UPDATES

സ്ഥാനം കാണിച്ച് ഭയപ്പെടുത്തരുതെന്ന് മാണിയോട് ജോര്‍ജ്

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് സ്ഥാനം കാണിച്ച് മാണി തന്നെ ഭയപ്പെടുത്താന്‍ നോക്കരുതെന്ന് പി സി ജോര്‍ജ്. പലതും താന്‍ വിഴുങ്ങിയിട്ടുണ്ടെന്നും അതൊന്നും സ്ഥാനം മോഹിച്ചിട്ടല്ല. മാണിക്ക് ഞാന്‍ എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണമെന്നാണ് ആഗ്രഹം. എനിക്കൊരു സ്ഥാനവും തനിക്കുവേണ്ട, സാധാരണ എംഎല്‍എ ആയി തുടരുന്നതില്‍ സന്തോഷമേയുള്ളൂ- ജോര്‍ജ് തുറന്നടിച്ചു.

തനിക്കെതിരെ കൂടിയെന്ന് പറയപ്പെടുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തെ അംഗീകരിക്കുന്നില്ല. എല്ലാവരും തനിക്കെതിരെ സംസാരിച്ചെന്നാണ് പറയുന്നത്. മൂന്നുപേര്‍ എനിക്ക് അനുകൂലമായാണ് സംസാരിച്ചത്. വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എംഎല്‍എമാരുടെ യോഗത്തിലെടുത്ത തീരുമാനം എകകണ്ഠമാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. യോഗം കൂടുന്നകാര്യം തന്നെ അറിയിക്കാനുള്ള മര്യാദപോലും മാണി കാണിച്ചില്ല. രാജിവയ്ക്കാന്‍ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നെങ്കില്‍ പോലും അനുസരിക്കുമായിരുന്നു, പക്ഷെ, മണി ഇതുവരെ തന്നോട് സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇനി ആവശ്യപ്പെട്ടാലും രാജിക്ക് തയ്യാറാണ്. രാജിക്കത്ത് ഇപ്പോഴും തന്റെ പോക്കറ്റിലുണ്ട്. 

സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി മാണി രാജിവയ്ക്കാമെന്ന് പി ജെ ജോസഫിനോട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പേരില്‍ ആരോപണങ്ങളൊന്നും ഇല്ലല്ലോയെന്നാണ് പി ജെ ജോസഫ് ചോദിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമൊക്കെ തന്റെ കോലംകത്തിക്കാന്‍ ശ്രമിച്ചിരുന്നു. ആകെ മൂന്നോ നാലോപേരാണ് ഇതിനൊക്കെയുണ്ടായിരുന്നത്. ഇതില്‍ നിന്ന് പാര്‍ട്ടിയില്‍ തനിക്കുള്ള പിന്തുണ മനസ്സിലാകുമെന്നും ജോര്‍ജ് പറഞ്ഞു. വേണമെങ്കില്‍ 140 മണ്ഡലങ്ങളിലും തനിക്കുവേണ്ടി കോലം കത്തിക്കാന്‍ ആളെകിട്ടുമെന്നും ജോര്‍ജ് പറഞ്ഞു.

യുഡിഎഫില്‍ തന്നെ തുടരനാണ് തന്റെ ആഗ്രഹമെന്നു വ്യക്തമാക്കിയ ജോര്‍ജ്, കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പുനരുജ്ജീവിപ്പിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം ഉമ്മന്‍ ചാണ്ടിയോടടക്കം വ്യക്തമാക്കിയിരുന്നു. ഒരു ബൊമ്മയായി ഈ പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് ജോര്‍ജ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍