UPDATES

ട്രെന്‍ഡിങ്ങ്

പരിശീലകനെ നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും

തങ്ങളുടെ സേവനം സൗജന്യമായി നല്‍കാനാകില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് പ്രതിഫലം വേണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണു ആവശ്യപ്പെട്ടു. ഇന്ത്യയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ മൂന്ന് പേരും ഓവലില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് ശേഷം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ബിസിസിഐ സിഇഒ രാഹുല്‍ ജോറിയെ അറിയിച്ചത്. തങ്ങളുടെ സേവനം സൗജന്യമായി നല്‍കാനാകില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

ജോറി ഈ വിവരം സുപ്രിംകോടതി നിയോഗിച്ച ഭരണസമിതിയെ അറിയിച്ചതായാണ് സൂചന. ഭരണ സമിതിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ബിഗ് ത്രീ’ എന്നറിയപ്പെടുന്ന സച്ചിന്‍, ഗാംഗുലി, ലക്ഷമണ്‍ ത്രയങ്ങളുടെ ആവശ്യം പരിഗണിക്കേണ്ടത്. ഭരണസമിതിയുടെ തീരുമാനം കാത്തിരിക്കുകയാണെങ്കിലും ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ ബിസിസിഐ തയ്യാറാകില്ലെന്നാണ് വിവരം. ബിസിസിഐയുടെ മറ്റ് കമ്മിറ്റികളിലെ അംഗങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നില്ല. ബിസിസിഐ ഇക്കാര്യത്തില്‍ ഉപദേശക സമിതിയ്ക്ക് മാത്രമായി ഒരു ഒഴിവ് നല്‍കാന്‍ സാധ്യതയില്ല.

ബംഗാള്‍ ക്രിക്കറ്റ് അസോസിയെഷന്‍ പ്രസിഡന്റ് കൂടിയായ ഗാംഗുലിയും ലക്ഷ്മണും ബിസിസിഐയുമായി കരാറുള്ള കമന്റേറ്റര്‍മാരുമാണ്. 2015ല്‍ ബിസിസിഐ അധ്യക്ഷനായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയാണ് ആദ്യമായി ക്രിക്കറ്റ് ഉപദേശക സമിതി രൂപീകരിച്ചത്. മാസങ്ങള്‍ക്കകം തന്നെ അംഗങ്ങളിലൊരാള്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹത്വം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഈ സമിതിയെന്നും മീറ്റിംഗുള്ള ദിവസങ്ങളിലെ താമസസൗകര്യവും ദിനബത്തയും കാറും മാത്രമേ അംഗങ്ങള്‍ക്ക് നല്‍കാനാകൂവെന്നുമായിരുന്നു ബിസിസിഐയുടെ മറുപടി.

ക്രിക്കറ്റില്‍ നിന്നും ധാരാളം സമ്പാദിച്ചവര്‍ ഇന്ത്യന്‍ കിക്കറ്റിന് എന്തെങ്കിലും മടക്കി നല്‍കുകയെന്നത് സ്തുത്യര്‍ഹമായ കാര്യമാണെന്ന് അന്നത്തെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരുകാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന കായിക താരങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും കോച്ചിനെ തെരഞ്ഞെടുക്കാന്‍ പ്രതിഫലം ചോദിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍