UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കുട്ടികളുടെ കോടതി’ എന്ന അസംബന്ധവും പിന്തുണക്കാരും

Avatar

ഇഞ്ചിപ്പെണ്ണ്

പ്രസിദ്ധ എഴുത്തുകാരന്‍ ജേംസ് ജോയ്‌സ് പരസ്യങ്ങളെ വിശേഷിപ്പിച്ചിരുന്നത് അസംബന്ധ കലയെന്നാണ്. കലാസ്വാദനം ഒരാളില്‍ മോഹം, കോപം, ഭയം തുടങ്ങിയ വികാരങ്ങള്‍ ഉണര്‍ത്തുന്നുണ്ടെങ്കില്‍ അവയെല്ലാം അസംബന്ധ കലയെന്നും അതേ സമയം ഒരു കലയുടെ സമഗ്രത, പൂര്‍ണ്ണത, സത്യസന്ധത, പൊരുത്തം, താളക്രമങ്ങള്‍, ദീപ്തി തുടങ്ങിയവ സമമായ അളവില്‍ സന്നിവേശിക്കുമ്പോള്‍ അതു നേരായ കലയെന്നും വിശേഷിപ്പിച്ചു. അത്തരത്തിലുള്ള ‘നേരായ’ കല മനസ്സിന്റെ പലവികാരങ്ങളെ തടങ്കലിലാക്കുകയും ആസ്വാദകരുടെ ബൗദ്ധികതയെ ഉദ്ദീപിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം വിവരിക്കുകയുണ്ടായി.

 

പരസ്യങ്ങള്‍ മാത്രമല്ല കല. വാര്‍ത്തകള്‍ ചമയ്ക്കുന്നതു പോലും കലയായി മാറിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു നടിയുടെ മാറിടത്തെ വിവിധ ഫോട്ടോകളിലായി പ്രദര്‍ശിപ്പിക്കുകയും കൃത്യമായി ഒരു ചുവന്ന arrow കൊണ്ട് അവരുടെ മാറുകള്‍ അടയാളപ്പെടുത്തി അവരെ അപമാനിക്കുകയും ചെയ്യുകയുണ്ടായി. അതു വാര്‍ത്തയാണോ എന്നു ചോദിച്ചാല്‍ അതും വാര്‍ത്തയാണെന്നും അതു പ്രസാധകന്റെ അഭിപ്രായ സ്വാതന്ത്ര്യമായും പ്രതിരോധിക്കുന്നവരുണ്ടാവും. അതേ സമയം അതാണോ വാര്‍ത്ത എന്ന സംവാദം സമൂഹത്തില്‍ എല്ലാത്തട്ടിലും നിന്നുയര്‍ന്നു വരേണ്ടതായിട്ടുണ്ട്. അതുപോലെയൊരു ‘കല’യാണ്’ ഈയിടെ കണ്ട ‘കുട്ടികളുടെ കോടതി’ എന്ന കവിത.

 

കിംഗ് ജോണ്‍സ് എന്ന കവി കുട്ടികളുടെ കോടതി എന്ന കവിതയില്‍ പ്രായപൂര്‍ത്തിയാവാത്ത, കുട്ടികളെ വെച്ചുകൊണ്ടുള്ള കാമകേളികളും അശ്ലീലം കലര്‍ന്ന ലൈംഗികാലങ്കാരപ്രയോഗങ്ങളും പലവിധത്തിലുള്ള രൂപകങ്ങളും കവിതയെന്ന വഴി എഴുതിയിടുകയും ആസ്വാദന സമൂഹത്തിനു സമര്‍പ്പിക്കുകയും ചെയ്തു. തീര്‍ച്ചയായും ഇതെഴുതുന്നവള്‍ ഉള്‍പ്പടെ പലരും ആ കവിതയെ ചോദ്യം ചെയ്യുകയും അതിന്റെ കലയെന്ന യോഗ്യതയെക്കുറിച്ച് തര്‍ക്കിക്കുകയും ചെയ്യുകയുണ്ടായി.

 

 

അശ്ലീല രൂപകങ്ങളടങ്ങിയ ഒരു രചനയെ അശ്ലീലകലയെന്നോ അതോ അങ്ങനെ പ്രത്യേക വിശേഷണങ്ങളില്‍ പെടുത്താതെ കലയെന്നു തന്നെ വിശേഷിപ്പിക്കണമെന്നോയെന്നൊക്കെയുള്ള തര്‍ക്കം കലയുടെ ഉത്ഭവം മുതലുള്ളതാണ്. പല കലകളും അതിന്റെ സംസ്‌കാര, സാമൂഹ്യ പരിസരങ്ങള്‍ക്കും കാലഗതികള്‍ക്ക് അനുസരിച്ചും അശ്ലീലമെന്നും ശ്ലീലമെന്നും തരംതിരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ അശ്ലീലം നാളത്തെ ശ്ലീലം മാത്രമാവുകയും തിരിച്ചും ആവുകയും ചെയ്യുന്നതുകൊണ്ടും സാമൂഹ്യരീതികളുടെ ഉടച്ചുവാര്‍ക്കലിനു വേണ്ടി പലവിധത്തിലുള്ള സങ്കേതങ്ങള്‍ കലാകാരന്മാര്‍ പരിശോധിക്കുകയും ചെയ്യാറുണ്ട്.

 

ഉത്തരവാദിത്വമുള്ള കലകള്‍ സമൂഹത്തിന്റെ പല കാപട്യങ്ങളേയും സംസ്‌കാരിക അശ്ലീലങ്ങളേയും പലവിധത്തില്‍ തുറന്നു കാട്ടാറുണ്ട്. പലവിധ നിരോധനാജ്ഞകള്‍, നിയമപ്രശ്‌നങ്ങള്‍, എന്തിനു കൊലപാതകങ്ങള്‍ പോലും കലാകാരന്മാര്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു കലയെ എതിര്‍ക്കുമ്പോള്‍ കലയെ സ്‌നേഹിക്കുന്നവരോ കലയില്‍ ഉള്‍പ്പെട്ടവരോ പൊടുന്നനെ സമൂഹത്തിന്റെ സദാചാരതിട്ടൂരങ്ങളെന്ന് എതിര്‍പ്പുകളെ കണക്കാക്കുകയും കലാകാരനോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. കലാകാരന്‍ അവിടെ ഇരയാവുന്നു എന്ന ന്യായമാണ് പലരേയും പൊടുന്നനേ ഉല്‍പതിഷ്ണുക്കളാക്കുന്നത്.

 

അതേ സമയം കലയുടെ ഉത്ഭവം മുതല്‍ക്ക് തന്നെ കുട്ടികളേയും അടിമകളേയും സ്ത്രീകളേയുമെല്ലാം ഒബ്‌ജെക്റ്റിഫൈ ചെയ്യുകയും അവയെ കലാസ്വാദനമായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. ഷേക്‌സ്പിയറിന്റെ ജൂലിയറ്റ് പതിമൂന്ന് വയസ്സുകാരിയും ലോലിതയിലെ ഡൊറോളസ് വെറും പന്ത്രണ്ട് വയസ്സുകാരിയുമാണ്. ഈ കൃതികളെയെല്ലാം ഉല്‍കൃഷ്ട കൃതികളായും അതേ സമയം അവയുടെ കാലങ്ങളില്‍ വിപ്ലവാത്മകമെന്നും കരുതിയിരുന്നതാണ്. അതുകൊണ്ട് തന്നെ ഒരു രചനയെ വിമര്‍ശിക്കുമ്പോള്‍ ഈ പുരോഗമനാത്മക പഴത്തൊലികളില്‍ ചവിട്ടാതെ വേണം ചെയ്യാന്‍.

 

സ്ത്രീകളുടെ മാറിടങ്ങളോ ഇടുപ്പോ തുടകളോ തുടങ്ങിയവ, ഫുള്‍- ക്ലോസ്പ്പ് ഷോട്ടുകളില്‍ കാണിക്കാത്തവ ഇന്ത്യന്‍ സിനിമളില്‍ വിരലിലെണ്ണാവുന്നവ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പിച്ചു തന്നെ പറയാന്‍ സാധിക്കും. അതു കണ്ടിട്ട് പൊതുവേ നമ്മള്‍ക്കാര്‍ക്കും ഞെട്ടലോ പരിഭ്രമമോ സംസ്‌കാരിക വിയര്‍പ്പുതുള്ളികളോ ഇറ്റാറില്ല. അതു സാധാരണമായ ഒരു കാഴ്ചയായി, എന്തിനു സ്ത്രീകളടക്കമുള്ള കാണികള്‍ ആസ്വദിക്കാനും വിസിലടിക്കപ്പെടേണ്ട ഒരു സാധാരണ ഷോട്ടായും എപ്പോഴേ പരിണമിച്ചു കഴിഞ്ഞു. അതേ രംഗങ്ങള്‍ ഒരു കുട്ടിയുടെ അവയവപ്രദര്‍ശനങ്ങളായി സങ്കല്‍പ്പിച്ചു നോക്കൂ. തീര്‍ച്ചയായും അതു ഒബ്‌ജെക്റ്റിഫിക്കേഷന്‍ എന്നു തന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ അങ്ങനെയുള്ള രചനകളെ സസൂക്ഷ്മം പരിശോധിക്കേണ്ടതായിട്ടുണ്ട്. പല സമൂഹങ്ങളും ഏറ്റവും പുരോഗമനമെന്ന് കരുതപ്പെടുന്ന ഡെന്മാര്‍ക്കില്‍ പോലും ബാലരതി (പെഡോഫീലിയ) നിഷിദ്ധമാണ്. ഇതു പുറകോട്ട് പോകല്‍ അല്ല അല്ലെങ്കില്‍ സദാചാര മേലങ്കികളല്ല, മറിച്ച് പലവിധ മാനസിക, ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം നിര്‍ദ്ദേശിക്കപ്പെട്ട പ്രായപരിധികളാണ്.

 

ഇന്ത്യന്‍ സമൂഹത്തില്‍ കുട്ടികളെ വടികൊണ്ട് തല്ലിയും ഭയപ്പെടുത്തിയും അനുസരിപ്പിച്ചും നടത്തുന്ന ശിക്ഷണ രീതികളെ ഇപ്പോഴും രക്ഷിതാക്കളുടെ അവകാശങ്ങളായി കണക്കാക്കപ്പെടുന്നുണ്ട്. മുന്‍പ് സൂചിപ്പിച്ച വിസിലടിക്കപ്പെടേണ്ട ഷോട്ടുകള്‍ പോലെയാണിവയും. ഇതെല്ലാം സാധാരണ കാര്യങ്ങളാണ്. അതുപോലെ തന്നെ സര്‍വ്വസാധാരണമാണ് ഇന്ത്യന്‍ കുടുംബങ്ങളിലുള്ള ഏറ്റവും അടുപ്പമുള്ളവര്‍ തന്നെ ചെയ്യുന്ന ‘പുറത്ത് പറയാന്‍ കൊള്ളാത്ത’ അല്ലെങ്കില്‍ കുടുംബ മഹിമ നശിച്ചു പോകുമെന്ന ന്യായത്തില്‍ പുറത്ത് വരാത്ത ശിശുപീഡന നിരക്കുകള്‍. ഈ സാമൂഹ്യ സാംസ്‌കാരിക പരിസരത്ത് നിന്നു വേണം ഈ മലയാളം കവിത വായിക്കപ്പെടേണ്ടത്.

 

 

പ്രസ്തുത കവിതയിലെ കുറച്ച് വരികള്‍ താഴെ കൊടുക്കുന്നു:

ഇരു പെണ്‍കുട്ടികളും
വസ്ത്രങ്ങള്‍ അഴിക്കുന്നു
ഇപ്പോള്‍ ഫാത്തിമയുടെ
നിബിഡ രോമങ്ങള്‍ മാത്രമല്ല
ഗായത്രിയുടെ ജനനേന്ദ്രിയത്തിലെ
ഇളം ചെമ്പു രോമങ്ങളും
കറുപ്പാര്‍ജിച്ചു വരുന്നതിന്റെ
ലക്ഷണങ്ങള്‍ കാണായി

പ്രായപൂര്‍ത്തിയാവാന്‍ ഇനിയും വര്‍ഷങ്ങളുള്ള അതേ സമയം അതിലേക്ക് കുതിക്കുന്ന ഒരു കുട്ടിയുടെ (ശ്രദ്ധിക്കുക: പെണ്‍കുട്ടി) ഗുഹ്യഭാഗങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനയാണത്. ഇവിടെ എന്താണ് കവി സംവേദിക്കാന്‍ ശ്രമിക്കുന്നതു? എന്തു തരം വിഭാവനകളും രൂപകങ്ങളും അലങ്കാരങ്ങളുമായിരിക്കും കവി ആസ്വാദകനോട് പറയുന്നതു? ഈ പ്രസ്തുത പെണ്‍കുട്ടിയുടെ വയസ്സിന്റെ സൂചനകളല്ലാതെ മറ്റൊന്നും ഈ വര്‍ണ്ണനയില്‍ ഇല്ല. ഇതു കൂടാതെ ഇനിയും ഈ പ്രത്യേക വയസ്സിനെക്കുറിച്ചുള്ള ‘ആര്‍ത്തിപിടിച്ചുള്ള’ സൂചനകളുണ്ട്.

വാദി: ഗായത്രി നായര്‍ 12 വയസ്സ്
കഴിഞ്ഞ മാസം ആരുമില്ലാത്തപ്പോള്‍ വീട്ടില് കയറിച്ചെന്ന് ഈ നില്‍ക്കുന്ന ഗായത്രിയെ ബലാല്‍സംഗം ചെയ്തു. അപ്പോള്‍ ആ വഴിയെ വന്ന ഫാത്തിമയും പിടിച്ചു ബലാല്‍സംഗം ചെയ്തു ( സൂളേ മകന്‍!)

 

കവി ഇവിടെ വസ്തുനിഷ്ഠമായി ഉപയോഗിക്കുന്ന ഒരേയൊരു രൂപകം കുട്ടികളാണ്, അവരെ ബലാല്‍സംഗം ചെയ്യുക എന്ന പ്രവര്‍ത്തിയെ വളരെ നിരുപത്തരവാദപരമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആസ്വാദകന്റെ മനസ്സിലേക്ക് തുറന്നു വിടുകയും ചെയ്യുന്നുണ്ട്. ഈ പെണ്‍കുട്ടികളൊന്നും കൗമാരപ്രായത്തിലേക്കും എത്തിയിട്ടില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
ഒരു കവിതയുടെ ആകാരവും പല തരത്തിലുള്ള സങ്കേതവും കവിതയുടെ ആശയത്തേയും ആഴത്തേയും സമ്പുഷ്ടമാക്കുന്നു. ഇവിടെ ഇങ്ങിനെ ചില വര്‍ണ്ണനകള്‍ കൊണ്ട് കവി എന്തു സങ്കേതമാണ് ഉദ്ദേശിക്കുന്നതു? എന്തു ആശയമാണ് ഈ കവിതയില്‍ ഉടനീളം പ്രചരിപ്പിക്കുന്നത്? എന്ത് അധികാരത്തെയാണ് കവി ചോദ്യം ചെയ്യുന്നത്?

അതിനു ശേഷവും ഇതിന്റെ തത്ഫലമായി ഇതെല്ലാം കാണുന്ന ആണ്‍കുട്ടികള്‍ക്ക് (പ്രായപൂര്‍ത്തിയാവാത്തവരും അതേ സമയം കൗമാപ്രായക്കാരുമായ) ഉണ്ടാവുന്ന ലൈംഗിക ഉത്തേജനത്തെക്കുറിച്ച് ഒരു അശ്ലീല കൃതിയെ വെല്ലും വിധം കവി വര്‍ണ്ണിക്കുന്നുമുണ്ട്.

ജഡ്ജി
നാഗരാജ് ഹെഗ്‌ഡേ എന്ന
പതിനാറുകാരന്‍
ഉദ്ധരിച്ചു നില്‍ക്കുകയാണ്

 

അതിനു ശേഷമുള്ള വരികളെല്ലാം താളാത്മകത (rhythm) എന്ന കവിതാ രചനസങ്കേതം ഉപയോഗിച്ച് ബലാല്‍സംഗത്തേയും ലൈംഗികബന്ധത്തേയും പരിചയപ്പെടുത്തുന്നു. ഉദ്ധരിച്ചു നില്‍ക്കുന്ന കുട്ടികളുടെ ലിംഗങ്ങള്‍ക്കും ആസ്വാദകനും കവിത ‘സേവനം’ ചെയ്യുകയാണ്.

 

ഈ കവിതയുടെ രാഷ്ട്രീയത്തിനു വേണ്ടി വാദിക്കാനെത്തുന്നവര്‍ ഇങ്ങനെയുള്ള വരികളിലെ ആരോപിക്കപ്പെടുന്ന ഗുരുതരമായ അലങ്കാരങ്ങളെക്കുറിച്ച് വ്യക്തമാക്കേണ്ടതായിട്ടുണ്ട്. ഈ ദൃശ്യസങ്കല്‍പ്പങ്ങളുടെ നിരുത്തരവാദിത്വങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതായിട്ടുണ്ട്. അവയെ ഒരു അഴകൊഴഞ്ഞ, എങ്ങും തൊടാത്തതരം മറുപടികളില്‍ ഒതുക്കിയാല്‍ അത് അനീതിയാണ്. ഓരോ നിമിഷവും വിശ്വസിക്കപ്പെടുന്നവരാല്‍ പീഡിപ്പിക്കെപ്പെടുന്ന അനേകം കുട്ടികളോട് കാണിക്കുന്ന അനീതി.

 

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏതു പ്രസിദ്ധീകരണങ്ങളിലും (Magazine or Journals) ഒരു രചന സമര്‍പ്പിക്കും മുന്‍പ് ബാലരതിയെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. അവ ഇപ്രകാരമാണ്, കുട്ടികള്‍ തമ്മിലോ, കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള, എന്തു തരം കാമകേളികളും അതു എത്ര subtle or suggestive ആണെങ്കിലും അതു സ്വീകാര്യമല്ല എന്നു തന്നെ.

 

അതേ സമയം നവ മാധ്യമങ്ങളും സ്വയം പ്രസാധനവും തുറന്നു തരുന്ന വീഥികളിലൂടെ വരുന്ന ഇങ്ങിനെയുള്ള രചനകളെ (child) അശ്ലീലമെന്നും അല്ല കലയെന്നും എങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കും? കഥ, കവിത മുതലായ രചനാ സങ്കേതങ്ങള്‍ക്കൊന്നും പൊതുവേ പ്രത്യേക പരിമിതികളോ നിയമങ്ങളോ ഇല്ല. 1960-കള്‍ മുതല്‍ തന്നെ അവയെല്ലാം സ്വതന്ത്ര ആവിഷ്‌കാരം എന്നതിന്റെ പേരില്‍ പല പാശ്ചാത്യ സമൂഹങ്ങളും എടുത്തു കളഞ്ഞിരുന്നു. അതേ സമയം ദൃശ്യ ചിത്രങ്ങള്‍, അവ കാര്‍ട്ടൂണുകള്‍ ആയാലും ശരി അവയെ നിയമം വിലക്കുന്നുണ്ട്. വളരെ നിഗൂഡമായ രീതികളിലൂടെ പ്രവര്‍ത്തിക്കുന്ന ശിശുപീഡകരെ തിരിച്ചറിയാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പരിശോധന തന്ത്രമുണ്ട്. ഡോസ്റ്റ് ടെസ്റ്റ് (DOST Test) എന്നാണ് അതിനു പറയുന്നത്.

 

1. ദൃശ്യത്തിലെ പ്രധാന കേന്ദ്രബിന്ദു ഒരു കുട്ടിയുടെ ജനനേന്ദ്രിയങ്ങളോ ലൈംഗികാവയവങ്ങളോ ആയിരിക്കരുത്. (1. Whether the focal point of the visual depiction is on the child’s genitalia or pubic area)

 

2. ഒരു ദൃശ്യത്തിന്റെ പരിസരം ലൈംഗിക സൂചകമായിരിക്കരുത്. (Whether the setting of the visual depiction is sexually suggestive, (i.e., in a place or pose generally associated with sexual activity)

 

3. കുട്ടി അസ്വഭാവികമായ രീതിയില്‍ വസ്ത്രം ധരിക്കുകയോ നടിക്കുകയോ ചെയ്യരുത്.
(Whether the child is depicted in an unnatural pose or inappropriate attire given the age of the child.)

 

4. കുട്ടി വസ്തം മുഴുവന്‍ ധരിക്കുകയോ കുറച്ച് വസ്ത്രം ധരിക്കുകയോ ചെയ്യുന്നത്.
((Whether the child is fully or partially clothed/nude.)

 

5. കുട്ടിയുടെ ഭാവം ലൈംഗികബന്ധത്തിനുള്ള തയ്യാറെടുപ്പ് പോലെയോ അതിനെ ദ്യോതിപ്പിക്കുന്ന തരത്തിലുള്ളതോ ആയിരിക്കരുത്.
(Whether the visual depiction suggests sexual coyness or a willingness to engage in sexual activity)

 

6. കുട്ടികള്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ മറ്റൊരാളില്‍ ലൈംഗികചിന്തകള്‍ ഉണര്‍ത്തുന്ന തരത്തിലാവരുത്.
(Whether the visual depiction is intended or designed to elicit a sexual response in the viewer.)

 

 

ഇവയെല്ലാം പലതരത്തില്‍ സ്വന്തം മനോധര്‍മ്മം അനുസരിച്ച് ഒരാള്‍ക്ക് ആഖ്യാനിക്കാം എന്നിരിക്കിലും ഈ വക ചൂണ്ടുകോലുകള്‍ അനുവാചകനും രചയിതാവിനും കുട്ടികളെ എങ്ങനെയെല്ലാം അശ്ലീലദ്യോതകങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കാം എന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി കണക്കാക്കാം.

 

മലയാള സാഹിത്യ/സിനിമാ, കലാ സൃഷ്ടികളില്‍ ലൈംഗികാതിക്രമങ്ങളുടെ വിവരണങ്ങള്‍ മിക്കപ്പോഴും ലൈംഗികതയെക്കുറിച്ച് മാത്രം ആയിപ്പോവുന്നതും ബലാല്‍സംഗങ്ങള്‍ ഒരു തരം ലൈംഗികബന്ധം പോലെ ആയിത്തീരുന്നതും പലതരം സാമൂഹ്യ സ്വാധീനങ്ങളില്‍ കുടുങ്ങുന്ന രചിയതാവ് വിവിധ സങ്കേതങ്ങള്‍ പരിശോധിക്കാത്തതുകൊണ്ടു മാത്രമാണ്.

 

ഒരു കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കേണ്ടത് രചയിതാവ് മാത്രമാണോ? രചയിതാവിനുള്ള അതേ സ്വാതന്ത്ര്യം അതു സ്വീകരിക്കുന്ന സമൂഹത്തിനും അനുവാചകനുമുണ്ട്. ഉയര്‍ന്നുവരുന്ന ശിശുപീഡന നിരക്കുകള്‍ അത്രമാത്രം യാഥാര്‍ഥ്യമായിരിക്കേ ഇങ്ങനെയുള്ള രചനകളെ പരിശോധിക്കുന്നതും അവയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നതും സദാചാര പോലീസിങ്ങ് ആവുന്നത് എങ്ങനെ?

 

ഇതിലെല്ലാമുപരി ഈ കവിതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കവിയേക്കാളുപരി കവിയെ പിന്താങ്ങാന്‍ വരുന്നവര്‍ പല ലോകോത്തര സാഹിത്യങ്ങളടേയും അല്പാല്പ ഭാഗങ്ങള്‍ എടുത്ത് ‘അശ്ലീലങ്ങള്‍’ ഇതിനുമുന്‍പേ ഇവിടെ ഉണ്ടായിരുന്നു എന്ന മട്ടില്‍ സമര്‍ത്ഥിക്കാന്‍ നോക്കുന്നത് ഇരകളോടും ഈ സമൂഹത്തിനോടും ചെയ്യുന്ന ശുദ്ധ അസംബന്ധങ്ങളാണ്.

 

ശിശുപീഡകരെ കൊല്ലണമെന്നോ തല്ലണമെന്നോ എന്തിനു മാറ്റിനിറുത്തണമെന്നോ അല്ല, മറിച്ച് അവയെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും റിപ്പോര്‍ട്ടുകളും അവയുടെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രീയവുമായ, അതേ സമയം അനുഭാവപൂര്‍ണ്ണവും ജനാധിപത്യപരവുമായ സംവാദം തുടങ്ങിവെക്കേണ്ടതായിട്ടുണ്ട്. അതിനു പകരം എല്ലാത്തിനേയും കലയെന്ന ഒറ്റ ത്രാസ്സില്‍ തൂക്കി, ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ലോകസാഹിത്യവും സിനിമകളും തീപ്പെട്ടി പടങ്ങള്‍ പോലെ ഇടക്കിടക്ക് വെച്ച് വിളമ്പി അഭിനവ കൃഷ്ണന്‍ നായരാവാന്‍ ശ്രമിക്കുന്നവര്‍ ഇറ്റുന്ന കാപട്യങ്ങള്‍ അസഹനീയമെന്ന് പറയാതെ വയ്യ!

 

(Reporter at Global Voices. Blogging in English and Malayalam. Indulges in issues regarding women’s rights, subaltern studies, travel, food)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍