UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കുട്ടികളുടെ കോടതി’ കുറ്റവാസന കടത്തുന്ന വിധങ്ങള്‍

Avatar

വിവേക് ചന്ദ്രന്‍

കിംഗ്‌ ജോണ്‍സ് എഴുതിയ ‘കുട്ടികളുടെ കോടതി – ശിവജി നഗറിനും വസന്ത് നഗറിനും ഇടയിലുള്ള ചേരിയിലെ കുട്ടികളുടെ ഒരു തരം കളി ‘ എന്ന കവിത ആദ്യ വായനയില്‍ എന്നില്‍ പ്രവര്‍ത്തിച്ചത് anti peristaltic movement-നുള്ള tendency ആയിട്ടാണ്. കുറച്ചു കൂടി മന:സാനിധ്യത്തോടെയുള്ള രണ്ടാം വായനയില്‍ തോന്നിയ സംശയം, ‘എന്തുകൊണ്ട് ശിവജി നഗറിലെയും വസന്ത് നഗറിലെയും കുട്ടികൾ?’

എന്തുകൊണ്ട് ശിവജി നഗര്‍ അല്ലെങ്കില്‍ വസന്ത് നഗര്‍?
അച്ഛനും അമ്മയും കളിക്കുന്നതിനിടെ പന്ത്രണ്ടു വയസ്സുകാരന്‍ ഭോഗിച്ച പത്തു വയസ്സുകാരിക്ക് ആശയത്തില്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് കവിതയുടെ അടിക്കുറിപ്പ്. ഒരു പക്ഷെ ഇലക്ട്രോണിക് സിറ്റിക്ക് അടുത്ത് വെച്ച് ഒന്‍പതു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പതിമൂന്നുകാരനെ കുറിച്ചുള്ള വാര്‍ത്തയാവണം കവിതയ്ക്ക് ആധാരം. അവിടെ പക്ഷെ, പീഡനം സ്ഥിരീകരിച്ചതോടുകൂടി പ്രതിയെ പിടികൂടുകയും, പെണ്‍കുട്ടിക്ക് വേണ്ട വൈദ്യ സഹായവും നിയമ പരിരക്ഷയും നല്‍കുകയും ചെയ്യുകയുണ്ടായി. സ്വന്തം അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട ആറുവയസ്സുകാരിയുടെ കേസിലും മാധ്യമങ്ങള്‍ ഏറെ ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചിരുന്നു, എന്നല്ല കോര്‍പ്പറേറ്റ് ഓഫീസുകള്‍ അടക്കമുള്ള തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ട് വിഷയത്തോടുള്ള തങ്ങളുടെ നിലപാട് ബാംഗ്ലൂര്‍ നിവാസികള്‍ വ്യക്തമാക്കുകയും ചെയ്തു. അപ്പോള്‍ പിന്നെയും എന്ത് കൊണ്ട് ശിവജി നഗര്‍ അല്ലെങ്കില്‍ വസന്ത് നഗര്‍?

കവിതയില്‍ കോടതിയും പോലീസും അടങ്ങുന്ന അധികാര വർഗ്ഗം  സംസാരിക്കുന്ന ഭാഷ കന്നഡയാണ്, അശ്ലീല കമന്റ്‌ പറയുന്നവനും കുറ്റാരോപിതനും തമിഴന്മാർ, ഇരകൾ ‘റ്റി. കെ. പി. നായരുടെ മകൾ ഗായത്രി’, ‘തലശ്ശേരിക്കാരൻ നസ്സീറിന്റെ മകൾ ഫാത്തിമ’! ബംഗളൂരിലെ എല്ലാ തെരുവുകളിലും തലശ്ശേരിക്കാരുടെ ബേക്കറി കാണാം, നായരുടെ ചായപ്പീടിക കാണാം, സമ്മതിക്കുന്നു. എന്നാൽ അവർക്ക് പെണ്മക്കൾ തന്നെയുണ്ടാവണം എന്ന കവിയുടെ നിർബന്ധം, വായനക്കാരിക്ക് ഇരയുമായി താദാത്മ്യം പ്രാപിക്കാനുള്ള അനായാസത മനസ്സിൽ കണ്ടാവണം. എന്നാൽ, ഇരയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ, അപരിചിതമായ ഭൂമിയിൽ അപരിചിതമായ ഭാഷ സംസാരിക്കുന്ന അധികാരം, പാവാട ലാത്തി കൊണ്ട് പൊക്കുമ്പോൾ, വായനക്കാരിക്കും ഇരകൾക്കും ഒരു പോലെ ഉണ്ടാവുന്ന പകപ്പ് കവി തഞ്ചത്തില്‍ പ്രതിയുടെ പകപ്പായി മാറ്റിയെടുക്കുന്നു. “ഞാനവളുടെ മധ്യഭാഗത്ത്‌ ചുംബിച്ചതെയുള്ളൂ, അവള്‍ക്ക് വേദനിച്ചില്ല” എന്നെളുപ്പത്തിൽ പറഞ്ഞ് പ്രതിയായ വൈരമുത്തുവിനെ ‘ ‘ഊരി എടുക്കുമ്പോൾ’, ഇരകൾ ഒരിക്കലും പറയുന്നില്ല, “ആ ചുംബനം ആണ് ഹേ എന്നിലേക്ക് ‘വിരലുകൾ മുതൽ രാഷ്ട്രം വരെ കടക്കുന്ന’ വിടവുണ്ടാക്കിയത്!” എന്ന്. അതുകൊണ്ട്, പ്രതിയെ രാഷ്ട്രത്തെക്കാള്‍ lesser evil ആക്കി നിർത്തുന്ന പ്രവണത ചൂണ്ടിക്കാട്ടിയ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇവിടെ രാഷ്ട്രം എന്നത് നമ്മുടെ സ്റ്റേറ്റ് അല്ലേയല്ല, അത് കന്നഡ മാത്രം സംസാരിക്കുന്ന സ്റ്റേറ്റ് ആണ്, നമ്മുടെ പ്രതികരണ ശേഷിക്ക് പാത്രം ആവാൻ സാധ്യത ഇല്ലാത്ത, അതിനെയൊന്നും ഒരു പൊടി പോലും മാനിക്കേണ്ട കാര്യം ഇല്ലാത്ത സ്റ്റേറ്റ് ആണ്. അപ്പോൾ ഈ തെരുവ് ശിവാജി നഗറിലോ വസന്ത് നഗറിലോ ആവേണ്ട ആവശ്യം മനസ്സിലാവും. നമ്മളെ ഭരിക്കുന്ന, നമ്മളടങ്ങുന്ന, സ്റ്റേറ്റിനെതിരെ വായനക്കാരിക്ക് ഉണ്ടാവുന്ന കടുത്ത വികാരത്തിൻറെ മുന ഓടിയുന്നതും അവിടെയാണ്. അങ്ങനെ കവി സത്യത്തില്‍ തഞ്ചത്തില്‍ ഒരു രാഷ്ട്രത്തിനെ നമുക്ക് മുന്നിലൂടെ കടത്തുന്നു.

എന്തിനു കുട്ടികൾ?
ഉത്തരം ലളിതമാണ്, അതൊരു tool ആണ്. വായനക്കാരനിലേക്ക് കവി കവിത കടത്തുന്നതും ഇത്തരം ഞെട്ടിപ്പിക്കുന്ന ഇമേജറികൾ വായിക്കുമ്പോൾ ഉണ്ടാവുന്ന ഉലച്ചിലിലൂടെ ആണ്. മുട്ടൻ തെറിവാക്കുകൾ പറഞ്ഞു judiciaryയും executiveഉം കളിക്കുന്നവർ കുട്ടികൾ അല്ല!  ബാലപീഡനം ഒക്കെ എത്ര ശ്രദ്ധയോടെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്നും സമൂഹം എത്ര sensitive ആയിട്ടാണ് അത് ഏറ്റെടുക്കുന്നതെന്നും നേരത്തെ പറഞ്ഞു പോയ സംഭവങ്ങളില്‍ നിന്നും വ്യക്തമാണ്. അതിനെ കുറിച്ചൊക്കെ അറിവുള്ള കവിയുടെ കവിതയിലെ ഇരകളും ശരിക്കും കുട്ടികൾ ആവണം എന്നില്ല. (അത് കൊണ്ട് തന്നെയാണ് കവി “കുട്ടികൾ അത്ര കുട്ടികൾ ആണോ?” എന്ന്  ഒരു ചോദ്യത്തിന് മറു ചോദ്യം എറിഞ്ഞതും.) പീഡന കേസുകളില്‍ സ്റ്റേറ്റിന്റെ തെളിവെടുപ്പ് രീതികൾക്കെതിരെ ഉള്ള നമ്മുടെ സാമാന്യമായ sentiments ചൂഷണം ചെയ്യുക മാത്രമല്ല ബാല ലൈംഗികാവയവ വർണ്ണനകളിലൂടെ സംഭവത്തെ sensationalize ചെയ്യാനുള്ള ശ്രമവും വ്യക്തമാണ്. അത് ചില വായനക്കാരിൽ  vicarious pleasure നിറയ്ക്കുകയും  ബാക്കിയുള്ളവരിൽ ഒരു തരം കുറ്റബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ child abuse ഓളം എത്തുന്ന തല തിരിഞ്ഞ ഒരു കച്ചവട രീതിയാണ് കവി അവലംബിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഇനി ഇരകൾ കുട്ടികൾ തന്നെയാണെങ്കിൽ, കവി വസ്തുതകളില്‍ മായം കലര്‍ത്തുന്നു എന്നേ അനുമാനിക്കാന്‍ കഴിയൂ. എത്ര തന്നെ കലാകാരന്‍റെ സ്വാതന്ത്ര്യം വക വെച്ച് തന്നാലും, നടക്കാന്‍ ഇടയില്ലാത്ത വിഷയത്തെ പര്‍വതീകരിച്ച് കാണിച്ചും,  ബാല പീഡനത്തെ സാമാന്യവല്‍ക്കരിച്ചും  പ്രതിയുടെ ദല്ലാളായി ഇരകളോട് കേസില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്ന കവിയെ നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല. mob lynching ന്‍റെ അനന്ത സാധ്യതകള്‍  കണ്ടുപിടിച്ചു മുന്നേറുമ്പോഴും, വാദിയുടെയും പ്രതിയുടെയും മനസ്സില്‍ കുറ്റബോധം നിറച്ചു അതില്‍ നിന്നും വൈകൃതങ്ങള്‍ക്ക് ഉള്ള സാധ്യത നേടിയെടുക്കുന്ന സമൂഹത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും, അത് തണുപ്പ് മാറാത്ത ഉള്ളം കൈകളില്‍ കനല്‍ കോരി വെച്ചിട്ടാണെന്നുള്ള തിരിച്ചറിവില്‍ ഞാന്‍ ഈ കവിതയോട് വിയോജിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍