UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലോത്സവം: പിണക്കം തീര്‍ന്നു; ഈ ഊട്ടുപുരവിട്ട് പോകാന്‍ പഴയിടത്തിന് കഴിയില്ല

Avatar

വിഷ്ണു എസ് വിജയന്‍

“ഇനി ഒരു കലോത്സവ വേദിയിലും നിങ്ങളെന്നെക്കാണില്ല. മടുത്തു ഈ അവഗണന. പണത്തിനുവേണ്ടിയല്ല ഇക്കഴിഞ്ഞ പത്തു വര്‍ഷവും ഞാനീ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യാനെത്തിയത്. ഇനി പണത്തിന്റെ കാര്യ പറഞ്ഞാല്‍, നിങ്ങള്‍ക്കറിയുമോ 45ലക്ഷം കടക്കാരനാണ് ഞാന്‍. കഴിഞ്ഞ പത്തു വര്‍ഷമായി സംസ്ഥാനത്തെ കുട്ടികളുടെ കലാ-കായികമേളകള്‍ക്ക് ഭക്ഷണമൊരുക്കിയതിന്റെ പേരില്‍മാത്രം!” 

കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസില്‍ നിന്ന് ഇവിടുത്തെ പാചകക്കാരെ മുഴുവന്‍ നിഷ്‌കരുണം അവഗണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് കലോത്സവ വേദിയില്‍ വെച്ച് പഴയിടം മോഹനന്‍ നമ്പൂതിരി  ഇങ്ങനെ പൊട്ടിത്തെറിച്ചത്. 

എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലേതു പോലെ തന്നെ കൗമാരപ്രതിഭകളുടെ കേളിവസന്തത്തിന് രുചി പകരുവാന്‍ കേരള പാചക കലയുടെ തമ്പുരാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി 56മത് സ്‌കൂള്‍ കലോത്സവ വേദിയായ തലസ്ഥാന നഗരിയിലും തന്റെ പാചകപ്പുര ഉയര്‍ത്തിക്കഴിഞ്ഞു. ഇതുവരെയുള്ള കലോത്സവ അനുഭവങ്ങളും വിശേഷങ്ങളും പഴയിടം അഴിമുഖത്തിനോട് പങ്കുവെക്കുന്നു…

പതിനൊന്നാം വര്‍ഷവും കലോത്സവ നഗരിയിലേക്ക് 
കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിന് ശേഷം ഇപ്രാവശ്യം പങ്കെടുക്കേണ്ട എന്നായിരുന്നു തീരുമാനം. മാനസികമായി ചില കാര്യങ്ങളില്‍ ഉണ്ടായ വേദനയായിരുന്നു അതിനു കാരണം. പങ്കെടുക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നുമില്ല. എന്നാല്‍ സംഘാടകരുടെ നിരന്തരമായ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു ഇപ്രാവശ്യവും. 

തയ്യാറെടുപ്പുകള്‍ 
എല്ലാ തവണയെയും പോലെ ഇപ്രാവശ്യവും നാല് നേരം ഭക്ഷണം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി. സംഘാടകരുടെ ഭാഗത്തു നിന്നും വളരെ നല്ല സഹകരണം ലഭിച്ചതുകൊണ്ട് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 90 പാചകക്കാരും പിന്നെ സഹായികളും എല്ലാംകൂടി 110 പേരടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്. എല്ലാവരും തന്നെ വലിയ ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറവായിരിക്കാനാണ് സാധ്യത. കാരണം വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തലസ്ഥാന ജില്ലയില്‍ പങ്കാളിത്തം കുറവായിരിക്കും. അനുഭവങ്ങളില്‍ നിന്നുള്ള അനുമാനമാണ്. 

ദിവസേന 8000 പേര്‍ക്ക് പ്രഭാതഭക്ഷണവും, 15000 പേര്‍ക്കുള്ള ഉച്ച ഭക്ഷണവും വൈകുന്നേരം 7000 പേര്‍ക്കുള്ള ഭക്ഷണവും ഉള്‍പ്പെടെ 30000 പേര്‍ക്കുള്ള ആഹാരം ഒരുക്കാനാണ് തീരുമാനം.

ദിവസേന 1000 ലിറ്റര്‍ പായസം 
കഴിഞ്ഞ തവണത്തേതു പോലെ ഓരോദിവസവും പായസം ഉണ്ടാകും. ഒരു ദിവസം 1000 ലിറ്റര്‍ പായസം ഉണ്ടാക്കും. ചിലപ്പോള്‍ അതില്‍ക്കൂടുതലും വേണ്ടി വരും. എല്ലാവരും കൂടുതല്‍ ആഗ്രഹിക്കുന്നത് പായസം കഴിക്കാനാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ കുട്ടികളുടെ മനസും വയറും നിറയുന്ന പായസ വിഭവങ്ങള്‍ പ്രതീക്ഷിക്കാം. 

പണത്തിനപ്പുറം പാചകത്തിനൊരു മൂല്യമുണ്ട്. ഞാന്‍ അതിലാണ് വിസ്വസിക്കുന്നത്. കഴിവതും എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനാണ് ശ്രമം. സര്‍ക്കസ് കൂടാരം ഒരുക്കുന്നതിലും കഷ്ടമാണ് ഇതുപോലുള്ള വലിയ പരിപാടികളില്‍ ഭക്ഷണമൊരുക്കുക എന്നത്. ഒരേസമയം കുറേ മനുഷ്യര്‍ തീയിലും പുകയിലും പെടാപ്പാടുപെടുന്നത് പണത്തിനു വേണ്ടി മാത്രമല്ല. സദ്യ ഉണ്ടയാളുടെ മുഖത്തുണ്ടാകുന്ന സന്തോഷമാണ് നമുക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം. പ്രതേകിച്ചു കുട്ടികളുടെ സന്തോഷം.

കലയുടെ വേദി കലാപവേദി ആക്കരുത്
ഈ വര്‍ഷം അഞ്ചു റവന്യു കലോത്സവങ്ങള്‍ക്ക് സദ്യ ഒരുക്കിയതിനു ശേഷമാണ് ഞാന്‍ ഇങ്ങോട്ടേക്കെത്തുന്നത്. അവിടെയെല്ലാം കണ്ടത് കലയുടെ മേളയല്ല പണക്കൊഴുപ്പ് കൊണ്ടുണ്ടായ കലാപ മേളകള്‍ ആണ്. നമ്മുടെ കലോത്സവങ്ങളില്‍ ജൂറിയുടെയും രക്ഷകര്‍ത്താക്കളുടെയും തമ്മില്‍ത്തല്ല് സ്ഥിരം കാഴ്ച്ചയാണ്. എന്തിനാണിങ്ങനെ തമ്മില്‍ത്തല്ലുന്നത് കഴിവുള്ളവര്‍ക്കല്ലേ ഒന്നാം സ്ഥാനം കൊടുക്കേണ്ടതുള്ളൂ. മക്കള്‍ക്ക് ഒന്നാം സ്ഥാനം കിട്ടിയേ അടങ്ങു എന്ന വാശിയില്‍ മാതാപിതാക്കള്‍ തുനിഞ്ഞിറങ്ങുകയാണ്. കേവലം പൊങ്ങച്ചത്തിന് വേണ്ടി അവര്‍ മനപൂര്‍വ്വം നശിപ്പിക്കുന്നത് കലാപ്രതിഭയുള്ള മറ്റുകുട്ടികളുടെ ഭാവിയാണ്. സത്യം പറഞ്ഞാല്‍ കലോത്സവ വേദികളിലെ ഈ കിടമത്സരം കണ്ടു മടുത്തിരിക്കുന്നു. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം ഉണ്ടാകുന്നത്? അത്തരമൊരു മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ പ്രതിഭയുള്ള കുട്ടികളോട് നമ്മള്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും അത്.

പാചകവേദിയിലെ രുചിക്കൂട്ടുകളെക്കുറിച്ചു മാത്രമല്ല, ഇത്ര വര്‍ഷത്തെ അനുഭവസമ്പത്തുകൊണ്ട് കലാമേളകളുടെ വേദിയിലെ അരുചികളെക്കുറിച്ചും പഴയിടം നമ്പൂതിരി തികച്ചും ബോധവാനാണ്. മികച്ചൊരു പാചകക്കാരന്‍ എന്നതിനേക്കാള്‍ നല്ലൊരു കലാസ്വാദകന്‍ കൂടിയാണ് പഴയിടമെന്ന് അദ്ദേഹത്തെ ഒരിക്കലെങ്കിലും അടുത്തറിഞ്ഞ ഏതൊരാള്‍ക്കും അറിയാം. അതുകൊണ്ടാണ് കലോത്സവ വേദികള്‍ മാറിയാലും പാചകപ്പുരയില്‍ പഴയിടം തന്നെ വേണമെന്ന വാശി സംഘാടകര്‍ കൊണ്ടു നടക്കുന്നത്. ഇനിയുള്ള ഏഴു ദിനങ്ങള്‍ കലോത്സവനഗരിയിലെത്തുന്നവരുടെ മനസും വയറും നിറച്ച് പാചക കലയുടെ തമ്പുരാന്‍ ഇവിടെതന്നെയുണ്ടാകും കലോത്സവം കഴിഞ്ഞാലും തിരക്കുകള്‍ കുറയുന്നില്ല . സമാപനദിവസം രാത്രിതന്നെ കോഴിക്കോട്ടേക്ക് തിരിക്കണം, ദേശിയ കായിക മേളയ്ക്ക് സദ്യ ഒരുക്കാന്‍…..

( അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍