UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളക്കോളറിലെ ചിരി…

Avatar

രാജഗോപാൽ എസ്.ആർ 

”ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ മരുന്നുകള്‍ വേണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതാണ് അവസ്ഥ; ഏകദേശം മൂവായിരം, നാലായിരം രൂപയുടെ മരുന്നുകള്‍. ഇന്ന് മരുന്ന് വാങ്ങാന്‍ സീ ജീ എച്ച് എസ്സിന്റെ ക്‌ളിനികില്‍ പോയി. രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ടര വരെ ക്യൂവില്‍ ‘ഇരുന്നു’; എന്റെ ടോക്കെണ്‍ 129. ഭാഗ്യം. ഫാര്‍മസിയില്‍ നിന്നും മരുന്ന് കിട്ടി. ഓരോന്നും ചെക്ക് ചെയ്തു വാങ്ങി. ഇന്‍സുലിന്‍ ആണ് പ്രധാനം. ഇനിഅടുത്ത മാസം പോയാല്‍ മതി. ഇതൊരു സോഷ്യലിസ്റ്റ് ലോകമാണ്. അവിടെ വലിപ്പ ചെറുപ്പമില്ലക്ഷമയോടെ ക്യൂവിലെ ചാര് ബെഞ്ചില്‍ ഇരുന്നേ പറ്റൂ.
നല്ല ഡോക്ടര്‍.
മരുന്ന് കുറിക്കുമ്പോള്‍ ഡോക്ടർ ഇബ്രാഹിം, സിസ്റ്ററോട് ചോദിച്ചു
‘സാറിനെ അറിയുമോ?’.
‘അറിയും. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. സാര്‍ എത്ര പാവമായിട്ടാണ് ഇവിടെ വന്നു ഇരിക്കുന്നത്! ഒരു ഗമയോ തലക്കനമോ ഒന്നും കാണിക്കാറില്ല. എപ്പോഴും ചിരിക്കുന്ന മുഖം. മുന്‍പ് കലക്ടരായിരുന്നു എന്ന പത്രാസ്സോന്നുമില്ല’ സിസ്റ്ററുടെ മറുപടി. അപ്പോള്‍ മാത്രമാണ് സിസ്റ്റര്‍ എന്നെ ശ്രദ്ധിക്കാറുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത്. സിസ്റ്റര്‍ക്ക് ഞാന്‍ ഒരു പാവത്താനാണ്. അതങ്ങനെ തന്നെ ആയിക്കോട്ടെ. പെന്‍ഷന്‍ പറ്റിയതിനു ശേഷം ഉണ്ടായ വ്യത്യാസം ഒന്നുമല്ല.മുന്‍പുമങ്ങനെ തന്നെ ആയിരുന്നു. ഒരു പത്രാസും കാണിക്കാറില്ല”
 
പി.സി.സനല്‍കുമാര്‍ ഐ.എ.എസ്. മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഫേസ് ബുക്കിൽ കുറിച്ചിട്ട വരികളാണിവ. ഒറ്റ നോട്ടത്തില്‍ ആത്മപ്രശംസയെന്ന് തോന്നാവുന്ന വരികള്‍. പക്ഷേ ഒരു മനുഷ്യന്‍ സത്യം പറയുന്നത് എങ്ങനെയാണ് ആത്മപ്രശംസയാകുന്നത്. കെ.എസ്.ആര്‍.ടി.സി. ബസില്‍, ഓട്ടോറിക്ഷയില്‍, പാളയം മാര്‍ക്കറ്റില്‍… സനല്‍കുമാര്‍ എന്ന റിട്ടയേര്‍ഡ് ഐ.എ.എസുകാരനെ കാണാന്‍കഴിയുമായിരുന്നു.തലസ്ഥാനം കണ്ടിട്ടുള്ള ഐ.എ.എസുകാരില്‍ നിന്നും പി.സി.സനല്‍കുമാര്‍ എന്ന ചങ്ങനാശ്ശേരിക്കാരന്‍ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.
 
തൃക്കൊടിത്താനത്തെ ഒരു ദളിത് കുടുംബത്തിലാണ് സനല്‍കുമാര്‍ ജനിച്ചത്. വിദ്യാഭ്യാസത്തിന് ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമായി അറിയാവുന്ന ഒരു കുടുംബത്തില്‍ ജനിച്ചത് തന്നെയാണ് സമുഹം ‘അവര്‍ണ്ണര്‍’ എന്നു വിളിക്കുന്ന ഒരു സമുദായത്തില്‍ നിന്നും എഴുപതുകളില്‍ സമൂഹത്തോട് പൊരുതി ജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്; പത്തനംതിട്ടയുടെയും കാസര്‍ഗോഡിന്റെയും ജില്ലാ കളക്ടര്‍ പദവിയിലേക്കെത്തിച്ചത്. ആ ‘അഹങ്കാരം’ തന്നെയാണ് അദ്ദേഹത്തെ മരണം വരെയും മുന്നോട്ടു നയിച്ചത്. 
ഹാസ്യസാഹിത്യകാരന്‍ എന്നതിലുപരി തിരുവനന്തപുരത്തെ നര്‍മ്മകൈരളി എന്ന ഹാസ്യ സംഘടനയുടെ പ്രധാനശക്തികളിലൊരാളാണ് പി.സി.സനല്‍കുമാര്‍. എല്ലാ മാസവും തിരുവനന്തപുരത്തെ സഹൃദയരെ ചിരിപ്പിക്കാനായി സുകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ അവര്‍ ഒത്തുകൂടാറുണ്ട്. വി.ജെ.ഹാളില്‍, പഞ്ചായത്ത് അസോസിയേഷന്‍ഹാളില്‍, ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍, ഹസന്‍ മരയ്ക്കാര്‍ ഹാളില്‍…
 
 
സനല്‍കുമാര്‍സാറിന്റെ പാരഡി നര്‍മ്മകൈരളി ചിരിയരങ്ങളിലെ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്. പാരഡി ഗാനങ്ങളിലൂടെയായിരുന്നു പി.സി.സനല്‍കുമാറിന്റെ തുടക്കം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം പാരഡി എഴുതുമായിരുന്നു. 500- ലധികം പാരഡി ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പാരഡി രചയിതാവ് എന്നതിലുപരി നല്ലൊരു ഗായകന്‍ കൂടിയാണ് അദ്ദേഹം. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ കാരണം ഗായകന്‍ എന്ന നിലയില്‍ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങള്‍ പലിശ സഹിതം വിരമിക്കലിനു ശേഷം അദ്ദേഹം നേടിയെടുക്കുകയായിരുന്നു. ഹാസ്യപ്രാസംഗികന്‍ എന്ന നിലയിലും കേരളത്തിനകത്തും പുറത്തും തന്റെ ഫലിതങ്ങളുമായെത്തിയിരുന്നു. എല്ലാത്തരത്തിലുമുള്ള ജനങ്ങളെയും ചിരിപ്പിച്ചിരുന്നെങ്കിലും ഹാസ്യത്തിലെ ‘ആഢ്യത്വം’ അദ്ദേഹം ഒഴിവാക്കിയിരുന്നില്ല. അശ്ലീലമെന്ന് പറഞ്ഞ് കേള്‍വിക്കാരന്‍ നെറ്റിചുളിക്കുന്ന ഒരു ഫലിതവും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. 
 
വിരമിക്കലിനു ശേഷമുള്ള വിശ്രമ ജീവിതം അദ്ദേഹം ആസ്വാദ്യമാക്കിയത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. ഓര്‍ക്കുട്ടില്‍ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം കൂടുതല്‍ ജനകീയനായത്. രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം ശക്തമായി പറയുന്നതിന് അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. ബാര്‍ കോഴ വിഷയവുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ അവസാന പോസ്റ്റുകളിലൊന്ന്.
 
വേനല്‍പൂക്കള്‍, കളക്ടര്‍ കഥയെഴുതുകയാണ്, ഒരു ക്ലൂ തരുമോ, നിങ്ങള്‍ ക്യൂവിലാണ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍. ഇതില്‍ കളക്ടര്‍ കഥയെഴുതുകയാണെന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1989 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും സനല്‍കുമാര്‍ സ്വന്തമാക്കി. പ്രസിദ്ധമായ നിരവധി പാരഡിഗാനങ്ങളും പി.സി. സനല്‍കുമാര്‍ രചിച്ചിട്ടുണ്ട്. പി.ഭാസ്‌കരന്‍ മാഷിന്റെ നാഴിയുരിപ്പാല് എന്ന പുസ്തകത്തിന് 
 
”പേരറിയാത്തൊരു കൈക്കൂലിയെ കോഴയെന്നാരോ വിളിച്ചു…
കൈയിലൊതുങ്ങുന്ന ചെറുതുകയെ കൈമടക്കെന്നും വിളിച്ചു….” 
(ട്യൂണ്‍ – പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു) എന്നു തുടങ്ങി സനല്‍കുമാര്‍ സാര്‍ കുറിച്ചിട്ട വരികള്‍ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ടിരിക്കും. സനല്‍കുമാര്‍സാര്‍ ഇനി ഇല്ല…ആദരാഞ്ജലികൾ. 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍