UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ചിരിക്കുന്ന ഐ എ എസ്സുകാരൻ” മടങ്ങുകയാണ്- ഒരു ഓർമക്കുറിപ്പ്‌

Avatar

ജിക്കു ജേക്കബ് വർഗീസ്‌ 

പി സി സനൽകുമാർ ഐ എ എസിന്റെ ബ്ലോഗിൽ ” My Audience” എന്നൊരു പോസ്റ്റുണ്ട്. അദ്ദേഹം പോയ വേദികളിലെ കാണികളുടെ മുഖഭാവങ്ങളുടെ ഒരു കളക്ഷൻ ആണ് അതിലുള്ളത്. സാധാരണ മുക്കാൽ ഇഞ്ച് സ്ക്രൂ ഇട്ടു ഉറപ്പിച്ചത് പോലെ പ്രേക്ഷകർ മസ്സിൽ പിടിച്ചിരിക്കുന്ന പ്രസംഗവേദികളിൽ നിന്നും വിഭിന്നമായ ഭാവങ്ങളാണ് കാണികൾ പ്രകടിപ്പിച്ചത്. അതുകൊണ്ട്‌ തന്നെയാണ് ആ പേജ് സമം പി സി സനൽകുമാർ എന്ന് എഴുതാൻ നമ്മുക്ക് കഴിയും. പ്രേക്ഷകന്റെ മുഖത്തു നോക്കിയാൽ മതിയല്ലോ പ്രസംഗകന്റെ മികവു ബോധ്യമാകാൻ എന്ന ഇക്വേഷൻ സനൽകുമാർ സാറിനെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്. തന്റെ സിവിൽ സർവ്വീസ് ജീവിതത്തിനും അപ്പുറമായി ഒരു വ്യക്തിത്വം സനൽകുമാർ ചിരിയുടെ ലോകത്ത് ഉണ്ടാക്കിയിരുന്നു.

 

ഓർക്കുട്ട് ജീവിതം ആരംഭിക്കുമ്പോൾ മുതലാണ്‌ പി സി സനൽകുമാർ എന്ന പേര് ഞാൻ കേട്ട്തുടങ്ങുന്നത്. തന്റെ സുഹൃദ് വലയത്തിൽ ഉള്ളവർക്കെല്ലാം കൃത്യമായ ഇടവേളകളിൽ ചിരിക്കാൻ എന്തെങ്കിലുമൊക്കെ സ്ഥിരമായി സ്ക്രാപ്പുകളുടെ രൂപത്തിൽ അയയ്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഞാനുൾപ്പടെ അത്യധികം ആവേശത്തോടെയാണ് സാറിന്റെ ഓരോ സ്ക്രാപ്പും വായിച്ചത്! എനിക്ക് സത്യത്തിൽ അത്ഭുതമായിരുന്നു, അതും ഒരു ഐഎഎസ്സുകാരാൻ നമ്മുക്കൊക്കെ എന്നും സ്ക്രാപ്പ് അയക്കുക എന്ന് പറഞ്ഞാൽ..! അതിൽ ഒരെണ്ണം ഇങ്ങനെയായിരുന്നു..

“ഒരു പ്രത്യേക വകുപ്പിന്റെ ഡയരക്ടര്‍ ആയി നാല് വര്ഷം ജോലി ചെയ്യേണ്ടി വന്ന എനിക്ക് ആ വകുപ്പിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതിലധികം പേരെ സസ്പെണ്ട് ചെയ്യേണ്ടി വന്നു പലപ്പൊഴായി. ഇത്രയും വലിയ തോതില്‍ അഴിമതി നടക്കുന്നതിനു കാരണം സാമൂഹിക അവബോധത്തിന്റെയും പരിശീലനത്തിന്റെയും കുറവാണ് എന്ന് ധരിച്ച ഞാന്‍ ഐ എം ജീ യില്‍ അറുപതിനായിരം രൂപ കെട്ടിവച്ചു ഒരു പരിശീലന പാക്കേജ് ക്രമീകരിച്ചു.നൂറോളം പേര്‍ ഈ കോഴ്സിൽ പങ്കെടുത്തു. അതോടെ വകുപ്പിലെ അഴിമതി മൊത്തം അവസാനിച്ചു എന്നായിരുന്നു എന്റെ ധാരണ .മൂന്നുമാസം കഴിഞ്ഞു വിലയിരുത്തല്‍ നടത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം എന്തെന്നല്ലേ ?പഴയതിന്റെ മൂന്നിരട്ടി കണ്ടു അഴിമതി വര്‍ധിച്ചിരിക്കുന്നു.അതിന്റെ കാരണം എന്തായിരുന്നു എന്ന് കൂടി പറയാം.നൂറോളം പേര്‍ ഒത്തു കൂടിയപ്പോള്‍ അവര്‍ക്ക് തട്ടിപ്പിന്റെ നൂതന സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറാന്‍ കഴിഞ്ഞു. അഴിമതി കുറേക്കൂടി എളുപ്പമായി !അതോടെ പരിശീലനം എന്ന ആശയം ഞാന്‍ ഉപേക്ഷിച്ചു.”

താൻ സ്ക്രാപ്പ് അയക്കുമ്പോൾ തിരിച്ചു പ്രതികരിക്കുന്നത് സാറിനു വളരെയധികം ഇഷ്ടമുള്ള കാര്യമായിരുന്നു. അയച്ചില്ലെങ്കിൽ മാത്രമായിരുന്നു പരാതി. “Acknowledgment is my only reward” എന്ന് ഇടയ്ക്ക് അദ്ദേഹം പറഞ്ഞതോർക്കുന്നു. പാരഡി ഗാനങ്ങൾ അദ്ദേഹത്തിൻറെ സ്പെഷ്യൽ ഏരിയ തന്നെ ആയിരുന്നു, അതുപാടി ചിരിച്ചു ചിരിച്ചു തലതല്ലിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

(“ആദിയുഷസന്ധ്യ പൂത്തതിവിടെ..” എന്ന രീതിയിൽ)
“ആടിയുലഞ്ഞാരുമെത്തുമിവിടെ,
പിന്നെ പാമ്പ് പോലെ വീണുറങ്ങും ഇവിടെ
ബോധമെല്ലാം പോയിമറഞ്ഞ്‌
റോഡരികിൽ വീണടിഞ്ഞ്‌
ശാന്തി തേടും ആയിരങ്ങൾ ഇവിടെ…
ആരവിടെ ചുരങ്ങൾ താണ്ടി വാറ്റ് നടത്തി?
ആന കേറാ മാമലയിൽ കോട നിറഞ്ഞു…
വാറ്റുന്നതാരോ ഷാപ്പോ?ഷാപ്പുടമകളോ?”

(വണ്ണമുള്ള സൈനബയെ കൂട്ടുകാരി കളിയാക്കുന്നു..)
ഓ സൈനബാ തടിയുള്ള സൈനബാ
പാറ്റന്‍ ടാങ്ക് പോലെ മുന്നില്‍ വന്നതെന്തിനാണ്‌ നീ “?
ഓ സൈനബാ മുടി ഉള്ള സൈനബാ
അത് ബോബ് ചെയ്തു വന്നതെന്തിനാണ്‌ സൈനബാ

ബോംബല്ല ഞാന്‍ ഒരു ടാങ്കല്ല ഞാന്‍
ഒരു മരുന്ന് മാറി കഴിച്ചതിന്റെ റീആക്ഷനാ (ഓ സൈനബാ ..)

അക്കാലം മുതൽ സാറിനെ ഒന്ന് നേരിൽ കാണണം എന്ന ആഗ്രഹത്തിൽ ബൂലോകം ഓണ്‍ലൈൻ പോർട്ടലിന്റെ ഭാഗമായിരുന്ന സമയത്ത് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ ഞങ്ങളുടെ ബ്ലോഗ്‌ പത്രത്തിന്റെ പ്രകാശന ചടങ്ങിൽ അധ്യക്ഷനായി വരണമെന്ന് വ്യക്തിപരമായി ക്ഷണിച്ചു.കേട്ടപാടെ വരാമെന്ന് സമ്മതിച്ചു, ഞങ്ങൾ നോട്ടീസും അടിച്ചു, വാർത്തയും കൊടുത്തു. മല്ലിക സുകുമാരാൻ, നടന മധു സാർ, ഡി വിനയചന്ദ്രൻ എന്നിവരായിരുന്നു മറ്റു ക്ഷണിതാക്കൾ. പക്ഷെ ചില അടിയന്തര യാത്ര ആവശ്യങ്ങൾ വന്നതുമൂലം അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല, അക്കാര്യം തിരിച്ചു വിളിച്ചറിയിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചതും അന്നായിരിക്കണം.

 

 

സ്വന്തം ഫോണിൽ ഒരു ഐ എ എസുകാരന്റെ നമ്പരുണ്ട് എന്ന് സുഹൃത്തുക്കളോട് ഗമ പറയാൻ സാധിച്ചതിനു കാരണക്കാരനും ഇദ്ദേഹമാണ് എന്നിവിടെ സ്മരിക്കുന്നു. 2003 ൽ കാസർഗോഡ്‌ കലക്ടർ ആയിരുന്ന സമയത്ത് രാജസ്ഥാനിൽ നിന്നും കാസർഗോട്ടെയ്ക്ക് ഒട്ടകങ്ങളെ കശാപ്പു ചെയ്യാൻ കൊണ്ടുവരുന്നതിന് അദ്ദേഹം നിരോധനം ഏർപ്പെടുത്തി. ഒട്ടകത്തിന്റെ ഉടമസ്ഥൻ ഇതിനെതിരായി കോടതിയെ സമീപിച്ചു, കോടതിക്കും കലക്ടറുടെ തന്നെ അഭിപ്രായം. അങ്ങനെ ഒട്ടകത്തെ മണ്ണുത്തി വെറ്റിനറി ആശുപത്രിയുടെ പരിസരത്തേക്കു മാറ്റാൻ ഉത്തരവായി. എന്നാൽ വില്ലനായ ഒട്ടകം അവിടെയുള്ള സകല സ്കൂട്ടറുകളുടെയും സീറ്റ് കടിച്ചു തിന്നു. ഒട്ടകത്തെ തീറ്റി പോറ്റാൻ സർവ്വകലാശാലയ്ക്കും ഫണ്ടില്ലാതെ വന്നതോടെ കേസ് ഹൈക്കോടതിയിൽ എത്തി. ഒട്ടകങ്ങളെ കൊല്ലുന്നതിലോ അതിന്റെ മാംസം ഭക്ഷിക്കുന്നതിലോ ഒരു തെറ്റുമില്ല എന്ന് കോടതി വിധിയെഴുതിയതോടെ പ്രശ്നങ്ങൾ അവസാനിച്ചു. “I failed, they won” എന്നാണു ഈ സംഭവം വിവരിച്ച ശേഷം അദ്ദേഹം രേഖപ്പെടുത്തിയത്. സാറിന്റെ സ്ക്രാപ്പുകൾ ഇന്നും ഒരു അമൂല്യ സ്വത്തായി ഞാൻ സൂക്ഷിക്കുന്നുണ്ട്.

“ചിരിക്കുന്ന ഐ എ എസ്സുകാരൻ” മടങ്ങുകയാണ്, എന്നാൽ ചിരിയുടെ പ്രതിധ്വനികളെ മടക്കി അയയ്ക്കാൻ ആർക്ക് കഴിയും? വിട…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍