UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular To The System

മായ ലീല

കുഞ്ഞുങ്ങളെ ചൂണ്ടി നീയുയര്‍ത്തുന്ന സ്വാതന്ത്ര്യവാദം വേട്ടക്കാരന്റേതാണ്

എങ്ങനെയാണ് കുഞ്ഞുങ്ങളോട് ലൈംഗികാസക്തി ഉള്ളവരുടെ കാമത്തിന് മറ്റൊരു ജീവിയുടെ ജീവിതത്തിന് മുകളില്‍ നിര്‍ത്തി പ്രാധാന്യം കൊടുക്കാന്‍ കഴിയുക?

മായ ലീല

ഒരു മുതിര്‍ന്ന ആള്‍ക്ക് സ്ത്രീയോടോ പുരുഷനോടോ രണ്ടുപേരോടുമോ ലൈംഗീക ആകര്‍ഷണം ജൈവീകമായി ഉള്ളതുപോലെ ജൈവികമായ ഒന്നാണ് കുട്ടികളോട് തോന്നുന്ന ലൈംഗികാകര്‍ഷണം എന്നൊരു വാദമുണ്ട്. അതല്ല, അത് ഫെറ്റിഷ് പോലൊരു രതി വൈകൃതം ആണെന്നും വാദമുണ്ട്. രണ്ടാമത്തെ വാദം അവിടെ നിക്കട്ടെ. ആദ്യത്തെ വാദത്തില്‍ ഊന്നല്‍ കൊടുക്കാം.

കുട്ടികളോട് ലൈംഗികാകര്‍ഷണം ഉള്ള  എല്ലാവരും ശിശുപീഡകര്‍ ആയിത്തീരും എന്നില്ല. അങ്ങനെ കുഞ്ഞുങ്ങളുടെ മേല്‍ അതിക്രമം നടത്തിയാല്‍ അവര്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ മുറിവുകളുടെ ആഴവും അനീതിയും അറിഞ്ഞ് സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ളവരും ഉണ്ട്. ഇവിടെ വിഷയം എന്താണെന്നാല്‍ ഇങ്ങനെയുള്ള കുഴപ്പങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്ക് വരികയില്ല എന്നും അവരത് ആസ്വദിക്കും എന്ന് പറഞ്ഞു പരത്തുന്ന റേപ്പിസ്റ്റുകള്‍ ആണ്.

കുഞ്ഞുങ്ങളോടുള്ള ഈ ആസക്തിയ്ക്ക് തെറാപ്പിയും മറ്റുമുള്ളതാണ്. പീഡോഫൈല്‍ ആയ ആളുകളുടെ ജൈവികതയെ മാറ്റാന്‍ അല്ല, സ്വവര്‍ഗ്ഗരതി ചികിത്സിച്ചു മാറ്റാമെന്ന് പറയുന്നത് പോലെയല്ല ഇത്. ഈ ആസക്തി പ്രാവര്‍ത്തികമാക്കാതെ സ്വര്യമായി ജീവിക്കാനും കുഞ്ഞുങ്ങളെ വെറുതേ വിടാനും ഉള്ള മന:സ്ഥിതി ഉണ്ടാക്കി എടുക്കാനുള്ള ചികിത്സകള്‍. അതിന് ഇവരോരുത്തരും മുതിര്‍ന്നാല്‍ തന്നെയേ മതിയാകൂ. സമൂഹത്തിന്‍റെ ആവശ്യമാണത്.

കേരളത്തില്‍ ഇന്നുള്ള അവസ്ഥയില്‍ കുടുംബം എന്ന ചീഞ്ഞളിഞ്ഞ വ്യവസ്ഥിതി നിലനില്‍ക്കുന്നത് ശിശുപീഡനം നടത്താനുള്ള ഏറ്റവും വളക്കൂറുള്ള മണ്ണായിട്ടാണ്. ജാതിയും മതവും മതസ്ഥാപനങ്ങളും പോലും കുട പിടിച്ചു കൊടുക്കുന്ന കൊടിയ അനീതി. അങ്ങനെയുള്ള ഈ അവസ്ഥയില്‍ ഒരു പീഡോഫൈല്‍ പോലും സ്വന്തം താത്പര്യം പ്രകാരം ചികിത്സയ്ക്ക് പോകേണ്ട ആവശ്യം വരുന്നില്ല, അവനു കുഞ്ഞുങ്ങളെ ധാരാളം ലഭിക്കും, അവനത് സ്വര്യമായി മറച്ചു വയ്ക്കാനും രക്ഷപെടാനും കഴിയും. ഇവരെ നിയന്ത്രിക്കുക എന്നത് അതുകൊണ്ട് തന്നെ സമൂഹത്തിന്‍റെ ആവശ്യമാണ്‌, അതവരുടെ വ്യക്തിപരമായ ആവശ്യം ആകുന്നില്ല. നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം നിങ്ങളുടെ മൂക്കിന്‍ തുമ്പില്‍ അവസാനിക്കും, മറ്റൊരാളുടെ ശരീരത്തിന് മേല്‍ കടന്നുകയറി അതാചരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഇല്ല തന്നെ!

മനുഷ്യന്‍റെ വളര്‍ച്ച മറ്റു ജീവികളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. വളരുന്ന തലച്ചോറാണ് ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കും എന്ന് നിശ്ചയിക്കുന്നത്. ഓരോ അനുഭവങ്ങളില്‍ കൂടെയുമാണ് ഒരു കുഞ്ഞു വളര്‍ന്ന് വ്യക്തിത്വമുള്ള ഓരോ മനുഷ്യരാകുന്നത്. അനുഭവങ്ങള്‍ എന്ന് പറഞ്ഞാല്‍ മുതിര്‍ന്ന നിങ്ങള്‍ ആലോചിക്കുന്ന, നിങ്ങളെ പിടിച്ചു കുലുക്കിയ ഒരു സുപ്രധാന അനുഭവം എന്ന രീതിയിലല്ല, തലച്ചോറിന് ഇരുപത്തിനാല് മണിക്കൂറും നിങ്ങളുടെ ആയുസ്സ് മുഴുവന്‍ നേരവും അനുഭവങ്ങള്‍ ആണ്. വളരുന്ന തലച്ചോറിന് ഓരോ ചലനവും ശബ്ദവും കാഴ്ച്ചയും നോട്ടവും സ്പര്‍ശനവും രൂപവും നിറവും പെരുമാറ്റവും അതിലേക്ക് ഒപ്പിയെടുക്കുന്ന അനുഭവങ്ങള്‍ ആണ്. ഒരേ വീട്ടില്‍ ഒരേ മാതാപിതാക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പോലും വിവിധ തരം വ്യക്തിത്വം ഉണ്ടാകുന്നതിനുള്ള ഒരു കാരണം അവരുടെ തലച്ചോറിനു കിട്ടുന്ന അനുഭവങ്ങള്‍ പലതാണ് എന്നുള്ളതാണ്. അങ്ങനെ തീരെ വള്‍നറബിള്‍ ആയിട്ടുള്ള, എളുപ്പത്തില്‍ പ്രലോഭിപ്പിക്കപ്പെടാവുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ മനസ്സ്. അവര്‍ക്ക് നേരെ ഒരു മധുരപലഹാരമോ കളിപ്പാട്ടമോ നീട്ടിയാൽ അവർ നിങ്ങളെ വിശ്വസിക്കും, നിങ്ങള്‍ അവരോട് അടുത്തവരും നിങ്ങൾ ചെയ്യുന്നതൊക്കെയും കളികൾ ആണെന്ന് കരുതും. ചുറ്റുപാടും ഉള്ള അപകടങ്ങളുടെ ലിസ്റ്റിൽ ഒരു ലൈംഗികാതിക്രമത്തിൻ്റെ ടെംപ്ലേറ്റ് അവരുടെ തലച്ചോറിലുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവരുടെ സമ്മതം എന്ന് പറയുന്നത് സമ്മതമായി സൈക്കോളജിയും നീതിയും അംഗീകരിക്കാത്തത്.

അപക്വമായ മനസ്സില്‍, പരിചയിച്ച് വിശ്വസിച്ച ഒരാള്‍ നടത്തുന്ന ഈ അതിക്രമം ആഴത്തിലെ മുറിവായാണ് പതിയുക, തനിക്ക് ചതി പറ്റിയെന്ന തിരിച്ചറിവ് വളരെ വൈകി മാത്രമേ ബോധപൂര്‍വ്വം മനസ്സിലാക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് കഴിയുകയുള്ളൂ. ഇതിന്‍റെ മറ്റൊരു കുഴപ്പം എന്താണെന്ന് വച്ചാല്‍ തലച്ചോറില്‍ ലൈംഗീകത എന്നത് അറ്റസ്റ്റ് ചെയ്യപ്പെടുക അതിക്രമം എന്ന സമവാക്യമായിട്ടായിരിക്കും.

വളര്‍ന്ന സ്ത്രീകള്‍ പലപ്പോഴും ബ്യൂസീവ് ആയിട്ടുള്ള ബന്ധങ്ങളില്‍ അവര്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍, സാധാരണമായും സ്നേഹമായും അബോധമായി അറ്റസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് അത്തരം ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി പോകാന്‍ മടി കാണിക്കുന്നത്. അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്നേഹവും കരുതലും ലഭിക്കേണ്ടുന്ന മുതിര്‍ന്നവരില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നത് അതിക്രമിച്ചു കയറുന്ന അബ്യൂസീവ് ലൈംഗിക അനുഭവങ്ങളാണ്. അതാണ്‌ സ്നേഹമെന്ന് അവര്‍ മനസ്സിലാക്കി വയ്ക്കുന്നു. അങ്ങനെ ഒരു പീഡോഫൈലിന്‍റെ ഒരു നേരത്തെ കാമനിവാരണം മറ്റൊരു മനുഷ്യജീവിയെ ആജീവനാന്തം വേട്ടയാടുന്ന ഒന്നായാണ് അവരുടെ ജീവിതത്തില്‍ രേഖപ്പെടുക. അത്രയും അപകടകരവും അനീതിയും നിറഞ്ഞ ഒരു ചെയ്തിയെ എങ്ങനെയാണ് സ്വാതന്ത്ര്യം ആയി കണക്കാക്കാന്‍ കഴിയുക? എങ്ങനെയാണ് കുഞ്ഞുങ്ങളോട് ലൈംഗികാസക്തി ഉള്ളവരുടെ കാമത്തിന് മറ്റൊരു ജീവിയുടെ ജീവിതത്തിന് മുകളില്‍ നിര്‍ത്തി പ്രാധാന്യം കൊടുക്കാന്‍ കഴിയുക?

യാതൊരു തരത്തിലും അനുവദിക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. അവരെ കല്ലെറിഞ്ഞു കൊല്ലാനും ലിംഗച്ഛേദം നടത്തി കടലില്‍ തള്ളാനും ഒന്നുമല്ല പറയുന്നത്. അവര്‍ക്കുള്ള ഒരു ചോദന ആചരിക്കാന്‍ കഴിയില്ല, അത് സമ്മതിക്കാന്‍ കഴിയില്ല. സമ്മതിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പക്വമായ മാനസിക, ശാരീരിക വളര്‍ച്ച ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് വേണ്ടി, അനേകായിരം പഠനങ്ങളും ബയോളജിയും സൈക്കോളജിയും ഒക്കെ മുന്‍നിര്‍ത്തി കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റി കരുതലുള്ള ആരും മുന്നോട്ടു വരും. ആ ഏജന്‍സി വേട്ടക്കാരന്റെയും ഇരയുടേയും അല്ല. യുക്തിയും ബോധവുമുള്ള ഒരു സമൂഹത്തിന്‍റെ നീതിബോധമാണ് അത്. അങ്ങനെ മുന്നോട്ടു വന്നാലേ മതിയാകൂ. ജനിച്ച ഒരു കുഞ്ഞിന്‍റെ അവകാശമാണ് ശാരീരികമായും മാനസികമായും വൈകാരികമായും ആരോഗ്യപരമായി വളരാനുള്ള അവസ്ഥകള്‍ വേണം എന്നത്. ആ അവകാശത്തെ ഹനിച്ചുകൊണ്ട് പീഡോഫൈലിന്‍റെ കാമത്തിനുള്ള അവകാശം അതിനുമേലെ പ്രതിഷ്ടിക്കാനാകില്ല, അതില്‍ എന്തു ന്യായം പറഞ്ഞാലും, എന്ത് തത്വശാസ്ത്രം വിളമ്പിയാലും. 

കുഞ്ഞുങ്ങളോട് ലൈംഗിക താത്പര്യം ഉള്ള എല്ലാവരും വെറുക്കപ്പെടേണ്ടവരും അല്ല, അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ബോധമുള്ളവരും അവരുടെ കൂട്ടത്തിലുണ്ട്. ഒരുപക്ഷെ ചെറുപ്പത്തില്‍ അവരും ഇതിനു ഇരയായത് കൊണ്ടാവാം അവരുടെ തലച്ചോറില്‍ ഇങ്ങനെയൊരു ചോദനയുണ്ടാകുന്നത്. അവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുകയും കുഞ്ഞുങ്ങളെ അവരുടെ പ്രോപ്പര്‍ട്ടിയായിക്കണ്ട് കടന്നുകയറാതെ ഇരിക്കാനും കഴിയുന്നിടത്തോളം അവരും ഒരു സാധാരണ ജീവിതം അര്‍ഹിക്കുന്നു.

അതല്ല, സകല രാഷ്ട്രീയവും മനശ്ശാസ്ത്രവും ജീവശാസ്ത്രവും നിയമവും നീതിയും മാറ്റി വച്ചിട്ട് നിന്‍റെ കാമനിവാരണത്തിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് നിനക്ക് വേണ്ടി കുഞ്ഞുങ്ങളെ വിട്ടു തരണമെന്നും അത് സ്വാഭാവികമാണെന്നും വാദിച്ചാല്‍ പേപ്പട്ടിയെ പോലെ നിന്നെ കല്ലെറിഞ്ഞ് ഓടിക്കും. നിന്‍റെ കാമത്തിനുള്ള ഉപകരണങ്ങള്‍ അല്ല കുഞ്ഞുങ്ങള്‍, നിന്നെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ഏറ്റവും മുന്നില്‍ ഞാന്‍ തന്നെയുണ്ടാവും. ജനാധിപത്യവും നീതിയും യുക്തിയും വേട്ടക്കാരന്റെ ബലത്തിന് വേണ്ടിയുള്ളതല്ല, നിസ്സഹായരായ ഇരകളെ പ്രതിരോധിക്കാന്‍ ഉള്ളതാണ്.

അത്രയ്ക്ക് നീതിബോധം ഉണ്ടെങ്കില്‍ നീയൊന്ന് ഒരമ്മയോടു പറഞ്ഞു നോക്കൂ, നിങ്ങളുടെ കുഞ്ഞിനെ എനിക്ക് തരൂ, എനിക്ക് കഴച്ച് മുട്ടുന്നു എന്ന്. പകല്‍ വെളിച്ചത്തില്‍ ചെയ്യാന്‍ മടിക്കുന്ന, മറ്റൊരാള്‍ അറിഞ്ഞാല്‍ ക്ഷീണമുണ്ടാക്കുന്ന ചെയ്തികള്‍ക്കായി നീ ഉയര്‍ത്തുന്ന സ്വാതന്ത്ര്യവാദം വേട്ടക്കാരന്റെ നിലാവത്തുള്ള ഓരിയിടല്‍ ആണ്, അതിനെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍