UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരല്‍ക്കുന്നില്‍ ഒരു കോപ്പും നടക്കില്ല, മാണിയുടെ പോക്ക് ജയിലിലേക്ക്; പി സി ജോര്‍ജ്‌

Avatar

പി സി ജോര്‍ജ്‌

മാണിയൂടെ പിണറായിപ്പേടിയും സിപിഎം പ്രീണനവുമാണ് ചരല്‍ക്കുന്നില്‍ യോഗം കൂടുന്നതിന്റെ സാഹചര്യം. ചരല്‍ക്കുന്നില്‍ ഒരു കോപ്പും നടക്കില്ലെന്നും മാധ്യമങ്ങളിലൂടെ ഒരു സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുക മാത്രമാണ് മാണിയുടെ ഉദ്ദേശം. ഒന്നിനു പുറകെ ഒന്നായി വരുന്ന വിജിലന്‍സ് കേസുകള്‍ ഒതുക്കാന്‍ പിണറായിയുടെ കൂടെ നില്‍ക്കാതെ മാണിക്ക് മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. അതിനായി പിണറായിയുടെ പുറകെ നാണം കെട്ട് നടക്കുകയാണ് മാണി. 

മാണി തീര്‍ന്നു കഴിഞ്ഞു. 25 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസിനു ഇപ്പോള്‍ ആറ് പേരാണ് ഉള്ളത്. അതുപോലെ തന്നെ മാണിയുടെ കൂടെയും ആരുമില്ല. മോന്‍സ് ജോസഫും പിജെ ജോസഫും മാണിയോട് ഒപ്പമില്ല. ബിജെപിയിലേക്ക് പോകുവാണെങ്കില്‍ മാണിയും മകനും മാത്രമേ കാണുകയുള്ളു.

മാണിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. രാഷ്ട്രീയത്തില്‍ ഇന്നും മാന്യന്മാര്‍ നിരവധി പേര്‍ ജീവിച്ചിരുപ്പുണ്ട്. ഈ കള്ളനെയും കൊള്ളക്കാരന്റെയും കാര്യം മാധ്യമങ്ങള്‍ ഉപേക്ഷിക്കണം. അമ്പത് കൊല്ലം എംഎല്‍എയായ മാണിക്ക് മുഖ്യമന്ത്രിയാവാന്‍ സാധിച്ചില്ല. ചെന്നിത്തലയോട് എതിര്‍പ്പല്ല മറിച്ച് കുശുമ്പാണ് മാണിക്കുള്ളത്. മാണി മന്ത്രിയായിരുന്നപ്പോള്‍ കെഎസ്‌യു പ്രസിഡന്റ് ആയിരുന്നു ഉമ്മന്‍ചാണ്ടി.പിന്നീട് ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ഇരിക്കേണ്ടി വന്നതിലും മറ്റും മാണിക്ക് ഹാലിളകി ഇരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും മാണിയും വീതം വെയ്പ്പായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് മൂന്നിലൊന്നും. രമേശ് വന്നതോടെ അത് തീര്‍ന്നു. അടുത്തകാലത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ലെന്ന് കൂടി മനസ്സിലാക്കിയതോടെ മാണിക്ക് പേടിയായിരിക്കുകയാണ്. പണ്ട് എകെ ആന്റണി ഇടതുപക്ഷം വിട്ട് പോയപ്പോള്‍ ഒരിക്കലും നായനാര്‍ സഖാവിനെ വിട്ട് പോാവില്ലെന്നും പറഞ്ഞ് മാണി നടന്നു. ‘രാത്രി മാണി തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും രാവിലെ എണീറ്റപ്പോള്‍ മാണിയെ കാണുന്നില്ല. തപ്പി നോക്കിയപ്പോള്‍ അരഞ്ഞാണവും കാണുന്നില്ലെന്നാണ്’ നായനാര്‍ പിന്നീട് പ്രസംഗിച്ചത്. ഇതുപോലെ തന്നെ രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് എന്നോട് ഇടതുപക്ഷവുമായി മുഖ്യമന്ത്രിയാവാനുള്ള ചര്‍ച്ച നടത്താന്‍ പറഞ്ഞു. കാലത്ത് എന്നെ വിളിച്ച് അത് നടക്കില്ലെന്നും പറഞ്ഞു. എട്ടു മണിക്കൂര്‍ കൊണ്ട് മാണി കാലു മാറി. അങ്ങനെ ഒരാളെ വിശ്വസിച്ച് ആരാണ് കൂടെ നില്‍ക്കുക.

പത്തു വര്‍ഷം ഭരിക്കാനാകും എന്ന് കരുതിയാണ് പിണറായി അധികാരത്തലെത്തിയിരിക്കുന്നത്. അതിന് കോണ്‍ഗ്രസിനെ തകര്‍ക്കണം. അതിന് മാണിക്ക് ചെറിയ സഹായമൊക്കെ ചെയ്തു കൊടുക്കും. പിജെ ജോസഫിനെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് താത്പര്യമാണ്. ബിജെപിയിലോട്ടാണ് മാണിയുടെ പോക്കെങ്കില്‍ പിജെ ഇടതുപക്ഷത്തേക്ക് മടങ്ങും. മാണി ജയിലിലേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍