UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

പി സി ജോര്‍ജ്ജ് അഥവാ കേരള രാഷ്ട്രീയത്തിലെ മാവോ!

പക്ഷികള്‍ രാഷ്ട്രീയ ബിംബങ്ങളും പ്രതീകങ്ങളും ആകുന്നത് പുതുമയല്ല. അങ്ങാടിക്കുരുവികളും മരംകൊത്തികളും രാഷ്ട്രീയ ഭൂമികയില്‍ എക്കാലത്തും എവിടെയും ഉണ്ട്. രണ്ടാം ലോകയുദ്ധം വിഷയമാക്കിയ കാര്‍ട്ടൂണിസ്റ്റുകള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും കഴുകന്മാരാക്കി ചിത്രീകരിച്ചു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മൂന്ന് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് ചില പ്രതിനിധികള്‍ അവരെ മരംകൊത്തികളെന്നാണ് വിശേഷിപ്പിച്ചത്. തീരപ്രദേശത്തെ മരംകൊത്തിയും വ്യവസായ മേഖലയിലെ മരംകൊത്തിയും മലയോര മേഖലയിലെ മരംകൊത്തിയും ആരെല്ലാമാണെന്ന് അവരുടെ പേരെടുത്തു പറയാതെ തന്നെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. തലക്കനം മൂത്ത് പാര്‍ട്ടി വൃക്ഷത്തെ കൊത്തിക്കൊത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ എന്ന അര്‍ത്ഥത്തിലാണ് പാവം കിളികളെ സി.പി.എം സമ്മേളനവേദിയിലേക്ക് പ്രതിനിധികള്‍ പറത്തിവിട്ടത്. കൗശലകാക്കകളും കുരുടന്‍ മൂങ്ങയും മാടപ്രാവും പൊന്മാനും മരംകൊത്തികളെ നോക്കി ഊറിച്ചിരിച്ചുകാണും.

ഏതു വ്യവസ്ഥയിലും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ചേരുന്നവിധം റഷ്യന്‍ നോവലിസ്റ്റ് ദസ്തയോവിസ്‌ക്കി നടത്തിയിട്ടുള്ള അര്‍ത്ഥവത്തായ നിരീക്ഷണം ചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്. ”ഫലവൃക്ഷത്തിലെ പക്ഷികളാണ് രാഷ്ട്രീയക്കാര്‍” എന്നാണ് അദ്ദേഹം പറഞ്ഞത്. കായ്കനികള്‍ തീര്‍ന്ന് ഇലകൊഴിഞ്ഞ മരത്തില്‍ നിന്ന് വേറെ പൂമരം തേടി പറന്നുപോകുന്ന കിളികളെപ്പോലെയാണ് രാഷ്ട്രീയ നേതാക്കള്‍ എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട് ദസ്തയോവിസ്‌ക്കി പറയിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ മനോഹരമായ നിരീക്ഷണം കാലുമാറാന്‍ കാത്തു കഴിയുന്ന എല്ലാ നേതാക്കളുടെയും മേല്‍ പക്ഷിക്കാഷ്ടംപോലെ വീണു കിടക്കുന്നു. കേരള രാഷ്ട്രീയത്തില്‍ സൂക്ഷിച്ചു നോക്കുമ്പോഴും ഫലവൃക്ഷത്തിലെ പക്ഷികളെ നമുക്ക് ധാരാളമായി കാണാം.

ഗവണ്‍മെന്റ് ചീഫ് വിപ്പ് ഒരു ചീവീടിനെപ്പോലെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ആ ശബ്ദം പലപ്പോഴും അലോസരപ്പെടുത്തുന്നു എന്നു കരുതുന്നവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ ധനമന്ത്രി കെ.എം. മാണിവരെയുണ്ട്. എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളിലെങ്കിലും പി.സി. ജോര്‍ജിന്റെ ശബ്ദം സംഗീതാത്മകമാണെന്ന് തോന്നിപ്പോകും. ഈയിടെ അദ്ദേഹം നടത്തിയ ഒരു അഭിപ്രായപ്രകടനം തന്നെ നോക്കുക. ”മാവോയിസ്റ്റുകളുടെ മുദ്രാവാക്യത്തില്‍ നീതിയുണ്ട്. അവരെ വേട്ടയാടാനെന്ന പേരില്‍ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നത് തെറ്റ്. ജനപിന്തുണ ആര്‍ജിച്ചുകൊണ്ടിരിക്കുന്ന മാവോവാദി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ആയുധം കൊണ്ടല്ല; ആശയം കൊണ്ടാണ് അവരെ നേരിടേണ്ടത്.” മാവോവാദി നേതാക്കള്‍ തമ്പടിച്ചിട്ടുണ്ടെന്ന് കരുതുന്ന രഹസ്യ സങ്കേതങ്ങളിലേക്ക് സംഭാഷണ ദൗത്യവുമായി പോകാന്‍ താന്‍ സന്നദ്ധനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരില്‍ ഒട്ടേറെ കൗതുകവും അതിലേറെ അമ്പരപ്പും ഉളവാക്കുന്ന വാക്കുകളാണ് ഗവണ്‍മെന്റ് ചീഫ് വിപ്പിന്റേത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവും അദ്ദേഹം ഭാഗഭാക്കായ ഭരണകൂടവും മാവോ സിദ്ധാന്തവാദികളുടെ പ്രവര്‍ത്തനങ്ങളെ ദേശദ്രോഹപരവും വിധ്വംസകവുമായി കാണുന്നു. എന്നാല്‍ പി.സി. ജോര്‍ജ് അവരെ നീതിമാന്മാരായി വിശേഷിപ്പിക്കുന്നു. എന്തു വലിയ വൈരുദ്ധ്യമാണിത്? ജോര്‍ജിന്റെ നിലപാടുകളെ പാടെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ദേശീയ സുരക്ഷയെ കരുതി മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസ് നടപടി തുടരുമെന്ന് ആവര്‍ത്തിച്ചു. ”ആയുധമേന്തി ആക്രമിക്കാന്‍ വരുന്ന മാവോയിസ്റ്റുകളെ ആശ്ലേഷിച്ച് ഉമ്മവയ്ക്കാനാവില്ല” എന്ന് കെ. കരുണാകരന്റെ പുത്രനായ കെ. മുരളീധരന്‍ എം.എല്‍.എയും പ്രതികരിച്ചു. എങ്കിലും സഹ്യപര്‍വതസാനുവിലേക്ക് മാവോവാദി നേതാക്കളെ കാണാന്‍ മാധ്യമ പ്രവര്‍ത്തകരെ കൂട്ടിനു വിളിച്ചിരിക്കുകയാണ് ഗവണ്‍മെന്റ് ചീഫ് വിപ്പ്.

മാവോയിസ്റ്റുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ആദിവാസി മേഖലയിലാണ്. ഭൂമിയുടെ ആദിമ അവകാശികളായിരുന്ന അവര്‍ കൊടിയ ചൂഷണത്തിനും നിരന്തരമായ അവഗണനയ്ക്കും ഇരയായി ഏറ്റവും സങ്കടകരമായ അവസ്ഥയില്‍ ജീവിക്കുന്നു. പോഷകാഹാരമില്ലാത്തതിനാല്‍ ആദിവാസി അമ്മമാര്‍ രോഗികളാണ്. അവരുടെ നവജാതശിശുക്കള്‍ മരിച്ചുപോകുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജനവിഭാഗം കേരളത്തില്‍ ആദിവാസികളാണ്. അവരുടെ ഭൂമിയെല്ലാം അന്യാധീനമായി. കിടപ്പാടം നിര്‍മ്മിക്കാന്‍ പോലും സ്വന്തമായി മണ്ണില്ലാത്തതിനാല്‍ അവര്‍ക്ക് ‘നില്‍പ്പ് സമരം’ നടത്തേണ്ടിവരുന്നു. കുടിവെള്ളമില്ല, ആരോഗ്യ സംരക്ഷണ ഉപാധികളില്ല, നല്ല വിദ്യാഭ്യാസത്തിനുള്ള പരിമിത സാഹചര്യം പോലുമില്ല. എന്നാല്‍ ആദിവാസിക്ഷേമത്തിനെന്ന പേരില്‍ ശതകോടിക്കണക്കിന് രൂപ വര്‍ഷം തോറും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് വയ്പ്. അഴിമതിയിലൂടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടത്തട്ടുകാരുടെയും കീശയിലാണ് അവ ചെന്നു ചേരുന്നതെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. ഇടതു വലതു ഭരണകൂടങ്ങള്‍ മാറിമാറി ഭരിച്ചിട്ടും ആദിവാസി സമൂഹം ചൂഷണം ചെയ്യപ്പെടുന്നതല്ലാതെ അവരുടെ ജീവിത ദുരിതങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. സമ്മര്‍ദ്ദ രാഷ്ട്രീയത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തക്ക ആള്‍ ബലമോ ശേഷിയോ ഇല്ലാത്തതിനാല്‍ പൊതു മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നുപോലും ആദിവാസി സമൂഹത്തിന്റെ ദൈനംദിന വിഷമതകള്‍ നിറഞ്ഞ വിഷയങ്ങള്‍ വിട്ടുപോകുന്നു. പ്രചാരമുള്ള പത്രങ്ങളുടെ വായനക്കാര്‍ അല്ലാത്തതുകൊണ്ട് ആദിവാസികളുടെ ജീവിത കദനങ്ങള്‍ വാര്‍ത്തയോ ഫീച്ചറോ ആകുന്നില്ല. ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ക്യാമറ ആദിവാസികളുടെ വരണ്ടുണങ്ങിയ ജീവിതത്തിനു നേര്‍ക്ക് കണ്ണടയ്ക്കുന്നു. പൊതു ജീവിതത്തിലെ അപശകുനപ്പക്ഷികളാണ് ആദിവാസികളെന്ന് കരുതുന്ന ഭരണവര്‍ഗ്ഗത്തിനിടയിലേക്ക് അവരിലൊരാള്‍ മന്ത്രിയായി വന്നിട്ടും അവസ്ഥയ്ക്ക് മാറ്റമില്ലെന്നു വന്നാല്‍ എന്തു ചെയ്യും? മനുഷ്യത്വത്തിന്റെ സ്വരവും സമീപനവും സഹാനുഭൂതിയും പുലര്‍ത്തുന്നവര്‍ മാര്‍ക്‌സിസ്റ്റോ മാവോയിസ്റ്റോ ഗന്ധിയിസ്റ്റോ എന്ന് തരം തിരിച്ചു നോക്കാതെ അവര്‍ അങ്ങോട്ടു പോകും. മുഖ്യ ധാരാ രാഷ്ട്രീയം നേതാക്കളുടെ ഒരു ചൂഷിത വര്‍ഗ്ഗ വിഭാഗമായി അധഃപതിച്ചു കഴിഞ്ഞ ഇക്കാലത്ത് ബദല്‍ രാഷ്ട്രീയത്തിന്റെ വഴി തേടുന്ന ജനങ്ങളുടെ മുന്നില്‍ പ്രത്യാശയുടെ പ്രകാശകിരണങ്ങളൊന്നുമില്ല. ആം ആദ്മി പാര്‍ട്ടി ഒരു വാഗ്ദാനമാണോ? സി.പി.ഐ (മാവോയിസം) ഉത്തമമാര്‍ഗ്ഗമാണോ?

സഹ്യപര്‍വത നിരകള്‍ ചെറുതുണ്ടുകളായി വെട്ടിപ്പിളര്‍ന്ന് ട്രക്കുകളില്‍ താഴോട്ട് ഒഴുക്കിക്കൊണ്ടിരിക്കുന്നു. അധികൃതവും അനധികൃതവുമായി നടക്കുന്ന അതിരുവിട്ട ഖനനം തടയാന്‍ പശ്ചിമഘട്ട വനമേഖലയെക്കുറിച്ച് ആധികാരികമായി പഠിച്ച മാധവ്ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അന്വേഷണ പഠനങ്ങളെ സൗകര്യപൂര്‍വം അവഗണിക്കുകയാണ് ഭരണകൂടം ചെയ്തത്. പകരം ആ നിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കസ്തൂരിരംഗനെ ഇറക്കിയെങ്കിലും സ്ഥാപിതവര്‍ഗ്ഗത്തിന്റെയും തല്‍പ്പരകക്ഷികളുടെയും സംഘടിത മുഷ്‌ക്കിനു മുന്നില്‍ മുട്ടുകുത്തിയ സര്‍ക്കാരും പ്രതിപക്ഷവും കേരളത്തിന്റെ ജീവ പ്രകൃതിയെ കൊള്ളക്കാര്‍ക്ക് വിട്ടുകൊടുത്തു. ഇതിനെതിരെ ഫലപ്രദമായി ചെറുത്തു നില്‍ക്കാന്‍ ജനങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ രാഷ്ട്രീയ സംഘടനാകവചമില്ലെന്നതാണ് സത്യം. ആദിവാസികളുടെ സഹായത്താല്‍ മാവോവാദികളെന്ന് പറയുന്നവര്‍ ഭൂമിയിലെ തുരപ്പന്മാര്‍ക്കെതിരെ രംഗത്തു വന്നപ്പോള്‍ ആര്‍ക്കൊക്കെയോ ഉള്‍ക്കിടിലം ഉണ്ടായി. മാവോ വേട്ടെയ്‌ക്കെന്ന പേരില്‍ സായുധ പൊലീസിനെ കാട്ടിലേക്കു വിട്ടു. പൊലീസ് മേധാവികളെ ജില്ലതോറും മാറ്റി പ്രതിഷ്ഠിച്ചു. കാടും മേടും പൊലീസ് അരിച്ചുപെറുക്കി. തുളവീണ ഒരു ബനിയന്‍ ഒരു ആദിവാസി കുടിലിനു മുന്നില്‍ നിന്നു പൊലീസിനു കിട്ടി. എവിടെയോ മാവോവാദികളുടെ ഒരു പ്രചരണ പോസ്റ്റര്‍ കണ്ടു. മാധ്യമങ്ങള്‍ കുറേ പേരുകളും ചിത്രങ്ങളും പുറത്തുവിട്ടു. ഒരു തീവ്രവാദി വിധ്വംസകനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിലും അജ്ഞാതരായ അവരെ പിടികൂടാന്‍ ആയുധം സംഭരിക്കുകയാണത്രേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍. ഇത് പാഴ്‌വേലയും ഉദ്യോഗസ്ഥ അഴിമതിക്ക് കളമൊരുക്കാനുള്ള നിഴല്‍ യുദ്ധവുമാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പറഞ്ഞത് ജോര്‍ജ് ആണെങ്കിലും അതില്‍ സത്യത്തിന്റെ അംശമുണ്ട്.

കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് ജീര്‍ണ്ണിച്ച് തകര്‍ന്നു വീഴാന്‍ കാത്തു നില്‍ക്കുന്ന ഒരു മരമാണെന്ന് പി.സി. ജോര്‍ജ് തിരിച്ചറിയുന്നുണ്ടാകണം. അതില്‍ കൂടുകൂട്ടിയിരിക്കുന്നത് അപകടമാണെന്നും മനസ്സിലാക്കുന്നു. അതിനാല്‍ മറ്റൊരു പൂമരം തേടി പറന്നുപോകാന്‍ അവസരം തേടുകയാകും ഗവണ്‍മെന്റ് ചീഫ് വിപ്പ്. അല്ലാതെ, ആദിവാസികളുടെ ജീവിത ക്ലേശങ്ങളോടോ മാവോയിസ്റ്റ് സിദ്ധാന്തത്തോടോ സഹാനുഭൂതി തോന്നാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് യാതൊരു യുക്തിയുമില്ല. ആദിവാസികളുടെ അന്യാധീന ഭൂമി കൈവശപ്പെടുത്തിയവരുടെ രാഷ്ട്രീയ കൂടാരമാണ് പി.സി. ജോര്‍ജിന്റെ പാര്‍ട്ടി. കബളിപ്പിച്ചും പ്രലോഭിപ്പിച്ചും കാലാകാലങ്ങളായി കൈവശപ്പെടുത്തിയ മലയോരഭൂമി അതിന്റെ അവകാശികളായ ആദിവാസികള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അനുയായികളോട് പി.സി. ജോര്‍ജ് പറയുമോ? അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണീര്‍ മുതലയുടെ കണ്ണീരല്ലെന്ന് കരുതാം. പി.സി. ജോര്‍ജ് തന്റെ രാഷ്ട്രീയ മരണവഴി തോണ്ടുന്ന ബുദ്ധിഹീനനായ നേതാവല്ല. ആദിവാസികളെക്കുറിച്ചും മാവോവാദികളെക്കുറിച്ചും അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ പഴയ റോമിലെ മാര്‍ക്ക് ആന്റണിയുടെ പ്രസംഗകൗശലത്തെ ഓര്‍മ്മിപ്പിക്കുന്നു. പലിശക്കാരെയും ഭൂമാഫിയയെയും പാറ തുരപ്പന്മാരെയും ഭയപ്പെടുത്തുന്ന ഒരു ജനകീയ പ്രസ്ഥാനം വളര്‍ന്നു വരുന്നത് കേരളത്തിന്റെ പൊതു മനസ്സ് സ്വാഗതം ചെയ്യുമെന്ന് ജോര്‍ജിന് നന്നായി അറിയാം. സ്വരവും നിലപാടും മാറ്റിയപ്പോള്‍ത്തന്നെ ഫിലിപ്പ് എം. പ്രസാദിനെപ്പോലുള്ളവര്‍ ജോര്‍ജിനെ ‘മഹാത്മാഗാന്ധി’യോട് ഉപമിക്കാന്‍ തുടങ്ങി. ‘രഘുപതി രാഘവ രാജാറാം…..’ പാടി പി.സി. ജോര്‍ജ് മുത്തങ്ങ വനത്തിലേക്ക് സമാധാന ദൂതുപോകുന്ന ദിവസം കേരളത്തിലെ ആസ്ഥാന ഗാന്ധിയന്മാര്‍ സെക്രട്ടേറിയറ്റിലിരുന്ന് ഏതു ഫയലിലാകും ഒപ്പിടുന്നത്? ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി നല്‍കുന്ന ഉത്തരവിലോ? മാവോയിസ്റ്റുകളെ തുരത്താന്‍ പുതിയ വെടിക്കോപ്പ് വാങ്ങുന്ന തീരുമാനത്തിലോ? ആര്‍ക്കറിയാം രാജനീതിയുടെ കുമാര്‍ഗ്ഗങ്ങള്‍!

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍