UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

അശ്ലീല സാഹിത്യം: കുട്ടികളുടെ കോടതി എന്ന കവിതയ്ക്ക് ഒരു നിരൂപണം

മായ ലീല

ഒരു സാഹിത്യസൃഷ്ടിയ്ക്ക് പരിധികളും ചട്ടക്കൂടുകളും ഇല്ല. സൃഷ്ടാവിന്റെ ചിന്തകള്‍ ഉരുത്തിരിയുന്നതും ഒരു പ്ലോട്ട് ഉണ്ടാക്കുന്നതും അതിനെ വാക്കുകളില്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന മാനസിക വ്യായാമം ഇന്ന ഇന്ന രീതികളില്‍ വേണമെന്ന് ശഠിക്കുവാന്‍ കഴിയില്ല. അത് വ്യക്തിഗതവും വ്യക്തിസ്വാതന്ത്ര്യവും ആയി നിലനില്‍ക്കുന്നു. സാഹിത്യം, സിനിമ, കല എന്നിവയെ നിരൂപണം നടത്തുന്ന പാഠ്യപദ്ധതികളില്‍ ഫ്രോയ്ഡ് മുതല്‍ക്കുള്ളവരുടെ സൈക്കോ അനാലിസിസ്‌ ഏറെ പ്രചാരത്തില്‍ ഉള്ള ഒന്നാണ്. രാഷ്ട്രീയ ശരി/തെറ്റ് നിലപാടുകളെ യുക്തികേന്ദ്രീകൃതമായി വിമര്‍ശിക്കുന്ന രീതി ഇത്തരത്തില്‍ മനശ്ശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചുള്ള വിമര്‍ശനത്തിനോട് ചേര്‍ത്ത് വായിക്കാം. ബോധ മനസ്സിന് അപ്രാപ്യമായ ഒന്നിന്‍റെ സാന്നിദ്ധ്യം അബോധപൂര്‍വ്വം ഒരെഴുത്ത്കാരന്‍റെ/കാരിയുടെ സൃഷ്ടികളില്‍ പ്രതിഫലിക്കുന്നത് കാണാനാകും. സൃഷ്ടി എത്ര മഹത്തരം എന്നോ എത്ര അംഗീകരിക്കപ്പെട്ടത് എന്നോ വളരെ ഉപരിപ്ലവമായ ഒരു അളവുകോല്‍ ആണ്, അതിന് എഴുത്തിലെ ഒളിഞ്ഞു കിടക്കുന്ന മനോനിലകളുമായി ബന്ധം ഉണ്ടാവണം എന്നില്ല. പരക്കെ അംഗീകരിക്കപ്പെട്ടത് കൊണ്ട് ഒരു സാഹിത്യ സൃഷ്ടിയുടെ അയുക്തി ഇല്ലാതാകുന്നും ഇല്ല.

 

ഘടനാപരമായി അതെത്ര മനോഹരമാണ് എന്നതും ഉള്ളടക്കം കൊണ്ട് എത്ര സമ്പുഷ്ടമാണ് എന്നതും അതിന്‍റെ ബാഹ്യലക്ഷ്യങ്ങള്‍ എന്താണെന്നുള്ളതും പല മേഖലകളിലായി നിരൂപിക്കാവുന്ന വസ്തുതകള്‍ ആണ്. എന്നിരിക്കിലും സമാന്തരമായി ഒരു കവിത സാധാരണക്കാരനില്‍ ഉളവാക്കാവുന്ന മാനസിക ചലനങ്ങള്‍, എഴുത്തുകാരന്‍റെ മനോഗതി, സൃഷ്ടിയെ സ്വീകരിക്കുന്നവരുടെ മനോഗതി എന്നിവ വേറിട്ട ഒരു നിരൂപണം അര്‍ഹിക്കുന്നു.

 

സിനിമ കാഴ്ച്ചയിലൂടെ ആശയവിനിമയം ചെയ്യുന്നു എങ്കില്‍ സാഹിത്യത്തില്‍ അത് മനക്കണ്ണിലൂടെയാണ്, അതുകൊണ്ട് തന്നെ സിനിമയെന്ന മാധ്യമത്തിലും ഉപരി ഒരു വ്യക്തിയ്ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്ന ഒന്നാണ് വായന. വായിക്കുന്നതില്‍ കൂടുതല്‍ വിഭാവന ചെയ്യാനുള്ള അവസരവും കൊടുക്കുന്നുണ്ട്.

 

 

സോഷ്യല്‍ മീഡിയയിലെ രചനകള്‍ക്ക് പ്രിന്‍റ് മീഡിയ പോലെ മന്ദഗതിയില്‍ ഉള്ള അംഗീകാരം അല്ല ലഭിക്കുക. അതുപോലെ എല്ലാ തുറകളിലും ഉള്ള വായനക്കാരെ അവിടെ ലഭ്യമാണ് താനും. സോഷ്യല്‍ മീഡിയകളില്‍ വരുന്ന സാഹിത്യ സൃഷ്ടികള്‍ക്ക് എഴുതുക എന്ന എഴുത്തുകാരന്‍റെ ആത്മനിര്‍വൃതിയെക്കാളും എഴുത്തുകാരന്‍ എന്ന നിലയില്‍ ഉള്ള ക്ഷിപ്ര ബഹുമതി എന്നൊരു ഉദ്ദേശ്യം കൂടെയുണ്ട്. വിപണനതന്ത്രങ്ങള്‍ ഉപയോഗിച്ച് ആളെക്കൂട്ടാന്‍ ഉള്ള ഒരു വേദി കൂടെയാകുന്നു ഈ മാധ്യമത്തിലെ സൃഷ്ടികള്‍. എല്ലാ തരത്തിലും ഉള്ള ആളുകള്‍ക്ക് ഇത് പ്രാപ്യമാണ് എന്നതുകൊണ്ട് എഴുതുന്നതിന്‍റെ ഭവിഷ്യത്തുകളെ പറ്റി ചിന്തിക്കാനുള്ള ഉത്തരവാദിത്തം എഴുത്തുകാര്‍ക്കുണ്ട്, പ്രത്യേകിച്ചും ഈ ഇടം ഫ്രീ ആയി കിട്ടുന്ന ഒന്നായത് കൊണ്ട്.

 

അധികാരദുര്‍വിനിയോഗത്തെ പറ്റി metaphorical ആയി എഴുതി സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കവിതയെ മനശ്ശാസ്ത്രസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്നപഗ്രഥിക്കുന്നു. കുട്ടികള്‍ കളിക്കുന്ന ഒരു രംഗമാണ് വേദി, അതിന്‍റെ ഉറവിടം ഒമ്പത്‌ വയസ്സുള്ള ഒരു ആണ്‍കുട്ടി ആറുവയസ്സുകാരി കൂട്ടുകാരിയെ ബാത്ത്റൂമില്‍ കെട്ടിയിട്ടു അടിച്ചു വശമാക്കി ബലാത്സംഗം ചെയ്ത ഒരു വാര്‍ത്തയാണ്. പ്രതിയും വാദികളും വക്കീലും പോലീസും ജഡ്ജിയും കോടതിയും ഉള്‍പ്പെടുത്തി, പ്രതി ഒഴികെ ബാക്കി എല്ലാവരും ഇരയായ വാദികളെ പാവാട പൊക്കി നോക്കിയും വൈകൃതങ്ങളായ ചോദ്യങ്ങള്‍ ചോദിച്ചും പരിഹസിച്ചും മറ്റും മുന്നേറുന്നതാണ് കവിത.

 

സൃഷ്ടികര്‍ത്താവ് ഒരിക്കലും സൃഷ്ടിയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നില്ല സാഹിത്യത്തില്‍. Jorge Borges വാദിക്കുന്നുണ്ട്, ഓരോ എഴുത്തുകാരനും പലരുടേയും മുന്നോടികളെ സൃഷ്ടിക്കുന്നു എന്ന്, അത് വായിക്കുന്നവരുടെ ചരിത്രമോ ഭാവിയോ പരിവര്‍ത്തനം ചെയ്യുന്നുണ്ട് എന്നും. ഇത് വെറും ഉപമയാണ്, നിങ്ങള്‍ ഇതിലെ വാച്യാര്‍ത്ഥത്തില്‍ മാത്രം ശ്രദ്ധിക്കൂ എന്ന് വടിയെടുത്ത് തല്ലിപ്പറഞ്ഞാല്‍ കൂടെ പ്രസ്തുത കവിതയില്‍ മുഴച്ചു നില്‍ക്കുന്നത് ഇറോട്ടിസം തന്നെയാണ്.  

 

അധികാര ദുര്‍വിനിയോഗത്തിനെ ഉപമിച്ചിരിക്കുന്നത് ഒരു കുഞ്ഞിനെ എങ്ങനെ ബലാത്സംഗം ചെയ്യുന്നു എന്ന വിഷ്വലിലാണ്. ഇവിടെ കൃത്യമായും വിവരിക്കുന്നത് സ്ത്രീ ശരീരത്തെയും, ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുരുഷന് ഉണര്‍വ്വ്‌ നല്‍കുന്നു എന്ന് സമൂഹം പഠിപ്പിച്ചു വളര്‍ത്തുന്ന വികലതകളിലെയ്ക്കും ആണ്. സ്ത്രീ ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നത് മുതല്‍ അവരുടെ ജാള്യത, ചുരുങ്ങിക്കൂടല്‍, വഴങ്ങിക്കൊടുക്കല്‍ മുതലായവയിലും ആഴത്തില്‍ വിശദീകരണങ്ങള്‍ ഉണ്ട്. ബലം പ്രയോഗിച്ച് അല്ലെങ്കില്‍ അധികാരം ഉപയോഗിച്ച് അനുസരിപ്പിക്കുന്ന പ്രാകൃത വ്യവസ്ഥാപിത ചിത്തഭ്രമമാണ് ഇതില്‍ ഒളിഞ്ഞു കിടക്കുന്നത്. സ്ത്രീയുടെ അടിമത്തം, പുരുഷനെന്ന അധികാരിയും ബലവാനും ആയവന്റെ കടന്നു കയറ്റം എന്നിങ്ങനെ ചിത്രീകരിക്കുമ്പോള്‍ പുരുഷാധിപത്യവും അതിനുള്ളില്‍ നില്‍ക്കുന്ന ഒരു ജനവിഭാഗത്തെയും ആസ്വദിപ്പിച്ചു നിര്‍ത്തുന്നു. ഇത്തരത്തില്‍ ഒരു സെക്ഷ്വല്‍ വിഭ്രാന്തി തീര്‍ക്കുന്നത് വായനക്കാരുടെ മനസ്സിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. വായിക്കുന്നത് ഏതു മാധ്യമം ഉപയോഗിച്ചായാലും അതിനെ മനക്കണ്ണില്‍ വായനക്കാരന്‍ കാണുമെന്നത് പരിഗണിക്കുമ്പോള്‍ ഇവിടെ അധികാര ദുര്‍വിനിയോഗം-സെക്സ് എന്നിവയിലേക്ക് വേഗത്തില്‍ ചാഞ്ചാടുന്ന മനസ്സുകള്‍ ആണുണ്ടാവുക.

 

 

നാസി ക്രൂരതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് എഴുതിയ/എഴുതപ്പെട്ട ചരിത്രങ്ങളില്‍ ചിലത് സാഹിത്യത്തില്‍ (സിനിമയിലും; (The Night Porter)) ഇത്തരത്തിലെ ഒരു വികലരീതിയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അവിടെ ഭൌതീക ഹിംസയെ ആണ് സെക്ഷ്വല്‍ വിഷ്വല്‍ ആക്കിയതെങ്കില്‍ ഇവിടെ സ്റ്റേറ്റ്ന്‍റെ കടന്നുകയറ്റത്തെ ആണ് വിഷ്വല്‍ ആക്കുന്നത്. ഇതിനുപയോഗിക്കുന്ന മാധ്യമം ഒരു കുഞ്ഞിന്‍റെ ശരീരാവയവങ്ങളും. ഇത്തരത്തില്‍ ബലാത്സംഗത്തെ കാല്‍പ്പനികതയില്‍ കണ്ടുകൊണ്ട് കൃത്യമായ ചിത്രീകരണം തരുന്ന വാക്കുകള്‍ വായനക്കാരനെ ലൈംഗീക വൈകൃതങ്ങളിലെയ്ക്ക് ക്ഷണിക്കുക കൂടെ ചെയ്യുന്നു. അധികാരികള്‍ നടത്തുന്ന അക്രമത്തെ ഇത്തരത്തില്‍ ഒരു പീഡോ-പോര്‍ണില്‍ കേന്ദ്രീകരിച്ച് എഴുതുന്നത്‌ എന്തിനാണ്? ഇറോട്ടിസം വിപണി ധാരാളമായി ഉപയോഗിച്ച് വരുന്ന ഒരു അടവാണ്. ആളെ കൂട്ടാനും അംഗീകാരം നേടാനും സാധാരണക്കാരനില്‍ എന്തോ മേന്മയുള്ളത് എന്ന മിഥ്യാധാരണ ഉളവാക്കുന്ന വാചക കസര്‍ത്തുകള്‍ നടത്തുന്നത്. സെഷ്വലൈസ്ഡ് സ്ത്രീ ശരീരം, ബാലികമാരുടെ ശരീരം എന്നിവ ഉപയോഗിച്ച് അനീതിയെ ഉപമിക്കുന്നത് വെറും ആളെക്കൂട്ടാന്‍ ഉള്ള ഒരു വിപണതന്ത്രമായി മാത്രമേ കാണാന്‍ കഴിയൂ, സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഇത്തരം തന്ത്രങ്ങള്‍ വിപണിയുടെ പാത പറ്റി ക്ഷിപ്ര ബഹുമതിയെ ലക്‌ഷ്യം വെച്ച് ചെയ്യുന്നതാണ്.

 

റേപ്പ്‌ തമാശകള്‍ മെനഞ്ഞെടുക്കുന്ന പുരുഷാധിപത്യത്തിന്‍റെ വെറും വികലതകളില്‍ ഒന്നാണ് ഇത്തരത്തിലെ ലൈംഗികാധിക്യം കലര്‍ത്തിയ സാഹിത്യ രചനകള്‍. ഒരു കളി തോല്‍ക്കുന്ന പോലെയോ ഒരു വാദത്തില്‍ പരാജയപ്പെടുന്നത് പോലെയോ ലാഘവമായ ഒന്നാണ് ബലാത്സംഗം എന്ന് ഇത്തരം റേപ്പ്‌ തമാശകള്‍ ഉറപ്പിക്കുന്നു. പരസ്പര സമ്മതത്തോടെയുള്ള ഒരു മത്സരമാണോ ബലാത്സംഗം? ഒരു കളിയില്‍ തോല്‍ക്കുന്ന സാഹചര്യമാണോ ഒരു ക്രിമിനല്‍ കുറ്റത്തിന് ഇരയാവുക എന്ന് പറയുന്നത്? ഒരു കളിയില്‍ തോല്‍ക്കുന്നത് ബലാത്സംഗം ചെയ്യപ്പെട്ടതായി കരുതാമെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് വെറുമൊരു കളിയില്‍ തോറ്റ രീതിയില്‍ കാണാന്‍ പറയാനും ക്രിമിനലുകള്‍ മടിക്കുകയില്ലല്ലോ. നീതി കിട്ടാതെ അങ്ങേയറ്റം മാനസികവും ശാരീരികവുമായി വേദന അനുഭവിക്കുന്ന, മരണം വരെ സംഭവിച്ച സ്ത്രീകളോടും കുട്ടികളോടും ഉള്ള വെറും കൊഞ്ഞനംകുത്തലും ബാലിശമായ അയുക്തിയുമാണ് ബലാത്സംഗ തമാശകള്‍ എങ്കില്‍ മന:പൂര്‍വ്വം വ്യവസ്ഥിതിയിലെ ഉപഭോക്തൃ വര്‍ഗ്ഗത്തെ തന്‍റെ പിന്നില്‍ അണിനിരത്താന്‍ അതില്‍ നിന്ന് കിട്ടുന്ന ലാഭം കൊയ്യാന്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് അശ്ലീല സാഹിത്യം. അതില്‍ സാഹിത്യമില്ല വെറും അശ്ലീലം മാത്രം. വിചിത്രമായി ഇത്തരം സൃഷ്ടികള്‍ക്ക് കിട്ടുന്ന സമ്മിതി വളരെ അധികമാണ്, Fifty shades of grey എന്ന പുസ്തകം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒന്നായിരുന്നു.  

 

കലയിലും സാഹിത്യത്തിലും സിനിമയിലും പണ്ട് മുതല്‍ക്കെ സ്ത്രീ നഗ്നത ധാരാളമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. കല, സാഹിത്യം എന്നിവ പോപ്പുലര്‍ ആയി വരുന്ന കാലം തൊട്ട് മുഖ്യാധാരാ സമൂഹത്തില്‍ സ്ത്രീയുടെ സാന്നിധ്യം കുറവ് തന്നെയായിരുന്നു, പുരുഷാധിപത്യം പതിവുപോലെ അതിന്‍റെ ഔന്നത്യത്തിലും. സ്ത്രീ ശരീരത്തിന്‍റെ വളവുകളിലും ഇടുക്കുകളിലും അങ്ങേയറ്റം സൌന്ദര്യം ഉണ്ടെന്നു ഘോഷിക്കുന്നവര്‍ ഒട്ടുമിക്കതും പുരുഷന്മാര്‍ ആയിരുന്നു, അവര്‍ ഒരിക്കല്‍ പോലും പുരുഷ നഗ്നതയെ ഇത്തരത്തില്‍ സൌന്ദര്യാരധനയില്‍ കണ്ടതുമില്ല. അത്തരത്തില്‍ ഉയര്‍ന്നു വന്ന മേഖലകളില്‍ romanticised eroticism, excessive female nudity എന്നിവ മേല്‍ത്തരമായി കണക്കാക്കുന്നതില്‍ ഒരു അത്ഭുതവും ഇല്ല. അതിലേറ്റവും വികലവും യാതൊരു തരത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതും ആകും ബാലികമാരുടെ ശരീരവും ലൈംഗീക അവയവ വര്‍ണ്ണനയും നടത്തുന്ന സൃഷ്ടികള്‍.

 

പ്രസ്തുത കവിതയില്‍ ബാലികമാരുടെ ഗുഹ്യാവയവങ്ങളെ പറ്റി കോടതിയിലെ ജഡ്ജ് കമ്മന്റ് പാസ്സാക്കുന്നതും രോമങ്ങളുടെ നിറങ്ങള്‍ വരെ വര്‍ണ്ണിക്കുന്നതും ആയ എഴുത്തുകള്‍ വായനക്കാരനെ ആ ശരീരത്തിലോട്ട് ക്ഷണിക്കുകയാണ്. യോനിയില്‍ വിരലടയാളം ഉണ്ടോ, നാവടയാളം ഉണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ പറയുമ്പോള്‍ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ ഒരു ചിത്രമാണ് നല്‍കുന്നത് എന്നതിന് പുറമേ, ലൈംഗീക അതിക്രമം എങ്ങനെയൊക്കെ നടന്നിരിക്കും എന്ന് കവി വായനക്കാരന് ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. വിഷ്വല്‍ മാധ്യമത്തിലൂടെ കിട്ടുന്ന പ്ലെഷര്‍, ഫ്രോയ്ഡിന്റെ സ്കൊപോഫിലിയ, മനക്കണ്ണ്‍ കൊണ്ട് വായനക്കാരന് നല്‍കുകയെന്ന ധര്‍മ്മമാണ് ഇതിലൂടെ ഉരുത്തിരിയുന്നത്. ലൈംഗീക അനീതികള്‍ കൊടികുത്തി വാഴുന്ന സമൂഹത്തില്‍ എല്ലാക്കാലത്തും നോക്കുന്ന പുരുഷനും നോക്കപ്പെടുന്ന സ്ത്രീയും എന്ന ചിത്രമാണ് നിലനില്‍ക്കുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തി ഈ എഴുത്തിനേയും അപഗ്രഥിക്കേണ്ടതുണ്ട്. കോടതി മുറിക്കുള്ളില്‍ നില്‍ക്കുന്ന സകല പുരുഷന്മാരുടെയും നോട്ടത്തിന് ഇരയാവുകയാണ് പെണ്‍കുട്ടികള്‍, വായനക്കാരുടേയും. ഒരു ബാലപീഡനത്തെ നേരിട്ട് പറയാന്‍ പോലും ഇത്രയും ചിത്രീകരണം ആവശ്യമില്ലെന്നിരിക്കെ അധികാരത്തിന്‍റെ ഹുങ്ക്നെ താറടിക്കാന്‍ ഇത്തരത്തില്‍ ബാലികമാരിലെക്ക് സ്കൊപ്പോഫീലിയ കടത്തി വിടുന്നതിനൊരു ഔചിത്യവും ഇല്ല. ഇതിലൂടെ നടത്താന്‍ ശ്രമിക്കുന്ന ആശയവിനിമയം വായനക്കാരന് പൂര്‍ണ്ണമായും നിഷിദ്ധമാവുകയും പകരം ഇത് വെറുമൊരു സെക്സി ഓര്‍മ്മയായി അവശേഷിക്കുകയും ചെയ്യും. കുട്ടികളുടെ മേലുള്ള ലൈംഗീകാസക്തി ഗോപ്യമായത് എഴുത്തില്‍ പ്രതിഫലിക്കുന്നു. സൃഷ്ടികളെ ചോദ്യം ചെയ്യാന്‍ പാടില്ലായെന്നും സൃഷ്ടാവിനെ ലേബലുകളില്‍ നിര്‍ത്താന്‍ പാടില്ല എന്നും പൊതുസമൂഹം പറയുമ്പോള്‍, ഒരു സൃഷ്ടിയില്‍ അടങ്ങിയിരിക്കുന്ന അബോധ പ്രതിഫലനങ്ങള്‍ ഇല്ലാതാകുന്നില്ല, അവയ്ക്ക് മേല്‍ നടത്താവുന്ന മന:ശാസ്ത്ര സൈദ്ധാന്തിക നിരൂപണം ഇല്ലാതാക്കാനും കഴിയില്ല.

 

 

ബലാത്സംഗം ചെയ്യുന്നവനെ ന്യായീകരിക്കുക എന്നൊരു ഹീനകൃത്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്. “അവള്‍ക്ക് വേദനിച്ചില്ല” എന്ന് പ്രതി പറയുകയും “അവന്‍റെ വാക്കുകള്‍ ആരും കേള്‍ക്കുന്നില്ല” എന്ന് പറയുകയും ചെയ്യുമ്പോള്‍ അവന്‍ ചെയ്തത് ഒരു കുറ്റമേ ആയിരുന്നിരിക്കില്ല എന്ന് വായനക്കാരന് തോന്നുകയും പ്രതിയോട് സഹാനുഭൂതി തോന്നുകയും ചെയ്യും. ലോകത്തൊട്ടാകെ ചരിത്രപരമായി തന്നെ അധികാരശ്രേണിയില്‍ എന്നും സ്ത്രീയ്ക്ക് മുകളില്‍ സ്ഥാനമുള്ള പുരുഷന്‍ കൂട്ടായ്‌ നിന്ന് ബലാത്സംഗങ്ങളെ ന്യായീകരിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. അതവന്റെ അധികാരത്തിന്‍റെ പ്രകടനമായും അവകാശമായും സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (ഉദാ: ഭര്‍ത്താവെന്ന അധികാരിയ്ക്ക്‌ ഭാര്യയെന്ന സ്ത്രീയുടെ മേലുള്ള ലൈംഗീക അധികാരം). പക്ഷെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ന്യായീകരിക്കപ്പെടെണ്ടുന്നവരാണോ ബലാത്സംഗ കുറ്റവാളികള്‍? നിങ്ങള്‍ തീരുമാനിക്കൂ.

 

ബലാത്സംഗം ചെയ്യപ്പെട്ടതിലും വലിയ ക്രൂരതകള്‍ കോടതിമുറികളില്‍ ഇരകള്‍ അനുഭവിക്കേണ്ടി വരും എന്നതൊക്കെ ജനപ്രിയ സിനിമകളും സാഹിത്യങ്ങളും അടിച്ചേല്‍പ്പിച്ച ധാരണയാണ്. കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട നിയമസംവിധാനങ്ങളെ അവനവന്‍റെ മനോരാജ്യം പോലെ എഴുതി വിടുന്നത് കൊണ്ട് നിയമ വ്യവസ്ഥിതിയെ പറ്റി സാധാരണക്കാര്‍ക്ക്‌ ഉണ്ടാകാവുന്ന അവിശ്വാസം തെറ്റിദ്ധാരണ എന്നിവ ചെറുതല്ല. ബാലപീഡനത്തിന്‍റെ പ്രോട്ടോക്കോളുകളെ പറ്റി ജിതിന്‍ ദാസ്‌ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇവിടെ ഉദ്ധരിക്കുന്നു;

 

“സാധാരണ രീതിയിലല്ല, പോസ്കോ ആക്റ്റ്‌ പ്രകാരം ആണ് കുട്ടികള്‍ ലൈംഗികമായി പീഡിപ്പിച്ചാല്‍ നടപടി തുടങ്ങുക. ഇതിന്‍ പ്രകാരം:

1. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതി ലഭിച്ചാല്‍ ഒന്നാമത്തെ നടപടി കുട്ടിയെ ആവശ്യമെങ്കില്‍ ആശുപത്രിയിലോ അല്ലെങ്കില്‍ അംഗീകൃത ചൈല്‍ഡ് ഷെല്‍ട്ടറിലോ എത്തിക്കേണം, കുട്ടി വീട്ടില്‍ സുരക്ഷിത/ന്‍ അല്ലെങ്കില്‍.

 

2. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വിവരം പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. കുട്ടിയുടെ സുരക്ഷയും തുടര്‍ നടപടിക്രമങ്ങളും നിയന്ത്രിക്കുന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ്, പോലീസല്ല.

 

3. മെഡിക്കല്‍ എക്സാമിനേഷന്‍ കുട്ടിയുടെ മാതാപിതാക്കളോ അവര്‍ ഇല്ലെങ്കില്‍ കുട്ടി പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരു ബന്ധു/ പരിചയക്കാരിയുടെയോ ആദ്യന്ത സാന്നിദ്ധ്യത്തില്‍ മാത്രമേ പാടുള്ളൂ.

 

4. കുട്ടി പെണ്ണാണെങ്കില്‍ വനിതാ ഡോക്റ്റര്‍ മാത്രമേ കുട്ടിയെ പരിശോധിക്കാവൂ.

 

5. മൊഴിയെടുക്കുന്നത് കുട്ടിക്ക് യാതൊരു വിധ മാനസിക പ്രശ്നവും ഉണ്ടാകാത്ത രീതിയില്‍ ആയിരിക്കണം. മാതാപിതാക്കളോ ബന്ധുവോ ഒപ്പമുണ്ടായിരിക്കണം. പെണ്‍‌കുട്ടിയാണെങ്കില്‍ വനിതാ പോലീസ് സാന്നിദ്ധ്യവും വേണം.

 

6. വിചാരണ സ്പെഷ്യല്‍ കോടതിയിലാണ്. ഇന്‍ ക്യാമറ ട്രയല്‍ ആയിരിക്കണം അതായത് കുട്ടിയും മാതാപിതാക്കളും മാത്രമായിരിക്കും കുട്ടി കോടതിയില്‍ എത്തിയാല്‍ ജഡ്ജിക്കു മുന്നില്‍. കുട്ടി കോടതിയില്‍ എത്തേണ്ട സാഹചര്യം കഴിവതും ഒഴിവാക്കി മൊഴിയെടുക്കുന്നതിന്റെ വീഡിയോ ഫയല്‍ കോടതിയില്‍ ഹാജരാക്കാനും നിയമം നിര്‍ദേശിക്കുന്നു. അതുപോലെ ജഡ്ജിയും കുട്ടിയും കഴിയുമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി കുട്ടി കോടതിയില്‍ വരേണ്ടത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

 

7. പുതുക്കിയ നിമയപ്രകാരം ബാല ലൈംഗിക പീഡനം അന്വേഷിക്കുന്നതും വിധിക്കുന്നതും വിഷയത്തില്‍ വിദഗ്ദ്ധരും പരിശീലനം കിട്ടിയ പോലീസുകാരും ഡോക്റ്റര്‍മാരും ജഡ്ജിമാരും ആയിരിക്കണം. കുട്ടിക്ക് മനോവേദന ഉണ്ടാകുന്ന ചോദ്യങ്ങളോ നടപടികളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാനാണിത്. അതുപോലെ തന്നെ പരാതി കിട്ടി ഒരു വര്‍ഷത്തിനകം വിധിപ്രസ്താവിച്ചിരിക്കണം എന്ന ഡെഡ്ലൈനും വലിയൊരു കാര്യമാണ്.”

 

ഒരു സൈക്കോ അനാലിസിസ്‌ അപഗ്രഥനത്തില്‍ ഇത്തരത്തിലെ സൃഷ്ടികള്‍ അത്യന്തം ജാഗരൂകരായ ഒരു സമൂഹത്തിന് മാത്രം ഉതകുന്നതായിരിക്കും. പുരുഷാധിപത്യവും റേപ്പ്‌ കള്‍ച്ചറും ബാലപീഡനവും കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ ഇത് കൂടുതല്‍ ക്രിമിനലുകളെയും കുറ്റവാളികളെയും വൈകൃതങ്ങളെയും സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ, അത് വായിക്കുന്നവരില്‍ ചിലരെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന മന:ശാസ്ത്രപരമായ സൂചനകളോട് എത്രത്തോളം അബോധത്തില്‍ താദാത്മ്യം പ്രാപിക്കുകയും അത്തരുണത്തില്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതും അപകടകരമാണ്. അനീതിയും അക്രമങ്ങളും മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങളോട് പോലും വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ചിലപ്പോഴെങ്കിലും സമൂഹത്തില്‍ സമാധാനവും നീതിയും നിലനില്‍ക്കാന്‍ ഒരു സാഹിത്യ കൃതിയുടെ നിരൂപണവും അതിന്‍റെ ഒപ്പം തന്നെ ചേര്‍ത്ത് വെച്ച് പബ്ലിഷ് ചെയ്യേണ്ടതുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു.  

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍