസ്തമായൊരു തലത്തില്‍ ഈ കഥ അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതൊരു മുന്‍മാതൃകകളില്ലാത്ത സിനിമ തന്നെയായിരിക്കും. നര്‍മമുണ്ട്. എന്നാല്‍ കോമഡിക്കുവേണ്ടി ഉണ്ടാക്കിയ കോമഡിയല്ലത്. അതേസമയം ശക്തമായ ഇമോഷണല്‍ ട്രാക്കും സിനിമയിലുണ്ട്. ഒരു സിനിമ വെറും കാഴ്ച്ചാനുഭവം മാത്രമാകുമ്പോളാണ് അത് ശ്രദ്ധേയമാകാതെ പോകുന്നത്. പാവാട പ്രേക്ഷകന്റെ മനസില്‍ കൊള്ളുന്നൊരു ചിത്രം തന്നെയായിരിക്കും.

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രം
പാമ്പ് ജോയി എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. പേര് പോലെ തന്നെ ഈ കഥാപാത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അദ്ദേഹം ഇതിനു മുമ്പ് ചെയ്ത കഥാപാത്രങ്ങള്‍പോലെ തന്നെ പാമ്പ് ജോയിയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുമെന്ന് തീര്‍ച്ച. ഹ്യൂമറും സെന്റിമെന്റ്‌സും അനായസതോടെയാണ് പൃഥ്വി കൈകാര്യം ചെയ്യുന്നത്. പൃഥിരാജ് ഹ്യൂമര്‍ ചെയ്യുന്നതില്‍ പിറകിലാണ് എന്ന വിമര്‍ശനം ഈ ചിത്രം തിരുത്തുമെന്ന് ഉറപ്പാണ്. തീര്‍ച്ചയായും ഈ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ഒന്നായിരിക്കും. ഈ ചിത്രത്തിലൂടെ അദ്ദേഹം തന്റെ വിജയം തുടരുക തന്നെ ചെയ്യും

പൃഥിയെ കൂടാതെ അനൂപ് മേനോനും ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് നൂറുശതമാനം തന്റെ കഥാപാത്രത്തെ മികവുറ്റതാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ മണിയന്‍ പിള്ള രാജൂ, നെടുമുടി വേണു, ബിജു മേനോന്‍, മിയ, ആശ ശരത്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍ എന്നിവരും പാവടയെ മികച്ചൊരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാക്കി തീര്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്.

മണിയന്‍ പിള്ള രാജു എന്ന നിര്‍മാതാവ്
രാജുവേട്ടന്‍ നിര്‍മിക്കുന്ന പത്താമത്തെ ചിത്രമാണ് പാവാട. പ്രിയദര്‍ശന്‍, വേണു നാഗവള്ളി, അന്‍വര്‍ റഷീദ് എന്നിങ്ങനെ സിനിമയിലെ പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് അദ്ദേഹം. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഏയ് ഓട്ടോ, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് തന്നെ എനിക്കുവേണ്ടി ഒരു സിനിമ എടുക്കുന്നു എന്നത് വലിയ ഭാഗ്യമായാണ് കാണുകയാണ്. രാജുവേട്ടന്‍ നിര്‍മിക്കുന്ന ചിത്രം പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളുടെ അനുഭവത്തില്‍ നിന്ന് പ്രേക്ഷകര്‍ക്കിടയില്‍ വിശ്വാസമുണ്ട്. എന്നെ ഒരുപാട് സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്ത വ്യക്തിയാണ് രാജുവേട്ടന്‍. രാജുവേട്ടനെപ്പോലൊരു നിര്‍മാതാവിന്റെ പിന്തുണയാണ് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ സഹായം. പാവാട മറ്റു മണിയന്‍പിള്ള രാജു സിനിമകള്‍ പോലെ തന്നെ ജനങ്ങള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

ജയസൂര്യയുടെ പാട്ട്
ജയസൂര്യയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. എത്ര മനോഹരമായാണ് ജയന്‍ ഈ സിനിമയില്‍ ഒരു ഗാനം പാടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ തന്നെ ആ ഗാനം ഹിറ്റായി മാറിയിരിക്കുകയാണ്. ഈ സിനിമയെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കാനുള്ളൊരു കാരണമായി ആ ഗാനം മാറിയിട്ടുണ്ട്.

നവാഗതനായ എബി ടോം സിറിയക്കാണ് പാവയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗോപീ സുന്ദര്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. കാമാറ പ്രദീപ് നായരും എഡിറ്റിംഗ് ജോണ്‍ കുട്ടിയും.

( മാധ്യമ വിദ്യാര്‍ത്ഥിയാണ് ഷെഫീദ് ഷെരീഫ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍