UPDATES

പി സി ജോര്‍ജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം; തീരുമാനം നാളെ

അഴിമുഖം പ്രതിനിധി

യുഡിഎഫ് ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ ആവശ്യത്തിന് മേല്‍ നാളെ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വീണ്ടും ഇരുവരുമായും ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. എന്നാല്‍ ഇതുവരെ എന്തെങ്കിലും ഒത്തുതീര്‍പ്പ് ഫോര്‍മുല ഉരുത്തിരിഞ്ഞ് വന്നിട്ടില്ല. ഇതുവരെയുള്ള സൂചനകള്‍ പ്രകാരം ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവും. മാണിയും പിജെ ജോസഫും ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നുവേണം പറയാന്‍.

ഇതിനിടെ കേരള കോണ്‍ഗ്രസ് എം വീടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി. മാണി വേണമെങ്കില്‍ പാര്‍ട്ടി വിട്ടുപൊയ്‌ക്കോട്ടെയെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. മാണിക്ക് തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്ന് ജോര്‍ജ്ജ് പറയുമ്പോഴും പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ജോര്‍ജ്ജ്. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷനേടുകയും യുഡിഎഫില്‍ തുടരുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ മാണിയെ നിര്‍ബന്ധിതനാക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ അഴിമതി വിരുദ്ധ ജാഥ നയിക്കാന്‍ ജോര്‍ജ്ജ് ആലോചിക്കുന്നതായി ഇന്നലെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും ഓപ്പണ്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നും ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ട്.

ഏതായാലും വിഷയം മുഖ്യമന്ത്രിക്കും മുന്നണിക്കും കടുത്ത തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്. ജോര്‍ജിനെ മുന്നണിയില്‍ നിലനിറുത്തുകയും ജോര്‍ജും മാണിയും തമ്മിലുള്ള തുറന്ന പോര് കൈകാര്യം ചെയ്യുകയും ചെയ്യുന്നതിന് ഇനി എന്ത് തന്ത്രമാവും ഉമ്മന്‍ചാണ്ടി പയറ്റുക എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍