UPDATES

ട്രെന്‍ഡിങ്ങ്

ആ പെഡോഫൈലിനോട് ഒരമ്മയ്ക്ക് പറയാനുള്ളത്

മഞ്ച് കൊടുത്ത് പ്രേമം അനുഭവിക്കാന്‍ ശ്രമിക്കുന്നവനെ ന്യായീകരിക്കുന്നവരോട്, ‘നിങ്ങളെ ഞാന്‍ വെറുക്കുന്നു’

എനിക്കു പന്ത്രണ്ടു വയസ്സുകാരിയായ ഒരു മകളുണ്ട്. ഞങ്ങളുടെ വീട്ടില്‍ എന്റെയും ഭര്‍ത്താവിന്റെയും ആണ്‍ സുഹൃത്തുക്കള്‍ പലപ്പോഴും വരാറുമുണ്ട്. അവര്‍ എന്റെ മകള്‍ക്ക് മഞ്ച് മാത്രമല്ല പലതരം മിഠായികളും അവള്‍ക്കേറെ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളും ഒക്കെ കൊണ്ടുവന്നു കൊടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ അഞ്ചാം ക്ലാസ്സുകാരിയോട് കാമം തോന്നുന്നുണ്ടെന്നും മഞ്ച് വാങ്ങിക്കൊടുത്ത് പ്രേമം അനുഭവിക്കുന്നുണ്ട് എന്നും ഒരാള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് അയാളുടെ ഫാന്റസിയാണെന്ന സൌജന്യത്തില്‍ തള്ളിക്കളയാന്‍ ഒരിയ്ക്കലും എനിക്ക് പറ്റുന്നില്ല.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ചാ വിഷയം ഫര്‍ഹാന്‍ എന്ന യുവാവിന്റെ പോസ്റ്റാണ്. അവനെ അനുകൂലിച്ച് ഉമ്മ കൊടുക്കുന്നവരും അവനെ തെറിവിളികൊണ്ട് അഭിഷേകം ചെയ്യുന്നവരെയും ഞാന്‍ കണ്ടു. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ഞങ്ങളുടെ മകളോടു സ്നേഹത്തോടെ പെരുമാറുകയും അവള്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്കുകയും ചെയ്യുന്ന ആണ്‍ സുഹൃത്തുക്കളെ ഞാന്‍ ഭീതിയോടെയാണോ കാണേണ്ടത്? അവരുടെ ചിരിക്കുന്ന മുഖങ്ങള്‍കൊണ്ട് ഇത്തരം എന്തെങ്കിലും വൈകൃതങ്ങളെ അവര്‍ മറച്ചു വെക്കുന്നുണ്ടോ എന്ന ആകുലതയില്‍ അവരോടു മിഠായിയോ സമ്മാനങ്ങളോ വാങ്ങരുതെന്ന് ഞാന്‍ എന്‍റെ മകളെ പറഞ്ഞു പഠിപ്പിക്കേണ്ടി വരുമോ? അതോ അവരെ ഞാന്‍ വീട്ടില്‍ കയറ്റാതിരിക്കണോ? നീ ഒരു പെണ്ണാണ്, നീ ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്ന ഭീതിയില്‍ ഞാന്‍ അവളെ ‘അച്ചടക്ക’മുള്ളവളാക്കി വളര്‍ത്തേണ്ടിവരുമോ?

ഓരോ ദിവസവും നമ്മള്‍ പത്രത്തില്‍ നിരവധി വാര്‍ത്തകള്‍ കാണുന്നുണ്ട്. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ലാത്ത ഒരു സമൂഹത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. കുഞ്ഞുങ്ങളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവര്‍ മനോനില തകരാറിലായവര്‍ തന്നെയാണ്. അവരെ പലപ്പോഴും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാറില്ല എന്നതാണു വാസ്തവം. മാന്യതയുടെ മുഖംമൂടി അണിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക. ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ഏതെങ്കിലും കുട്ടിയെ പീഡിപ്പിച്ചോ ഇല്ലയോ എന്നുള്ളതല്ല ഇവിടത്തെ വിഷയം. അത്തരമൊരു പോസ്റ്റിടാന്‍ അവന് തോന്നിയിട്ടുണ്ടെങ്കില്‍ അവന്റെയുള്ളില്‍ ഉഗ്രനൊരു മനോരോഗി ഒളിഞ്ഞിരിപ്പുണ്ട് എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുതിര്‍ന്ന ആളുകളില്‍ നിന്നും കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണം (പീഡോഫീലിയ) വലിയ സാമൂഹിക വിപത്തുതന്നെയാണെന്നാണ്‌ മനോരോഗ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌. അതിന്‍റെ പേരില്‍ അവനെ തൂക്കിലേറ്റണമെന്നോ തല്ലിക്കൊല്ലണമെന്നോ അല്ല പറഞ്ഞു വരുന്നത്. അടിയന്തിരമായി അവനെ ചികിത്സയ്ക്ക് വിധേയനാക്കുകയാണ് വേണ്ടത്.

നമ്മുടെ കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരെ പോലെ കാപാട്യമോ നാട്യങ്ങളോ അറിയുന്നവരല്ല. അവര്‍ ഇത്തരക്കാരുടെ സ്നേഹത്തെ ഒരിയ്ക്കലും തെറ്റിദ്ധരിക്കാനിടയില്ല. അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഇത്തരം മുറിവുകള്‍ ഒരുപക്ഷേ അവര്‍ ആരോടെങ്കിലും പറയാതെ മറച്ചു വെച്ചേക്കാം. അതിനര്‍ത്ഥം ആ കുഞ്ഞുങ്ങള്‍ ഇത്തരം വൈകൃതങ്ങള്‍ ആസ്വദിക്കുന്നു എന്നല്ല. അവരുടെ പില്‍ക്കാല ജീവിതത്തിന്റെ താളം തെറ്റിപ്പോകാന്‍ പോലും പര്യാപ്തമായ തെറ്റാണ് പീഡോഫീലിയക്കാര്‍ അവരോട് ചെയ്യുന്നത്.

അവനെ ഉമ്മവെച്ച് അനുമോദിക്കുന്നവരാണ് അവന്‍റെ പോസ്റ്റിനെക്കാള്‍ ഒരു സ്ത്രീ എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും ഞെട്ടിച്ചുകളഞ്ഞത്. അവന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശത്തെക്കുറിച്ചും വാദിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. അവന്റെ രോഗാവസ്ഥ സമൂഹത്തിലെ ഒട്ടേറെ കുഞ്ഞുങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നാണ്.

LGBT സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നതുപോലെ പീഡൊഫീലിയക്കാരന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് വാദിക്കാന്‍ ഒരിക്കലും കഴിയില്ല. ഇത്തരക്കാരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവന്‍/അവര്‍ കാരണം ജീവിതം തന്നെ ഇല്ലാതായിപ്പോകുന്ന ഇരകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് ആരാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എന്താണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം? മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാണോ നാം നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടത്. കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ നല്കി അവരുടെ ശരീരം നമ്മുടെ ആനന്ദത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാണോ സ്വാതന്ത്ര്യം? കാമം തോന്നിയാല്‍ ഏത് പെണ്ണിനെയും അല്ലെങ്കില്‍ കുഞ്ഞുങ്ങളെയും ഉപയോഗിക്കാനുള്ള അവകാശം ആരെങ്കിലും നല്‍കിയിട്ടുണ്ടോ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ നിയമവ്യവസ്ഥ തന്നെ നല്കുന്നുണ്ട്.

മുതിര്‍ന്ന ഒരു വ്യക്തിക്ക് തന്നെ തന്‍റെ ശരീരത്തില്‍ ആരെങ്കിലും തന്‍റെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയോ കടന്നുകയറുകയോ ചെയ്താല്‍ ഉണ്ടാകുന്ന മാനസികമായ ആഘാതത്തില്‍ നിന്നു മുക്തിനേടാന്‍ വളരെ പെട്ടെന്നൊന്നും സാധിക്കില്ല. അതിന്റെ എത്രയോ ഇരട്ടി ആഘാതമാണ് ഇത്തരം പീഡനങ്ങളില്‍ ഇരയായ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക ആഘാതം. കുട്ടിക്കാലത്ത്‌ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ കുട്ടികളെ ആജീവനാന്തം വേട്ടയാടുകതന്നെ ചെയ്യും. ഇതുമൂലം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അനവധിയാണ്‌. കൗണ്‍സിലിങും കൃത്യമായ ചികിത്സയും കിട്ടിയില്ലങ്കിലോ ജീവിതകാലം മുഴുവന്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടിയും വരും. ഒരു വ്യക്തിയുടെ വ്യക്തിത്വ വികാസത്തിന് കുട്ടിക്കാലത്തെ അനുഭവങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ലൈംഗികതയെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തില്‍ മുറിവേല്‍ക്കുന്ന ഓരോ കുഞ്ഞിന്റെയും പില്‍ക്കാല ജീവിതത്തെ അത് വല്ലാതെ ബാധിക്കും.

Also Read: പെഡോഫൈല്‍ വിഷയത്തില്‍ എന്തുകൊണ്ട് പരാതി നല്‍കി? എംഎ നിഷാദും സുജിത് ചന്ദ്രനും പ്രതികരിക്കുന്നു

ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ശരീരത്തെ കുറിച്ച് കുറച്ചു കാലം മുമ്പ് വരെ ഞാന്‍ അത്ര ബോധവതിയായിരുന്നില്ല. ജ്യോതി സിംഗും സൌമ്യയും ജിഷയുമൊക്കെ എന്നെ ഓര്‍മ്മിപ്പിക്കുന്നത് നിന്റേത് ഒരു പെണ്‍ ശരീരം മാത്രമാണെന്നും എപ്പോള്‍ എവിടെ വെച്ചും നീ ആക്രമിക്കപ്പെടാമെന്നുമാണ്. പെണ്ണിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ പെണ്ണിന്‍റെ തന്നെ കുഴപ്പമായിട്ടാണ് പലപ്പോഴും നമ്മുടെ സമൂഹം കാണുന്നത്. അവള്‍ ആ സമയത്ത് അവിടെ എന്തിന് പോയി എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ആദ്യം സമൂഹത്തില്‍ നിന്നുയരുക. ഒരു പെണ്‍കുട്ടിയുടെ അമ്മയായിരിക്കുമ്പോള്‍ ഞാന്‍ ഇരട്ടി ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഞാന്‍ എന്റെ സുരക്ഷിതത്വം മാത്രമല്ല അവളുടെ സുരക്ഷയെ കുറിച്ചും ബോധവതിയാകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മഞ്ച് കൊടുത്തു അഞ്ചാം ക്ലാസ്സുകാരിയെ ഉപയോഗിച്ചു എന്നൊരു പോസ്റ്റ് കാണുമ്പോള്‍ എനിക്കു ഞെട്ടലും ഭീതിയുമാണ് ഉണ്ടാകുന്നത്.

മഞ്ച് വാങ്ങിക്കൊടുത്ത ഒരു കൊച്ചു പെണ്‍കുട്ടിയെ ഉപയോഗിച്ചു എന്നൊരുത്തന്‍ തുറന്നെഴുതുമ്പോള്‍ അവന്‍ മാത്രമല്ല ഇവിടെ പ്രതിക്കൂട്ടിലാകുന്നത്; കുഞ്ഞുങ്ങളെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്ന, ലോകത്തിലെ സകല കുഞ്ഞുങ്ങളെയും സ്നേഹിക്കാന്‍ കഴിയുന്ന പുരുഷന്മാര്‍ കൂടിയാണ്. നാളെ നിങ്ങള്‍ ഒരു കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറുമ്പോള്‍ ഏതെങ്കിലും ഒരമ്മ നിങ്ങളെ സംശയദൃഷ്ടിയോടെ നോക്കിയാല്‍ ആ അമ്മയെ കുറ്റം പറയാന്‍ കഴിയില്ല. ഞാനൊരിക്കലും എന്‍റെ കുഞ്ഞിന് അങ്ങനെ ഒരനുഭവം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ അവനെ ന്യായീകരിക്കുന്ന ഓരോ പുരുഷനെയും ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. അവനെ ന്യായീകരിക്കുന്ന ഓരോ സ്ത്രീകളോടും എനിക്കു ചോദിക്കാനുള്ളത് നിങ്ങളുടെ കുഞ്ഞിനെയാണ് അവന്‍ അങ്ങനെ ഉപദ്രവിക്കുന്നതെങ്കില്‍, അവള്‍ നിങ്ങളോട് പരാതി പറഞ്ഞാല്‍, അതവന്‍റെ അവകാശമാണെന്ന് പറഞ്ഞുകൊണ്ട് അവളുടെ തേങ്ങല്‍ നിങ്ങള്‍ കേട്ടില്ലെന്ന് നടിക്കുമോ?

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് സഫിയ)

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍