UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐ നേതാവിന്റെ പേര് പറഞ്ഞ് പണത്തിനായി സമീപിച്ചിരുന്നു: ബനറ്റ് എബ്രഹം

അഴിമുഖം പ്രതിനിധി

സിപിഐക്കാര്‍ ചെയ്തു തന്ന എല്ലാ ഉപകാരങ്ങള്‍ക്കും നന്ദി, കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്തെ തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ ബനറ്റ് എബ്രഹാം പറയുന്നു. ബനറ്റ് പണം നല്‍കിയാണ് സിപിഐയില്‍ നിന്നും സീറ്റ് വാങ്ങിയത് എന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അന്ന് വിവാദത്തിലായിരുന്നു.

സിപിഐയിലെ ഒരു ജില്ലാ നേതാവിന്റെ പേര് പറഞ്ഞ് രണ്ട് പേര്‍ തന്നെ സമീപിച്ച് വലിയൊരു തുക ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. എന്നാല്‍ താന്‍ പണം നല്‍കിയില്ലെന്നും പണം നല്‍കി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന്‌ പറഞ്ഞ് തിരിച്ചയച്ചുവെന്നും ബനറ്റ് വെളിപ്പെടുത്തുന്നു. എന്നാല്‍ ആ നേതാവ് അറിഞ്ഞാണോ പണം വാങ്ങാന്‍ ആളെത്തിയതെന്ന് ഉറപ്പില്ലാത്തതിനാല്‍ നേതാവിന്റെ പേര് ബനറ്റ് പറയുന്നില്ല.

തന്റേത് പേയ്‌മെന്റ് സീറ്റാണെന്ന് മലയാളമനോരമയില്‍ വന്ന വാര്‍ത്ത പ്ലാന്റഡ് വാര്‍ത്തയാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ആ ആരോപണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ മുതലെടുത്തു. നാടാര്‍ വോട്ടുകളില്‍ 50 ശതമാനം ലഭിച്ചപ്പോള്‍ പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായും തനിക്ക് ലഭിച്ചുവെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ചെയ്യരുതാത്തതൊന്നും രാഷ്ട്രീയത്തിന് ചേരാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഇത് എല്ലാ നേതാക്കന്‍മാര്‍ക്കും അറിയാമെന്നും ബനറ്റ് പറയുന്നു. എന്നാല്‍ ഇത് അറിയില്ലെന്ന് നേതാക്കള്‍ നടിച്ചാല്‍ അതിന് പിന്നിലെന്തോ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ തുറന്നു പറയാന്‍ സിപിഐ എന്തുകൊണ്ട് തയ്യാറാകുന്നില്ല, എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

താന്‍ അപമാനിതനായെന്നും അവര്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം വിലപിക്കുന്നുണ്ട്. വിവാദമുയര്‍ന്നപ്പോള്‍ അവര്‍ തന്നെ വഴിയിലിട്ടു പോയതില്‍ സങ്കടമുണ്ട്.

അന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ബനറ്റിനെ എംഎന്‍ സ്മാരകത്തിലേക്ക് വിളിപ്പിച്ചാണ് ടിക്കറ്റ് ഓഫര്‍ ചെയ്തതെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. അതിനു മുമ്പ് ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയും പരിഗണിച്ചാല്‍ മത്സരിക്കുമോയെന്ന് ആരാഞ്ഞിരുന്നു. താന്‍ മത്സരിക്കുന്നതില്‍ സഭയുടെ പിന്തുണയുണ്ടായിരുന്നുവെന്നും നാടാര്‍ രാഷ്ട്രീയം തന്നെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദത്തെ തുടര്‍ന്ന് വെഞ്ഞാറമൂട് ശശി സിപിഐയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍