UPDATES

കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇല്ലാത്ത വേവലാതി യുഡിഎഫിന് എന്തിനാ? പിസി ജോര്‍ജ്

“ഒരു മെഡിക്കല്‍ കോളേജ് നടത്താന്‍ ആവശ്യമായ പണം വിദ്യാര്‍ഥികള്‍ കൊടുത്താല്‍ മാത്രമേ മെഡിക്കല്‍ കോളേജുകള്‍ നടത്താന്‍ കഴിയുകയുള്ളൂ. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികളോ, അവരുടെ രക്ഷിതാക്കളോ ഫീസ്‌ അധികരിച്ചു പോയി എന്ന് പരാതി പറയാത്തിടത്തോളം കാലം ഈ സമരത്തിന് വലിയ പ്രസക്തി ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം  പണം കൊടുക്കുന്നു എന്ന് പറയുന്ന ആളുകള്‍ ആന്ധ്രയിലും കര്‍ണ്ണാടകത്തിലും ഒക്കെ ഉള്ള സ്വാശ്രയ കോളേജുകളില്‍ കോടികള്‍ മുടക്കി അഡ്മിഷന്‍ വാങ്ങിക്കും. പിന്നെ ഇവിടെ ഈ വഴക്കുണ്ടാക്കുന്നതിന്റെ അര്‍ത്ഥം എന്താണ്?” പി സി ജോര്‍ജ്ജ് പറഞ്ഞു. യു ഡി എഫ് നടത്തുന്ന സ്വാശ്രയ കോളേജ് സമരവുമായി ബന്ധപ്പെട്ട് അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്. 

“പുല്‍ത്തുമ്പില്‍ പിടിച്ചു കൊണ്ടുള്ള യുഡിഎഫിന്‍റെ ആട്ടമായി മാത്രമേ ഞാനീ സമരത്തെ കാണുന്നുള്ളൂ. കാരണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മെറിറ്റില്‍ അഡ്മിഷന്‍ നടന്നത് ഈ വര്‍ഷമാണ്‌. ആ നിലയ്ക്ക് ഇങ്ങനെ സമരം ചെയ്യുന്നത്  എന്തിനാ? കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇല്ലാത്ത വേവലാതി യുഡിഎഫിന് എന്തിനാ? തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലേയും ഒക്കെ സ്വാശ്രയ മാനേജ്മെന്റ് മുതലാളിമാരുടെ ആളുകള്‍ ആയിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ആളുകള്‍ സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? അങ്ങനെ ഒരു ആരോപണം നിലവിലുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ആണ്. അതും സര്‍ക്കാര്‍ അന്വേഷണ വിധേയമാക്കണം എന്നാണ് എന്‍റെ അഭിപ്രായം.” പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. 

“മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സംസാരിച്ച ശൈലി തീരെ ശരിയായില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ സൗമ്യമായിട്ടുള്ള ഭാഷ കൈകാര്യം ചെയ്യുന്നതാണ്‌ നല്ലത് എന്നാണ്  എന്‍റെ അഭിപ്രായം. മുഖ്യമന്ത്രിയുടെ  ഭാഷ അല്ല, പകരം അതൊരു പിണറായി ശൈലി ആയിപ്പോയി. അത് വേണ്ടായിരുന്നു.” പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍