UPDATES

റേഷന്‍ അരി: പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടുന്നതാരാണ്?

ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ വൈകിച്ചത് ആരൊക്കെ?

ചായക്കാശ് എന്നറിയപ്പെടുന്ന കൈക്കൂലി പണത്തിനു വേണ്ടി ചില തൊഴിലാളികൾ നടത്തുന്ന സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിൽ റേഷൻ മുടങ്ങിയത് എന്ന് അധികമാരും അറിയാത്ത രഹസ്യം. ഇക്കാര്യത്തിൽ ഒത്തു തീർപ്പ് ഉണ്ടായതോടെയാണ് പ്രശ്നത്തിനു ശമനം വന്നത്.

കേരളത്തിലെ 22 ഓളം എഫ്.സി.ഐ  ( Food corporation of india ) ഗോഡൗണുകളിൽ നിന്ന് കേരളത്തിലെ 330 ഓളം വരുന്ന സ്വകാര്യ മൊത്ത വിതരണക്കാരാണ് അരിയെടുത്ത്‌ റേഷൻ കടകളിൽ എത്തിക്കുന്നത്‌ . ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട്‌ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരി എടുത്ത്‌ വിതരണം നടത്തണം. മൊത്തവിതരണക്കാർ ഇത്രനാളും ലോഡ്‌ കയറ്റുന്ന തൊഴിലാളികൾക്ക്‌ “ചായക്കാശ്‌” എന്ന പേരിൽ ഒരു തുക നൽകുമായിരുന്നു. 50 രൂപയിൽ നിന്ന് തുടങ്ങി ഇപ്പോൾ ശരാശരി ഒരു ലോഡിനു 1000 രൂപ വരെ ആയിട്ടുണ്ട്‌ ഈ ചായക്കാശ്‌ (കൊള്ളയടി).

സർക്കാർ നേരിട്ട്‌ അരിയെടുക്കാൻ തുടങ്ങുമ്പോൾ ബില്ല് ഇല്ലാത്ത തുക കൊടുക്കാൻ കഴിയാതെ വന്നതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. അതോടെ എഫ്.സി.ഐ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ മെല്ലെപ്പോക്ക്‌ സമരം തുടങ്ങി. അങ്ങനെയാണു കേരളത്തിലെ റേഷൻ കടയിൽ അരി ലഭ്യമല്ലാതെ വന്നത്.

ജനങ്ങളെ ബാധിച്ചു തുടങ്ങിയത്‌ മനസിലാക്കിയ സർക്കാർ, കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭ യോഗത്തിൽ ലോഡ്‌ ഒന്നിന്‌ 750 രൂപ വീതം കൈക്കൂലി (അട്ടിക്കൂലി) എഫ്.സി.ഐ ഗോഡൗണിലെ തൊഴിലാളികൾക്ക്‌ നൽകാൻ തീരുമാനം എടുത്തു.

കേന്ദ്ര സർക്കാരിന്റെ ഫുഡ്‌ കോർപ്പറേഷനില്‍ നിന്ന്‍ നേരിട്ട്‌ ശമ്പളം വാങ്ങുന്ന തൊഴിലാളികളാണ് ഇവർ എന്നോർക്കണം. പൈസ അടച്ച് അരി എടുക്കാൻ ചെല്ലുന്ന സിവിൽ സപ്ലൈസിന് അരി ലോഡ്‌ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തം ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യക്കാണ്. എന്നിട്ടും കൈക്കൂലി കൊടുക്കേണ്ട ഗതികേടിലാണ് സംസ്ഥാനം! (അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിക്കേണ്ട തൊഴിലാളികൾ, പിടിച്ചുപറിച്ച് കിട്ടുന്ന പൈസക്ക്‌ വേണ്ടി പാവപ്പെട്ടവരുടെ റേഷൻ അരി മുടക്കി. അതാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന റേഷൻ അരി ക്ഷാമം. രാഷ്ട്രീയ ഭേദമന്യേ എല്ലാ തൊഴിലാളികളും ഇതിലുണ്ട്‌.)

എന്തുകൊണ്ട്‌ ഭക്ഷ്യ സുരക്ഷാ നിയമം ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്ന് പരിശോധിക്കാം.

2007-ൽ നൽകിയ റേഷൻ കാർഡുകളാണ് കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നത്‌ . സാധാരണ ഗതിയിൽ 5 വർഷം കൂടുംമ്പോഴാണു റേഷൻ കാർഡ്‌ പുതുക്കേണ്ടത്‌. 2012 -ൽ റേഷൻ കാർഡ്‌ പുതുക്കണമായിരുന്നു. ഉമ്മൻ ചാണ്ടിയും അനൂപ് ജേക്കബും അത്‌ ചെയ്തില്ല . തൊട്ടാൽ പൊള്ളുന്ന ഏർപ്പാട് ആണ് എന്നറിയാവുന്നതിനാൽ പലവിധ ഒഴിവുകൾ പറഞ്ഞു നീട്ടിക്കൊണ്ടുപോയി.

2013-ൽ യുപിഎ സർക്കാർ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കി. മലയാളിയായ കേന്ദ്ര മന്ത്രി കെവി തോമസായിരുന്നു അന്ന് ഭക്ഷ്യ സഹമന്ത്രി. കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ള അസാമിലും അതിൽ കുറവുള്ള ഝാർഖണ്ടിലും കിട്ടുന്നതിൽ കുറവ്‌ അരി വിഹിതമാണ് കെവി തോമസ്‌ കേരളത്തിന്‌ നൽകിയത്‌. വെറും 14.25 ലക്ഷം മെട്രിക്‌ ടൺ. അത്‌ കൂട്ടി വാങ്ങാൻ ഉമ്മൻ ചാണ്ടിക്കും അനൂപിനും നേരം ഉണ്ടായിരുന്നില്ല.

ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനൂപ് ജേക്കബ് തയ്യാറായില്ല. കാരണം എന്താണെന്നല്ലേ; അത്‌ നടപ്പിലായാൽ 320-ഓളം സ്വകാര്യ മൊത്ത‌ വിതരണക്കാർ ഒഴിവാക്കപ്പെടും. 320 മൊത്ത വിതരണക്കാരെ രണ്ട്‌ വർഷം സംരക്ഷിച്ചതിന്‌ എത്ര കോടി ആരുടെ ഒക്കെ കൈയിൽ എത്തിയിട്ടുണ്ടാകും എന്ന ചിന്ത വായനക്കാർക്ക് വിട്ടുതരുന്നു.

2013 ജൂണിലാണു ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയത്‌. ഈ നിയമം അന്നേ കേരളത്തിൽ നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ കിലോക്ക്‌ 8 രൂപക്ക്‌ കിട്ടുന്ന അരി മൂന്ന് രൂപയ്ക്കും ആറ് രൂപക്ക്‌ കിട്ടുന്ന ഗോതമ്പ് രണ്ട് രൂപയ്ക്കും കിട്ടുമായിരുന്നു. എന്നിട്ടു പോലും സോണിയാ ഗാന്ധിയുടെ സ്വപ്ന പദ്ധതിയെന്ന്‍ കോൺഗ്രസ് കൊട്ടിഘോഷിച്ച പദ്ധതിക്ക് മുന്നിൽ ഉമ്മൻചാണ്ടി സർക്കാർ മുഖം തിരിച്ചു.

രണ്ട്‌ വർഷം ഒരു കിലോ അരിക്ക്‌ അഞ്ചു രൂപയും ഗോതമ്പിന്‌ നാല് രൂപയും കേരളം കൂടുതൽ കൊടുത്തത്‌ 320 റേഷൻ മൊത്ത വിതരണക്കാരെ ഒഴിവാക്കാതിരിക്കാൻ മാത്രമായിരുന്നു. അഴിമതി നടത്താൻ ആയിരക്കണക്കിന്‌ കോടി രൂപ കേരളത്തിന്‌ നഷ്ടപ്പെടുത്തിയ സർക്കാറിന്റെ നായകൻ ആണ് ഇപ്പോൾ പത്രത്തിൽ ലേഖനം എഴുതിയും പത്രസമ്മേളനം നടത്തിയും വിലപിക്കുന്നത്.

2016 മാർച്ചോടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാതെ ഇനി റേഷൻ ഇല്ല എന്ന് കേന്ദ്രം കർശനമായി പറഞ്ഞു. അപ്പോഴും 2012-ൽ വിതരണം ചെയ്യേണ്ട പുതിയ റേഷൻ കാർഡ്‌ കേരളത്തിൽ അപേക്ഷ പൂരിപ്പിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.

കേന്ദ്ര സർക്കാർ വകുപ്പായ എഫ്.സി.ഐ നേരിട്ട്‌ ശമ്പളം കൊടുക്കുന്ന തൊഴിലാളികൾ അരി ലോഡ്‌ ചെയാൻ തയാറാകാഞ്ഞിട്ടും അതിൽ ഇടപെടാത്ത കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാരും ചോദിക്കുന്നു, അരി എവിടെ എന്ന്!

ഭക്ഷ്യ സുരക്ഷാ നിയമം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ വരുന്ന മാർച്ച്‌ വരെ സമയം നൽകണം എന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സമ്മതിച്ചില്ല. ഉമ്മൻ ചാണ്ടിയും അനൂപ് ജേക്കബും നടത്തിയ കെടുകാര്യസ്ഥതക്ക്‌ ഈ സർക്കാർ വില കൊടുക്കേണ്ടി വരുന്ന കാഴ്‌ചയാണ് ഇപ്പോൾ കണ്ടുവരുന്നത്‌.

ചില ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടിയും കഞ്ഞിവയ്പ്പു സമരം നടത്തിയ ജോണി നെല്ലൂരും മറുപടി പറയണം.

2013 ജൂണിൽ നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ നിയമം നിങ്ങൾ എന്തുകൊണ്ട്‌ കേരളത്തിൽ നടപ്പാക്കിയില്ല?

എന്തുകൊണ്ട്‌ കഴിഞ്ഞ അഞ്ച് വർഷത്തിൽ പുതിയ റേഷൻ കാർഡ്‌ കൊടുത്തില്ല?

എന്തുകൊണ്ടാണ് അഞ്ചു രൂപയ്ക്ക് അരിയും നാല് രൂപയ്ക്കു ഗോതമ്പും വാങ്ങിയത്?

ഇതിനെല്ലാം സത്യസന്ധമായി ഉത്തരം പറഞ്ഞാൽ തിരിഞ്ഞു കൊത്തുന്ന പാമ്പിനെയാണ് കൈയിലെടുത്തതെന്നു മനസിലാകും.

(രാഷ്ട്രീയ നിരീക്ഷകനാണ്‌ ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

അനീഷ് ഷംസുദ്ദീന്‍

രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍