UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളിച്ചു കളിച്ചു ‘പൂഞ്ഞാര്‍ പുലി’ പെരുവഴിയിലോ?

Avatar

അഴിമുഖം പ്രതിനിധി

അതിമോഹം പോലെ വിനാശകാരിയാണ് അമിതാവേശവും എടുത്തുചാട്ടവും. കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജ്ജിന്റെ കാര്യം തന്നെ എടുക്കുക. കളിച്ചു കളിച്ചു ജോര്‍ജ്ജിപ്പോള്‍ ഏതാണ്ട് കളിക്കളത്തിന് പുറത്തായ അവസ്ഥയിലാണ്. സ്വന്തമായിരുന്ന പാര്‍ട്ടിയെ ഇടതു തൊഴുത്തില്‍ നിന്നും അഴിച്ച് മാണി പാര്‍ട്ടിയുടേയും അതുവഴി യുഡിഎഫിന്റേയും തൊഴുത്തില്‍ ചെന്ന് കെട്ടിയ പൂഞ്ഞാര്‍ പുലി സത്യത്തിലിപ്പോള്‍ പെരുവഴിയിലാണ്.

പഴയ ഇടതുബാന്ധവം പുതുക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ട് വിജയം കണ്ടു എന്ന് കരുതിയിരിക്കുമ്പോഴാണ് ജോര്‍ജ്ജിന്റെ തട്ടകമായ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇക്കുറി അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഇടതു മുന്നണി തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

അങ്ങനെ വന്നാല്‍ ജോര്‍ജ്ജ് ഇനി എന്തു ചെയ്യുമെന്ന് പൂഞ്ഞാറിലെ മാത്രമല്ല കേരള രാഷ്ട്രീയം അറിയാവുന്ന ആരും ചോദിച്ചുപോകും. എടുത്തു ചാട്ടക്കാരനും ബഹളക്കാരനും ഒക്കെ തന്നെയാണെങ്കിലും പി സി ജോര്‍ജ്ജ് എന്ന പൂഞ്ഞാര്‍ പുലിയെ കേരളത്തിലെ പലര്‍ക്കും ഇഷ്ടമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നിയമസഭയ്ക്കകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടന ചാരുത തന്നെ കാര്യം.

1951-ല്‍ കോട്ടയം ജില്ലയിലെ അരുവിത്തുറയില്‍ ജനിച്ച പി സി കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ എസ് സിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ എം മാണിയോട് പിണങ്ങിപ്പിരിഞ്ഞ പി ജെ ജോസഫിനൊപ്പം നിന്ന പി സി ജോര്‍ജ്ജ് പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടി തന്നെയുണ്ടാക്കി. 2011-ല്‍ അടക്കം ആറു തവണ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. സെക്യുലര്‍ കേരള കോണ്‍ഗ്രസ് മാണിയില്‍ ലയിച്ചപ്പോള്‍ ജോര്‍ജ്ജ് മാണിപ്പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷനായി. പിന്നീട് യുഡിഎഫ് സര്‍ക്കാരില്‍ ചീഫ് വിപ്പും.

എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ജോര്‍ജ്ജിനെ മാണിക്ക് മാത്രമല്ല മുന്നണിക്കും അനഭിമതനാക്കി. ഒടുവില്‍ ചീഫ് വിപ് സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായി. എംഎല്‍എ സ്ഥാനത്തു നിന്നും പുറത്താക്കിയ നടപടിയില്‍ അനുകൂല വിധി നേടിയ ജോര്‍ജ്ജ് ഇടതുപിന്തുണയോടെ പൂഞ്ഞാറില്‍ നിന്നും ഏഴാം തവണ ജനവിധി തേടാന്‍ ഒരുങ്ങുന്ന വേളയിലാണ് ഇടതു മുന്നണി പിന്തുണയ്ക്കാന്‍ ഇടയില്ലെന്ന തരത്തിലെ വാര്‍ത്തകള്‍ പുറത്തു വരുന്നത്. പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനാണത്രേ ഇടതുനീക്കം. അങ്ങനെ വന്നാല്‍ ജോര്‍ജ്ജ് ഒറ്റയ്ക്ക് മത്സരിക്കുമോ അതോ ബാലകൃഷ്ണപിള്ളയെ പോലെ മത്സര രംഗത്തു നിന്നും വിട്ടു നിന്ന് എല്‍ഡിഎഫുമായി സഹകരിക്കുമോയെന്നേ ഇനി അറിയാനുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍