UPDATES

നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് മുന്‍ ഡിജിപി കൃഷ്ണ മൂര്‍ത്തി; പി സി ജോര്‍ജിന്റെ തെളിവുകള്‍ പുറത്ത്

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് കൊലക്കേസില്‍ നിന്ന് നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത്ത് മുന്‍ ഡിജിപി എം എന്‍ കൃഷ്ണ മൂര്‍ത്തി. ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ തെളിവിലാണ് ഈ വിവരമുള്ളത്. ഡിജിപി ബാലസുബ്രഹ്മണ്യത്തിനുവേണ്ടിയാണ് കൃഷ്ണ മൂര്‍ത്തി സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിനോട് നിസാമിനെതിരെ കടുത്ത നടപടികളൊന്നും എടുക്കരുതെന്ന് ശുപാര്‍ശ ചെയ്തത്. നിസാം നമ്മുടെ ആളാണെന്ന് അറിയാമല്ലോ, ഡിജിപിക്ക് പ്രത്യേക താല്‍പര്യമുള്ള ആളാണ്, കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്നുമൊക്കെയാണ് കൃഷ്ണ മൂര്‍ത്തി ജേക്കബ് ജോബിനോട് പറയുന്നത്. ഇരുവരും തമ്മിലുള്ള 40 മിനിട്ടോളം നീളുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡും ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തെളിവുകളടങ്ങിയ സിഡിയും ഡിജിപിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പരാമര്‍ശിക്കുന്ന കത്തുമാണ് പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

നിസാമിന്റെ കേസില്‍ മാത്രമല്ല മറ്റ് പല കേസുകളില്‍ ഡിജിപി അവിഹിതമായി ഇടപെട്ടിട്ടുണ്ടെന്നും പി സി ജോര്‍ജ് പറയുന്നുണ്ട്. രണ്ട് കോടിയുടെ തട്ടിപ്പു കേസിലും ഡിജിപി ഇടപെട്ടതായി ജോര്‍ജ് നല്‍കിയ തെളിവുകളില്‍ പറയുന്നുണ്ട്.തൃശൂരിലെ പ്രമുഖ വസ്ത്ര-സ്വര്‍ണ വ്യാപാര സ്ഥാപനമായും ഡിജിപി അടുത്ത ബന്ധമുണ്ടെന്നാണ് ജോര്‍ജ് പറയുന്നത്. ബാലസുബ്രഹ്മണ്യം തൃശൂരില്‍ ഈ വ്യാപാരസ്ഥാപനത്തിന്റെ അതിഥിയായി താമസിച്ചിട്ടുണ്ടെന്നും അതെന്തിനാണെന്ന് അന്വേഷിക്കണമെന്നും ജോര്‍ജ് പറയുന്നു. ഈ വസ്ത്ര-സ്വര്‍ണ വ്യാപാരിയുമായി അടുത്ത ബന്ധമുള്ള വൈദീശ്വരന്‍ എന്ന ചാര്‍ട്ടേഡ് അകൗണ്ട് ഇടനിലക്കാരനായ രണ്ടുകോടിയുടെ തട്ടിപ്പു കേസില്‍ നിന്ന് അയാളെ രക്ഷിക്കാനും ബാലസുബ്രഹ്മണ്യം ജേക്കബ് ജോബിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഡിജിപി തന്റെ ഇതുവരെയുള്ള ഔദ്യോഗികജീവിതത്തില്‍ ഒരഴിമതിയും ഇതുവരെ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. വ്യാജ തെളിവുകളാണ് തനിക്കെതിരെ പുറത്തുവിട്ടിരിക്കുന്നതെന്നാണ് മുന്‍ ഡിജിപി കൃഷ്ണ മൂര്‍ത്തി പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍