UPDATES

മനോരോഗികളുടെ തെമ്മാടിത്തരത്തെ സെക്ഷ്വല്‍ ഒറിയന്റേഷന്‍ എന്നു വിളിക്കരുത്

ലൈംഗികതയെക്കുറിച്ച് തുറന്നു ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല.

ലൈംഗികതയെക്കുറിച്ച് തുറന്നു ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല. കുടുംബത്തിനകത്തും വിദ്യാലയങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ ഇതാരംഭിക്കേണ്ടതുണ്ട് എന്നതാണ് ശാസ്ത്രീയ യാഥാര്‍ത്ഥ്യം എന്നതു വേറെ കാര്യം. കേരളീയ ജീവിതങ്ങളില്‍ മൂടിക്കിടന്ന പല സ്വഭാവവൈചിത്ര്യങ്ങളും രതിവൈകൃതങ്ങളും പുറംലോകത്ത് എത്തിയതിനെ തുടര്‍ന്ന് അവ സാമൂഹ്യാന്തരീക്ഷം കൂടുതല്‍ അരക്ഷിതവും അസ്വസ്ഥജനകവുമാക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സൃഷ്ടിച്ച അവബോധമാണ് ഇത്തരം അക്രമങ്ങള്‍ ഇക്കാലത്തെങ്കിലും വെളിച്ചം കാണാന്‍ കാരണമായതും അവയ്‌ക്കെതിരെ പ്രതിരോധിക്കാന്‍ പീഡിത സമൂഹത്തെ പ്രാപ്തമാക്കിയതും. മുന്‍പ് എല്ലാം കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു തീരാറാണ് പതിവ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കുട്ടികള്‍ക്കു നേരെയുള്ള അക്രമവും കൂടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതും ഇതേ തുടര്‍ന്നാണ്. സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് ധാരാളം അനുകൂലഘടകങ്ങളുണ്ടാകുമ്പോഴും അവ ഉണ്ടാക്കുന്ന ചില സാമൂഹ്യപ്രശ്‌നങ്ങള്‍ ഇത്തരമൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. സൈബര്‍ലോകം കാട്ടിത്തരുന്ന ലൈംഗിക അരാജകത്വം അത്തരത്തിലൊന്നാണ്. ബാലലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്.

‘I am a pedophile , you are the monsters…!’ എന്നത് റ്റൊദ് നിക്കെഴ്‌സന്‍ (Ttod Nikkarsan) എന്ന് പേരുള്ള ഒരു സ്വയം പശ്ചാത്തപിച്ച ബാല പീഡകന്‍, ബ്രിട്ടനിലെ ഒരു പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍, ഒരു പൊതു സാമൂഹ്യ മാധ്യമ ഇടത്തില്‍ എഴുതിയ ലേഖനമാണ്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെത്തന്നെ തന്റെ ലൈംഗിക അഭിരുചി ഇതാണെന്ന് പ്രഖ്യാപിക്കുകയും, അതിനെ എതിര്‍ക്കുന്ന നിങ്ങളെല്ലാം രാക്ഷസന്മാരാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്‍ ഈ ലൈംഗിക ചോദന നിഷ്‌കളങ്കമായി പറയുന്നതാണെന്ന് സൈബര്‍ തിരച്ചിലില്‍ എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷെ പശ്ചാത്തപിച്ച ഈ മനുഷ്യനും, ലൈംഗിക കൃത്യത്തിനു സമ്മതം തരാനുള്ള മാനാസിക ശാരീരിക വളര്‍ച്ച കുട്ടികള്‍ക്കുണ്ടാവില്ല എന്ന പക്വമായ തിരിച്ചറിവില്‍, താനിനി മരണം വരെ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കില്ല എന്നു പ്രതിജ്ഞ ചെയ്തതായും പ്രസ്തുത വെബ് പോര്‍ട്ടലും ബ്രിട്ടീഷ് പോലീസും സാക്ഷ്യപ്പെടുത്തുന്നു.

2013-ല്‍ വാഷിംഗ്ടണ്‍ ടൈംസില്‍ അമേരിക്കന്‍ സൈക്ക്യാര്‍ട്ടി അസോസിയേഷന്‍ (APA) നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, പീഡോഫീലിയ ഒരു ലൈംഗിക അഭിരുചിയാണെന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷെ പൊതുജനങ്ങളുടെയും, നിയമവിദഗ്ദ്ധരുടെയും വലിയ രൂപത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴാണ് അവര്‍ ശാസ്ത്രീയമായി അതിനെ നിര്‍വചിക്കാന്‍ നിര്‍ബന്ധിതരായത്.

‘Pedophilia is a sexual preference or profession of sexual preference devoid of consummation, hence comes under paraphilia which includes others like exhibitionism , sexual sadism ,transvestism and there is feeling of personal distress about a typical sexual interest without consent. Whereas pedophilia disorder there is no guilt and there is compulsion for individual to act on their sexuality . ‘ എന്നതായിരുന്നു സൈക്യാര്‍ട്ടി അസോസിയേഷന്റെ പിന്നീടുള്ള വിശദീകരണം. ശാരീരികവും, മാനസികവുമായ സമ്മതമില്ലാതെ നടക്കുന്ന ലൈംഗിക കൃത്യങ്ങള്‍ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നു എന്ന് സാരം (DSMV 5TH EDITION എന്ന് തിരഞ്ഞു വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും).

 

കേരളീയ പശ്ചാത്തലത്തിലെ അനുഭവ പരിസരങ്ങള്‍
പുരുഷന്മാരില്‍ ബാലലൈംഗിക പീഡനവാസന (പീഡോഫീലിയ) ഒരു രോഗമായി കഴിഞ്ഞാല്‍ അത് മാറ്റിയെടുക്കാന്‍ പ്രയാസമാണ്. കേരളത്തില്‍ ഇത്തരം പഠനങ്ങള്‍ പുരുഷന്മാരില്‍ നടക്കുന്നില്ല. പഠനം മുഴുവനും താഴെക്കിടയിലാണ്. ഉപരിവര്‍ഗത്തിനിടയില്‍ ഈ പ്രശ്‌നം ഒരിക്കലും പുറത്താകില്ല. മധ്യവര്‍ഗം രഹസ്യമായി ചികിത്സ തേടിയെത്താറുണ്ട്. പീഡോഫീലിയ ബാധിക്കുന്ന പുരുഷന്മാരില്‍ ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് ലൈംഗികാസക്തി കൂടുന്നത് അവര്‍ പുരുഷനാണെന്ന ആത്മവിശ്വാസം നഷ്ടപ്പടുന്നതുകൊണ്ടാണ്. മുതിര്‍ന്ന സ്ത്രീകളുമായി ഇടപഴകാന്‍ ആവശ്യമായ പക്വത ഇത്തരം പുരുഷന്മാര്‍ക്ക് കുറവായിരിക്കും.

ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം അവളുടെ മാനസികമായ മുറിവുകള്‍ ചികിത്സിക്കുകയെന്നതും ഏറെശ്രദ്ധിക്കേണ്ട ഘടകമാണെന്ന് പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ അഭിപ്രായപ്പെട്ടു. ”അച്ഛന്‍ കുട്ടിയെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയാല്‍ കുട്ടിയെ കെയര്‍ ഹോമിലേക്കോ, മറ്റ് സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റുകയാണ് വേണ്ടത്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അത് നടക്കുന്നില്ല, എന്ന് മാത്രമല്ല കുട്ടിയെ കുറ്റപ്പെടുത്താനാണ് അമ്മമാര്‍ വരെ ശ്രമിക്കുക. അത് നിന്റെ തോന്നലാണെന്നു പറഞ്ഞ് നിസാരവത്കരിക്കും. അതിനുള്ള കാരണങ്ങള്‍ രണ്ടാണ്. അച്ഛന്‍ മകളോട് അങ്ങനെ ചെയ്യില്ല എന്ന വിശ്വാസമാണ് ഒന്ന്. മറ്റൊന്ന് ഭര്‍ത്താവിനെ എങ്ങനെ ചോദ്യം ചെയ്യും, ദാമ്പത്യബന്ധം തകര്‍ന്നാല്‍ കുടുംബം ആരു നോക്കും തുടങ്ങി സ്ത്രീയുടെ മനസ്സിലുണ്ടാകുന്ന കുറേ ആകുലതകളും ചോദ്യങ്ങളുമുണ്ട്. ഒടുവില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ നിര്‍ബന്ധിതയാകുന്നു.

അച്ഛനില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടിയുടെ മനസിലെ മുറിവുകള്‍ മാറ്റുക ദുഷ്‌കരമാണ്. എത്ര കൗണ്‍സിലിംഗ് നല്‍കിയാലും ഒരംശം ബാക്കി നില്‍ക്കും. സ്വന്തം വീട്ടില്‍ നിന്ന് ഇത്തരമൊരനുഭവമുണ്ടാകുമ്പോള്‍ വേറെവിടെയും സുരക്ഷിതത്വമില്ലെന്ന ചിന്തയാണ് അതിന് കാരണം. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ശിക്ഷിക്കപ്പെടുവാനും സാധ്യത കുറവാണ്. ഇത്തരം അച്ഛനമ്മമാര്‍ മാന്യന്മാരായി തുടരുന്നു എന്നതാണ് മറ്റൊരു സത്യം. പലപ്പോഴും ഈ ആളുകളുടെ വ്യക്തിവൈകല്യം തിരിച്ചറിയാന്‍ കഴിയില്ല. മറ്റുള്ളവരോടും ഭാര്യയോടുമെല്ലാം മാന്യമായി ഇവര്‍ പെരുമാറും. മറ്റാരും അറിയാതെ തന്നെ ലഭ്യമാകുന്ന ലൈംഗിക വസ്തുവായാണ് ഇവര്‍ പെണ്‍മക്കളെ കാണുക. ഇക്കാര്യം പുറത്തുപറഞ്ഞാലും ആരും വിശ്വസിക്കില്ല എല്ലാവരും നിന്നെ കുറ്റപ്പെടുത്തും എന്നിങ്ങനെ അച്ഛന്‍ ഭീഷണിപ്പെടുത്തുമ്പോള്‍ കുട്ടി ഭയന്നുപോകും. പീഡിപ്പിക്കുന്നയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒരാളാകുമ്പോഴാണ് പറവൂര്‍ കേസിലെ പ്രതിയെപ്പോലെ പണത്തിനുവേണ്ടി കുട്ടിയെ വീണ്ടും ഉപയോഗിക്കുവാന്‍ തുനിയുന്നത്. ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ ലൈംഗികസാഹസികതയ്ക്കും അരാജകത്വത്തിനും സാധ്യത കൂട്ടുന്നുണ്ട്. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗികവിദ്യാഭ്യാസം പകര്‍ന്നു നല്‍കണം. മൂന്നുവയസ്സുമുതല്‍ ഇതാരംഭിക്കാവുന്നതാണ്.”

നിരവധി മന:ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കു ശേഷം അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നത് നിരവധി ജന്മങ്ങള്‍ക്ക് ഇത്തരം വികൃതമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടാകാം. പക്ഷേ ഇത്തരം ആളുകളില്‍ പലരും, മുകളില്‍ പറഞ്ഞ ഫോട്ടോഗ്രാഫര്‍ അടക്കം, പ്രിയ സ്‌നേഹിതന്‍ സലിഷ് ശല്യ കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിലെ അനാഥ ബാലന്‍ ഉള്‍പ്പെഷടെയുള്ള ആളുകളെപ്പോലെ ബാല്യത്തിലെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാവുകയും, പിന്നീട് അവര്‍ സ്വയം ബാലപീഡകര്‍ ആയിത്തീരുകയും ചെയ്യുന്ന സാഹചര്യങ്ങളെ സംബന്ധിച്ചാണ്. മാത്രമല്ല കുഞ്ഞുനാളിലെ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വ്യക്തിത്വ വൈകല്യങ്ങള്‍ മുതല്‍, നിരന്തര കൗണ്‍സിലിംഗ് കൊണ്ട് പോലും പരിഹരിക്കാനാവാത്ത തീവ്രമായ വിഷാദം തുടങ്ങി, ആത്മഹത്യയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുന്നുണ്ട് എന്നതാണ് ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വന്തം പിതാവടക്കമുള്ള രക്തബന്ധങ്ങളില്‍ നിന്നാണ് പീഡനങ്ങള്‍ എന്നാകുമ്പോള്‍ അതിന്റെ ഭയാനകമായ മാനഃശാസ്ത്ര മാനങ്ങളെ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ പുരോഗമിക്കുന്നേയുള്ളൂ എന്നു വേദനയോടെ പറയേണ്ടി വരുന്നു.

കുട്ടികളാവട്ടെ, പലപ്പോഴും ഇത്തരം അതിക്രമങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലും അപരിചിതരായ മനുഷ്യരില്‍ നിന്നാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പലപ്പോഴും ഇത് സംഭവിക്കുന്നതു കുടുംബത്തില്‍ നിന്നും, രക്തബന്ധങ്ങളില്‍ നിന്നും, വീട്ടകങ്ങളില്‍ നിന്നുമാണ്. ഒരു അപരിചിതന്റെ ആക്രമണ അനുഭവം മാതാപിതാക്കള്‍, അധ്യാപകര്‍, പ്രിയപ്പെട്ടവര്‍ എന്നിവര്‍ സമാധാനിപ്പിക്കുമ്പോഴോ, ഒന്നോ രണ്ടോ ദിവസത്തെ ഉറക്കത്തിനു ശേഷമോ മറന്നു പോയേക്കാവുന്നതാണ് . പക്ഷേ, അത് സ്‌നേഹിക്കുന്നവരില്‍ നിന്നും, പ്രിയപ്പെട്ടവരില്‍ നിന്നും, വീട്ടകങ്ങളില്‍ നിന്നുമാകുമ്പോള്‍ മായാത്ത ഒരു മുറിവും, വിഷാദത്തിന്റെ വറ്റാത്ത ഉറവയും മനസ്സില്‍ രൂപപ്പെടുകയായി. ആരോടും പങ്കുവയ്ക്കുവാന്‍ പോലും ഇത്തരം അനുഭവങ്ങള്‍ സാധിക്കില്ല എന്ന നിലകൂടി വരുമ്പോള്‍, മഞ്ച് മലരുകള്‍ പറയുന്നതിന് വിരുദ്ധമായി ഇത് കാലാകാലം ഒരു ജന്മത്തെത്തന്നെ വികൃതമാക്കുന്ന രൂപത്തിലുള്ള ദുരന്തമാവുകയാണ് ചെയ്യുന്നത് .

അടുത്ത കാലത്താണ് സുപ്രസിദ്ധ ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍ കൗമാര തുടക്കത്തില്‍ അവര്‍ ലൈംഗികമായി അതിക്രമിക്കപ്പെട്ട അനുഭവം ലോകത്തോട് പങ്കുവച്ചത്. സത്യത്തില്‍ സോനം കപൂര്‍ അത് പറഞ്ഞു എന്നതിനപ്പുറം എന്നെ വായിക്കുന്ന സ്ത്രീകളില്‍ നാല്‍പ്പതു ശതമാനത്തിനെങ്കിലും കുട്ടികാലത്തോ കൗമാര കാലത്തോ അനുഭവിച്ച ആ ഇരുളുകളിലേക്ക് ഓര്‍മകള്‍ പോകുമെന്ന ഭീതി സൃഷ്ടിച്ചതിന് എന്നോട് പൊറുക്കുക .

ലൈംഗിക കൃത്യത്തിനുള്ള സമ്മതം
Hetero Sexualism ആണെങ്കിലും, Homo Sexualism ആണെങ്കിലും, ലോകവും, നിയമവ്യവസ്ഥയും അംഗീകരിച്ച രണ്ടു ലൈംഗിക ചോദനകള്‍ എന്ന നിലയില്‍, സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തുന്നത് ലോകമാകെ ലൈംഗിക കുറ്റകൃത്യമാണ്. അത് ഏതു Sexual Orientation ആണെങ്കിലും. ആ നിലയില്‍ സമ്മതം തരാന്‍, പ്രായമോ, ശാരീരികവും, മാനസികവുമായ വളര്‍ച്ചയോ എത്താത്ത, പ്രത്യേകിച്ച് Age of Puberty എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളോട് കാമം തീര്‍ക്കാന്‍ അതിക്രമമായി ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ എങ്ങനെയാണ് ഒരു Sexual Orientation എന്നു പേരിട്ടു വിളിക്കാന്‍ കഴിയുക. ഇത് ചെയ്യുമ്പോള്‍ ആരുടെ സമ്മതമാണ് ഈ ലൈംഗിക വേഴ്ചയ്ക്ക് ഈ മനോരോഗികള്‍ വാങ്ങുന്നത്? സമ്മതമില്ലാതെ നടത്തപ്പെടുന്ന ലൈംഗിക കൃത്യങ്ങള്‍ എങ്ങിനെയാണ് Orientation എന്ന് പേരിട്ടു വിളിക്കാന്‍ കഴിയുന്നത് ?! എന്താണ് മഞ്ച് വാദികളുടെയും, പിന്തുണക്കുന്നവരുടെയും ഇക്കാര്യത്തിലെ ഉത്തരങ്ങള്‍, ശാസ്ത്രീയ വാദങ്ങള്‍, യുക്തികള്‍? ലൈംഗിക ഹോര്‍മോണ്‍ വളര്‍ച്ചയുള്ള ഹോമോസാപ്പിയന്‍സ് വിഭാഗത്തില്‍പ്പെട്ട ജീവികളടക്കം, ശാരീരികമായ പാകത വന്നതിനു ശേഷം, ഇഷ്ടത്തോടെ ആനന്ദിക്കുന്ന ഒന്നാണ്, എന്റെയൊക്കെ പഴഞ്ചന്‍ ഭാഷയില്‍, നിറഞ്ഞ പ്രണയമുണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന ഒന്നാണ് കൂട്ടരേ ലൈംഗികത. അത്തരം മനോരോഗങ്ങളെ അഞ്ചു രൂപയുടെ മഞ്ചിലേക്ക് ചുരുട്ടിക്കെട്ടിയ മനോരോഗികളോടും, പിന്തുണച്ച അമാനാവ ചേച്ചിമാരോടും, ചേട്ടന്മാരോടും വേഗത്തില്‍ ചികിത്സ തേടാന്‍ മാത്രം നിര്‍ദേശിക്കട്ടെ.

‘sexuality is more of a spectrum , than a finite category’ പീഡോഫീലിയ നാളെ ഒരു പക്ഷെ ശാസ്ത്ര യുക്തിയില്‍ ഒരു ലൈംഗിക അഭിരുചിയെന്നു വല്ല ഭ്രാന്തന്‍ നിരീക്ഷകരും കണ്ടെത്തിയെക്കാം. പക്ഷേ അപ്പോഴും, സമ്മതമില്ലാതെ ബലാത്കാരമായി നടത്തുന്ന ഒരു കൃത്യം, അല്ലെങ്കില്‍ ഉത്തരവാദിത്തമില്ലാതെ തന്റെ ലൈംഗിക ചോദന വെളിവാക്കുന്ന ഒരു മനുഷ്യന്‍ പീനല്‍ നിയമങ്ങളുടെ കണ്ണില്‍ ഇപ്പോഴും, എപ്പോഴും ഒരു സാമൂഹ്യ കുറ്റവാളി യിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിന്റെയൊക്കെ മഞ്ച് വാദങ്ങളും, അതിനെ പിന്താങ്ങുന്ന മഞ്ചത്തികളും, നിയമത്തിനു മുന്നില്‍ യുക്തിസഹമായി ഒന്നും വിശദീകരിക്കുന്നില്ല എന്നും പറഞ്ഞു വക്കട്ടെ ..!!

വിരാമാതിലകം : അമേരിക്കന്‍ ഐക്യനാടുകളിലെയും, യൂറോപ്പ്യന്‍ രാജ്യങ്ങളിലെയും ടൗണുകളില്‍, പുതിയ താമസ സൗകര്യമാന്വേഷിച്ചു വരുന്ന കുടുംബങ്ങള്‍ക്ക് , തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രഖ്യാപിത കുറ്റവാളികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ക്കൊപ്പം ബാല പീഡകരായിട്ടുള്ള ആളുകളുടെ വിവരങ്ങളും ലഭ്യമാണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലൈംഗിക ആനന്ദം വേണമെങ്കില്‍ ‘അയിനു പറ്റിയ ആള്‍ക്കാരും ഞമ്മളെ ടൗണില്‍ ഉണ്ട് ‘ എന്നല്ല പോലീസ് സ്‌റ്റേഷനിലെ ലിസ്റ്റുകള്‍ പറയുന്നത് എന്നതാണ് ‘ഞാളെ ചെറ്യേ ബുദ്ധീല്‍ തോന്ന്യെത് തമ്പ്രാ!’ മറിച്ച് ഇത്തരം മനോരോഗികള്‍ ഈ പട്ടണത്തില്‍ ഉണ്ട് . മക്കളെ സൂക്ഷിക്കണം എന്ന് തന്ന്യല്ലേ തംമ്പ്രാന്മാരെ?!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍