UPDATES

കേരളത്തിലെ റേഷന്‍ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിചിത്രമാണ്; അത്ര സുന്ദരവുമല്ല

കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതാര്?

രാജ്യത്തിന് മാതൃകയായി 1966 മുതല്‍ കേരളത്തില്‍ നിലനിന്നിരുന്ന പൊതുവിതരണ സമ്പ്രദായം താറുമാറായതിന്റെ പേരില്‍ സംസ്ഥാനത്തെ മൂന്നു മുന്നണികളും പരസ്പരം പഴിചാരി സമരം നടത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ സമരകോലാഹലങ്ങള്‍ക്കിടയില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമൂലം കേരളത്തിന് വന്ന നഷ്ടമാകട്ടെ വേണ്ടത്ര ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു.

2013 ജൂലൈ 5-ന് ഓര്‍ഡിനന്‍സായി നിലവില്‍ വരികയും പിന്നീട് പാര്‍ലമെന്റ് പാസ്സാക്കി നിയമമാക്കുകയും ചെയ്ത ദേശീയ ഭക്ഷ്യസുരക്ഷാ നിയമമാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തത്. ഈ നിയമം കൊണ്ടുവന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയായ കോണ്‍ഗ്രസും നിയമം നടപ്പില്‍ വരുത്തിയ എന്‍ഡിഎ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയും ഈ പ്രതിസന്ധിക്ക് ഒരു പോലെ ഉത്തരവാദികളായിരിക്കെ അവരും സമരത്തിനിറങ്ങിയിരിക്കുന്നത് വിരോധാഭാസമാണ്.

ഭക്ഷ്യസുരക്ഷ എന്നാല്‍ ആവശ്യമുള്ള ആളുകള്‍ക്കെല്ലാം ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള അളവില്‍ പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയാണെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചന നിബന്ധന അട്ടിമറിച്ച് ഒരു നിശ്ചിത ജനസംഖ്യയ്ക്ക് മാത്രമായി ഭക്ഷണാവകാശം പരിമിതപ്പെടുത്തുകയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുക വഴി യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ചെയ്തത്.

കേരളത്തില്‍ നിലവിലുണ്ടായിരുന്ന 80,92,175 റേഷന്‍ കാര്‍ഡുകളില്‍ 5,95,800 എഎവൈ (അന്ത്യോദയ അന്നയോജന) കാര്‍ഡുകളും 14,60,631 ബിപിഎല്‍ കാര്‍ഡുകളും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന എപിഎല്‍ പ്രത്യേക വിഭാഗമായി 42,12,796 കാര്‍ഡുകളും 18, 22,948 എപിഎല്‍ കാര്‍ഡുകളുമാണ് ഉണ്ടായിരുന്നത്.

എഎവൈ വിഭാഗത്തിന് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരിയും ബിപിഎല്‍ വിഭാഗത്തിന് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ 10 കിലോഗ്രാം ഗോതമ്പും എപിഎല്‍ സബ്‌സിഡി ലഭിക്കുന്ന വിഭാഗത്തിന് കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ 9 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും, എപിഎല്‍ വിഭാഗത്തിന് കിലോഗ്രാം 8.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരിയും, കിലോ ഗ്രാമിന് 6.70 രൂപ നിരക്കില്‍ മൂന്നു കിലോഗ്രാം ഗോതമ്പും ലഭിച്ചിരുന്നു.

2012-13 ല്‍ കേരളത്തില്‍ 80,92,175 റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 3,65,21,000 ആളുകള്‍ക്കായി 14,04,923 മെട്രിക് ടണ്‍ അരിയും 3,73,869 മെട്രിക് ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 17,78,792 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ലഭിച്ചത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയാല്‍ ജനസംഖ്യയുടെ 61.5 ശതമാനം വരുന്ന 2,24,44000 ആളുകള്‍ക്ക് ഭക്ഷ്യധാന്യാവകാശമില്ലാതാവുമെന്നും ജനസംഖ്യയുടെ 38. 5 ശതമാനം വരുന്ന 1,40,77,000 ആളുകള്‍ക്ക് മാത്രമേ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളുവെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യധാന്യവിഹിതത്തില്‍ വരുന്ന കുറവ് കേരളത്തില്‍ റേഷന്‍ പ്രതിസന്ധിക്കു കാരണമാകുമെന്ന് പറഞ്ഞിരുന്നത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്നേറ്റിട്ടുള്ള14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം പൂര്‍ണ്ണമായും ലഭിച്ചാലും കേരളത്തിന് റേഷന്‍ ആവശ്യം നിറവേറ്റാന്‍ പുതിയ കണക്കുകളനുസരിച്ച് മൂന്നരലക്ഷം ടണ്‍ കൂടി വേണ്ടിവരും. കിലോയ്ക്ക് 24 രൂപ നല്‍കി കേന്ദ്രത്തില്‍ നിന്നും അത്രയും ഭക്ഷ്യധാന്യം വാങ്ങി 8.90 രൂപയ്ക്ക് നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് 200 കോടിയിലധികം രൂപയുടെ അധികബാധ്യതയുണ്ടാവും.

ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതോടൊപ്പം ബയോമെട്രിക് സംവിധാനവും നടപ്പിലാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ റേഷന്‍ കടകളില്‍ നിന്നും 1 രൂപയ്ക്കും 2 രൂപയ്ക്കും അരിയും ഗോതമ്പും ലഭിക്കില്ല. യഥാര്‍ത്ഥവില നല്‍കി റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം ബില്‍ ബാങ്കില്‍ ഹാജരാക്കി അക്കൗണ്ട് വഴി സബ്‌സിഡി ലഭ്യമാക്കുന്ന ഈ സംവിധാനം സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകും.

സബ്‌സിഡിയില്ലെങ്കില്‍ ഒരു കിലോ അരിക്ക് 27.51 രൂപയും ഒരു കിലോ ഗോതമ്പിന് 19 രൂപയും ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 56 രൂപയാണ് വില. ഈ തുക നല്‍കി റേഷന്‍ സാധനങ്ങള്‍ വാങ്ങിയശേഷം ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സബ്‌സിഡിയ്ക്കായി ജനങ്ങള്‍ കാത്തിരിക്കേണ്ടി വരും.

അതേപോലെ തന്നെ എഎവൈ, ബിപിഎല്‍, എപിഎല്‍ എന്നീ വിഭാഗങ്ങളെ ഒഴിവാക്കി എലിജിബിള്‍, നോണ്‍ എലിജിബിള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കിയാണ് പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നത്. ഇപ്പോള്‍ കേരളത്തില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നവര്‍ ആശങ്കയിലാണ്.

2005-ല്‍ ഗ്രാമവികസന വകുപ്പും 2007-ല്‍ കുടുംബശ്രീവഴിയും 2009-ല്‍ അധ്യാപകര്‍ വഴിയും ബിപിഎല്‍ പട്ടിക തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ ലിസ്റ്റ് അന്തിമമായി അംഗീകരിച്ചിട്ടില്ല. 2011-ല്‍ സര്‍ക്കാരിലുള്ള ലിസ്റ്റ് പ്രകാരം ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 32,29,823 ആണ്.

മുന്‍ മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയവര്‍ ഉള്‍പ്പെടെ 9,50,000 ല്‍ അധികം ആളുകള്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 12,50,000 മാത്രമാണ്. ബാക്കിയുള്ളവര്‍ റേഷന്‍ കാര്‍ഡുകളെയാണ് നിലവില്‍ ആനുകൂല്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകരുമെന്നും പൊതുവിതരണ സംവിധാനം ശക്തമായി നിലനിന്നാല്‍ മാത്രമേ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുവെന്നും റേഷന്‍ സംവിധാനം താറുമാറാകുന്നതോടെ റിലയന്‍സ്, വാള്‍മാര്‍ട്ട് തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്‍മാരും സ്വകാര്യമില്ലുകളും നിത്യോപയോഗ സാധനങ്ങളുടെ വിലനിശ്ചയിക്കുന്ന സ്ഥിതിയുണ്ടാവുമെന്നും അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുന്ന ഈ നിയമം അപകടം വരുത്തുമെന്നും പറഞ്ഞപ്പോള്‍ നിയമം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ, അന്നു കേന്ദ്രം ഭരിച്ചവരും നിയമം നടപ്പിലാക്കിയ അന്നത്തെ പ്രധാന പ്രതിപക്ഷവും ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരുമായ ഇരു കൂട്ടരും സമരത്തിനിറങ്ങിയിരിക്കുന്നത് കുറ്റബോധം കൊണ്ടൊന്നുമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.

യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെ, ഭക്ഷ്യസുരക്ഷാ നിയമം വഴി നമുക്ക് നഷ്ടമായ ഭക്ഷ്യധാന്യവിഹിതം നേടിയെടുക്കുന്നതിന് ഭരണപ്രതിപക്ഷഭേദമന്യേ യോജിച്ചുള്ള സമ്മര്‍ദ്ദമാണ് കേരളത്തില്‍ നിന്നുമുണ്ടാവേണ്ടത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍