UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കബ്രാള്‍ കോഴിക്കോട്ട്, പലസ്തീനും ഇസ്രയേലും യോജിപ്പിലെത്തുന്നു

Avatar

1500 സെപ്തംബര്‍ 13
പോര്‍ച്ചുഗീസ് പര്യവേഷകന്‍ കബ്രാള്‍ കോഴിക്കോട് എത്തി

ബ്രസീല്‍ കണ്ടെത്താനായി ഇറങ്ങിത്തിരിച്ച പോര്‍ച്ചുഗീസ് പര്യവേഷകനും സേനാമേധാവിയുമായ പെഡ്രോ അല്‍വറെസ് കബ്രാള്‍ ഒടുവില്‍ എത്തിയത് കോഴിക്കോട്ട്. 1500 സെപ്തംബര്‍ 13 നായിരുന്നു കബ്രാള്‍ കോഴിക്കോട്ട് കപ്പലിറങ്ങുന്നത്. കോഴിക്കോട്ട് എത്തിയ കബ്രാള്‍ അവിടെ കുരുമുളകിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരം ആരംഭിക്കുകയും ഒരു ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ഈ ഫാക്ടറിക്കുനേരെ തദ്ദേശവാസികളുടെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ 50 പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ കുപിതനായ കബ്രാള്‍ തുറമുഖത്തുണ്ടായിരുന്ന അറബിവ്യാപാരികളുടെ പത്തുക്കപ്പലുകള്‍ ആക്രമിക്കുകയും 600 പേരെ വകവരുത്തുകയും ചെയ്തു. 1501 ജനുവരി 16 ന് കബ്രാള്‍ പോര്‍ച്ചുഗലിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

1501 ജൂണ്‍ 23 ന് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. യാത്ര തുടങ്ങിയത് 13 കപ്പലുകളുടെ അകമ്പടികളോടെയായിരുന്നെങ്കില്‍ തിരികൈയത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം നാല് കപ്പലുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. കബ്രാള്‍ നാട്ടില്‍ തിരികെ ചെന്നതിനു ഒരു വര്‍ഷത്തിന് ശേഷം, അതായത് 1501 ഒക്ടോബര്‍ 30 നാണ് വാസ്‌കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങുന്നത്.

1993 സെപ്തംബര്‍ 13
ഇസ്രയേലും പലസ്തീനും യോജിപ്പിലെത്തുന്നു

ഏറ്റുമുട്ടലിന്റെ നീണ്ട ചരിത്രം പറയാനുള്ള ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തില്‍ 1993 സെപ്തംബര്‍ 13 എന്ന ദിവസത്തിന് ഒരു പ്രാധാന്യമുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ആ ദിവസമാണ് രണ്ടു ശത്രുക്കളും പരസ്പരമുള്ള യോജിപ്പിന്റെ കരാറില്‍ ഒപ്പുവച്ചത്. വൈറ്റ് ഹൗസിന്റെ തെക്കുഭാഗത്തെ പുല്‍ത്തകിടിയില്‍ പലസ്തീന്റെയും ഇസ്രയേലിന്റെയും പ്രതിനിധകള്‍ അന്ന് യുദ്ധവിരാമക്കരാറില്‍ ഒപ്പു ചാര്‍ത്തി.

1920 കള്‍ മുതലാണ് ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിന്‍ കടലിനുമിടയിലുള്ള ബ്രിട്ടീഷ് നിയന്ത്രണപ്രദേശത്തിന് ജൂതന്‍മാരും പലസ്തീന്‍ അറബികളും അവകാശവാദമുന്നയിക്കാന്‍ തുടങ്ങിയത്. യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും എത്തിയവരാണ് ജൂതന്മാര്‍. അവര്‍ക്ക് നേരിടേണ്ടി വന്നത് അറബികളുടെ ശക്തമായ എതിര്‍പ്പായിരുന്നു.1948 മേയില്‍ ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപനം ഉണ്ടായി. ഇതേത്തുടര്‍ന്ന് അഞ്ച് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് പലസ്തീന്‍ മൂവ്‌മെന്റ് രൂപീകരിച്ചു. അവര്‍ ഇസ്രയേലിനെ ആക്രമിച്ചു. ഒടുവില്‍ വെടിനിര്‍ത്തലിനായി യു എന്‍ ഇടപെട്ടു. എന്നാല്‍ ഇസ്രയേല്‍ പ്രദേശത്ത് തങ്ങള്‍ക്കുള്ള പിടി വിട്ടുകളയാന്‍ തയ്യാറായില്ല. വെസ്റ്റ് ബാങ്കിലും ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലും പലസ്തീനും അവകാശം സ്ഥാപിച്ചു. എന്നാല്‍ ഇതേത്തുടര്‍ന്ന് നടന്ന ആറുദിവസത്തെ യുദ്ധത്തിനൊടുവില്‍ 1967 ല്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലേം, ഗാസ മുമ്പ്, സിനായി പ്രദേശം, ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണം ഇസ്രയേല്‍ സ്വന്തമാക്കി. ഇതില്‍ സിനായ് പ്രദേശം അവര്‍ ഈജിപ്തിന് മടക്കി കൊടുത്തു. ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ വേണ്ടിയായിരുന്നു ഈ കൈമാറ്റം. അതേ സമയം ഗാസ, വെസ്റ്റ് ബാങ്ക്, ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലെ കൈയേറ്റം ഇസ്രയേല്‍ തുടരുകയും ചെയ്തു.
 
ഇസ്രയേലിന്റെ ഈ നടപടി മറ്റൊരു കലാപത്തിലേക്ക് വഴി തുറന്നു. യാസര്‍ അറാഫത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് ഇസ്രയേലിനെതിരെ പുതിയ പോരാട്ടം തുടങ്ങിയത്.1987 ല്‍ ലബനനില്‍ കടന്നു കയറി ഇസ്രയേല്‍ പിഎല്‍ഒ യെ ആക്രമിച്ചു. 1988 നവംബറില്‍ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവ ചേര്‍ത്ത് യാസര്‍ ആറാഫത്ത് ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം പ്രഖ്യാപിച്ചു. ഇതിനുശേഷം വര്‍ഷങ്ങളോളം നീണ്ടുനിന്ന് മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് 1993 സെപ്തംബര്‍ 13 ന് ഇരുരാജ്യങ്ങളും സംയുക്തമായി ഉണ്ടാക്കിയ പ്രമാണങ്ങളുടെ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാന്‍ വൈറ്റ് ഹൗസില്‍ ഒരുമിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ആദ്യത്തെയും സുപ്രധാനവുമായ ഒരു ചുവടായിരുന്നു ഈ കരാര്‍ ഒപ്പുവയ്ക്കല്‍.

ഇതിന്റെ ബാക്കിയായി 1995 ല്‍ യിത്സാക് റാബിന്‍, അറാഫത്, ഷിമോന്‍ പെരസ് എന്നിവര്‍ ചേര്‍ന്ന് ഒരു സമാധന ഉടമ്പടിയില്‍ കൂടി ഒപ്പുവച്ചു. എന്നാല്‍ ഇതിന് ഒരു മാസത്തിന് ശേഷം നടന്ന തീവ്രവാദി ആക്രമണത്തില്‍ ടെല്‍ അവീവില്‍ വെച്ച് റാബിന്‍ കൊല്ലപ്പെട്ടു. ഈ കൊലപാതകം ഇസ്രയേലിന്റെ നിലപാടിനെ വീണ്ടും മാറ്റി. അതോടെ സമാധനശ്രമങ്ങള്‍ പാളം തെറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍