UPDATES

ഇന്ത്യ

മഹ്മൂദ് ഫാറൂഖിയുടെ ജീവിതം; പ്രശസ്തിയില്‍ നിന്നും തടവറയിലേക്ക്

Avatar

അഴിമുഖം പ്രതിനിധി

മഹ്മൂദ് ഫാറൂഖിയെ രാജ്യമറിഞ്ഞത് അമീര്‍ഖാന്‍ നിര്‍മ്മിച്ച പീപ്ലി ലൈവ് എന്ന ആക്ഷേപ ഹാസ്യ സിനിമയുടെ കോ-ഡയറക്ടര്‍ എന്ന നിലയിലായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളേയും കണക്കിന് കളിയാക്കുന്നുണ്ട്. ഫാറൂഖിയുടെ ഭാര്യ അനുഷ റിസ്വി ആയിരുന്നു ചിത്രത്തിന്റെ സംവിധായിക. ഒരു ബോളിവുഡ് സിനിമാക്കാരന്‍ എന്നതിലുപരിയായി ഫാറൂഖി ഒരു ചരിത്ര ഗവേഷകനും എഴുത്തുകാരനും കലാകാരനുമായിരുന്നു. പക്ഷേ, ഇതില്‍ ഏതെങ്കിലും മേഖലയില്‍ നേടിയ നേട്ടങ്ങളുടെ പേരിലല്ല ഇപ്പോള്‍ അയാള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്.  

മഹ്മൂദ് ഫാറൂഖിയെ ജൂലൈ 30നു ഡല്‍ഹി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നു. 30കാരിയായ  ഒരു അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്തതിനാണ് ഡല്‍ഹിയിലെ പ്രത്യേക-അതിവേഗ വിചാരണ കോടതിയാണ് ഫാറൂഖി കുറ്റക്കാരനാണ് എന്നു വിധിച്ചത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ സഞ്ജീവ് ജെയിനാണ് ഐ‌പി‌സി 376ആം വകുപ്പു പ്രകാരം (ബലാല്‍സംഗ കുറ്റം) വിധി പറഞ്ഞത്; ശിക്ഷയിന്മേല്‍ ഓഗസ്റ്റ് 2നു കോടതി വാദം കേള്‍ക്കും. തെളിവുകള്‍ നശിപ്പിച്ചതിനും പോലീസ് ഫാറൂഖിക്കെതിരേ കേസ് എടുത്തിരുന്നെങ്കിലും സെക്ഷന്‍ 201 (തെളിവുകള്‍ നശിപ്പിച്ചതിന്) പ്രകാരമുള്ള ചാര്‍ജ്ജ് കോടതി പരിഗണിച്ചില്ല.

ബലാല്‍സംഗ കുറ്റത്തിന് കുറഞ്ഞത് ഏഴു വര്‍ഷം കഠിനതടവാണ് ശിക്ഷ; കൂടിയത് ജീവപര്യന്തവും. ഫാറൂഖി അയാളുടെ വീട്ടില്‍ വച്ച് തന്നെ ബലാല്‍ക്കാരം ചെയ്തപ്പോള്‍ മദ്യപിച്ചിരുന്നതായി ആ വനിത ആരോപിച്ചിരുന്നു. ഹിന്ദി പഠനങ്ങളില്‍ ഗവേഷണം നടത്തുന്ന അവര്‍ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറല്‍ തീസിസിന്‍റെ ഭാഗമായ റിസര്‍ച്ചിന് ഡെല്‍ഹിയിലെത്തിയത്. അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28നാണ് തെക്കന്‍ ഡെല്‍ഹിയിലെ സുഖ്ദേവ് വിഹാറിലുള്ള ഫാറൂഖിയുടെ വീട്ടില്‍ അവര്‍ ചെന്നത്.

പിന്നീട് നയതന്ത്ര വഴികളിലൂടെ ആ വനിത ഡല്‍ഹി പോലീസിനെ സമീപിക്കുകയാണുണ്ടായത്; ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം 2015 ജൂണ്‍ 19നു പരാതി നല്‍കി. കോടതിയില്‍ തന്‍റെ മൊഴിയില്‍ ഉറച്ചു നിന്ന അവര്‍ ഫാറൂഖി തന്നെ ബലാല്‍സംഗം ചെയ്തുവെന്നും പിന്നീട് അവര്‍ക്കിടയില്‍ കൈമാറിയ പല ഇ-മെയിലുകളിലൂടെ ക്ഷമാപണം നടത്തിയെന്നുമാണ് പറഞ്ഞത്. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡാനിഷ് ഹുസൈന്‍റെ മൊഴി ഫാറൂഖിക്കെതിരായിരുന്നു. അവര്‍ തമ്മില്‍ രണ്ടു ദശകത്തിലേറെ കാലമായുള്ള സൌഹൃദമുണ്ടെന്ന് പറയപ്പെടുന്നു. പരാതിക്കാരിയായ വനിതയെ ഫാറൂഖിക്ക് പരിചയപ്പെടുത്തിയത് ഹുസൈനായിരുന്നു. ലൈംഗിക പീഡനം നടന്നയുടനെ അതിനെ കുറിച്ച് അവര്‍ തന്നെ അറിയിച്ചതായി ഹുസൈന്‍ കോടതിയില്‍ മൊഴി നല്‍കി. സംഭവം നടന്നതിനു ശേഷം ഫാറൂഖിയുടെ വീട്ടില്‍ നിന്നുതന്നെ ഹുസൈന് ആ സ്ത്രീയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും തുടര്‍ന്നു ടാക്സിയില്‍ നിന്ന് അവര്‍ ഹുസൈനെ വിളിച്ച് തനിക്കുണ്ടായ ദുരനുഭവം പങ്കു വച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഫാറൂഖിയും ഭാര്യ അനുഷ റിസ്വിയും പരാതിക്കാരിക്ക് അയച്ച മെയിലുകള്‍ ഉള്‍പ്പെടുത്തിയ ഇ-മെയില്‍ സന്ദേശങ്ങളും അവരില്‍ നിന്ന് പിന്നീട് ലഭിച്ചിട്ടുണ്ടെന്ന് ഹുസൈന്‍ കോടതിയെ ബോധിപ്പിച്ചു. സംഭവത്തെ കുറിച്ച് ഫാറൂഖിയും ഭാര്യ റിസ്വിയും യുവതിയോട് ക്ഷമാപണം നടത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഫാറൂഖിയുടെ പ്രശസ്തിയുടെ വഴികള്‍
ഡൂണ്‍ സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാറൂഖി ഡെല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഹിസ്റ്ററിയില്‍ ബി‌എ ഓണേഴ്സ് ചെയ്തു. റോഡ്സ് സ്കോളറായി ഓക്സ്ഫോഡിലും പഠിക്കുകയുണ്ടായി. അമ്മാവന്‍ ഷംസൂര്‍ റഹ്മാന്‍ ഫാറൂഖി ഉറുദു നിരൂപകനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹമാണ് ഫാറൂഖിക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതും എഴുതാനും കഥ പറയാനുമുള്ള കഴിവുകള്‍ മിനുക്കിയെടുത്തതും.

ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലും മാഗസിനുകളിലും ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ഫാറൂഖിയുടെ പ്രധാന രചനയാണ് ‘Beseiged: Voices from Delhi, 1857’. 1857ല്‍ നടന്ന ശിപായി ലഹളയുടെയും ഡല്‍ഹി ആക്രമണത്തിന്‍റെയും രേഖകളുടെ വിശദമായ ഇംഗ്ലീഷ് പരിഭാഷയാണിത്. പേര്‍ഷ്യനിലും ശികസ്ഥ ഉര്‍ദുവിലും ആണ് ഇവ ആദ്യം എഴുതപ്പെട്ടിരുന്നത്. ഇന്ത്യയില്‍ താമസമാക്കിയ, സ്കോട്ടിഷ് ചരിത്രകാരനും കലാ ചരിത്രകാരനും ക്യൂറേറ്ററും എഴുത്തുകാരനുമൊക്കെയായ വില്ല്യം ഡാര്‍ലിംപിളിന്‍റെ ‘വൈറ്റ് മുഗള്‍സ്’ എന്ന പുസ്തകത്തിന്‍റെ ഗവേഷകരിലൊരാളായിരുന്നു ഫാറൂഖി.

പതിനാറാംനൂറ്റാണ്ടില്‍ നിലനിന്നിരുന്ന, വായ്മൊഴിയായി ഉറുദു കഥകള്‍ പറയുന്ന കലാരൂപമായ ദസ്താംഗോയ് പുനരുജ്ജീവിപ്പിച്ചതിന്‍റെ ഖ്യാതിയും ഫാറൂഖിക്കാണ്; 2005ലായിരുന്നു ഇത്. അതിനുശേഷം ലോകമെമ്പാടുമായി അനവധി ഷോകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പണ്ടത്തെ ഇതിഹാസ കഥയായ ദാസ്താ-ഈ-ആമിര്‍ ഹംസ വീണ്ടെടുത്തതു കൂടാതെ ഫാറൂഖി ആധുനിക കാലത്തെ കഥകള്‍ പറയാനും ദസ്താംഗോയ് ഒരു മാധ്യമമാക്കി. ഇന്ത്യയുടെ വിഭജനത്തെ കുറിച്ചുള്ള കഥകള്‍, വിജയ്ദാന്‍ ദത്തയുടെ രാജസ്ഥാനി നാടോടിക്കഥയായ ‘ചൌബോലി’യുടെ പുനരാവിഷ്കരണം, ഡോ. ബിനായക് സെന്നിന്‍റെ കുറ്റവിചാരണയും ജയില്‍വാസവും സൂചിപ്പിക്കുന്ന കഥ, എ കെ രാമാനുജന്‍റെ മഹത്തായ രചനയായ ‘300 രാമായണങ്ങള്‍’ അടിസ്ഥാനമാക്കിയുള്ള കൊളാഷ്, സാദത്ത് ഹസ്സന്‍ മന്ഥോയുടെ ജീവിതവും കാലവും വിവരിക്കുന്ന അവതരണം, ലൂയിസ് കരോളിന്‍റെ ലോകപ്രശസ്ത ക്ലാസ്സിക്കായ ‘ആലീസും അല്‍ഭുതലോകത്തെ സാഹസങ്ങളും’ ആധാരമാക്കിയുള്ള രചന, ‘ത്രൂ ദി ലുക്കിംഗ് ഗ്ലാസ്സ്’ ഇവയൊക്കെ അദ്ദേഹത്തിന്‍റേതായുണ്ട്.

പീപ്ലി ലൈവ് കൂടാതെ ഹാറൂദ് എന്ന സിനിമയുടെ തിരക്കഥ എഴുതിയ ഫാറൂഖി ‘മാംഗോ സൂഫ്ലേ’ എന്ന സിനിമയിലും സഹകരിച്ചിട്ടുണ്ട്. ചില ചരിത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം IIM ലഖ്നൌവില്‍ TEDx ടോക്കും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍