UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈദ് ഉല്‍ അസയും 9/11നും; ജീവന്റെയും മരണത്തിന്റെയും കഥ

Avatar

മൌലാന വഹീദുദ്ദീന്‍ ഖാന്‍

മരണത്തിന്റെ ഒരു കഥയുണ്ടായിരുന്നു. ഇപ്പോള്‍ ജീവന്റെയും. 9/11 ആക്രമണത്തെയും ഈദ് ഉല്‍ അസയെയും പരാമര്‍ശിച്ചുകൊണ്ട് മൌലാന വഹീദുദ്ദീന്‍ ഖാന്‍ പറയുന്നു.

അടുത്ത കാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു സെപ്റ്റംബര്‍11, 2001-ലെ ആക്രമണം. അന്നാണ് മുസ്ലീം ഭീകരവാദികള്‍ രണ്ടു വിമാനങ്ങള്‍ തട്ടിയെടുത്തു ന്യൂ യോര്‍ക്കിലെ 110 നിലകളുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളെ ഇടിച്ചുതകര്‍ത്തത്. രണ്ടു മണിക്കൂറിനുള്ളില്‍ ആ രണ്ടു കൂറ്റന്‍ ഗോപുരങ്ങളും നിലംപൊത്തി. 3000 പേര്‍ കൊല്ലപ്പെട്ടു. യാദൃശ്ചികമാണെങ്കിലും ഇക്കൊല്ലം ഈദ് പെരുന്നാള്‍ വന്നതും അതേ ദിവസമാണ്. 2001-ലെ 9/11 മരണത്തിന്റെ കഥയാണെങ്കില്‍ ഈദ് പെരുന്നാള്‍ ജീവിതത്തിന്റെ കഥയാണ്. പ്രവാചകനായ അബ്രഹാമിന്റെ ബലിദാനത്തിന്റെ ഓര്‍മ്മയിലാണ് ഈദ് അല്‍ അസ ആഘോഷിക്കുന്നത്. ബി സി ഇ 19-ആം നൂറ്റാണ്ടില്‍ ഇറാഖിലെ പുരാതന നഗരമായ ഉറില്‍ ജനിച്ച പ്രവാചകന്‍ എബ്രഹാം 175 വര്‍ഷം ജീവിച്ചു. ഗോത്ര സംഘര്‍ഷത്തിന്റെ കാലമായിരുന്നു അത്.

മരുഭൂമി ചികിത്സ
സമാധാനത്തിന്റെ വിലയറിയാത്ത ഗോത്രജനത പരസ്പരം സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സംഘര്‍ഷവും പ്രതികാരവും നിത്യസംഘര്‍ഷത്തിലേക്ക് വഴിതുറന്നു. ആ സംഘര്‍ഷനാളുകളില്‍ ഒരു ക്രിയാത്മക പ്രവര്‍ത്തിയും നടന്നിരുന്നില്ല.

ആയിരക്കണക്കിന് കൊല്ലം നീണ്ട ഈ സംസ്കാരത്തിന്റെ ഫലമായി ആളുകള്‍ ആ രീതിയോട് പൊരുത്തപ്പെട്ടു. അതുകൊണ്ടു പ്രവാചകന്‍ അബ്രഹാമിന്റെ ദൌത്യത്തെ സ്വീകരിക്കാന്‍ അവര്‍ വിമുഖത കാണിച്ചു. ഇതുകണ്ട അബ്രഹാം ദൈവമാര്‍ഗത്തില്‍ ഒരു പദ്ധതിയുണ്ടാക്കി. അദ്ദേഹം ഇറാഖില്‍ നിന്നും അറേബ്യയിലേക്ക് പോയി. ഇന്നതെ മെക്ക സ്ഥിതി ചെയ്യുന്ന ഒരു മരുപ്രദേശം. അവിടെ ഭാര്യ ഹാജറായോടും മകന്‍ ഇസ്മേലിനോടും കൂടെ താമസമാക്കി. ഇക്കഥ ഖുറാനില്‍ ചുരുക്കിപ്പറയുന്നുണ്ട് (14:37). വിവിധ ഹാദിത്തുകളിലും-സഹീഹ് ബുഖാരി (ഹാദിത് 3184), തഫ്സീര്‍ അല്‍-തബാരി (വാല്യം 2 പുറം 554) മറ്റും വിശദമായും. അബ്രഹാമിന്റെ ഈ പദ്ധതി ഒരു മരുഭൂമി ചികിത്സ ആയിരുന്നു. ഇതില്‍ സ്വന്തം കുടുംബത്തെ മരുഭൂമിയിലെ താമസത്തിന് പാകമാക്കി. ഒരു സ്വാഭാവിക പ്രകൃതിയില്‍ ഒരു പുതിയ ചിട്ടപ്പെടുത്താത്ത ദേശത്തെ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം-സംഘര്‍ഷത്തിന് പകരം സമാധാനത്തില്‍ അധിഷ്ഠിതമായ ഒരു ദേശം.

ഈ ദേശത്തിലാണ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം 570 സി ഇയില്‍ മുഹമ്മദ് ജനിച്ചുവീണത്. ഈ പദ്ധതിയിലൂടെ നീണ്ട നാളത്തെ പ്രക്രിയയിലൂടെ ഉണ്ടായ അറേബ്യയിലെ ജനങ്ങളെ ഇസ്മായേലികള്‍ എന്നുവിളിച്ചു. ഈ തലമുറയുടെ പരിശീലന കേന്ദ്രം പ്രവാചകന്‍ അബ്രഹാം പണിത കഅബ ആയിരുന്നു. കഅബയും ചുറ്റുമുള്ള പ്രദേശങ്ങളും ബലാഡ്-ഇഹറാം അഥവ നിരോധിക്കപ്പെട്ട പ്രദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ എന്തെങ്കിലും തരത്തിലുള്ള സംഘര്‍ഷം അനുവദിച്ചിരുന്നില്ല. മൃഗങ്ങളെ കൊല്ലുന്നതുപോലും നിരോധിച്ചിരുന്നു. ഇതോടൊപ്പം കഅബയിലേക്ക് വാര്‍ഷിക തീര്‍ത്ഥാടനവും നിര്‍ദേശിച്ചു. ഈ തീര്‍ത്ഥാടനത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഖുറാനില്‍ പറയുന്നുണ്ട്: “ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മോശം വര്‍ത്തമാനങ്ങളില്‍ നിന്നും ദുഷ്ടത നിറഞ്ഞ  പെരുമാറ്റത്തില്‍ നിന്നും, തീര്‍ത്ഥാടനകാലത്ത് വഴക്കുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം.” (2:197)

ഇങ്ങനെ സജ്ജരാക്കിയ തലമുറയെ ഖുറാനില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു,“നിങ്ങള്‍ ശത്രുക്കളായിരുന്നു അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ഒന്നിപ്പിച്ചു. അവന്റെ കൃപയാല്‍ നിങ്ങള്‍ സഹോദരങ്ങളായി; അന്തമില്ലാത്ത തീയുടെ വക്കിലായിരുന്നു നിങ്ങള്‍, അവന്‍ നിങ്ങളെ അതില്‍ നിന്നും രക്ഷിച്ചു.” (3:103)

ഇത് വ്യക്തമായും കാണിക്കുന്നത് അന്ന് അറേബ്യയിലെ ജനത സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും പക്ഷേ പ്രവാചകന്‍ അബ്രഹാമിന്റെ പദ്ധതിയില്‍ അവര്‍ അക്രമമുപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലെത്തി എന്നും മനസിലാക്കാം.

ബലി
ഇറാഖിലെ തന്റെ അവസാന നാളുകളിലൊന്നില്‍ സ്വന്തം പുത്രന്‍ ഇസ്മായേലിനെ ബലിയര്‍പ്പിക്കുന്നതായി അബ്രഹാം സ്വപ്നം കണ്ടു. സ്വപ്നത്തിലെ പുത്രബലി തികച്ചും പ്രതീകാത്മകമാണ്. തന്റെ ദൌത്യത്തിന്റെ വിജയത്തിനായി അബ്രഹാം പദ്ധതികള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട് എന്നായിരുന്നു അതിന്റെ സൂചന-അതായത് മകനെ അറേബ്യയില്‍ താമസിപ്പിക്കണം. ഈ മരുഭൂമി ചികിത്സയെ ഒരു വലിയ ബലിയായിരുന്നു, ഖുറാനില്‍ ധിബ്-ഇ-അസീം (37:107)എന്നാണ്  ഇതിനെ വിളിക്കുന്നത്. ഇതൊരു ജീവിക്കുന്ന ബലിയായിരുന്നു; കടുത്ത സമര്‍പ്പണം ആവശ്യമുള്ളത്. ചാന്ദ്രവര്‍ഷത്തിന്റെ അവസാനമാണ് മെക്കയില്‍ ഹജ്ജ് അനുഷ്ഠിക്കുന്നത്. ലോകത്തെങ്ങും മുസ്ലീങ്ങള്‍ ഈദ്-അല്‍-അസ എന്ന പേരില്‍ ഇത് കൊണ്ടാടുന്നു. വാസ്തവത്തില്‍ പ്രവാചകന്‍ അബ്രാഹാമിന്റെ ബലിയുടെ ഓര്‍മ്മയാണ് ഈദ്. വരും കാലങ്ങളില്‍ തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അബ്രഹാമിന്റെ സമാധാന ദൌത്യം കാലത്തെ അതിജീവിക്കും വണ്ണം മുസ്ലീങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും എന്ന പ്രതിജ്ഞയാണ് അത്. ആധുനിക ലോകത്ത് സംഘര്‍ഷങ്ങളുടെയും ചാവേര്‍ ബോംബുകളുടെയും രൂപത്തില്‍ ഗോത്രങ്ങള്‍ ഹിംസകള്‍ പുനരുജ്ജീവിക്കുകയാണ്. അതുകൊണ്ട് പ്രവാചകന്‍ അബ്രഹാമിന്റെ ചരിത്രപരമായ ഉദാഹരണം നാം വീണ്ടും അനുവര്‍ത്തിക്കേണ്ടതുണ്ട്.

പൊഴിച്ചുകളയേണ്ട ശീലങ്ങള്‍
തെറ്റായ പാകപ്പെടുത്തലുകളാണ് ആളുകളെ അക്രമത്തിലേക്കെത്തിക്കുന്നത്. ഈ പാകപ്പെടുത്തലുകളെ അപനിര്‍മ്മിച്ചു സമാധാനം ആഗ്രഹിക്കുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതിലാണ് പരിഹാരം. അബ്രഹാമിന്റെ മരുഭൂമി ചികിത്സയുടെ മാതൃകയിലാകണം അത് ചെയ്യേണ്ടത്. ആധുനിക ലോകത്ത് ഔപചാരികവും അനൌപചാരികവുമായ വിദ്യാഭ്യാസത്തിലൂടെയാണ് അത് നടപ്പാക്കാനാവുക. പഴയ മരുഭൂമി ചികിത്സ ഇന്ന് വിദ്യാഭ്യാസ ചികിത്സയാണ്. പാകപ്പെട്ട രീതികളെ വിദ്യാഭ്യാസത്തിലൂടെ അപനിര്‍മ്മിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ സമാധാനപ്രിയരായ ജനതകളെയും സമൂഹങ്ങളെയും ദേശങ്ങളെയും പ്രതീക്ഷിക്കാനാകും. ഇത് ആധുനികയുഗത്തില്‍ ആക്രമത്തിന് അറുതി വരുത്തി സമാധാനത്തിന്റെ സംസ്കാരത്തെ ഒരിക്കല്‍ക്കൂടി പുനഃസ്ഥാപിക്കും.

(സമാധാന ദൌത്യം ജീവിത ദൌത്യമായി സ്വീകരിച്ച ഇസ്ളാമിക ആത്മീയ പണ്ഡിതനാണ് മൌലാന വഹീദുദ്ദീന്‍ ഖാന്‍. അസംഗഡില്‍ 1925-ലാണ് ജനനം. ഗാന്ധിയന്‍ വീക്ഷണങ്ങളുടെ പേരില്‍ അറിയപ്പെടുന്ന അദ്ദേഹം അഹിംസ മാത്രമാണു വിജയമാര്‍ഗം എന്നു കരുതുന്നു. തന്റെ ആശയപ്രചാരണത്തിനായി 1970-ല്‍ ന്യൂഡല്‍ഹിയില്‍ ഇസ്ലാമിക് സെന്‍റര്‍ തുടങ്ങി. 1976-ല്‍ ഉറുദുവില്‍ അല്‍ രിസാല മാസിക ആരംഭിച്ചു. Spirit of Islam എന്ന പേരില്‍ ഇംഗ്ലീഷ് പതിപ്പും ഇറങ്ങുന്നു. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള സംഘര്‍ഷഭരിത കാലത്ത് മുംബൈ മുതല്‍ നാഗ്പൂര്‍ വരെ 15 ദിവസം നീണ്ട ശാന്തി യാത്ര നടത്തി. ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലേക്ക് ഖുറാന്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങളായ The Age of Peace, The Prophet of Peace എന്നിവ ആധുനികത, മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍