UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടി മാത്രം; പി സി ജോര്‍ജ്ജെന്ന ഇരട്ടക്കുഴല്‍ തോക്ക്

Avatar

അഴിമുഖം പ്രതിനിധി

സത്യത്തില്‍ ഇതിനെ ജോര്‍ജ്ജിന്റെ പുസ്തകം എന്നോ ജോര്‍ജ്ജിന്റെ വചനമെന്നോ വിളിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, പുസ്തകമായാലും വചനമായാലും ഇതൊരു ഇരട്ടക്കുഴല്‍ തോക്കു തന്നെയാണ്. കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളും തുടര്‍ചലനങ്ങളും സൃഷ്ടിക്കാന്‍ പോകുന്നതാണ് ജോര്‍ജ്ജിന്റെ വലിയ വായ ആകുന്ന തോക്കിലൂടെ ഇന്നിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ അധിക പങ്കും പിണറായി വിജയനേയും കാഞ്ഞിരപ്പള്ളി സഭയേയും ലക്ഷ്യം വച്ചുള്ളതാകയാല്‍ ഏതെങ്കിലും ഒരു പക്ഷി വീഴും എന്ന പ്രത്യാശ ജോര്‍ജ്ജ് കാത്തുവയ്ക്കുന്നുണ്ട്.

അതാകട്ടെ കാഞ്ഞിരപ്പള്ളി പിതാവ് കനിഞ്ഞ് എല്‍ഡിഎഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റ് തനിക്കു തന്നെ തിരിച്ചു കിട്ടുമെന്നതിലല്ല മറിച്ച് പൂഞ്ഞാറില്‍ തനിക്കൊപ്പം നില്‍ക്കുന്ന നസ്രാണി സമൂഹമാകെ ഒരു വൃത്തികെട്ട ബാന്ധവത്തിന്റെ കഥയറിഞ്ഞ് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന സ്വപ്‌നത്തിന്റെ ഭാഗം കൂടിയാണ്.

ജോര്‍ജ്ജിന്റെ പതിവ് ആയുധം തന്നെയാണ് ഇക്കുറിയും പുറത്തുവന്നിരിക്കുന്നത്. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ജോര്‍ജ്ജിന്റെ നാവ്. ജോര്‍ജ്ജ് ഇന്നിപ്പോള്‍ പറഞ്ഞിരിക്കുന്നത് പേയ്‌മെന്റ് തീരുമാനമാണ് എല്‍ഡിഎഫ് നടപ്പിലാക്കിയിരിക്കുന്നത് എന്നാണ്. പിസി ജോര്‍ജ്ജ് രണ്ട് വലിയ കാര്യങ്ങളാണ് വലിച്ചിട്ടിരിക്കുന്നത്. ഒന്ന് പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന സൗഹാര്‍ദ്ദ സോഷ്യലിസവും മറ്റൊന്ന് പള്ളിക്കമ്മറ്റികളുടെ ആക്രാന്തവുമാണ്.

സ്വന്തം മണ്ഡലത്തില്‍ പള്ളി എതിര്‍ത്തതിനെ തുടര്‍ന്ന് പാതി രാത്രിയില്‍ ജെസിബി കൊണ്ടു വന്ന് കുരിശടി തകര്‍ത്ത തന്നെ പള്ളിക്ക് അത്ര ഇഷ്ടമല്ലെന്ന് ജോര്‍ജ്ജിന് നന്നായി അറിയാം. കല്ലറയ്ക്കല്‍ പിതാവും ഫാരീസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനും ഒക്കെയാണ് സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത് എന്ന് പിസി ജോര്‍ജ്ജ് പറയുന്നത് കുറിക്കു കൊള്ളുന്ന വര്‍ത്തമാനങ്ങളാണ്. എന്നാല്‍ എത്ര കണ്ട് ജോര്‍ജ്ജിനേയും ജോര്‍ജ്ജിന്റെ ഉന്നം പിഴയ്ക്കായ്മയേയും വോട്ടര്‍മാര്‍ അംഗീകരിക്കും എന്നതിന്റെ തീര്‍പ്പ് ഉടനെ തന്നെ നടക്കും.

എങ്കിലും ജോര്‍ജ്ജ് തുറന്നുവിട്ട ഭൂതം കുറച്ചു കാലമെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളേയും എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഐഎമ്മിനേയും വേട്ടയാടി കൊണ്ടിരിക്കും.

നിലവില്‍ ജോര്‍ജ്ജ് നടത്തിയിട്ടുള്ള ആക്രമണത്തെ സിപിഐഎമ്മിനും എല്‍ഡിഎഫിനും ചിരിച്ചു തള്ളാനുള്ളതേയുള്ളൂ. ജോര്‍ജ്ജ് എക്കാലത്തും കഴുത്തിലിരുന്ന് ചെവി കടിക്കുന്ന ആളാണെന്ന ന്യായവും അവര്‍ക്കുണ്ടാകും. എന്നാല്‍ ചിന്തിക്കുന്ന യുവതലമുറയും സിപിഐഎമ്മിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടങ്ങളില്‍ വരുന്ന അപചയങ്ങള്‍ തിരിച്ചറിയും എന്ന കാര്യം അവര്‍ വൈകിയെങ്കിലും തിരിച്ചറിയുമെന്ന പ്രത്യാശ പല സഖാക്കളും പങ്കുവയ്ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍